by liji HP News | Feb 22, 2024 | Latest News, കേരളം
കൊച്ചി: ശിവരാത്രിക്ക് ആലുവയിലേക്ക് പ്രത്യേക ട്രെയിന്‍ സൗകര്യമൊരുക്കി റെയില്‍വേ. ആലുവ ശിവക്ഷേത്രത്തിലേക്ക് പോകുന്നവര്‍ക്ക് മുന്‍ വര്‍ഷങ്ങളിലേതിന് സമാനമായ ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. ശിവരാത്രി ദിവസമായ മാര്‍ച്ച് 8 വെള്ളിയാഴ്ച വൈകീട്ടത്തെ 16325 നിലമ്പൂര്‍ – കോട്ടയം എക്‌സ് പ്രസ്സ്, മറ്റ് സ്റ്റോപ്പുകള്‍ക്ക് പുറമെ മുള്ളൂര്‍ക്കര, ഒല്ലൂര്‍, നെല്ലായി, കൊരട്ടി എന്നിവിടങ്ങളില്‍ കൂടി നിര്‍ത്തും.
അന്നേദിവസം രാത്രി 06461 ഷൊര്‍ണ്ണൂര്‍ – തൃശ്ശൂര്‍ എക്‌സ്പ്രസ്സ് സ്‌പെഷ്യല്‍ ആലുവ വരെ ഓടുന്ന തരത്തിലാണ് ക്രമീകരണം. രാത്രി 23.15ന് തൃശ്ശൂര്‍ വിടുന്ന വണ്ടി എല്ലാ സ്റ്റേഷനുകളിലും നിര്‍ത്തിയ ശേഷം അര്‍ധരാത്രി 00.45ന് ആലുവയില്‍ എത്തും.
പിറ്റേന്ന് രാവിലെ 5.15ന് ആലുവയില്‍ നിന്നും പുറപ്പെടുന്ന 16609 തൃശ്ശൂര്‍ – കണ്ണൂര്‍ എക്‌സ് പ്രസ്സ് രാവിലെ 6.40ന് തൃശ്ശൂരിലെത്തി പതിവു പോലെ കണ്ണൂരിലേക്ക് യാത്ര തുടരും. ഈ വണ്ടി ആലുവയ്ക്കും ഷൊര്‍ണ്ണൂരിനുമിടയിലുള്ള എല്ലാ സ്റ്റേഷനുകളിലും നിര്‍ത്തും.
by liji HP News | Feb 22, 2024 | Latest News, കേരളം
ആലപ്പുഴ വഴി തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് വരെ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ് മംഗളൂരു വരെ നീട്ടി റെയില്‍വേ ബോര്‍ഡ് ഉത്തരവിറക്കി. എന്നാൽ ഇത് എന്നുമുതല്‍ തുടങ്ങുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഏറ്റവും ഉചിതമായ സമയത്ത് ഇത് നടപ്പാക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്.
തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന വന്ദേഭാരത് രാത്രി 12.40-നാണ് മംഗളൂരുവില്‍ എത്തുക. രാവിലെ 6.15ന് മംഗളൂരുവില്‍നിന്ന് പുറപ്പെടും.
by liji HP News | Feb 22, 2024 | Latest News, കേരളം
കണ്ണൂര്‍: കര്‍ഷകരെ മലയോര മേഖലകളില്‍ നിന്നും ഓടിക്കാന്‍ ഗൂഢാലോചന നടക്കുന്നതായി തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. മലയോരമേഖലയിലെ കര്‍ഷകരുടെ സംരക്ഷണത്തിനായി സിറോ മലബാര്‍ സഭ ഏതറ്റം വരെയും പ്രക്ഷോഭം നടത്തുമെന്നും ആര്‍ച്ച് ബിഷപ്പ് പാംപ്ലാനി ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
അടുത്തു വരുന്ന തെരഞ്ഞെടുപ്പില്‍ കര്‍ഷകര്‍ പ്രതിഷേധ സൂചകമായി തങ്ങളുടെ വോട്ടവകാശം, സര്‍ക്കാരിന്റെ അനാസ്ഥയ്‌ക്കെതിരെ രേഖപ്പെടുത്തുമെന്നും ബിഷപ്പ് പ്ലാംപാനി പറഞ്ഞു. കേരളത്തില്‍ വനവിസ്തൃതി ഓരോ വര്‍ഷവും വര്‍ധിച്ചു വരികയാണ്.
പുനരധിവാസത്തിനായി ഒരു കുടുംബത്തിന് 15 ലക്ഷം രൂപ മാത്രം നല്‍കുന്ന നവകിരണം പദ്ധതി നടപ്പാക്കി കുടിയേറ്റ കര്‍ഷകരെ ഹൈറേഞ്ച് വിട്ടുപോകാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കുകയാണ്. വനവിസ്തൃതി വര്‍ധിപ്പിക്കുന്നതിനും കാര്‍ബണ്‍ ഫണ്ട് സമ്പാദിക്കുന്നതിനുമായി കര്‍ഷകരെ ആട്ടിയോടിക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്ന് സംശയമുണ്ട്. ബിഷപ്പ് പാംപ്ലാനി പറയുന്നു.
ഇതിനെതിരെ ജനാധിപത്യപരമായ രീതിയില്‍ സമരം നടത്തും. ഒരിക്കലും അക്രമസമരത്തിനില്ല. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് പോലുള്ള അവസരങ്ങള്‍ ഞങ്ങളുടെ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ഉപയോഗിക്കും. ഞങ്ങള്‍ക്ക് ഒരു രാഷ്ട്രീയ ബന്ധവുമില്ല. റബര്‍ കര്‍ഷകരുടെ ആശങ്കകള്‍ ഉന്നയിച്ചപ്പോള്‍ അതിന് രാഷ്ട്രീയ നിറം നല്‍കാന്‍ ചിലര്‍ ശ്രമിച്ചു. കര്‍ഷകരുടെ പ്രശ്നത്തിന് രാഷ്ട്രീയ നിറം നല്‍കി തുരങ്കം വയ്ക്കാനാണ് അവര്‍ ശ്രമിച്ചത്. കര്‍ഷകരുടെ ആവശ്യത്തെ പിന്തുണയ്ക്കുന്നവരെ മാത്രമേ ഞങ്ങള്‍ പിന്തുണയ്ക്കൂവെന്നും പാംപ്ലാനി കൂട്ടിച്ചേര്‍ത്തു.
വയനാട്ടില്‍ വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതില്‍ ബിഷപ്പ് പാംപ്ലാനി ആശങ്ക രേഖപ്പെടുത്തി. വനത്തിന്റെ വാഹകശേഷിക്ക് അനുസൃതമായി വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഫില്‍ട്ടര്‍ വേട്ട നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു ആനയ്ക്ക് 20 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ആവശ്യമാണ്. എന്നാല്‍ കേരളത്തില്‍ ഓരോ ആനയ്ക്കും 1.8 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണുള്ളത്.
by liji HP News | Feb 22, 2024 | Latest News, കേരളം
17 വയസുകാരിയുടെ മൃതദേഹം ചാലിയാറിൽ കണ്ടെത്തിയ സംഭവത്തിൽ കരാട്ടെ മാസ്റ്റർ സിദ്ധീഖ് അലി അറസ്റ്റിൽ. പെൺകുട്ടിയെ കരാട്ടെ മാസ്റ്റർ പീഡനത്തിന് ഇരയാക്കിയിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. പെൺകുട്ടി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
ഊർക്കടവിലെ കരാട്ടെ അധ്യാപകന് ഒട്ടേറെ പരാതികൾ വേറേയുമുണ്ടന്ന് സഹോദരിയും നാട്ടുകാരും ആരോപിക്കുന്നു. കരാട്ടെ അധ്യാപകൻ സിദ്ദീഖലി നേരത്തെ പോക്‌സോ കേസിലും പ്രതി ആയിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് പതിനേഴുകാരിയായ പെൺകുട്ടിയെ വീട്ടിൽ നിന്ന് കാണാതായത്. പിന്നീട് പ്ലസ് വൺ വിദ്യാർഥിനിയുടെ മൃതദേഹം 100 മീറ്റർ അകലെ ചാലിയാറിലാണ് കണ്ടെത്തിയത്.
by liji HP News | Feb 22, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി-പ്ലസ്ടു ക്ലാസുകളിലെ പരീക്ഷ നടത്താന്‍ പണമില്ല. സ്‌കൂളുകളിലെ നിത്യ ചിലവിനുള്ള ഫണ്ട് ഉപയോഗിച്ച് പരീക്ഷ നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. പരീക്ഷ നടത്താന്‍ പണമില്ലാത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. എസ്എസ്എൽസി ഐടി പരീക്ഷയും ഹയർസെക്കൻഡറി പരീക്ഷയും നടത്താനാണ് ഫണ്ടില്ലാത്തത്.
സ്‌കൂളുകളുടെ ദൈനംദിന ചിലവുകള്‍ക്കായുള്ള പിഡി അക്കൗണ്ടില്‍ നിന്ന് പണമെടുക്കുന്നതിന് അനുമതിതേടിക്കൊണ്ട് പരീക്ഷ സെക്രട്ടറിയും പൊതുവിദ്യാഭ്യാസ ഡയറ്കടറും സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. പിന്നാലെയാണ് സര്‍ക്കാരിന്റെ ഉത്തരവ്. സർക്കാരിൽ നിന്ന് പണം ലഭിക്കുമ്പോൾ തിരികെ നിക്ഷേപിക്കണമെന്ന വ്യവസ്ഥയോടെയാണ് അനുമതി നൽകിയിരിക്കുന്നത്. കഴിഞ്ഞ അധ്യയന വർഷം പരീക്ഷ നടത്തിപ്പിന് 44 കോടി രൂപയാണ് ചെലവായത്. ഇത് പൊതുവിദ്യാഭ്യാസ വകുപ്പിന് കുടിശ്ശികയായിട്ടാണുള്ളത്. ഈ കുടിശ്ശിക നിലനിൽക്കേയാണ് പുതിയ നീക്കം.
by liji HP News | Feb 22, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,000 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് കുറഞ്ഞത്. 5750 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 46,520 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 46,640 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്.
15ന് 45,520 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില ഇടിഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണവില തിരിച്ചുകയറുന്നതാണ് കണ്ടത്. ആറുദിവസത്തിനിടെ 560 രൂപയുടെ മുന്നേറ്റത്തിന് ശേഷമാണ് ഇന്ന് സ്വര്‍ണവില കുറഞ്ഞത്.
Recent Comments