കേരളീയം കേരളത്തിന്റെ അഭിമാന നേട്ടങ്ങൾ ലോകത്തിനുമുന്നിൽ പൂർണമായി അവതരിപ്പിച്ചു: മുഖ്യമന്ത്രി

കേരളീയം കേരളത്തിന്റെ അഭിമാന നേട്ടങ്ങൾ ലോകത്തിനുമുന്നിൽ പൂർണമായി അവതരിപ്പിച്ചു: മുഖ്യമന്ത്രി

കേരളത്തിന്റെ അഭിമാനകരമായ നേട്ടങ്ങൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുക എന്ന ഉദ്ദേശ്യം പൂർണമായും നിറവേറ്റാൻ കേരളീയം പരിപാടിയിലൂടെ സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നമ്മുടെ നാടിനെ നാം ഉദ്ദേശിച്ച രീതിയിൽ തന്നെ ദേശീയതലത്തിലും ലോകസമക്ഷവും അവതരിപ്പിക്കാൻ പരിപാടിയിലൂടെ സാധിച്ചു. അത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകതയും. നവംബർ 1 മുതൽ 7 വരെ നീണ്ട കേരളീയം പരിപാടിയുടെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും നവകേരള കാഴ്ചപ്പാടിന്റെ പ്രഖ്യാപനവും നിർവഹിച്ചു തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളീയം നാട് പൂർണമായി നെഞ്ചേറ്റി. നമ്മുടെ നാടിന്റെ ഒരുമയും ജനങ്ങളുടെ ഐക്യവുമാണ് ഇതിലൂടെ കാണാൻ കഴിയുന്നത്. ഈ ഒരുമയും ഐക്യവും തുടർന്നും ഉണ്ടാകണം. കേരളത്തിന്റെ പലഭാഗത്തുമുള്ളവർ കേരളീയത്തിൽ പങ്കെടുക്കാനെത്തി. കേരളീയം വൻ വിജയമാക്കിത്തീർത്ത ജനങ്ങളെ മുഖ്യമന്ത്രി അഭിവാദ്യം ചെയ്തു. ദേശീയ, അന്താരാഷ്ട്രതലത്തിൽ എണ്ണപ്പെടുന്ന മഹോത്സവമായി കേരളീയം മാറാൻ പോവുകയാണ്

നൂറ് ലിറ്റര്‍ വാഷും ചാരായവുമായി സിപിഐ പ്രാദേശിക നേതാവ് പിടിയില്‍

നൂറ് ലിറ്റര്‍ വാഷും ചാരായവുമായി സിപിഐ പ്രാദേശിക നേതാവ് പിടിയില്‍

തൃശൂര്‍: എക്‌സൈസ് നടത്തിയ റെയ്ഡില്‍ നൂറ് ലിറ്റര്‍ വാഷും ഒന്നര ലിറ്റര്‍ ചാരായവുമായി ഗൃഹനാഥന്‍ പിടിയില്‍. ഞമനേങ്ങാട് തൊഴുപറമ്പ് സ്വദേശി തോട്ടുപുറത്ത് സിദ്ധാര്‍ത്ഥന്‍ (65) ആണ് പിടിയിലായത്.

എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീടിന്റെ പിന്‍വശത്തെ ചായ്പ്പില്‍ നിന്നും വാഷും ചാരായവും കണ്ടെത്തിയത്. എഐടിയുസി കെട്ടിട നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ നേതാവാണ്.

