എം ടി മരുന്നുകളോട് പ്രതികരിച്ചു തുടങ്ങി: ആലങ്കോട് ലീലാകൃഷ്ണന്‍

എം ടി മരുന്നുകളോട് പ്രതികരിച്ചു തുടങ്ങി: ആലങ്കോട് ലീലാകൃഷ്ണന്‍

കോഴിക്കോട്: എം ടി വാസുദേവന്‍ നായര്‍ മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയിട്ടുണ്ടെന്നും അതിജീവനത്തിന്റെ എഴുത്തുകാരനാണ് അദ്ദേഹമെന്നും കവി ആലങ്കോട് ലീലാകൃഷ്ണന്‍. അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ ഇന്നലെ പ്രതീക്ഷയില്ലാത്ത അവസ്ഥയായിരുന്നെന്നും അതിനാലാണ് താന്‍ മാധ്യമങ്ങളെ കാണാതിരുന്നതെന്നും ആലങ്കോട് ലീലാ കൃഷ്ണന്‍ പറഞ്ഞു. എം ടി ചികിത്സയില്‍ കഴിയുന്ന കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടിക്കണക്കിന് ആളുകളുടെ പ്രാര്‍ഥനയുണ്ട്. അദ്ദേഹം അതിജീവിക്കും എന്നാണ് മനസ് പറയുന്നതെന്നും ആലങ്കോട് ലീലാകൃഷ്ണന്‍ പറഞ്ഞു.

നേര്‍ത്ത രീതിയില്‍ അദ്ദേഹത്തിന് ബോധമുണ്ടായാല്‍ ഇച്ഛാശക്തിയുടെ ബലത്തില്‍ തിരിച്ചുവരും. മരിച്ചെന്ന് കരുതിയ കാലത്തെ അത്ഭുതകരമായാണ് അദ്ദേഹം അതിജീവിച്ചത്. അതു കഴിഞ്ഞിട്ട് അര നൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്. അപകടത്തില്‍ നിന്നു വരെ രക്ഷപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയും ആരോഗ്യ നില ഗുരുതരമായ ശേഷം രക്ഷപ്പെട്ടിരുന്നു. രാവിലെ കണ്ട പോസിറ്റീവ് സിഗ്നല്‍ കോടിക്കണക്കിന് ആളുകളുടെ പ്രതീക്ഷയാണ്. എംടി വരും, വരാതിരിക്കില്ല, ആലങ്കോട് ലീലാകൃഷ്ണന്‍ പറഞ്ഞു.

ആത്മഹത്യ ചെയ്യാന്‍ പോയ ആളുകള്‍ വരെ എംടിയുടെ കൃതികള്‍ വായിച്ചു തിരികെ വന്നിട്ടുണ്ട്. കാലം നമ്മുടെ എഴുത്തുകാരനെ പിടിച്ചുവാങ്ങി കൊണ്ടുപോകില്ലെന്നും ആലങ്കോട് ലീലാകൃഷ്ണന്‍ പറഞ്ഞു.

കൊച്ചി നഗരത്തിലെ അങ്കണവാടിയില്‍ ഭക്ഷ്യവിഷബാധ; 12 കുട്ടികള്‍ ആശുപത്രിയില്‍

കൊച്ചി നഗരത്തിലെ അങ്കണവാടിയില്‍ ഭക്ഷ്യവിഷബാധ; 12 കുട്ടികള്‍ ആശുപത്രിയില്‍

കൊച്ചി: കൊച്ചി നഗരത്തിലെ അങ്കണവാടിയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 12 കുട്ടികള്‍ ആശുപത്രിയില്‍. പൊന്നുരുന്നി ഈസ്റ്റ് നാരായണാശാന്‍ റോഡിലുള്ള അങ്കണവാടിയിലെ കുട്ടികള്‍ക്ക് വ്യാഴാഴ്ചയാണ് ഛര്‍ദ്ദിയും വയറിളക്കവും പിടിപെട്ടത്.

വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികള്‍ സുഖംപ്രാപിച്ചു വരുന്നു. കുടിവെള്ളത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അങ്കണവാടിയിലേക്കുള്ള വാട്ടര്‍ ടാങ്കില്‍ ചത്ത പാറ്റകളെ കണ്ടെത്തിയതായും ആരോപണമുണ്ട്.ആരോഗ്യവകുപ്പ് അധികൃതരെത്തി പരിശോധന നടത്തുകയും വെള്ളത്തിന്റെ സാംപിള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ഭക്ഷ്യവിഷബാധയും മഞ്ഞപ്പിത്തം പോലുള്ള അസുഖങ്ങളും കൊച്ചിയില്‍ പടരുകയാണ്.

