ഇത്തവണയും ഓണക്കിറ്റ്‌ നൽകും , സപ്ലൈകോയ്‌ക്ക്‌ പണം അനുവദിക്കും: ധനമന്ത്രി

ഇത്തവണയും ഓണക്കിറ്റ്‌ നൽകും , സപ്ലൈകോയ്‌ക്ക്‌ പണം അനുവദിക്കും: ധനമന്ത്രി

സംസ്ഥാനത്ത്‌ ഇത്തവണയും ഓണക്കിറ്റ്‌ നൽകാനുള്ള ഒരുക്കങ്ങൾ തുടങ്ങി. സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണെങ്കിലും ഓണക്കിറ്റുകൾ മുടങ്ങില്ലെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. അർഹരായ മുഴുവൻ കുടുംബങ്ങൾക്കും ഓണക്കിറ്റ്‌ നൽകും. സപ്ലൈകോയ്‌ക്ക്‌ ഈയാഴ്‌ചതന്നെ കുറച്ച്‌ പണം അനുവദിക്കും. സംസ്ഥാനത്ത്‌ പൊതുവിതരണസമ്പ്രദായം മെച്ചപ്പെടുത്താൻ എല്ലാനടപടികളും സ്വീകരിക്കും. സപ്ലൈകോ, കൺസ്യൂമർ ഫെഡ് പോലുള്ള സ്ഥാപനങ്ങളിൽ പൊതുവിപണിയേക്കാൾ വിലകുറച്ച്‌ വിൽക്കുന്ന നടപടി തുടരും.

മുത്തച്ഛനും മുത്തശ്ശിയും ജീവിച്ചത് തന്നെ ചെറുമകന് വേണ്ടി; കഴുത്തുമുറിച്ചാണ് കൊന്നതെന്ന് മൊഴി

മുത്തച്ഛനും മുത്തശ്ശിയും ജീവിച്ചത് തന്നെ ചെറുമകന് വേണ്ടി; കഴുത്തുമുറിച്ചാണ് കൊന്നതെന്ന് മൊഴി

തൃശൂര്‍: തൃശൂര്‍ വടക്കേക്കാട് മുത്തച്ഛനെയും മുത്തശ്ശിയെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി അക്മല്‍ കുറ്റം സമ്മതിച്ചെന്ന് പൊലീസ്. ഇരുവരെയും കൊലപ്പെടുത്തിയത് കഴുത്തുമുറിച്ചാണെന്ന് അക്മല്‍ കുറ്റസമ്മതമൊഴി നല്‍കി. കൊല്ലപ്പെട്ട ജമീലയുടേതെന്ന് കരുതുന്ന ആഭരണങ്ങള്‍ കണ്ടെത്തിയതായും പൊലീസ് പറയുന്നു. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് ഇന്ന് തെളിവെടുക്കും.

ഉറങ്ങിക്കിടന്ന വൈലത്തൂര്‍ നായരങ്ങാടി അണ്ടിക്കോട്ടുകടവ് റോഡ് പനങ്ങാവില്‍ അബ്ദുല്ല (75), ഭാര്യ ജമീല (64) എന്നിവരെയാണ് മകളുടെ മകനായ അക്മല്‍ കഴുത്തറുത്തു കൊലപ്പെടുത്തിയത്. ജമീലയുടെ തല അറുത്തെടുത്തു കോണിപ്പടിയില്‍ വച്ച നിലയിലായിരുന്നു. ക്രൂര കൃത്യത്തിനു ശേഷം വീടു പൂട്ടി കടന്നുകളഞ്ഞ ചെറുമകന്‍ അഹമ്മദ് അക്മലിനെ മണിക്കൂറുകള്‍ക്കകം പൊലീസ് പിടികൂടി. ഇയാള്‍ ലഹരിക്ക് അടിമയാണെന്നു നാട്ടുകാര്‍ പൊലീസിനു മൊഴി നല്‍കി.

കഴിഞ്ഞദിവസം പുലര്‍ച്ചെയായിരുന്നു സംഭവം. മാറിത്താമസിക്കുന്ന, അബ്ദുല്ലയുടെ മകനായ നൗഷാദ് രാവിലെ 9 മണിയോടെ മാതാപിതാക്കള്‍ക്കു ഭക്ഷണവുമായെത്തിയപ്പോള്‍ വീടിന്റെ മുന്‍വാതില്‍ അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു.വാതിലിനോടു ചേര്‍ന്ന ജനലിലൂടെ കയ്യിട്ടു വാതിലിന്റെ കുറ്റി നീക്കി നൗഷാദ് ഉള്ളില്‍ കയറിയപ്പോഴാണ് ദാരുണദൃശ്യം കണ്ടത്.

നിലവിളിച്ചു കൊണ്ടു പുറത്തേക്കോടിയ നൗഷാദ് വീടിന്റെ ഗേറ്റില്‍ കുഴഞ്ഞുവീണു. പിന്നീട് ഫോണില്‍ സുഹൃത്തിനെ വിളിച്ചുവരുത്തിയതോടെയാണു ഞെട്ടിക്കുന്ന വിവരം പുറത്തറിയുന്നത്. അബ്ദുല്ലയുടെയും ജമീലയുടെയും മൃതദേഹങ്ങള്‍ 2 കിടപ്പുമുറികളിലെ കട്ടിലുകളിലായിരുന്നു കിടന്നിരുന്നത്. വീട്ടാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെട്ടുകത്തിയാണു കൊലപാതകം നടത്താന്‍ ഉപയോഗിച്ചത്. മൃതദേഹത്തിനരികില്‍ നിന്നു കത്തി കണ്ടെടുത്തു. ദമ്പതികളുടെ മൂത്തമകള്‍ നിമിതയുടെ ആദ്യ വിവാഹത്തിലെ ഏക മകനാണ് അക്മല്‍. നിമിത മറ്റൊരു വിവാഹം കഴിച്ചു കൊല്ലത്താണു താമസം. വര്‍ഷങ്ങളായി അബ്ദുല്ലയ്ക്കും ജമീലയ്ക്കും ഒപ്പമാണ് അക്മലിന്റെ താമസം. 2 തവണയായി ഒന്നര വര്‍ഷത്തോളം അക്മല്‍ മാനസികാരോഗ്യ ചികിത്സാ കേന്ദ്രത്തില്‍ കഴിഞ്ഞിട്ടുണ്ട്.

അക്മലിനു വേണ്ടിയാണ് അബ്ദുല്ലയും ജമീലയും ജീവിച്ചതെന്ന് പൊലീസ് പറയുന്നു. അവനെ വളര്‍ത്തി വലുതാക്കിയതും ഇവര്‍ തന്നെ. ചെറുപ്രായത്തില്‍ തന്നെ അക്മലിന്റെ ഉമ്മയും ഉപ്പയും വേര്‍പിരിഞ്ഞിരുന്നു. അനാഥത്വം അറിയിക്കാതെ ചെറുമകനെ വളര്‍ത്താനുള്ള ചുമതല അബ്ദുല്ലയും ജമീലയും സ്വയം ഏറ്റെടുക്കുകയായിരുന്നു. ബിബിഎയ്ക്കു പഠിക്കണമെന്നു പറഞ്ഞപ്പോള്‍ ചെറുമകന്റെ ഇഷ്ടാനുസരണം ഉപരിപഠനത്തിന് അനുവദിച്ചു. ഇഷ്ടമുള്ള കോളജില്‍ ചേര്‍ത്തു. പക്ഷേ, ലഹരിക്ക് അടിമയായ ശേഷം അക്മലിന്റെ രീതികളാകെ മാറിയെന്നും പൊലീസ് പറയുന്നു.

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി കുഴഞ്ഞുവീണ് വിദ്യാര്‍ഥിനി; രക്ഷകയായി അധ്യാപിക

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി കുഴഞ്ഞുവീണ് വിദ്യാര്‍ഥിനി; രക്ഷകയായി അധ്യാപിക

കൊച്ചി: ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ശ്വാസംമുട്ടി കുഴഞ്ഞുവീണ വിദ്യാര്‍ഥിനിയെ രക്ഷിച്ച് അധ്യാപിക. പുല്ലേപ്പടി ദാറുല്‍ ഉലൂം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി ഹാദിയ ഫാത്തിമയ്ക്കാണ് കഴിക്കുന്നതിനിടെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയത്. അധ്യാപികയായ കെ എം ഷാരോണിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് കുട്ടി രക്ഷപ്പെട്ടത്.

ഭക്ഷണത്തിനിടെ ഹാദിയ ശ്വാസംമുട്ടി പിടയുന്നതു കണ്ടു കുട്ടികളും മറ്റ് അധ്യാപകരും പകച്ചു നില്‍ക്കുമ്പോള്‍ സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കെഡറ്റ് വിഭാഗത്തിന്റെ ചുമതലയുള്ള ഷാരോണ്‍ പാഞ്ഞെത്തുകയായിരുന്നു. ഒട്ടും സമയം പാഴാക്കാതെ ഷാരോണ്‍ കുട്ടിക്കു സിപിആര്‍ നല്‍കിയതോടെയാണ് അപകടം ഒഴിവായത്. സ്‌കൂള്‍ അസംബ്ലിയില്‍ മാനേജര്‍ എച്ച് ഇ മുഹമ്മദ് ബാബു സേട്ടിന്റെ നേതൃത്വത്തില്‍ ഷാരോണിനെ ആദരിച്ചു.

മഴ: നാല് ജില്ലകളിലെ വിദ്യാലയങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ വിദ്യാലയങ്ങൾക്കാണ് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലകളിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. കാസർകോഡ് ജില്ലയിലെ വെള്ളരിക്കുണ്ട്, ഹോസ്ദുർഗ് താലൂക്കുകളിലെ സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്സി സ്‌കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്‌. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പിഎസ്‍സി പരീക്ഷകൾക്കും അവധി ബാധകമായരിക്കില്ല.

പിറന്നാള്‍ ആഘോഷത്തിന് ബേക്കല്‍കോട്ട കാണാനെത്തി; സദാചാര ആക്രമണം; മൂന്ന് പേര്‍ അറസ്റ്റില്‍

പിറന്നാള്‍ ആഘോഷത്തിന് ബേക്കല്‍കോട്ട കാണാനെത്തി; സദാചാര ആക്രമണം; മൂന്ന് പേര്‍ അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് മേല്‍പ്പറമ്പില്‍ സദാചാര ആക്രമണം. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ബേക്കല്‍ കോട്ട സന്ദര്‍ശിച്ച മടങ്ങിയ സുഹൃത്തുക്കളെയാണ് മൂന്നംഗ സംഘം തടഞ്ഞുവച്ച് ആക്രമിച്ചത്. നാലുയുവാക്കളും നാലു സ്ത്രീകളുമാണ് ബേക്കല്‍ കോട്ട സന്ദര്‍ശിക്കാനെത്തിയത്.

ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് സംഭവം. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഇവര്‍ ബേക്കല്‍കോട്ട സന്ദര്‍ശിച്ച ശേഷം സമീപത്തെ ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു മൂന്നംഗസംഘം സദാചാര പൊലീസ് ചമഞ്ഞ് ചോദ്യം ചെയ്യുകയും ശല്യപ്പെടുത്തുകയും ചെയ്തത്. ഇന്നലെ രാത്രി സദാചാര ആക്രമണത്തിന് വിധേയയായ സ്ത്രീകളിലൊരാളാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് തീവ്രമഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നാലുദിവസം ശക്തമായ മഴതുടരുമെന്ന് കാലാവസ്ഥവകുപ്പ് അറിയിച്ചു.

ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലും ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

മധ്യപ്രദേശിന് മുകളില്‍ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. മറ്റൊരു ചക്രവാതച്ചുഴി തെക്കന്‍ ഒഡീഷക്ക് മുകളില്‍ സ്ഥിതി ചെയ്യുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ വ്യാപകമായി ലഭിച്ച സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവയുണ്ടാകാന്‍ സാധ്യതയുണ്ട്. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.