ചാവക്കാട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിയു ഹരീഷിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ എ.ബി സുനില്‍കുമാര്‍,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സികെ റാഫി,എഎന്‍ ബിജു,അബ്ദുള്‍ റഫീക്ക്, സിജ എന്നിവരങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

പല്ലുവേദനയ്ക്ക് ചികിത്സയ്‌ക്കെത്തി മൂന്നരവയസുകാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

പല്ലുവേദനയ്ക്ക് ചികിത്സയ്‌ക്കെത്തി മൂന്നരവയസുകാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

തൃശൂര്‍: കുന്നംകുളം മലങ്കര ആശുപത്രിയില്‍ മൂന്ന് വയസുകാരന്റെ മരണം ചികിത്സാപ്പിഴവെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. മുണ്ടൂര്‍ സ്വദേശി മൂന്നര വയസുകാരനായ ആരോണ്‍ ആണ് മരിച്ചത്. പല്ലുവേദനയ്ക്കുള്ള ചികിത്സയ്ക്കാണാണ് ഇന്നലെ വൈകീട്ട് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

ഇന്ന് രാവിലെ സര്‍ജറിക്ക് കൊണ്ടുപോയ കുട്ടിയെ കാണണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടും അധികൃതര്‍ കാണിച്ചില്ലെന്ന് കുടുംബം ആരോപിച്ചു. സര്‍ജറിക്ക് ശേഷം ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് കുട്ടി മരിച്ചതായി അധികൃതര്‍ അറിയിക്കുകയായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു. ചികിത്സ കഴിഞ്ഞതിന് ശേഷമുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

കേരളീയത്തിന്റെ സമാപന സമ്മേളനം വൈകിട്ട്, തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

കേരളീയത്തിന്റെ സമാപന സമ്മേളനം വൈകിട്ട്, തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: ഒരാഴ്‌ചയോളം നീണ്ടുനിന്ന കേരളീയം ഇന്ന് സമാപിക്കും. സെമിനാറുകളും ഭക്ഷ്യമേളയും കലാപരിപാടികളുമൊക്കെയായി ഏഴ് ദിനം നീണ്ട ആഘോഷത്തിന്റെ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ശങ്കർമഹാദേവനും, കാർത്തിക്കും അടക്കമുള്ള പ്രമുഖരുടെ സംഗീതനിശ സമാപന സമ്മേളനത്തിൽ അരങ്ങേറും.

സമാപനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച വൈകുന്നേരം 3.30 മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മിഷണർ സിഎച്ച് നാഗരാജു അറിയിച്ചു. സമാപന സമ്മേളനത്തിൽ പങ്കെടുക്കാനുള്ളവർ മൂന്നരയോടെ പ്രധാനവേദിയായ സെൻട്രൽ സ്റ്റേഡിയത്തിലെത്തേണ്ടതാണ്.ആദ്യമെത്തുന്നവർക്ക് ആദ്യം സീറ്റ് എന്ന നിലയിലാണ് സീറ്റുകൾ അനുവദിച്ചിട്ടുള്ളത്. സെൻട്രൽ സ്റ്റേഡിയത്തിലേക്കെത്താൻ വിവിധ പാർക്കിങ് സെന്ററുകളിൽ നിന്നും ഓരോ പത്ത് മിനിട്ടിലും കെഎസ്ആർടിസി ഇലക്‌ട്രിക്‌ ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. സമാപന ദിവസത്തെ തിരക്ക് പരിഗണിച്ച് കൂടുതൽ ബസുകൾ സർവീസ് നടത്തും.

പ്രധാനവേദിയായ കനകക്കുന്നിൽ ഞായറാഴ്ച ഒരു ലക്ഷം പേർ എത്തിയെന്നാണ് വിലയിരുത്തൽ. അതേസമയം കേരളീയം വൻ വിജയമാണെന്ന് സർക്കാർ അവകാശപ്പെടുമ്പോൾ അസമയത്തെ ധൂർത്തെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. എന്നാൽ വിമർശനങ്ങൾക്കൊന്നും സർക്കാർ ചെവികൊടുക്കുന്നില്ല. അടുത്ത കൊല്ലവും കേരളീയ തുടരാനാണ് സർക്കാർ തീരുമാനം.