29 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ച എറണാകുളം കളമശ്ശേരി നഗരസഭ പരിധിയില്‍ പ്രത്യേക മെഡിക്കല്‍ ക്യാംപ് തുറന്നു.അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച മൂന്നു വാര്‍ഡുകളിലെ രോഗലക്ഷണം ഉള്ളവരെയടക്കം ക്യാമ്പില്‍ പരിശോധിച്ചു.

വെള്ളത്തിലൂടെ പകരുന്ന രോഗമായതിനാല്‍ നഗരസഭാ ആരോഗ്യവിഭാഗത്തിനൊപ്പം ഐസും ശീതളപാനീയങ്ങളും വില്‍ക്കുന്ന കടകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും പരിശോധനകളും നടക്കുന്നുണ്ട്.

ക്രിസ്മസ് കാലത്ത് കേരളത്തിലേക്ക് 10 സ്‌പെഷ്യല്‍ ട്രെയിനുകള്‍

ക്രിസ്മസ് കാലത്ത് കേരളത്തിലേക്ക് 10 സ്‌പെഷ്യല്‍ ട്രെയിനുകള്‍

ന്യൂഡല്‍ഹി:ക്രിസ്മസ് കാലത്തെ യാത്രാ ദുരിതം പരിഹരിക്കാന്‍ കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍. പത്ത് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ചെന്നൈയില്‍ നിന്ന് കൊച്ചുവേളിയിലേക്ക് 23നും 30നും പ്രത്യേകം സര്‍വീസ് നടത്തും.

ബംഗളൂരുവില്‍ നിന്നുള്ള സ്‌പെഷ്യല്‍ ട്രെയിന്‍ എസ്എംബിടി ടെര്‍മിനില്‍- തിരുവനന്തപുരം 23ന് രാത്രി 11ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് 24ന് വൈകീട്ട്തിരുവന്തപുരത്ത് എത്തും. 24ന് വൈകീട്ട് 5.55ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടും. പിറ്റേദിവസം രാവിലെ 11.15ന് എസ്എംബിടി ടെര്‍മിനലില്‍ എത്തും.

ഉത്സവ സീസണ്‍ പ്രമാണിച്ച് പല സോണുകളില്‍ നിന്നായി 149 ട്രിപ്പുകളും അനുവദിച്ചിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടനത്തിനായി 416 സ്‌പെഷ്യല്‍ ട്രിപ്പുകളും അനുവദിച്ചു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ ഇക്കാര്യം അറിയിച്ചു. യാത്രാ ദുരിതം പരിഹരിക്കാനായി കേന്ദ്രത്തിന് മുന്നില്‍ നിരവധി നിവേദനങ്ങളെത്തിയിരുന്നു.

റൂട്ടുകള്‍ സംബന്ധിച്ച് റെില്‍വേ വൈകാതെ പ്രഖ്യാപിക്കും. സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ 117, സെന്‍ട്രല്‍ റെയില്‍വേ 48 , നോര്‍ത്തേണ്‍ റെയില്‍വേ 22, വെസ്‌റ്റേണ്‍ റെയില്‍വേ 56 എന്നിങ്ങനെയാണ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചത്.

നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ച് കയറി; മൂന്ന് പേര്‍ക്ക് പരിക്ക്

നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ച് കയറി; മൂന്ന് പേര്‍ക്ക് പരിക്ക്

കുന്നംകുളം: നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ച് കയറി അപകടം. കുന്നംകുളം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ കാണിപ്പയ്യൂരില്‍ യൂണിറ്റി ആശുപത്രി സമീപമാണ് അപകടമുണ്ടായത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

കുന്നംകുളം ഭാഗത്ത് നിന്നും തൃശ്ശൂര്‍ ഭാഗത്തേക്ക് പോയിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിലും രണ്ട് സ്‌കൂട്ടറുകളും ഇടിച്ച് തെറിപ്പിച്ച് കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പരിക്കേറ്റവരെ കുന്നംകുളം യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പലപ്പോഴായി അപകടങ്ങള്‍ നടന്നിട്ടുള്ള മേഖലയാണിത്. അന്‍പതിലധികം ജീവനുകള്‍ പൊലിഞ്ഞ അപകട മേഖലയിലാണിതെന്നും നാട്ടുകാര്‍ പറഞ്ഞു.

