പരസ്യമായി ലഹരി ഉപയോ​ഗം, വീഡിയോ കേരള പൊലീസിന് പങ്കുവച്ച് ഉണ്ണി മുകുന്ദൻ

പരസ്യമായി ലഹരി ഉപയോ​ഗം, വീഡിയോ കേരള പൊലീസിന് പങ്കുവച്ച് ഉണ്ണി മുകുന്ദൻ

പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പരസ്യമായി മയക്കുമരുന്ന് ഉപയോ​ഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ. ‘പെരുമ്പാവൂര്‍ സ്റ്റോറീസ്’ എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന വിഡിയോ ആണ് കേരള പൊലീസിനെ ടാഗ് ചെയ്ത് ഉണ്ണി മുകുന്ദന്‍ പങ്കുവച്ചത്.

വിഡിയോയില്‍ യുവാക്കള്‍ പരസ്യമായി കയ്യില്‍ ഇന്‍ജെക്ഷന്‍ ചെയ്യുന്നതും സിറിഞ്ച് കൊണ്ടുനടക്കുന്നതും കാണാം. പിന്നാലെ വിഡിയോ കേരള പൊലീസിന് അയച്ചു കൊടുത്തതിന്‍റെ സ്ക്രീന്‍ ഷോർട്ടും നോട്ടെഡ് എന്ന് ലഭിച്ച റിപ്ലെയും ഉണ്ണി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉണ്ണി വിഡിയോ പങ്കുവച്ചതിന് പിന്നാലെ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.സ്ക്രീന്‍ ഷോര്‍ട്ട് പങ്കുവച്ചതോടെ ഉണ്ണി മുകുന്ദനെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ. കലാകാരന്മാര്‍ക്ക് സാമൂഹിക പ്രതിബന്ധത ഉണ്ടാവേണ്ടത് പ്രധാനമാണെന്നും ഉണ്ണി മറ്റുള്ളവര്‍ക്കും മാതൃകയാണെന്നും പലരും സോഷ്യൽ മീഡിയയിൽ കുറിച്ചു.

ബംഗളൂരുവില്‍ നിന്നും കാറില്‍ എംഡിഎംഎ കടത്തി; കോഴിക്കോട് രണ്ടുപേര്‍ പിടിയില്‍

ബംഗളൂരുവില്‍ നിന്നും കാറില്‍ എംഡിഎംഎ കടത്തി; കോഴിക്കോട് രണ്ടുപേര്‍ പിടിയില്‍

കോഴിക്കോട്: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കോഴിക്കോടു നടത്തിയ പരിശോധനയില്‍ മയക്കു മരുന്നുമായി രണ്ടുപേര്‍ പിടിയിലായി. കോഴിക്കോട് നൈനാം വളപ്പില്‍ അബ്ബാസ് (44), കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി സക്കീര്‍ (31) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 50.990 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.

അരക്കിണര്‍ ഭാഗത്ത് കാറില്‍ കടത്തുമ്പോഴായിരുന്നു ഇവര്‍ പിടിയിലാകുന്നത്. ബംഗളൂരുവില്‍നിന്നും കാറില്‍ നിരോധിത ലഹരിമരുന്നു കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബംഗളൂരുവിലെ ലഹരിമരുന്നിന്റെ ഉറവിടവും കോഴിക്കോട് ഇത് ആര്‍ക്കെല്ലാമാണ് വില്‍പന നടത്തുന്നത് എന്നും അന്വേ,ിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സിറ്റി പൊലീസ് കമ്മിഷണറുടെ നിര്‍ദേശപ്രകാരം നഗരത്തില്‍ കര്‍ശന പരിശോധനയാണ് നടത്തി വരുന്നത്. വിദ്യാലയങ്ങള്‍ തുറന്നതിനു പിന്നാലെ, രാത്രി- പകല്‍ വ്യത്യാസമില്ലാതെ പരിശോധന ഊര്‍ജ്ജിതമാക്കിയതോടെ, സിറ്റിയിലെ വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

നാളെ മുതല്‍ അതിതീവ്ര മഴ; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ആറിടത്ത് ഓറഞ്ച്; ജാഗ്രത

നാളെ മുതല്‍ അതിതീവ്ര മഴ; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ആറിടത്ത് ഓറഞ്ച്; ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. നാളെ മുതല്‍ മഴ അതിതീവ്രമാകും. വിവിധ ജില്ലകളില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.

ഇന്ന് എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടുമാണ്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളും, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.

സിഎംആര്‍എല്‍ അപ്പീൽ തള്ളി; മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരും

സിഎംആര്‍എല്‍ അപ്പീൽ തള്ളി; മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരും

സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ ഇ ഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ അപ്പീല്‍ തള്ളി ഹൈക്കോടതി. എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരാമെന്നും നിയമപരകമായ വിലക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവെച്ചാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

സിഎംആര്‍എല്‍-എക്‌സാലോജിക് കരാറില്‍ ഇഡി അന്വേഷണം തുടരുന്നതിന് നിയമപരമായ വിലക്കില്ലെന്ന് കോടതി വ്യക്തമാക്കി. അപ്പീല്‍ നല്‍കുന്നതിനായി അന്വേഷണത്തിന് രണ്ടാഴ്ച സാവകാശം വേണമെന്ന സിഎംആര്‍എല്ലിന്റെ ആവശ്യവും കോടതി തള്ളുകയായിരുന്നു.

ഇ ഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് സിഎംആര്‍എല്‍ അപ്പീല്‍ നല്‍കുകയായിരുന്നു. അധികാരപരിധി മറികടന്നാണ് ഇഡിയുടെ അന്വേഷണമെന്നായിരുന്നു സിഎംആര്‍ലിന്റെ വാദം.

