ആര്‍ജെഡിയില്‍ പൊട്ടിത്തെറി; മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള പാർട്ടി വിട്ടു

ആര്‍ജെഡിയില്‍ പൊട്ടിത്തെറി; മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള പാർട്ടി വിട്ടു

തിരുവനന്തപുരം: സീറ്റ് വിഭജനത്തിന് പിന്നാലെ എല്‍ഡിഎഫ് ഘടക കക്ഷിയായ ആര്‍ജെഡിയിലും പൊട്ടിത്തെറി. പാര്‍ട്ടിക്ക് അനുവദിച്ച മൂന്ന് സീറ്റുകളില്‍ ആര്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയാംസ് കുമാര്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ മുന്‍മന്ത്രി വി സുരേന്ദ്രന്‍ പിള്ള വിഭാഗം രാജിവച്ചു. എല്‍ഡിഎഫിലെ സീറ്റ് നിര്‍ണയത്തില്‍ ആര്‍ജെഡിക്കു മതിയായ പരിഗണന ലഭിച്ചില്ലെങ്കില്‍ അനുവദിക്കുന്ന സീറ്റുകളില്‍ മത്സരിക്കേണ്ടെന്ന ധാരണ മറികടന്നാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതെന്ന് ആരോപിച്ചാണ് സുരേന്ദ്രന്‍ പിള്ള വിഭാഗത്തിന്റെ രാജി.

ആര്‍ജെഡിയില്‍ നടക്കുന്നത് ശീതസമരമാണെന്നും വി സുരേന്ദ്രന്‍ പിള്ള പറഞ്ഞു. ആവശ്യപ്പെട്ട സീറ്റ് ലഭിച്ചില്ലെങ്കില്‍ എല്‍ഡിഎഫ് വിടാനായിരുന്നു ആര്‍ജെഡി തീരുമാനം. സംസ്ഥാന സമിതിയോഗത്തിലെ ഭൂരിപക്ഷഭിപ്രായവും ഇതായിരുന്നു. എന്നാല്‍ ആര്‍ജെഡി മൂന്ന് സീറ്റില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത് തങ്ങളുടെ അഭിപ്രായം പരിഗണിക്കാതെ ആണെന്നാണ് സുരേന്ദ്രന്‍ പിള്ളയുടെ നിലപാട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്നു സീറ്റു മാത്രം നല്‍കിയത് കേരളാ കോണ്‍ഗ്രസ് (എം) എല്‍ഡിഎഫിലേക്കു വന്ന സാഹചര്യത്തില്‍ ആയിരുന്നു. അടുത്ത തിരഞ്ഞെടുപ്പില്‍ 7 സീറ്റ് നല്‍കാമെന്ന് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സമ്മതിച്ചിരുന്നുവെന്നും സുരേന്ദ്രന്‍ പിള്ള പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന സൂചനയും സുരേന്ദ്രന്‍ പിള്ള നല്‍കുന്നു. തിരുവന്തപുരം സെന്‍ട്രല്‍ മണ്ഡലത്തോട് കൂടുതല്‍ അടുപ്പമുണ്ട്. മുന്‍പ് എംഎല്‍എയായും മന്ത്രിയായും ഇരുന്ന മണ്ഡലമാണതെന്ന് അദേഹം പറഞ്ഞു. ആര്‍ജെഡിയില്‍ നിന്നും കൂടുതല്‍ നേതാക്കള്‍ രാജിവെയ്ക്കുമെന്നും കെ സുരേന്ദ്രന്‍ പിള്ള പറയുന്നു.

അതിനിടെ, പാര്‍ട്ടി വിടുന്ന തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി സുരേന്ദ്രന്‍ പിള്ള കൂടിക്കാഴ്ച നടത്തി. കവടിയാറിലെ വീട്ടിലെത്തിയാണ് ബിജെപി അധ്യക്ഷന്‍ സുരേന്ദ്രന്‍ പിള്ളയെ കണ്ടത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടയിലുള്ള സൗഹൃദ കൂടിക്കാഴ്ച എന്നായിരുന്നു സന്ദര്‍ശനത്തെ ഇരുവരും വിശദീകരിച്ചത്. സുരേന്ദ്രന്‍ പിള്ള ബിജെപിയിലേക്ക് വരാന്‍ തയ്യാറായാല്‍ അദ്ദേഹത്തെ ചുവന്ന പരവതാനിയിട്ട് സ്വീകരിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു.

ചെറിയ പെരുന്നാൾ ദിനത്തിൽ കെ.എൻ.എം ഈദ്ഗാഹുകൾ സംഘടിപ്പിക്കും

ചെറിയ പെരുന്നാൾ ദിനത്തിൽ കെ.എൻ.എം ഈദ്ഗാഹുകൾ സംഘടിപ്പിക്കും

കേരള നദുവത്തുൽ മുജാഹിദീൻ (കെ.എൻ.എം) യൂണിറ്റ് കമ്മിറ്റികളുടെയും സലഫി ജുമാ-മസ്ജിദ് കമ്മിറ്റികളുടെയും സംയുക്താഭിമുഖ്യത്തിൽ ചെറിയപെരുന്നാൾ ദിനത്തിൽ ഈദ്ഗാഹുകൾ സംഘടിപ്പിക്കും.

വർക്കല-ഓടയം, വിളക്കുളം ആസാദ് ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ ഈദ്ഗാഹിൽ ഈദുൽ ഫിത്തർ ദിവസം രാവിലെ 7 മണിക്ക് ഓടയം നദുവത്തുൽ മുസ്ലിമീൻ ജുമാ-മസ്ജിദ് ചീഫ് ഇമാം സുൽഫി സ്വലാഹി ഈദ് നമസ്കാരത്തിനും ഖുതുബയ്ക്കും നേതൃത്വം നൽകും.

വടശ്ശേരിക്കോണം ആലുംമൂട് സ്പോർട്സ് ഹബ്ബ് ഗ്രൗണ്ടിൽ രാവിലെ 7.30 മണിക്ക് നടക്കുന്ന ഈദ്ഗാഹിൽ സലഫി ജുമാ-മസ്ജിദ് ചീഫ് ഇമാം ഷാഹുൽഹമീദ് അൻവരി ചെറിയപെരുന്നാൾ നമസ്കാരത്തിനും ഖുത്തുബ പ്രസംഗത്തിനും നേതൃത്വം നൽകും.
കല്ലമ്പലം കൈരളി ജുവലറിക്ക് സമീപം സംഘടിപ്പിച്ചിട്ടുള്ള ഈദ്ഗാഹിൽ രാവിലെ 7 മണിക്ക് ഈദുൽ ഫിത്തർ പ്രാർത്ഥനയ്ക്ക് ഹാഫിള് ശാക്കിർ ഹുസൈൻ മൗലവി നേതൃത്വം നൽകും.

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ രാവിലെ 7 മണിക്ക് നടക്കുന്ന ഈദ്ഗാഹിൽ ആറ്റിങ്ങൽ സലഫി ജുമാ-മസ്ജിദ് ചീഫ് ഇമാം മാഹീൻ മൗലവി പെരുന്നാൾ നമസ്കാരത്തിനും ഖുത്തുബയ്ക്കും നേതൃത്വം നൽകും. വിവിധയിടങ്ങളിൽ നടക്കുന്ന ഈദ്ഗാഹുകളിൽ ചെറിയപെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കുന്നതിന് സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കേരള നദുവത്തുൽ മുജാഹിദീൻ (കെ.എൻ.എം) തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് യഹിയ കല്ലമ്പലം അറിയിച്ചു.

ലക്ഷ്മി പ്രിയയ്ക്ക് പിന്നാലെ ഏറ്റുമാനൂര്‍ സ്ഥാനാര്‍ഥി വീണ നായര്‍ക്കും വോട്ടില്ല; ട്വന്റി ട്വന്റി പ്രതിസന്ധിയില്‍

ലക്ഷ്മി പ്രിയയ്ക്ക് പിന്നാലെ ഏറ്റുമാനൂര്‍ സ്ഥാനാര്‍ഥി വീണ നായര്‍ക്കും വോട്ടില്ല; ട്വന്റി ട്വന്റി പ്രതിസന്ധിയില്‍

കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ഘടകകക്ഷിയായ ട്വന്റി ട്വന്റിയുടെ ഏറ്റുമാനൂരിലെ സ്ഥാനാര്‍ഥി വീണ നായര്‍ക്ക് വോട്ടില്ല. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള തീയതി അടുത്ത സാഹചര്യത്തില്‍ വീണ നായര്‍ക്ക് പകരം പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് എന്‍ഡിഎ. കഴിഞ്ഞ ദിവസമാണ് ട്വന്റി ട്വന്റിയുടെ തന്നെ മറ്റൊരു സ്ഥാനാര്‍ഥിയായ നടി ലക്ഷ്മിപ്രിയയ്ക്കും വോട്ടര്‍ പട്ടികയില്‍ പേരില്ല എന്ന് വ്യക്തമായത്.

തെരഞ്ഞെടുപ്പില്‍ സിനിമാ താരങ്ങളെ അടക്കം കളത്തിലിറക്കി പ്രചാരണം കൊഴുപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ട്വന്റി ട്വന്റി പ്രമുഖരെ സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചത്. വീണ നായര്‍ നാമനിര്‍ദേശ പത്രിക നല്‍കുന്നതിനുള്ള നടപടിക്രമങ്ങളിലേക്ക് കടക്കുമ്പോഴാണ് വോട്ടര്‍ പട്ടികയില്‍ തന്റെ പേരില്ല എന്ന് മനസിലാക്കിയത്. മുന്‍പ് താമസിച്ച ചങ്ങനാശേരിയില്‍ വോട്ട് ഉണ്ടാവുമെന്നാണ് കരുതിയിരുന്നത്. പണ്ട് എപ്പോഴോ തദ്ദേശ തെരഞ്ഞെടുപ്പില്‍ ചങ്ങനാശേരിയില്‍ വീണ നായര്‍ വോട്ട് ചെയ്തിട്ടുമുണ്ട്. എന്നാല്‍ ഇപ്പോള്‍ പരിശോധിച്ചപ്പോഴാണ് സ്വന്തം സ്ഥലത്തോ മുന്‍പ് താമസിച്ച സ്ഥലത്തോ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തോ വോട്ടര്‍ പട്ടികയില്‍ പേരില്ല എന്ന കാര്യം നടി വീണ നായര്‍ തിരിച്ചറിഞ്ഞത്.

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറെ അടക്കം കണ്ട് സംസാരിച്ചിരുന്നു. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള സമയക്രമം അവസാനിച്ചിട്ടില്ലെങ്കിലും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണുള്ളത്. നാമനിര്‍ദേശ പത്രികയില്‍ എവിടെയാണ് വോട്ട് ഉള്ളതെന്നും വോട്ടര്‍പട്ടികയിലെ ക്രമനമ്പറും രേഖപ്പെടുത്തേണ്ടതുണ്ട്. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അവസരം ലഭിച്ചാലും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അധിക ദിവസങ്ങള്‍ ഇല്ലാത്ത സാഹചര്യത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്ന സംശയമാണ് നിലനില്‍ക്കുന്നത്.

‘എന്തിനാണ് എന്നോട് ഇങ്ങനെ ചെയ്യുന്നത്, മാനനഷ്ടത്തിന് കേസ് കൊടുക്കും’; നിയമനടപടിയുമായി രേണു സുധി

‘എന്തിനാണ് എന്നോട് ഇങ്ങനെ ചെയ്യുന്നത്, മാനനഷ്ടത്തിന് കേസ് കൊടുക്കും’; നിയമനടപടിയുമായി രേണു സുധി

അടുത്തിടെയാണ് ഇൻസ്റ്റ​ഗ്രാമിൽ താൻ സബ്സ്ക്രിപ്ഷൻ ആരംഭിക്കുകയാണെന്ന വിവരം രേണു സുധി സോഷ്യൽ മീ‍ഡിയയിലൂടെ പങ്കുവച്ചത്. പിന്നാലെ തന്റെ ഈ തീരുമാനത്തിന് മികച്ച പിന്തുണയാണ് ലഭിച്ചതെന്നും രേണു അറിയിച്ചിരുന്നു. തന്നെ പരിഹസിച്ചും വിമര്‍ശിച്ചും വ്ലോഗ് ചെയ്യുന്ന ചിലര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് രേണു സുധിയിപ്പോൾ.

താൻ തന്റെ സബ്സ്ക്രൈബേഴ്സിന് വേണ്ടി പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കം ചിലർ സ്ക്രീൻഷോട്ട് എടുത്ത് പബ്ലിക് ആക്കുകയാണെന്ന് രേണു സുധി പറയുന്നു. താൻ നിയമ നടപടിയിലേക്ക് കടക്കുകയാണെന്ന മുന്നറിയിപ്പും രേണു സുധി പങ്കുവച്ചിട്ടുണ്ട്. സബ്സ്ക്രിപ്ഷന്‍ ആരംഭിച്ച ആദ്യ അഞ്ച് ദിനങ്ങള്‍ കൊണ്ട് തനിക്ക് ഒരു ലക്ഷത്തിലധികം രൂപ ലഭിച്ചതായി രേണു സുധി അറിയിച്ചിരുന്നു.

“ഞാന്‍ പെയ്ഡ് സബ്സ്ക്രിപ്ഷന്‍ ആരംഭിച്ചിട്ടുള്ള വിവരം നിങ്ങള്‍ക്ക് അറിയാം. എന്നെ സ്നേഹിക്കുന്ന ഒരുപാട് പേര്‍ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. വലിയ വലിയ ആര്‍ട്ടിസ്റ്റുകളും സെലിബ്രിറ്റികളുമൊക്കെ ഇപ്പോള്‍ സബ്സ്ക്രിപ്ഷന്‍ ആരംഭിച്ചിട്ടുള്ള കാര്യം നിങ്ങള്‍ക്ക് അറിയാം. തങ്ങളുടെ സബ്സ്ക്രൈബേഴ്സിനു വേണ്ടി അവര്‍ ചെയ്യുന്ന പോസ്റ്റുകളുടെയും റീലുകളുടെയുമൊക്കെ സ്ക്രീന്‍ ഷോട്ട് എടുത്ത് റിയാക്ഷന്‍ വിഡിയോ ചെയ്താല്‍ എങ്ങനെയിരിക്കും ?. വിവരമറിയും. ഇവര്‍ എന്തിനാണ് എന്നോട് ഇത് ചെയ്യുന്നതെന്ന് എനിക്ക് അറിയില്ല. ഇനിയും ചെയ്താല്‍ നിയമപരമായി ഞാന്‍ മുന്നോട്ട് പോകും.

ഞാന്‍ ഒരു കേസ് ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചു. മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ പറ്റുമോ എന്ന് ഞാന്‍ നോക്കട്ടെ”, ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച വിഡിയോയില്‍ രേണു സുധി പറഞ്ഞു. അതേസമയം ഉദ്ഘാടന പരിപാടികളും മ്യൂസിക് വിഡിയോയും ടെലിവിഷൻ പരിപാടികളുമൊക്കെയായി തിരക്കിലാണിപ്പോൾ രേണു.

‘സുധാകരന് കൊടുത്താൽ എനിക്കും വേണം’; ഇടഞ്ഞ് അടൂർ പ്രകാശ് ; കോന്നിയിലേക്കില്ലെന്ന എഫ്ബി പോസ്റ്റ് പിൻവലിച്ചു

‘സുധാകരന് കൊടുത്താൽ എനിക്കും വേണം’; ഇടഞ്ഞ് അടൂർ പ്രകാശ് ; കോന്നിയിലേക്കില്ലെന്ന എഫ്ബി പോസ്റ്റ് പിൻവലിച്ചു

പത്തനംതിട്ട: കെ സുധാകരന് മത്സരിക്കാൻ സീറ്റ് അനുവദിക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചതോടെ, യുഡിഎഫ് കൺവീനർ അടൂർ പ്രകാശും ഇടയുന്നു. കെ സുധാകരൻ മത്സര രംഗത്തിറങ്ങുകയാണെങ്കിൽ തനിക്കും സീറ്റ് നൽകണമെന്ന് അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടു. സുധാകരൻ മത്സരത്തിന് അർഹനാണെങ്കിൽ അതേ അർഹത തനിക്കുമുണ്ട്. അല്ലെങ്കിൽ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കോന്നിയിൽ എന്ത് പ്രത്യാഘാതമുണ്ടായാലും താൻ ഉത്തരവാദി ആയിരിക്കില്ലെന്നും അടൂർ പ്രകാശ് കോൺ​ഗ്രസ് ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്.

തന്റെ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഹൈക്കമാൻഡിന് അടൂർ പ്രകാശ് നേരിട്ട് സന്ദേശം അയക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ എൺപിമാർ ആരും മത്സരിക്കേണ്ടെന്ന ഹൈക്കമാൻഡ് നിർദേശത്തെത്തുടർന്ന് അടൂർ പ്രകാശ് വൈകാരികമായ കുറിപ്പ് ഫെയ്സ്ബുക്കിൽ ഇട്ടിരുന്നു. താന്‍ മത്സരിക്കാന്‍ കോന്നിയിലേക്കില്ലെന്ന് എഫ് ബി പോസ്റ്റിൽ അടൂര്‍ പ്രകാശ് വ്യക്തമാക്കുകയും ചെയ്തിരുന്നു.

”കോന്നിയിലെ ജനങ്ങളോടൊപ്പം നിന്നുകൊണ്ട് പ്രവർത്തിക്കാൻ കഴിഞ്ഞത് എനിക്ക് വലിയ അഭിമാനമാണ്. കോന്നി എനിക്ക് ഒരു മണ്ഡലം മാത്രമല്ല… അത് എന്റെ ജീവിതത്തിന്റെ ഭാഗമാണ്… എന്റെ സ്വന്തം കുടുംബമാണ്. ഈ പ്രാവശ്യം കോന്നിയിൽ മത്സരിക്കാൻ എനിക്ക് അവസരം ലഭിക്കാതിരുന്നത് നിങ്ങളിൽ നിരാശ ഉണ്ടാക്കുന്നുണ്ടെന്ന് ഞാൻ ആഴത്തിൽ മനസ്സിലാക്കുന്നു. പാർട്ടി തീരുമാനത്തിനൊപ്പം നിൽക്കുക നമ്മുടെ കടമയാണ്”. എന്നിങ്ങനെയാണ് അടൂർ പ്രകാശ് കുറിപ്പിൽ എഴുതിയിരുന്നത്.

എന്നാൽ സ്ഥാനാർത്ഥിത്വത്തിൽ എംപിയായ കെ സുധാകരന് മാത്രം ഇളവ് നൽകാനുള്ള തീരുമാനത്തിനു പിന്നാലെ അടൂർ പ്രകാശ് ഫെയ്സ്ബുക്ക് പോസ്റ്റ് പിൻവലിച്ചു. തുടർന്നാണ് സുധാകരനെപ്പോലെ തനിക്കും മത്സരിക്കാൻ അർഹതയുണ്ടെന്ന് വ്യക്തമാക്കി രം​ഗത്തു വന്നത്. കോന്നിയിൽ അടൂർ പ്രകാശിനു പകരം സതീഷ് കൊച്ചുപറമ്പിലിനെയാണ് കോൺ​ഗ്രസ് നേതൃത്വം പരി​ഗണിച്ചിരുന്നത്. കോന്നി സീറ്റിൽ അടൂർ പ്രകാശ് അവകാശവാദം ശക്തമാക്കിയതോടെ കോൺഗ്രസിലെ സീറ്റ് ചർച്ചകൾ കൂടുതൽ സങ്കീർണ്ണമായേക്കും.

‘ഞങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അങ്ങ് സങ്കടപ്പെടുത്തരുത്’; കെ സുധാകരനോട് രാഹുല്‍ മാങ്കൂട്ടത്തില്‍

‘ഞങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അങ്ങ് സങ്കടപ്പെടുത്തരുത്’; കെ സുധാകരനോട് രാഹുല്‍ മാങ്കൂട്ടത്തില്‍

കൊച്ചി: കെ സുധാകരന്‍ എംപി പാര്‍ട്ടി പ്രവര്‍ത്തകരെ സമ്മര്‍ദത്തിലാക്കരുതെന്ന് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വം വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന കെ സുധാകരന്റെ നിലപാടില്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നിലപാട് അറിയിച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് രാഹുല്‍ മാങ്കൂട്ടത്തിന്റെ പ്രതികരണം.

കെ സുധാകരനെ കണ്ണൂരില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചാല്‍ അണികള്‍ സന്തോഷത്തോടെ ഏറ്റെടുക്കും. അങ്ങനെയല്ലെങ്കില്‍ സുധാകരന്‍ തെരഞ്ഞെടുപ്പിനെ നയിക്കണം. പദവികളല്ല, പ്രവര്‍ത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്. ജീവന് തുല്യം അങ്ങയെ സ്‌നേഹിക്കുന്ന ഞങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സങ്കടപ്പെടുത്തരുതെന്നും അങ്ങേക്കെതിരെ പ്രവര്‍ത്തിക്കേണ്ടി വരുന്ന ഒരു സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മാനസികാവസ്ഥ ആലോചിക്കണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു.

സ്ഥാനാര്‍ഥിയായി പരിഗണിച്ചില്ലെങ്കില്‍ കെ സുധാകരന്‍ കോണ്‍ഗ്രസ് വിട്ടേയ്ക്കുമെന്ന നിലയില്‍ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം. എന്നാല്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ കെ സുധാകരന്റെ സമ്മര്‍ദ്ദത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വഴങ്ങിയതായാണ് സൂചന. കണ്ണൂരില്‍ കെ സുധാകരന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എംപിമാര്‍ മത്സരിക്കേണ്ടെന്ന തീരുമാനത്തില്‍, കെ സുധാകരന് ഇളവു നല്‍കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കുകയായിരുന്നു. സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചാല്‍ സുധാകരന്‍ പാര്‍ട്ടി വിട്ട് സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഹൈക്കമാന്‍ഡ് വഴങ്ങിയത്.