സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മഴ ശക്തമാകും; 3 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മഴ ശക്തമാകും; 3 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കാലാവസ്ഥാ വിഭാഗത്തിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

തെക്കൻ മധ്യ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മഴ ശക്തി പ്രാപിയ്ക്കാൻ സാധ്യതയുള്ള മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു.

ഒരു കോടിയില്‍പ്പരം ജീവനക്കാര്‍ക്ക് പ്രയോജനം; കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു

ഒരു കോടിയില്‍പ്പരം ജീവനക്കാര്‍ക്ക് പ്രയോജനം; കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു

ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു. നാലുശതമാനം വര്‍ധിപ്പിച്ച് ക്ഷാമബത്ത 46 ശതമാനമാക്കി ഉയര്‍ത്താനുള്ള നിര്‍ദേശത്തിന് കേന്ദ്രമന്ത്രിസഭായോഗമാണ് അംഗീകാരം നല്‍കിയത്. ഒരു കോടിയില്‍പ്പരം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

നിലവില്‍ 42 ശതമാനമാണ് ക്ഷാമബത്ത. ജീവനക്കാര്‍ക്ക് പുറമേ പെന്‍ഷകരുടെ ആനുകൂല്യവും സമാനമായ രീതിയില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. മാര്‍ച്ച് 24നാണ് ഇതിന് മുന്‍പ് ക്ഷാമബത്ത വര്‍ധിപ്പിച്ചത്.

ഇതിന് പുറമേ റെയില്‍വേ ജീവനക്കാര്‍ക്ക് ബോണസ് നല്‍കാനുള്ള നിര്‍ദേശത്തിനും മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ദീപവലി പ്രമാണിച്ച് 78 ദിവസത്തെ ശമ്പളം ബോണസായി നല്‍കാനാണ് തീരുമാനിച്ചത്. ഗസറ്റഡ് ഇതര റെയില്‍വേ ജീവനക്കാര്‍ക്കാണ് ബോണസ് ലഭിക്കുക. ഏകദേശം 11.07 ലക്ഷം ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാവസായിക തൊഴിലാളികളെ ഉദ്ദേശിച്ച് ലേബര്‍ ബ്യൂറോ തയ്യാറാക്കുന്ന ചില്ലറ വില്‍പ്പനവിലയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റ സൂചികയാണ് ക്ഷാമബത്ത തയ്യാറാക്കുന്നതിന് ആധാരമാക്കുന്നത്.

മലപ്പുറത്ത് കൃഷിയിടത്തില്‍ 13കാരന്‍ മരിച്ചനിലയില്‍; അന്വേഷണം

മലപ്പുറത്ത് കൃഷിയിടത്തില്‍ 13കാരന്‍ മരിച്ചനിലയില്‍; അന്വേഷണം

മലപ്പുറം: പൂക്കോട്ടുംപാടത്ത് കൃഷിയിടത്തില്‍ 13കാരന്‍ മരിച്ച നിലയില്‍. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ അസം സ്വദേശി മുത്തലിബ് അലിയുടെ മകന്‍ റഹ്മത്തുള്ളയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

കൃഷിസ്ഥലത്തു സ്ഥാപിച്ച വൈദ്യുത വേലിയില്‍ നിന്നും ഷോക്കേറ്റാതാകാമെന്നാണ് സംശയം. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

സൗമ്യ വിശ്വനാഥന്‍ വധക്കേസ്: അഞ്ച് പ്രതികളും കുറ്റക്കാര്‍

സൗമ്യ വിശ്വനാഥന്‍ വധക്കേസ്: അഞ്ച് പ്രതികളും കുറ്റക്കാര്‍

ഡല്‍ഹി: മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ വധക്കേസില്‍ അഞ്ച്
പ്രതികള്‍ കുറ്റക്കാരാണെന്ന് ഡല്‍ഹി സാകേത് കോടതി. നാല് പ്രതികള്‍ക്ക് മേല്‍ കൊലക്കുറ്റവും ഒരാള്‍ക്ക് മക്കോക്ക നിയമപ്രകാരവും കുറ്റം ചുമത്തി. ശിക്ഷാ വിധി പിന്നീടുണ്ടാകുമെന്നും കോടതി വ്യക്തമാക്കി.

മോഷണത്തിനിടെ കരുതിക്കൂട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. രവി കപൂര്‍, അമിത് ശുക്ല, ബല്‍ജീത് മാലിക്, അജയ് കുമാര്‍, അജയ് സേത്തി എന്നിവര്‍ കുറ്റകാരക്കാരാണെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയാരുന്നു. 15 വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് വിധി വരുന്നത്.

2008 സെപ്റ്റംബര്‍ 30നാണ് കൊലപാതകം നടന്നത്. ഡല്‍ഹിയില്‍ ഇന്ത്യാടുഡേ ഗ്രൂപ്പിന്റെ ‘ഹെഡ്‌ലൈന്‍സ് ടുഡേ’ ചാനലില്‍ മാധ്യമപ്രവര്‍ത്തകയായിരുന്ന സൗമ്യ വിശ്വനാഥനെ വസന്ത്കുഞ്ചിന് സമീപം കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കാര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തക മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍, മൃതദേഹപരിശോധനയില്‍ തലയ്ക്ക് വെടിയേറ്റതായി കണ്ടെത്തിയത് കേസില്‍ വഴിത്തിരിവായി. കൃത്യംനടന്ന് ഒരുവര്‍ഷത്തിന് ശേഷമാണ് കേസിലെ പ്രതികളെ പൊലീസ് പിടികൂടിയത്.

പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം ഈ മാസം ആദ്യം പൂര്‍ത്തിയാക്കിയതിനാല്‍ കൂടുതല്‍ വാദങ്ങള്‍ക്കോ വിശദീകരണങ്ങള്‍ക്കോ കോടതി കൂടുതല്‍ സമയം നല്‍കിയിരുന്നു. ഒക്ടോബര്‍ 13ന് വിധി പറയാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു. കവര്‍ച്ചാ ശ്രമമാണെന്നാണ് കോടതിയില്‍ പൊലീസ് വ്യക്തമാക്കിയത്.

കൊച്ചി വാട്ടർ മെട്രോ ടെർമിനലുകളുടെ നിർമ്മാണങ്ങളിൽ ആശങ്ക വേണ്ടെന്ന് കെഎംആർഎൽ

കൊച്ചി വാട്ടർ മെട്രോ ടെർമിനലുകളുടെ നിർമ്മാണങ്ങളിൽ ആശങ്ക വേണ്ടെന്ന് കെഎംആർഎൽ

കൊച്ചി വാട്ടർ മെട്രോ ടെർമിനലുകളുടെ നിർമ്മാണങ്ങളിൽ ആശങ്ക വേണ്ടെന്ന് കെഎംആർഎൽ. മട്ടാഞ്ചേരി ടെർമിനൽ നിർമ്മാണം സംയബന്ധിതമായി തുടങ്ങുവാൻ പരാജയപ്പെട്ടതിനാൽ കരാർ കമ്പനിയായ മേരി മാതാ ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡുമായുള്ള കരാറിൽ നിന്ന് മുൻപ് തന്നെ പിന്മാറിയിരുന്നു എന്നും കെഎംആർഎൽ അറിയിച്ചു.

മട്ടാഞ്ചേരി ടെർമിനലിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട റീ-ടെൻഡർ നടപടികൾ അവസാനഘട്ടത്തിലാണ്. ഫോർട്ട് കൊച്ചി ടെർമിനലിന്റെ നിർമ്മാണത്തിന്റെ ഭാഗമായി മാത്രമാണ് നിർമ്മാണ കരാർ ഏറ്റെടുത്ത മേരി മാതാ ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ആർ കെ മഷീൻ ടൂൾസ് ലിമിറ്റഡിന് ചില ജോലികൾ സബ് കോൺട്രാക്റ്റ് നൽകിയതായി കെഎംആർഎല്ലിന് അറിവുള്ളത്.

മേരി മാതാ ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡിന് നിർമ്മാണ കരാർ നൽകിയിട്ടുള്ള മറ്റ് ടെർമിനലുകളിൽ ഒന്നും തന്നെ ആരോപണ വിധേയരായ കമ്പനിക്ക് സബ് കോൺട്രാക്റ്റ് നൽകിയതായി അറിവുള്ളതല്ല. ഫോർട്ട് കൊച്ചി ടെർമിനലിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. കെഎംആർഎൽ, ജനറൽ കൺസൾട്ടന്റ് ആയ എഇകോം എന്നിവയിലെ ഉദ്യോഗസ്ഥരുടെ മേൾനോട്ടത്തിലാണ് നിർമ്മാണം. നിർമ്മാണത്തിൽ അപാകതകൾ ശ്രദ്ധയിൽപ്പെട്ടാൽ കരാർ കമ്പനിയായ മേരി മാതാ ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ് മുഖാന്തരം അവ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും കെഎംആർഎൽ പറയുന്നു.

ഡോ.വന്ദനാദാസ് കൊലപാതകം; വിചാരണ കോടതിയിൽ കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നത് തടഞ്ഞ് ഹൈക്കോടതി

ഡോ.വന്ദനാദാസ് കൊലപാതകം; വിചാരണ കോടതിയിൽ കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നത് തടഞ്ഞ് ഹൈക്കോടതി

കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഡോക്ടർ വന്ദന ദാസിന്റെ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്ന നടപടി ഹൈക്കോടതി തടഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയിലുള്ള സാഹചര്യത്തിലാണ് നടപടി. എന്തുകൊണ്ടാണ് അന്വേഷണം സിബിഐക്ക് കൈമാറാൻ സർക്കാർ മടിക്കുന്നതെന്ന് വന്ദനയുടെ മാതാപിതാക്കൾ ഹൈക്കോടതിയിൽ ചോദിച്ചു. അന്വേഷണത്തെ കുറിച്ചുള്ള മാതാപിതാക്കളുടെ പരാതി പരിശോധിക്കുകയാണെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. ഇതിന് കൂടുതൽ സമയം വേണ്ടിവരുമെന്നും സംസ്ഥാന പൊലീസ് മേധാവി കോടതിയെ അറിയിച്ചു.

2023 മെയ് 10നാണ് വന്ദന ദാസ് കൊല്ലപ്പെട്ടത്. വൈദ്യപരിശോധനക്കിടെ പ്രതി സന്ദീപ് പ്രകോപിതനായി ഡോക്ടറെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊല്ലം നെടുമ്പന യുപിഎസിലെ അധ്യാപകനായിരുന്ന സന്ദീപിനെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ആഭ്യന്തര അന്വേഷണ റിപ്പോർട്ട് അടിസ്ഥാനത്തിലായിരുന്നു വിദ്യാഭ്യാസ വകുപ്പ് നടപടി.

വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. കൊല്ലം റൂറൽ എസ്പി നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ, വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഡിഐജി, ആർ നിശാന്തിനി അന്വേഷണത്തിന് ഉത്തരവിട്ടു. വന്ദനയെ ആശുപത്രിയിലെത്തിച്ച പൂയംപ്പള്ളി സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ബേബി മോഹൻ, ആശുപത്രിയിൽ എയ്ഡ് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന മണിലാൽ എന്നിവ‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു.