by Midhun HP News | Nov 8, 2023 | Latest News, കേരളം
ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പിൽ ആവശ്യമില്ലാത്ത ആളുകളുടെ സാന്നിധ്യം ഉണ്ടായെന്ന് ഹൈക്കോടതി. മേൽശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി പരിഗണിച്ചപ്പോഴാണ് കോടതിയുടെ പരാമർശം. എന്നാൽ ഒബ്സർവറുടെ സാന്നിധ്യത്തിലാണ് തെരഞ്ഞടുപ്പ് നടത്തിയതെന്നും തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നുവെന്നും ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. ഹര്‍ജിയില്‍ നാളെ വിധി പറയും.
തിരുവനന്തപുരം സ്വദേശി മദുസൂധനൻ നമ്പൂതിരിയാണ് ശബരിമല തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചത്. നറുക്കെടുപ്പിന് തയ്യാറാക്കിയ പേപ്പറുകളിൽ രണ്ടെണ്ണം മടക്കിയും മറ്റുള്ളവ ചുരുട്ടിയുമാണിട്ടതെന്നാണ് പ്രധാന ആരോപണം. കേസ് കേട്ട കോടതി ഗുരുതരമായ ചില പരാമര്‍ശങ്ങള്‍ ഇന്ന് നടത്തി. മേൽശാന്തി തെരഞ്ഞെടുപ്പിൽ ആവശ്യമില്ലാത്ത ആളുകളുടെ സാന്നിധ്യം ഉണ്ടായെന്നും അനുമതിയില്ലാത്ത ആരെയും സോപാനത്തിലേക്ക് പ്രവേശിപ്പിക്കാൻ പാടില്ലെന്നും വ്യക്തമാക്കി. ഹര്‍ജി നാളെ വിധി പറയാന്‍ മാറ്റിയിട്ടുണ്ട്.

by Midhun HP News | Nov 8, 2023 | Latest News, കേരളം
കൽപ്പറ്റ: ആദിവാസി മേഖലയിൽ ക്യാമ്പുകൾ നടത്തി അംഗപരിമിതരെ കണ്ടെത്തി അവർക്കാവശ്യമായ സഹായ ഉപകരണങ്ങൾ നൽകുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. നമുക്കിടയിലുള്ള എല്ലാ അംഗപരിമിതരെയും സ്വയം പര്യാപ്തരാക്കുകയാണ് നമ്മുടെ സർക്കാരിന്റെ ലക്ഷ്യം. മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
പട്ടിക വർഗക്കാരായ അംഗപരിമിതരെ സഹായിക്കാനായി വയനാട് , കോഴിക്കോട് ജില്ലകളിൽ നടപ്പാക്കുന്ന “കാറ്റാടി ” പദ്ധതിയിലാണ് ആയിരത്തോളം പേരെ സർക്കാർ ചേർത്ത് പിടിക്കുന്നത്. പട്ടികവർഗ വികസന വകുപ്പും കേന്ദ്ര സ്ഥാപനമായ സി ആർ സിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത് എന്നും മന്ത്രി അറിയിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
കേൾക്കുന്നുണ്ടോ… എന്ന ചോദ്യത്തോട് ചിരിച്ചു കൊണ്ടാണ് മിനി തലയാട്ടിയത്… ജീവിതത്തിൽ ആദ്യമായി വാക്കിന്റെ
മധുരം നുണഞ്ഞ ഇവരുടെ സന്തോഷം
എല്ലാവരുടേതുമായി .
വയനാട് മുള്ളൻകൊല്ലിയിൽ നിന്നുള്ള പ്ലസ് ടു വിദ്യാർത്ഥിനിയാണ് മിനി.
പട്ടിക വർഗക്കാരായ അംഗപരിമിതരെ സഹായിക്കാനായി വയനാട് , കോഴിക്കോട് ജില്ലകളിൽ നടപ്പാക്കുന്ന “കാറ്റാടി ” പദ്ധതിയിലാണ് ആയിരത്തോളം പേരെ സർക്കാർ ചേർത്ത് പിടിക്കുന്നത്.
പട്ടികവർഗ വികസന വകുപ്പും കേന്ദ്ര സ്ഥാപനമായ സി ആർ സിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
ആദിവാസി മേഖലയിൽ ക്യാമ്പുകൾ നടത്തി അംഗപരിമിതരെ കണ്ടെത്തി അവർക്കാവശ്യമായ സഹായ ഉപകരണങ്ങൾ നൽകും . ഇടമലക്കുടിയിലെ അഭിരാമി, പുൽപ്പള്ളിയിലെ സുപ്രിയ തുടങ്ങി… നമുക്കിടയിലുള്ള എല്ലാ അംഗപരിമിതരെയും സ്വയം പര്യാപ്തരാക്കുകയാണ് നമ്മുടെ സർക്കാരിന്റെ ലക്ഷ്യം … ഇനി സ്നേഹത്തിന്റെ കാറ്റാടി കേരളമെങ്ങും വീശും.

by Midhun HP News | Nov 8, 2023 | Latest News, കേരളം
കൊച്ചി: ആലുവ ആലങ്ങാട്ട് ദുരഭിമാനക്കൊലയില്‍ പത്താംക്ലാസുകാരിയുടെ പോസ്റ്റ് മോര്‍ട്ടം ഇന്ന് നടക്കും. ഇതരമതസ്ഥനുമായുള്ള പ്രണയത്തിന്റെ പേരില്‍ പിതാവ് കളനാശിനി കുടിപ്പിച്ച പെണ്‍കുട്ടി ചികിത്സയിലിരിക്കെ ഇന്നലെ വൈകീട്ടാണ് മരിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ രാവിലെ പോസ്റ്റ്‌മോര്‍ട്ടം നടക്കും.
ഉച്ചയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയേക്കും. ഒക്ടോബര്‍ 29 ന് രാവിലെയാണ് കേസിന് ആസ്പദമായ സംഭവമുണ്ടാകുന്നത്. സഹപാഠിയായ ഇതര മതസ്ഥനുമായുള്ള പ്രണയത്തെച്ചൊല്ലി പെണ്‍കുട്ടിയും പിതാവും തമ്മില്‍ വഴക്കിലായിരുന്നു. സഹപാഠിയെ പിതാവ് താക്കീത് ചെയ്യുകയും ചെയ്തിരുന്നു.
സംഭവദിവസം പെണ്‍കുട്ടിയുടെ കയ്യില്‍ നിന്നും മൊബൈല്‍ഫോണ്‍ കണ്ടെടുത്തു. ഇതേത്തുടര്‍ന്ന് പ്രണയത്തില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് പിതാവ് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചു. അമ്മയെയും സഹോദരനെയും വീടിന് പുറത്താക്കി, പിതാവ് പെണ്‍കുട്ടിയെ കമ്പി വടി കൊണ്ട് തല്ലിച്ചതച്ചു.
തുടര്‍ന്ന് കളനാശിനി പെണ്‍കുട്ടിയുടെ വായിലേക്ക് ഒഴിച്ചു കൊടുത്തു. മാതാവും സഹോദരനും വീടിനുള്ളില്‍ ചെന്നപ്പോള്‍ പെണ്‍കുട്ടി വിഷം ഉള്ളില്‍ ചെന്ന് അവശനിലയിലായിരുന്നു. പത്തു ദിവസത്തോളം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിഞ്ഞ ശേഷമാണ് പെണ്‍കുട്ടി മരിച്ചത്.
കേസില്‍ പെണ്‍കുട്ടിയുടെ പിതാവ് കരുമാലൂര്‍ സ്വദേശി അബീസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡിലായിരുന്ന പിതാവിനെ കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. വധശ്രമത്തിനാണ് അബീസിനെതിരെ പൊലീസ് കേസെടുത്തിരുന്നത്. ഇത് കൊലപാതകക്കേസായി മാറ്റും.
കേസില്‍ തെളിവെടുപ്പ് പൊലീസ് ഇന്നും തുടരും. ഇന്നലെ കുട്ടിയുടെ വീട്, കളനാശിനി വാങ്ങിയ കട, കുട്ടിയെ ആക്രമിക്കാന്‍ ഉപയോഗിച്ച കമ്പിവടി വാങ്ങിയ സ്ഥലം എന്നിവിടങ്ങളിലൊക്കെ പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതി അബീസിനെയും കൊണ്ടുപോയുള്ള തെളിവെടുപ്പ് ഇന്നുണ്ടായേക്കും.
by Midhun HP News | Nov 8, 2023 | Latest News, കേരളം
കല്‍പ്പറ്റ: വയനാട്ടില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടല്‍. തണ്ടര്‍ബോള്‍ട്ടും പൊലീസും വനമേഖലയില്‍ തെരച്ചില്‍ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. പേര്യ 36 ലാണ് മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ ഏറ്റുമുട്ടിയത്. മേഖലയില്‍ തിരച്ചില്‍ തുടരുകയാണ്.ഇതിനിടെ മാവോയിസ്റ്റ് പ്രവര്‍ത്തകനെ കൊയിലാണ്ടിയില്‍ നിന്ന് പിടികൂടി. പീപ്പിള്‍സ് ലിബറേഷൻ ഗറില്ല ആര്‍മി കേഡര്‍ അനീഷ് ബാബു ആണ് പിടിയിലായത്. തമിഴ്നാട് തിരുനല്‍വേലി സ്വദേശിയാണ്. സ്പെഷ്യല്‍ ഓപ്പറേഷൻ ഗ്രൂപ്പ് ആണ് വൈകീട്ട് അഞ്ച് മണിയോടെ ഇയാളെ പിടികൂടിയത്. അരീക്കോട് എംഎസ്പി ക്യാമ്ബില്‍ എത്തിച്ച അനീഷിനെ പ്രത്യേക അന്വേഷണ സംലത്തിലെ ഡിഐജിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യും. കണ്ണൂര്‍ വനമേഖലയിലും മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

by Midhun HP News | Nov 8, 2023 | Latest News, കേരളം
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് ഇന്ന് പി ജി ഡോക്ടര്‍മാരുടെ സമരം. പിജി മെഡിക്കല്‍, ഡെന്റല്‍ വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജന്മാരും ഉള്‍പ്പെടുന്ന ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയാണ് 24 മണിക്കൂര്‍ പണിമുടക്ക് നടത്തുന്നത്. രാവിലെ എട്ട് മുതല്‍ നാളെ രാവിലെ എട്ട് മണി വരെ അത്യാഹിത വിഭാഗങ്ങള്‍ അടക്കം ബഹിഷ്‌ക്കരിക്കും. റസിഡന്റ് ഡോക്ടര്‍മാര്‍ കൂട്ടത്തോടെ പണിമുടക്കുന്നതിനാല്‍ ആശുപത്രി പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി തടസപ്പെടും. സ്‌റ്റൈപ്പന്‍ഡ് വര്‍ധിപ്പിക്കുക, പി.ജി. വിദ്യാര്‍ത്ഥികളുടെ നിര്‍ബന്ധിത ബോണ്ടില്‍ അയവ് വരുത്തുക, സീനിയര്‍ റസിഡന്‍സി സീറ്റുകള്‍ കൂട്ടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. പ്രശ്‌നങ്ങള്‍ പഠിക്കാന്‍ രൂപീകരിച്ച സമിതി പ്രവര്‍ത്തന സജ്ജമാക്കണം എന്നും ആവശ്യമുണ്ട്.
സെപ്തംബര്‍ 29ന് നടത്തിയ സൂചന പണിമുടക്കില്‍ ഉന്നയിച്ച കാര്യങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂല നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് സമരം.

by Midhun HP News | Nov 8, 2023 | Latest News, കേരളം
കേരളീയത്തോടനുബന്ധിച്ച് ഫ്‌ലവര്‍ ഷോ കമ്മിറ്റി നടത്തിയ വിവിധ മത്സരങ്ങളുടെ ഫലം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ പ്രഖ്യാപിച്ചു.ബ്രൈഡല്‍ ബൊക്കെ, ലൂസ് ബൊക്കെ, ഡ്രൈ അറേഞ്ച്‌മെന്റസ് മത്സരങ്ങളില്‍ റീന. എല്‍ ഒന്നാം സ്ഥാനം നേടി. ഷാലോ കണ്ടെയ്‌നര്‍ അറേഞ്ച്‌മെന്റ്, ഫ്‌ളോറട്ടിങ് അറേഞ്ച്‌മെന്റ്, മാസ്സ് അറേഞ്ച്‌മെന്റ് എന്നിവയില്‍ ഷാഹുല്‍ ഹമീദും ഡബിള്‍ കണ്ടെയ്‌നര്‍ അറേഞ്ച്‌മെന്റില്‍ എല്‍.ബിനുവും ഒന്നാം സ്ഥാനം കരസ്ഥമാക്കി. എസ്. ജോയ് ആണ് ഫ്‌ലോറിസ്റ്റ് ഡിസ്‌പ്ലേ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത്.
കുട്ടികള്‍ക്കായി നടത്തിയ മത്സരത്തില്‍ ഷാലോ കണ്ടെയ്‌നര്‍ അറേഞ്ച്‌മെന്റില്‍ ജി എസ് ഹരിശ്രീയും മാസ്സ് അറേഞ്ച്‌മെന്റില്‍ വി മാളവികയും ഒന്നാം സ്ഥാനത്തെത്തി. ഡെപ്യൂട്ടി മേയര്‍ പി.കെ. രാജുവും കനകക്കുന്ന് പാലസ് ഹാളില്‍ നടന്ന പരിപാടിയില്‍പങ്കെടുത്തു.
Recent Comments