കാലവര്‍ഷം കനക്കുന്നു, ഇന്ന് അതിശക്ത മഴ മുന്നറിയിപ്പ്; എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കാലവര്‍ഷം കനക്കുന്നു, ഇന്ന് അതിശക്ത മഴ മുന്നറിയിപ്പ്; എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു. കേരളത്തില്‍ ഇന്ന് അതിശക്തമഴയുണ്ടാകുമെന്നാണ് അറിയിപ്പ്. എറണാകുളം മുതല്‍ കാസര്‍കോട് വരെ തീവ്രമഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.

ബാക്കിയുള്ള ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അധികൃതര്‍ അറിയിച്ചു.

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കേണ്ടതാണെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ഇന്നലെയാണ് കേരളത്തില്‍ എത്തിയത്.ഇതോടൊപ്പം മധ്യ-കിഴക്കന്‍ അറബിക്കടലിനോട് ചേര്‍ന്നുള്ള ഗോവ തീരത്തിന് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. മഹാരാഷ്ട്രയിലെ മറാത്ത്വാഡ മുതല്‍ തെക്കുപടിഞ്ഞാറന്‍ അറബിക്കടല്‍ വരെ, കൊങ്കണ്‍-ഗോവ മേഖലയ്ക്ക് മുകളില്‍ ഒരു ന്യൂനമര്‍ദ്ദ പാത്തിയും രൂപപ്പെട്ടിരിക്കുന്നു. തെക്കന്‍ തെലങ്കാനയ്ക്കും അതിനോട് ചേര്‍ന്നുള്ള തീരദേശ ആന്ധ്രാപ്രദേശ്, യാനം എന്നിവയ്ക്ക് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. വടക്കന്‍ ആന്‍ഡമാന്‍ കടലിനും അതിന്റെ സമീപപ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാത ചുഴിയും സ്ഥിതിചെയ്യുന്നു. ഇതിന്റെയെല്ലാം സ്വാധീനഫലമായി ജൂണ്‍ 8 വരെ തീയതികളില്‍ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇടിമിന്നലോടും ശക്തമായ കാറ്റോടും (മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയുള്ള) കൂടി വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ആര്‍ത്തവ അവധി; മെഡിക്കല്‍ സാക്ഷ്യപത്രം നിര്‍ബന്ധമാക്കണം; മുഖ്യമന്ത്രിക്ക് കത്ത്

ആര്‍ത്തവ അവധി; മെഡിക്കല്‍ സാക്ഷ്യപത്രം നിര്‍ബന്ധമാക്കണം; മുഖ്യമന്ത്രിക്ക് കത്ത്

കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ ആര്‍ത്തവ അവധിയില്‍ സ്വകാര്യത സൂക്ഷിക്കാന്‍ കര്‍ശന മാനദണ്ഡവും സര്‍ക്കാര്‍ ആശുപത്രികളുടെ വര്‍ഷം തോറുമുള്ള സാക്ഷിപത്രവും അവധിക്ക് നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ആരോഗ്യവകുപ്പിലെ മെഡിക്കല്‍ ഓഫീസറായ കെ പ്രതിഭ കത്ത് നല്‍കി.

ആര്‍ത്തവ സമയത്ത് കടുത്ത മാനസിക ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഓരോ വര്‍ഷവും സര്‍ക്കാര്‍ വനിത ഡോക്ടറുടെ സാക്ഷിപത്രത്തിന്റെ അടിസ്ഥാനത്തില്‍ അവധി നല്‍കണം, അവധി വിഷയത്തില്‍ സ്‌കൂളില്‍ നടപടി സ്വീകരിക്കേണ്ടത് വനിത അധ്യാപികയാണെന്ന് ഉറപ്പാക്കണം.

ക്ലാസിലെ പ്രഥമ അധ്യാപകനും സ്‌കൂള്‍ പ്രിന്‍സിപ്പലോ പുരുഷനാണെങ്കില്‍ ഓരോ ക്ലാസിലെയും സാങ്കേതികത്വം കണക്കിലെടുത്ത് സ്ഥാപനത്തിലെ ആര്‍ത്തവ അവധിയില്‍ തീരുമാനമെടുക്കാന്‍ ഒരുവനിത അധ്യാപികയെ സ്‌കൂളില്‍ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തണം. അവധി ദുരൂപയോഗം ചെയ്യപ്പെടാതെ നോക്കേണ്ടത് പ്രധാന ഉത്തരവാദിത്വമാണ്. ആര്‍ത്തവ സമയത്ത് സ്‌കൂളില്‍ എത്തി ശാരീരിക മാനസിക ബുദ്ധിമുട്ട് ഇല്ലാതെ പഠിക്കുവാന്‍ കഴിയുന്നവര്‍ക്ക് അവധിയുടെ ആവശ്യമില്ല.

അവധി ആവശ്യമായി വരാത്ത പെണ്‍കുട്ടികള്‍ക്കും അവധി സ്വാതന്ത്ര്യം നല്‍കിയാല്‍ അവധി ദുരുപയോഗപ്പെടുകയും അതുമായി ബന്ധപ്പെട്ട് മറ്റ് പല പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്യും. ആര്‍ത്തവ അവധി എടുക്കുന്ന കുട്ടികള്‍ പ്രസ്തുത സമയത്ത് രക്ഷാകര്‍ത്താക്കളുടെ അല്ലെങ്കില്‍ ഉത്തരവാദിത്വപ്പെട്ടവരുടെ സംരക്ഷണയില്‍ ഉണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പുവരുത്തണമെന്നുള്ള ആവശ്യവും ഡോ. പ്രതിഭയുടെ കത്തിലുണ്ട്.