‘ചിന്നു പാപ്പു ജീവനൊടുക്കിയ ശേഷം കടുത്ത സൈബറാക്രമണം നേരിട്ടു’; സന്ദേശിന്റെ മരണത്തിന് കാരണം മാനസിക സമ്മര്‍ദം

‘ചിന്നു പാപ്പു ജീവനൊടുക്കിയ ശേഷം കടുത്ത സൈബറാക്രമണം നേരിട്ടു’; സന്ദേശിന്റെ മരണത്തിന് കാരണം മാനസിക സമ്മര്‍ദം

കാസര്‍കോട്: ജീവനൊടുക്കിയ വ്ലോഗര്‍ ചിന്നു പാപ്പുവിന്റെ ( രേഷ്മ) ആണ്‍സുഹൃത്തിന്റെ ആത്മഹത്യക്ക് കാരണം മാനസിക സമ്മര്‍ദമെന്ന് പൊലീസ്. ചിന്നു പാപ്പുവിന്റെ മരണത്തിന് പിന്നാലെ കാസര്‍കോട് മന്നിപ്പാടി സ്വദേശി സന്ദേശ് (29) വലിയ തോതില്‍ വിമര്‍ശനം നേരിട്ടിരുന്നു. വിമര്‍ശനം സൈബര്‍ ആക്രമണത്തിലേക്ക് തിരിഞ്ഞതോടെ ഉണ്ടായ മാനസിക സമ്മര്‍ദമാണ് സന്ദേശിന്റെ ആത്മഹത്യക്ക് പിന്നില്‍ എന്നാണ് പൊലീസിന്റെ നിഗമനം.

ശനിയാഴ്ച രാത്രി വൈകിയും സുഹൃത്തുക്കള്‍ക്കൊപ്പം ഉണ്ടായിരുന്ന സന്ദേശിനെ ഞായറാഴ്ച പകല്‍ പുറത്തേക്ക് കാണാതായതോടെ നടത്തിയ പരിശോധനയിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മാനസിക സമ്മര്‍ദത്തെ കുറിച്ച് സന്ദേശ് പറഞ്ഞിരുന്നു എന്നാണ് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നത്. ചിന്നു പാപ്പുവിന്റെ മരണത്തെത്തുടര്‍ന്ന് പൊലീസ് സന്ദേശില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.

ചിന്നു പാപ്പു എന്നറിയപ്പെടുന്ന വ്‌ളോഗര്‍ രേഷ്മ കഴിഞ്ഞ തിങ്കളാഴ്ചയാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ചത്. ഉളിയത്തടുക്കയിലെ വാടകവീട്ടിലാണ് രേഷ്മയും സന്ദേശും താമസിച്ചിരുന്നത്. രേഷ്മയുടേത് തൂങ്ങി മരണം ആണെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതോടെ മരണത്തില്‍ ദുരൂഹതയില്ലെന്ന രീതിയിലാണ് അന്വേഷണം നീങ്ങിയത്.

കാസര്‍കോട് തുടര്‍ന്ന് പൊലീസെത്തി പ്രാഥമിക പരിശോധനയ്ക്കു ശേഷം സന്ദേശിന്റെ മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അച്ഛന്‍ നാരായണ നായ്ക്, അമ്മ സരോജ. സഹോദരി ഗൗതമി.

ഒറ്റയടിക്ക് കുറഞ്ഞത് 960 രൂപ; സ്വര്‍ണവില 1,15,000ന് താഴെയായി

ഒറ്റയടിക്ക് കുറഞ്ഞത് 960 രൂപ; സ്വര്‍ണവില 1,15,000ന് താഴെയായി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഒരു പവന് ഇന്നത്തെ വില 114,720 രൂപയാണ്. പവന് ഒറ്റയടിക്ക് കുറഞ്ഞത് 960 രൂപ. ഗ്രാമിന് 120 രൂപയാണ് കുറഞ്ഞത്. 14,340 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

വെള്ളിയാഴ്ച രണ്ടു തവണകളായി പവന് 2400 രൂപ കുറഞ്ഞെങ്കിലും ശനിയാഴ്ച ഒറ്റയടിക്ക് 1,920 രൂപ വര്‍ധിച്ചിരുന്നു. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്.

ഇപ്പോള്‍ കൂടിയു കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

കൊട്ടാരക്കരയിൽ ലോൺ വാഗ്ദാനം ചെയ്ത് 52,000 രൂപ തട്ടിപ്പ്: മൂന്ന് പേർ പിടിയിൽ

കൊട്ടാരക്കരയിൽ ലോൺ വാഗ്ദാനം ചെയ്ത് 52,000 രൂപ തട്ടിപ്പ്: മൂന്ന് പേർ പിടിയിൽ

കൊട്ടാരക്കര: ലോൺ ശരിയാക്കി തുക വർദ്ധിപ്പിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് സാധാരണക്കാരിൽ നിന്ന് പണം കൈപ്പറ്റി തട്ടിപ്പ് നടത്തിയ കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക പ്രതിസന്ധിയിൽ കഴിയുന്നവരെ ലക്ഷ്യമിട്ട് വിശ്വാസം നേടിയെടുത്ത ശേഷമാണ് പ്രതികൾ തട്ടിപ്പ് നടത്തിയതെന്ന് പോലീസ് അറിയിച്ചു.

ലോൺ ക്ലോസ് ചെയ്ത് കൂടുതൽ തുക അനുവദിച്ച് നൽകാമെന്ന വ്യാജ വാഗ്ദാനവുമായി വിവിധ ഇടങ്ങളിൽ പരസ്യബോർഡുകൾ സ്ഥാപിച്ചാണ് പ്രതികൾ ആളുകളെ സമീപിച്ചത്. തുടർന്ന്, ആവശ്യമായ നടപടികൾ പൂർത്തിയാക്കി വായ്പ ഉടൻ ലഭ്യമാക്കാമെന്നു പറഞ്ഞ് പരാതിക്കാരനിൽ നിന്ന് 52,000 രൂപ കൈപ്പറ്റിയെങ്കിലും, പിന്നീട് വായ്പ നൽകാതെയും കൈപ്പറ്റിയ തുക തിരികെ നൽകാതെയും ചതിച്ചതായാണ് പരാതി.

ഈ പരാതിയുടെ അടിസ്ഥാനത്തിൽ കൊട്ടാരക്കര പോലീസ് ക്രൈം രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വിശദമായ അന്വേഷണത്തിനൊടുവിൽ കേസിലെ പ്രതികളായി തിരുവല്ല വളഞ്ഞവട്ടം സ്വദേശികളായ രാജീവൻ (മഹേഷ്), ഗോപകുമാർ, ചെങ്ങന്നൂർ ചെറിയനാട് സ്വദേശി ഗിരീഷ് കുമാർ (കാർത്തിക്) എന്നിവരെ പോലീസ് പിടികൂടുകയായിരുന്നു.

പ്രതികൾ സമാന രീതിയിൽ മറ്റ് ആളുകളെയും വഞ്ചിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനും പണം നഷ്ടപ്പെട്ട മറ്റ് പരാതിക്കാരെ കണ്ടെത്തുന്നതിനുമായി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

സാധാരണക്കാർ ഇത്തരം ലോൺ വാഗ്ദാനങ്ങളിൽ പെട്ടുപോകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും, പണം ആവശ്യപ്പെടുന്ന സ്വകാര്യ ഏജൻസികളുമായി ഇടപെടുമ്പോൾ ഔദ്യോഗിക രേഖകളും നിയമാനുസൃതതയും ഉറപ്പാക്കണമെന്നും പോലീസ് നിർദ്ദേശിച്ചു.
കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യതയും പോലീസ് തള്ളിക്കളഞ്ഞിട്ടില്ല.

പരവൂരിൽ കടലിൽ കാണാതായ പ്ലസ് വൺ വിദ്യാർഥികളായകണ്ണന്റെയും ബിപിന്റെയും മൃതദേഹം പൊഴിക്കര ഭാഗത്ത് നിന്നും കണ്ടുകിട്ടി

പരവൂരിൽ കടലിൽ കാണാതായ പ്ലസ് വൺ വിദ്യാർഥികളായകണ്ണന്റെയും ബിപിന്റെയും മൃതദേഹം പൊഴിക്കര ഭാഗത്ത് നിന്നും കണ്ടുകിട്ടി

കൊല്ലം: പരവൂർ:പൊഴിക്കര കടൽതീരത്ത് കുളിക്കാൻ ഇറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥികളായ ഭാനുമതി വിലാസത്തിൽ സെൽവരാജിന്റെ മകൻ
ബിബിൻ (16), അയത്തിൽ തെക്കേകാവ് അമ്പലത്തിന് സമീപം മനക്കര തെക്കതിൽ അനിൽരാജിന്റെ മകൻ കണ്ണൻരാജ് (16) എന്നിവരുടെ മൃതദേഹം പൊഴിക്കര ഭാഗത്തുനിന്ന് തന്നെ കിട്ടി.

അബുതാഹിറിനെ ഫയർഫോഴ്സിന്റെ സ്കൂബാ സംഘം രക്ഷപ്പെടുത്തി. ശനിയാഴ്ച പകൽ 2.45നാണ് അപകടം ഉണ്ടായത്. പൊഴിക്കര ക്ഷേത്രത്തിന് പിറക് വശത്തെ കടൽ തീരത്തെത്തിയ അഞ്ചു പേരടങ്ങുന്ന സംഘത്തിൽ മൂന്ന് പേർ കുളിക്കാൻ ഇറങ്ങുകയും ഒഴുക്കിൽപ്പെടുകയുമായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് കടൽതീരത്ത് ഉണ്ടായിരുന്നവർ പോലീസിനെ അറിയിക്കുകയും പോലിസ് ഫയർഫോഴ്സിനെ അറിയിക്കുകയും പോലീസും ഫയർഫോഴ്സും എത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതുതിനിടയിൽ കൊല്ലത്ത് നിന്നെത്തിയ സ്കൂബാ ടീം അബുതാഹിറിനെ രക്ഷപ്പെടുത്തുകയായിരുന്നു.
റിഹാൻ, അർജുൻ എന്നിവരാണ് തീരത്തുണ്ടായിരുന്നത്.

കേരളത്തിലെ കുട്ടികളില്‍ ഡിജിറ്റല്‍ ആസക്തി വര്‍ധിക്കുന്നു, വൈദ്യ സഹായം തേടിയത് 2,309 കുട്ടികള്‍

കേരളത്തിലെ കുട്ടികളില്‍ ഡിജിറ്റല്‍ ആസക്തി വര്‍ധിക്കുന്നു, വൈദ്യ സഹായം തേടിയത് 2,309 കുട്ടികള്‍

കൊച്ചി: കേരളത്തിലെ കുട്ടികളില്‍ ഡിജിറ്റല്‍ ആസക്തി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ചോറ്റാനിക്കരയിലെ പതിനാറുകാരിയുടെ മരണം ഉള്‍പ്പെടെയുള്ള സമീപ ദിവസങ്ങളില്‍ കേരളത്തില്‍ ഉണ്ടായ സംഭവങ്ങള്‍ കുട്ടികളുടെ മാനസികാവസ്ഥയില്‍ വന്ന മാറ്റത്തിന്റെ പ്രകടമായ ഉദാഹരണമാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കുട്ടികളില്‍ ഡിജിറ്റല്‍ ആസക്തിയുടെ ഞെട്ടിക്കുന്ന തോത് വ്യക്തമാക്കുന്നതാണ് ഇതിനായി ചികിത്സ തേടുന്നവരുടെ എണ്ണം. ഡിജിറ്റല്‍ ആസക്തി കുട്ടികളെ സാമ്പത്തിക തട്ടിപ്പിലേക്കും ചൂഷണങ്ങളിലേക്കും എത്തിക്കുന്നു എന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്.

കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ഇടയിലെ ഡിജിറ്റല്‍ ആസക്തി പരിഹരിക്കുന്നതിനായി കേരള പൊലീസ് ആരംഭിച്ച ഡിജിറ്റല്‍ ഡി-അഡിക്ഷന്‍ (D-DAD) സെന്ററുകളില്‍ 2,309 കുട്ടികള്‍ ഓണ്‍ലൈന്‍, ഗാഡ്ജെറ്റ് ആസക്തിയുമായി ബന്ധപ്പെട്ട് കൗണ്‍സിലിങ്ങിന് വിധേയരായിട്ടുണ്ട്. 2026 ജനുവരി 19 വരെയുള്ള കണക്കുകളാണ് ഇത്. ജില്ല തിരിച്ചുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ കൊല്ലത്താണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് (591), കോഴിക്കോട് (411), തൃശൂര്‍ (381), കൊച്ചി (300) എന്നിങ്ങനെയാണ് ആദ്യ കണക്കുകള്‍.

എന്നാല്‍, ഈ വിവരങ്ങള്‍ യഥാര്‍ത്ഥ കേസുകളിലേക്കുള്ള ആദ്യ പടിമാത്രമാണെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. D-DAD കേന്ദ്രങ്ങളില്‍ എത്തിയ കേസുകള്‍ മാത്രമാണിത്. സ്‌കൂളുകളില്‍ നിന്നുള്‍പ്പെടെ പ്രൊഫഷണല്‍ സൈക്കോളജിസ്റ്റുകള്‍ക്ക് നേരിട്ട് റഫര്‍ ചെയ്യപ്പെടുന്നതും, ശ്രദ്ധിക്കപ്പെടാതെ കിടക്കുന്നതുമായ നിരവധി സംഭവങ്ങള്‍ ഉണ്ടാകാമെനന്നും സോഷ്യല്‍ പൊലീസിങ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥന്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.

ഡി-ഡിഎഡി കേന്ദ്രങ്ങള്‍ കൈകാര്യം ചെയ്ത കേസുകളില്‍ 1,306 എണ്ണം വിജയകരമായി പരിഹരിച്ചതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡി-ഡിഎഡി കേന്ദ്രങ്ങളെ സമീപിച്ച ആണ്‍കുട്ടികള്‍ വീഡിയോ, ഓണ്‍ലൈന്‍ ഗെയിമുകളുടെ ആകര്‍ഷണ വലയത്തില്‍ കുടുങ്ങിയവരായിരുന്നു. പെണ്‍കുട്ടികൡ വലിയൊരു വിഭാഗം ചാറ്റുകളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും കൂടുതല്‍ ഏര്‍പ്പെടുന്നതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ചികിത്സ പൂര്‍ത്തിയാക്കിയവരില്‍ പലരും വീണ്ടും സമാനമായ രീതികളിലേക്ക് നീങ്ങുന്ന സാഹചര്യവും ഉണ്ടകുന്നതായും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.

ഡി-ഡിഎഡി കേന്ദ്രങ്ങളെ സമീപിക്കുന്ന നിരവധി കുട്ടികളില്‍ ഭൂരിഭാഗവും കടുത്ത വൈകാരിക പ്രശ്‌നങ്ങള്‍ നേരിടുന്നവരായിരുന്ന എന്ന് സ്റ്റുഡന്റ്-പൊലീസ് കേഡറ്റ് സംരംഭം ഉള്‍പ്പെടെയുള്ള സോഷ്യല്‍ പൊലീസിംഗ് പ്രോഗ്രാമുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനായ സൂരജ് കുമാര്‍ പറഞ്ഞു. ശരിയായ കൗണ്‍സിലിങ്ങിലൂടെ , സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം നിരവധി കേസുകള്‍ പരിഹരിക്കാനും കുട്ടികളെ ഡിജിറ്റല്‍ ആസക്തി കുറയ്ക്കാനും കഴിഞ്ഞിട്ടുണ്ട്. തുടക്കത്തില്‍ ഡി-ഡിഎഡി സെന്ററുകള്‍ക്ക് വലിയ സ്വീകാര്യത ഉണ്ടായിരുന്നില്ലെങ്കിലും, ഇപ്പോള്‍ രക്ഷിതാക്കളും പൊതുജനങ്ങളും അവയുടെ പ്രാധാന്യം കൂടുതലായി തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