സംസ്ഥാനത്ത് വീണ്ടും സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് വീണ്ടും സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് വീണ്ടും സ്വർണവില കുറഞ്ഞു. നവംബർ 4 മുതൽ സ്വർണവില ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇന്ന് പവന് 80 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45000 രൂപയാണ്. കിഴിഞ്ഞ മാസം സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. 45920 വരെയെത്തിയ സ്വർണവില പിന്നീട് കുറയുകയായിരുന്നു.ഒക്ടോബർ 28ന് സ്വർണവില റെക്കോർഡിലെത്തിയിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 5740 രൂപയും പവന് 45920 രൂപയുമായിരുന്നു അന്ന് സ്വർണവില.

വെടിക്കെട്ട് നിരോധന ഉത്തരവ് ഹൈക്കോടതി ഭാഗികമായി റദ്ദാക്കി

വെടിക്കെട്ട് നിരോധന ഉത്തരവ് ഹൈക്കോടതി ഭാഗികമായി റദ്ദാക്കി

കൊച്ചി: അസമയത്തെ വെടിക്കെട്ട് നിരോധനവുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ച് ഉത്തരവ് ഭാഗികമായി റദ്ദാക്കി. സമയക്രമം സംബന്ധിച്ച് അതാത് ക്ഷേത്രങ്ങളുടെ സാഹചര്യം നോക്കി സർക്കാരിന് തീരുമാനമെടുക്കാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സുപ്രീംകോടതി ഉത്തരവനുസരിച്ച് ആയിരിക്കണം തീരുമാനമെടുക്കേണ്ടത്. ക്ഷേത്രങ്ങൾ റെയ്ഡ് ചെയ്ത് വെടിക്കോപ്പുകൾ പിടിച്ചെടുക്കാനുള്ള നിർദ്ദേശം ഡിവിഷൻ ബെഞ്ച് പൂർണമായും റദ്ദാക്കി. സർക്കാർ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. സിംഗിൾ ബെഞ്ചിന് മുന്നിൽ എല്ലാ കക്ഷികളും എതിർ സത്യവാങ്മൂലം സമർപ്പിക്കണം. സിംഗിൾ ബെഞ്ച് നിയമാനുസൃതം കേസുകൾ തീർപ്പാക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.

സിംഗിൾ ബ‌ഞ്ച് ഉത്തരവിൽ അസമയം ഏതെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും കോടതി ഉത്തരവിനെ വ്യക്തികൾ ഇഷ്ടാനുസരണം വ്യാഖ്യാനിക്കാനിടവരുമെന്നും ഉത്തരവ് റദ്ദാക്കണമെന്നുമായിരുന്നു സർക്കാർ അപ്പീലിലുണ്ടായിരുന്നത്. ഏതെങ്കിലും ക്ഷേത്രത്തിൽ വെടിക്കോപ്പുകൾ അനധികൃതമായി സൂക്ഷിച്ചിരിക്കുന്നുവെന്ന് ഹർജിക്കാരന് പരാതിയില്ല. പരിഗണനാ വിഷയത്തിന് പുറത്തുള്ള കാര്യമാണ് കോടതി പരിശോധിച്ചതെന്നും സർക്കാർ വാദിച്ചു.

ക്ഷേത്രോത്സവത്തിനുള്ള വെടിക്കെട്ടിന് 2005 ൽ സുപ്രീംകോടതി ഇളവ് നൽകിയിട്ടുണ്ട്. 2006 ൽ ഇതിൽ വ്യക്തത വരുത്തി വീണ്ടും ഉത്തരവിറക്കിയിട്ടുണ്ട്. തൃശ്ശൂർ പൂരത്തിനും ആറാട്ടുപുഴ പൂരത്തിനും വെടിക്കെട്ട് നടത്താൻ സുപ്രീംകോടതി അനുമതി നൽകിയിട്ടുണ്ട്. ഹർജിയിലെ ആവശ്യങ്ങളേക്കാൾ കേരളത്തിലാകമാനം ബാധകമാകുന്ന ഉത്തരവിടാൻ കോടതിക്ക് കഴിയില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഇതെല്ലാം പരിഗണിച്ചാണ് കോടതി ഉത്തരവ് ഭാഗീകമായി റദ്ദാക്കിയത്.