എതിരെ വന്ന വാഹനം നിയന്ത്രണം തെറ്റി കാറിൽ ഇടിച്ചു;എംവി ഗോവിന്ദന്റെ കാർ അപകടത്തിൽ

എതിരെ വന്ന വാഹനം നിയന്ത്രണം തെറ്റി കാറിൽ ഇടിച്ചു;എംവി ഗോവിന്ദന്റെ കാർ അപകടത്തിൽ

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ വാഹനം തിരുവല്ലം പാലത്തിൽ വച്ച് അപകടത്തിൽ പെട്ടു. നിയന്ത്രണം തെറ്റി എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. കോവളത്ത് നടക്കുന്ന സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്നു അദ്ദേഹം.

പെട്ടെന്ന് സഡൺ ബ്രേക്കിട്ട കാറിന് പിന്നിൽ ഓട്ടോ ഇടിച്ച് കാര്‍ മുന്നോട്ടു നീങ്ങി എംവി ഗോവിന്ദൻ സഞ്ചരിച്ച കാറിലേക്ക് ഇടിക്കുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു. കാറിന്റെ മുൻ ഭാഗത്തെ കേടുപാടുകളൊഴികെ മൂന്ന് വാഹനങ്ങളിലേയും യാത്രക്കാര്‍ക്ക് പരിക്കില്ല.

ഇത് ‘ചില്ലറ’ ദ്രോഹമല്ലല്ലോ!, വിവാഹമോചനം നേടിയ ഭാര്യയോട് ഭര്‍ത്താവ് ചെയ്തത്, ഒടുവില്‍ കണ്ണുരുട്ടി ജഡ്ജി

ഇത് ‘ചില്ലറ’ ദ്രോഹമല്ലല്ലോ!, വിവാഹമോചനം നേടിയ ഭാര്യയോട് ഭര്‍ത്താവ് ചെയ്തത്, ഒടുവില്‍ കണ്ണുരുട്ടി ജഡ്ജി

കോയമ്പത്തൂര്‍: വിവാഹമോചനം നേടിയ ഭാര്യയെ ‘പാഠംപഠിപ്പിക്കാന്‍’ മുന്‍ ഭര്‍ത്താവ് കോടതി മുമ്പാകെ ജീവനാംശ തുക നല്‍കിയത് നാണയങ്ങളായി. എന്നാല്‍ വിവാഹമോചിതന്റെ അതൃപ്തി പ്രകടിപ്പിച്ച കോടതി നാണയങ്ങള്‍ നോട്ടാക്കി കോടതിയില്‍ സമര്‍പ്പിക്കാന്‍ ഉത്തരവിട്ടു.

കോയമ്പത്തൂര്‍ കുടുംബക്കോടതിയില്‍ വ്യാഴാഴ്ചയാണ് മുന്‍ ഭാര്യയ്ക്ക് പോലും ചിരി ഉണ്ടാക്കിയ സംഭവം നടന്നത്. 2 ലക്ഷം രൂപ ജീവനാംശം നല്‍കണമെന്ന വിധി അനുസരിച്ച് കോടതിയിലേയ്ക്ക് വടവള്ളി സ്വദേശിയായ 35 കാരന്‍ കാറില്‍ പണവുമായി വന്നു. വിവാഹമോചിതയും കുടുംബവും നേരത്തെ കോടതിയില്‍ എത്തിയിരുന്നു. 1,20,000 രൂപ നോട്ടുകളായാണ് യുവാവ് നല്‍കിയത്. ബാക്കി തുക ഒരു രൂപ, രണ്ട് രൂപ, അഞ്ച് രൂപ നാണയങ്ങളായാണ് കോടതിയില്‍ എത്തിച്ചത്. ഈ നാണയങ്ങളെല്ലാം കൂടി ഏകദേശം ഇരുപതോളം ചാക്കുകള്‍ ഉണ്ടായിരുന്നു.

കോടതിയില്‍ ഉണ്ടായിരുന്നവര്‍ അന്തംവിട്ടെങ്കിലും ഒടുവില്‍ ജഡ്ജി ഇടപെടുകയായിരുന്നു. നാണയങ്ങള്‍ നോട്ടുകളാക്കി കോടിയില്‍ ഏല്‍പ്പിക്കണമെന്ന് യുവാവിന് താക്കീത് നല്‍കി. അടുത്ത ദിവസം കേസ് പരിഗണിക്കുന്ന സമയത്ത് ജീവനാംശം പൂര്‍ണമായും നോട്ടുകളാക്കി സമര്‍പ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു. ഇതോടെ യുവാവ് ചാക്കിലുണ്ടായിരുന്ന നാണയങ്ങളുമായി മടങ്ങി. ഇരുവരുടേയും വിവാഹമോചന കേസ് കഴിഞ്ഞ വര്‍ഷമാണ് കോടതിയിലെത്തിയത്.