ഡിജിറ്റല്‍ ആസക്തിയെയില്‍ നിന്നും കുട്ടികളെ മോചിപ്പിക്കാന്‍ ക്ലിനിക്കല്‍ കൗണ്‍സിലിങ്ങിന് ഒപ്പം രക്ഷിതാക്കളുടെ പിന്തുണയും അനിവാര്യമാണെന്ന് കൊച്ചി ആസ്ഥാനമായുള്ള സീനിയര്‍ കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റായ പ്രണവ് എം എസ് പറഞ്ഞു. കുട്ടികള്‍ പലപ്പോഴും ചെറിയ വിമര്‍ശനങ്ങള്‍ പോലും സഹിക്കാന്‍ കഴിയാത്തവരായിക്കഴിഞ്ഞു. ശക്തമായ രക്ഷാകര്‍തൃ, അധ്യാപക പിന്തുണ, ആശയവിനിമയം, നൈപുണ്യ വികസനം, പ്രശ്‌നപരിഹാര കഴിവുകള്‍ എന്നിവ ഡിജിറ്റല്‍ ആസക്തിയെ മറികടക്കാന്‍ അവരെ സഹായിക്കും, പാഠ്യപദ്ധതിയില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങളും അത്തരം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള വഴികളും കുടുതലായി ഉള്‍പ്പെടുത്തേണ്ടതുണ്ടെന്നും പ്രണവ് ചൂണ്ടിക്കാട്ടുന്നു. പൊലീസിന്റെ നേതൃത്വത്തിലുള്ള കൗണ്‍സിലിങ് സംരംഭങ്ങള്‍ പ്രശംസനീയമാണെങ്കിലും, ഫലപ്രദമായ നടപടികള്‍ക്കായി കേസുകള്‍ മെച്ചപ്പെട്ട ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളിലേക്ക് എത്തേണ്ടതുണ്ടെന്നും ഈ മേഖലയിലെ പ്രമുഖര്‍ ചൂണ്ടിക്കാട്ടുന്നു.

ഗുരുവായൂർ യാത്രയുമായി കെഎസ്ആർടിസി; സു​ഗമമായ ദർശനത്തിനും താമസത്തിനും സൗകര്യം

ഗുരുവായൂർ യാത്രയുമായി കെഎസ്ആർടിസി; സു​ഗമമായ ദർശനത്തിനും താമസത്തിനും സൗകര്യം

തൃശൂർ: കെഎസ്ആർടിസി യാത്രക്കാരുടെ വിശ്വാസവും ആവശ്യങ്ങളും മുൻനിർത്തി വിജയകരമായി നടത്തിവരുന്ന ബജറ്റ് ടൂറിസം യാത്രകളിൽ ഇനി ഗുരുവായൂർ ദർശന യാത്രകളും. യാത്രക്കാരുടെ അഭ്യർത്ഥന പരിഗണിച്ചാണ് ഗുരുവായൂർ ക്ഷേത്ര ദർശനം ഉൾപ്പെടുത്തി പ്രത്യേക യാത്രകൾ ആരംഭിച്ചിരിക്കുന്നത്.

ഗുരുവായൂർ ക്ഷേത്രത്തിൽ ശാന്തമായും സുഖകരമായും ദർശനാനുഭവം ഉറപ്പാക്കുന്ന ക്രമീകരണങ്ങൾ ബജറ്റ് ടൂറിസം ഒരുക്കിയിട്ടുണ്ട്. കൂടാതെ മിതമായ നിരക്കിൽ താമസ സൗകര്യവും യാത്രയിലുടനീളം മാർഗനിർദ്ദേശം നൽകുന്നതിനായി കെഎസ്ആർടിസി ബജറ്റ് ടൂറിസം കോഡിനേറ്ററുടെ സേവനവും ലഭ്യമാണ്. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി ചുവടെ നൽകിയിട്ടുള്ള ബജറ്റ് ടൂറിസം ജില്ലാ കോഡിനേറ്റർമാരെ ബന്ധപ്പെടുക.

Trivandrum North – 9188619378

Trivandrum South – 9188938522

Kollam – 9188938523

Pathanamthitta – 9188938524

Alappuzha – 9188938525

Kottayam – 9188938526

Idukki – 9188938527

Ernakulam – 9188938528

Thrissur – 9188938529

Palakkad – 9188938530

Malappuram – 9188938531

Kozhikode – 9188938532

Wayanad – 9188938533

Kannur & Kasaragod – 9188938534

State Co-ordinator – 9188938521