ആറ്റുകാല്‍ പൊങ്കാല; മദ്യ വില്പനശാലകളുടെ പ്രവര്‍ത്തനം നിരോധിച്ച് കളക്ടര്‍ ഉത്തരവിട്ടു

ആറ്റുകാല്‍ പൊങ്കാല; മദ്യ വില്പനശാലകളുടെ പ്രവര്‍ത്തനം നിരോധിച്ച് കളക്ടര്‍ ഉത്തരവിട്ടു

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവം കണക്കിലെടുത്ത് മദ്യ വില്പനശാലകളുടെ പ്രവര്‍ത്തനം നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

തിരുവനന്തപുരത്ത് 24 മണിക്കൂറാണ് മദ്യശാലകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാസം 24ന് വൈകിട്ട് 6 മണി മുതല്‍ 25 വൈകിട്ട് 6 വരെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാര്‍ വാര്‍ഡിലുമാണ് നിരോധനം. ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം 17-നാണ് ആരംഭിക്കുന്നത്. ഉത്സവം 27-ന് സമാപിക്കും. പൊങ്കാല ഇടാനുളള മണ്‍കലങ്ങളും ഇഷ്ടികകളും പ്രധാന കവലകളില്‍ നിരന്നു തുടങ്ങി. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വഴിയോരത്ത് അലങ്കാരങ്ങള്‍ക്കുളള ഒരുക്കങ്ങളും തുടങ്ങി.

പൊങ്കാലയോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പും കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് തീര്‍ഥാടകര്‍ക്കും പൊതുജനങ്ങള്‍ക്കും ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യസ്ഥാപനങ്ങള്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു പ്രവര്‍ത്തിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിര്‍ദ്ദേശിച്ചു. ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് മുഴുവന്‍ ഭക്ഷ്യസ്ഥാപനങ്ങളും ലൈസന്‍സിന്റെ/രജിസ്‌ട്രേഷന്റെ പകര്‍പ്പ് സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് അന്നദാനം, ലഘുഭക്ഷണം, ശീതള പാനീയം, ദാഹജല വിതരണം എന്നിവ നടത്തുന്ന സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ രജിസ്ട്രേഷന്‍ മുന്‍കൂറായി എടുക്കണം. അക്ഷയ കേന്ദ്രങ്ങളില്‍ ഇതിനുള്ള സംവിധാനം ലഭ്യമാണ്. ഭക്ഷണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പരാതികള്‍ 1800 425 1125 എന്ന ടോള്‍ഫ്രീ നമ്പറില്‍ അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന് 46,320 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് കുറഞ്ഞത്. 5790 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില കഴിഞ്ഞ മാസം 18ന് ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വർണവില എത്തിയിരുന്നു.

45,920 രൂപയായിരുന്നു അന്ന് സ്വർണവില. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വില ഉയരുന്നതാണ് കണ്ടത്. രണ്ടാം തിയതിയാണ് ഈ മാസത്തെ ഏറ്റവും കൂടുതൽ സ്വർണവില രേഖപ്പെടുത്തിയിരുന്നത്. അന്ന് 46640 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. പിന്നീട് മൂന്ന് ദിവസത്തിനിടെ 440 രൂപ കുറഞ്ഞ സ്വർണവില കഴിഞ്ഞ ദിവസം 200 രൂപ വർധിച്ചിരുന്നു.

പ്രശസ്ത നര്‍ത്തകി ഭവാനി ചെല്ലപ്പന്‍ അന്തരിച്ചു

പ്രശസ്ത നര്‍ത്തകി ഭവാനി ചെല്ലപ്പന്‍ അന്തരിച്ചു

കോട്ടയം: നൃത്ത അധ്യാപികയും പ്രശസ്ത നര്‍ത്തകിയുമായ ഭവാനി ചെല്ലപ്പന്‍ (98) അന്തരിച്ചു. കുമാരനല്ലൂരിലെ മകന്റെ വസതിയിലായിരുന്നു അന്ത്യം. ഭര്‍ത്താവ് പരേതനായ പ്രശസ്ത നര്‍ത്തകന്‍ ഡാന്‍സര്‍ ചെല്ലപ്പന്‍.

ഗുരു ഗോപിനാഥിന്റെ ശിഷ്യയും കോട്ടയത്തെ ഭാരതീയ നൃത്തകലാലയം എന്ന നൃത്ത വിദ്യാലയത്തിന്റെ ഡയറക്ടറുമായിരുന്ന അവര്‍ നൃത്ത ലോകത്തെ വിസ്മയങ്ങള്‍ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. 1952-ല്‍ ആരംഭിച്ച വിദ്യാലയത്തില്‍ സിനിമാ-സീരിയല്‍ താരങ്ങളടക്കം നിരവധി പേരാണ് നൃത്തം അഭ്യസിച്ച് പഠിച്ചിറങ്ങിയത്. ഗുരു ഗോപിനാഥിന്റെ നിര്‍ദേശപ്രകാരമാണ് കോട്ടയത്ത് നൃത്ത വിദ്യാലയം ആരംഭിച്ചത്.

13-ാം വയസിലാണ് ആദ്യമായി ഭവാനി ചിലങ്കയണിയുന്നത്. ഏഴ് പതിറ്റാണ്ടുകള്‍ നീണ്ടതായിരുന്നു അവരുടെ നൃത്തസപര്യ. നൃത്തവേദിയില്‍ നിന്നാണ് അവര്‍ ജീവിതപങ്കാളി ചെല്ലപ്പനെ കണ്ടെത്തിയത്. പിന്നീട് അവര്‍ ഒരുമിച്ച് നിരവധി വേദികള്‍ പങ്കിട്ടു.

അക്കാലത്ത് ഏറെ സജീവമായിരുന്ന ബാലെ എന്ന കലാരൂപത്തിന് കേരളത്തില്‍ വേരോട്ടമുണ്ടാക്കുന്നതില്‍ ഈ ദമ്പതികള്‍ നിര്‍ണായക പങ്ക് വഹിച്ചു. കേരള കലാമണ്ഡലം പുരസ്‌കാരം, സംഗീത നാടക അക്കാദമി പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ഇവരെ തേടിയെത്തിയിട്ടുണ്ട്

വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച കേസ്: എസ്എഫ്‌ഐ നേതാവ് ജെയ്‌സണ്‍ ജോസഫിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച കേസ്: എസ്എഫ്‌ഐ നേതാവ് ജെയ്‌സണ്‍ ജോസഫിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

പത്തനംതിട്ട: പത്തനംതിട്ടയില്‍ വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച കേസില്‍ എസ്എഫ്‌ഐ നേതാവ് ജെയ്‌സണ്‍ ജോസഫിന് തിരിച്ചടി. ജെയ്‌സന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

അന്വേഷണവുമായി ജെയ്‌സണ്‍ ജോസഫ് സഹകരിക്കണമെന്ന് സുപ്രീംകോടതി വാക്കാല്‍ നിര്‍ദ്ദേശം നല്‍കി. പത്തനംതിട്ട കടമ്മനിട്ട മൗണ്ട് സിയോണ്‍ കോളജില്‍ വെച്ചാണ് നിയമവിദ്യാര്‍ത്ഥിനിയെ എസ്എഫ്‌ഐ നേതാവ് മര്‍ദ്ദിച്ചത്.

‘വീടുകളിൽ ടൈലുകൾ ഉഗ്രശബ്ദത്തോടെ പൊട്ടിത്തകർന്നു’; കൊട്ടാരക്കരയിൽ വീട്ടുകാർ ഇറങ്ങിയോടി

‘വീടുകളിൽ ടൈലുകൾ ഉഗ്രശബ്ദത്തോടെ പൊട്ടിത്തകർന്നു’; കൊട്ടാരക്കരയിൽ വീട്ടുകാർ ഇറങ്ങിയോടി

കൊല്ലം കൊട്ടാരക്കര അമ്പലപ്പുറത്ത് വീടുകളിലെ ടൈലുകൾ ഉഗ്രശബ്ദത്തോടെ പൊട്ടിത്തകർന്നു. ഭിത്തികളിൽ വിള്ളൽ വീണു. കാരണമെന്തെന്ന് അറിയാതെ ആശങ്കയിലാണ് പ്രദേശവാസികൾ. ഭൂമി ശാസ്ത്ര വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി.

രാത്രി പതിനൊന്ന് മണിക്ക് ശേഷം രാജീവിന്റെ വീടിന്റെ അടുക്കള ഭാഗത്തെ ടൈലുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്ന് വീടിന്റെ ഭിത്തികൾ വിണ്ടുകീറിയതായും വീട്ടുടമ പറയുന്നു. വീടുമുഴുവൻ കുലുക്കം അനുഭവപ്പെട്ടതിനാൽ വീട്ടുകാർ ഇറങ്ങിയോടി. നാട്ടുകാർ ഓടിക്കൂടി. സമീപത്തെ വീടുകളിലും നേരിയ തോതിൽ വിള്ളലുകൾ രൂപപ്പെട്ടത്.

കോട്ടയത്ത് ഓടുന്ന ട്രെയിനിൽ നിന്നും യുവാവ് പുറത്തേക്ക് ചാടി

കോട്ടയത്ത് ഓടുന്ന ട്രെയിനിൽ നിന്നും യുവാവ് പുറത്തേക്ക് ചാടി

കോട്ടയം അപ്പാഞ്ചിറയിൽ ഓടുന്ന ട്രെയിനിൽ നിന്നും യുവാവ് പുറത്തേക്ക് ചാടി. കൊല്ലം സ്വദേശി അൻസറാണ് ചാടിയത്. വേണാട് എക്സ്പ്രസിൽ നിന്നുമാണ് ചാടിയത്. ഗുരുതരമായി പരുക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റെയിൽവേ പൊലീസ് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് ട്രെയിനിന്റെ വാതിൽ വഴി പുറത്തേക്ക് ചാടുകയായിരുന്നു.

കോട്ടയം മെഡിക്കൽ കോളജിലാണ് യുവാവ് നിലവിൽ ഉള്ളത്. ആരോഗ്യനില മെച്ചപ്പെട്ടുവരുന്നു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ട്രെയിനിന്റെ വാതിൽ പടിയിൽ നിന്ന് അപകടകരമായ രീതിയിലാണ് അൻസാർ യാത്ര ചെയ്തിരുന്നത്. ഇത് കണ്ട യാത്രക്കാരും ഇയാൾക്ക് പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. എന്തുകൊണ്ടാണ് ചാടിയത് എന്നതിനെ പറ്റിയുള്ള വിവരങ്ങൾ റെയിൽവേ പൊലീസ് അന്വേഷിച്ചുവരികെയാണ്.