കണ്ണൂരില്‍ സുഹൃത്ത് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു; ​ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു

കണ്ണൂരില്‍ സുഹൃത്ത് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു; ​ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു

കണ്ണൂര്‍: പാപ്പിനിശേരിയില്‍ ചുറ്റിക കൊണ്ട് സുഹൃത്തിന്റെ അടിയേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പാപ്പിനിശേരി വെസ്റ്റ് റെയില്‍വേ സ്റ്റേഷന് സമീപം കളത്തേര പ്രശാന്ത് (46) ആണ് മരിച്ചത്. പാപ്പിനിശേരി പഴഞ്ചിറ പള്ളിക്ക് സമീപത്തെ ഷഫീഖ് ഹംസയാണ് പ്രശാന്തിനെ വീട്ടില്‍ കയറി ആക്രമിച്ചത്.

കഴിഞ്ഞ ഏപ്രില്‍ 18ന് രാവിലെയാണ് സംഭവം. ഇലക്ട്രീഷ്യനായ പ്രശാന്തിന്റെ വീട്ടില്‍ നിന്ന് ചുറ്റികയെടുത്താണ് തലയ്ക്ക് അടിച്ചത്. കുടിവെള്ളം ആവശ്യപ്പെട്ടെത്തിയ ഷഫീഖിന് നല്‍കാന്‍ തണ്ണിമത്തന്‍ ജ്യൂസ് തയ്യാറാക്കുന്നതിനിടെയാണ് അടുക്കള ഭാഗത്തു കൂടി എത്തി പുറകില്‍ നിന്നും ആക്രമിച്ചത്.

ആക്രമണശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഷഫീഖ് പാപ്പിനിശേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രശാന്ത് കണ്ണൂരിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച്ച പകല്‍ 12ന് ശേഷം.

അച്ഛന്‍: കളത്തേര രാമകൃഷ്ണന്‍.

അമ്മ: കാക്കാമണി ശാന്ത.

ഭാര്യ: അരുണിമ (ഫാര്‍മസിസ്റ്റ്, കണ്ണപുരം എഫ്എച്ച്‌സി).

മക്കള്‍: വസുദേവ്, വാമിക.

സഹോദരങ്ങള്‍: പ്രമോദ്, പ്രസീത.

കാറിനുള്ളില്‍ പെട്രോള്‍, കന്നാസുമായി പോകുന്ന സ്ത്രീ ആര്? ഗര്‍ഭിണി വെന്തുമരിച്ചതില്‍ സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം

കാറിനുള്ളില്‍ പെട്രോള്‍, കന്നാസുമായി പോകുന്ന സ്ത്രീ ആര്? ഗര്‍ഭിണി വെന്തുമരിച്ചതില്‍ സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം

കോഴിക്കോട്: ചെറുവണ്ണൂര്‍ കക്കറമുക്കില്‍ കഴിഞ്ഞ ദിവസം രാത്രി ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു ഗര്‍ഭിണി സോന (27) മരിച്ച സംഭവത്തില്‍ തീപിടിത്തത്തിന് കാരണം പെട്രോള്‍ എന്ന് പൊലീസ് നിഗമനം. കാറിനുള്ളില്‍ പെട്രോള്‍ ഉണ്ടായിരുന്നതായാണ് കണ്ടെത്തല്‍. തീ കത്താന്‍ ഉപയോഗിച്ച പെട്രോള്‍ എങ്ങനെ കാറിലെത്തിയെന്നു കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.

കാറിനു ഇന്ധന ചേര്‍ച്ച ഇല്ലെന്നും ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം തീപിടിച്ചതല്ലെന്നും ഫൊറന്‍സിക്, മോട്ടര്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗങ്ങളുടെ പ്രാഥമിക അന്വേഷണത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് പെട്രോള്‍ പമ്പുകളിലും ടൗണിലെ സിസിടിവിയിലും പൊലീസ് പരിശോധന നടത്തി. വാഹനത്തില്‍ എത്താതെ പമ്പിലെത്തി പെട്രോള്‍ വാങ്ങിയ ചിലരെക്കുറിച്ചു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. നടുവണ്ണൂര്‍ റോഡിനു സമീപം കന്നാസുമായി പോകുന്ന സിസിടിവിയില്‍ പതിഞ്ഞ സ്ത്രീയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. സിസിടിവിയിലെ ദൃശ്യങ്ങള്‍ ഇന്നു കൂടുതല്‍ പരിശോധനക്ക് വിധേയമാക്കും. കാറിന്റെ പിന്‍ഭാഗത്തുനിന്നു തീ പടര്‍ന്നെന്നും ശബ്ദം കേട്ടതായും സംഭവ ദിവസം സ്ഥലത്തെത്തിയവര്‍ പൊലീസിനോട് പറഞ്ഞിരുന്നു. എസി, റേഡിയേറ്റര്‍, വയറിങ്, എന്‍ജിന്‍ റൂം എന്നിവയ്ക്കു തകരാറില്ലെന്നു മോട്ടര്‍ വാഹന വകുപ്പും വ്യക്തമാക്കിയിരുന്നു.

പെട്രോള്‍ ഏതെങ്കിലും രീതിയില്‍ കാറിനുള്ളില്‍ സൂക്ഷിച്ചതാണോ എന്നു കണ്ടെത്താനാണു പൊലീസ് അന്വേഷണം. വാഹനം ഓടിച്ച കക്കറമുക്ക് പൂവത്തും ചാലില്‍ രജിന്‍ ലാലിന്റെ ശരീരത്തിന്റെ പിന്‍ഭാഗത്താണു കൂടുതലായി പൊള്ളലേറ്റത്. സംഭവ ദിവസം ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 7.30 വരെ സോന വാല്യക്കോടുള്ള മാതൃസഹോദരിയുടെ വീട്ടിലായിരുന്നു. ഭര്‍ത്താവ് രജിന്‍ലാല്‍ കാറില്‍ അവിടെ ഇറക്കിയതായും രാത്രി 7.30ന് വന്നു തിരികെക്കൂട്ടിയെന്നും ബന്ധുവായ യുവതിയുടെ മൊഴിയുണ്ട്. അന്നു വൈകിട്ട് തന്റെയൊപ്പം പേരാമ്പ്രയില്‍ പോയി സാധനങ്ങള്‍ വാങ്ങിയെന്നും ഫാന്‍സി ഷോപ്പിലും പലചരക്കുകടയിലും കയറിയ സമയത്ത് സോന എവിടെപ്പോയെന്ന് അറിയില്ലെന്നുമാണ് യുവതി പൊലീസിന് നല്‍കിയ മൊഴി.

തിരികെവന്ന ശേഷമാണു രജിന്‍ലാലിന് ഒപ്പം സോന മടങ്ങിപ്പോയതെന്നും യുവതി പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ പൊള്ളലേറ്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രജിന്‍ ലാലിന്റെ മൊഴി അന്വേഷണത്തില്‍ നിര്‍ണായകമാകും. പേരാമ്പ്രയില്‍ ബന്ധുവിനൊപ്പം പോയ സോന തനിച്ച് എവിടെപ്പോയെന്നതിലും രാത്രി 7.30 ന് ഇളയമ്മയുടെ വീട്ടില്‍ നിന്ന് ഇറങ്ങിയ സോനയും രജിനും പിന്നീട് 2 മണിക്കൂറോളം എവിടെ ചെലവഴിച്ചെന്നതിലും വ്യക്തതയില്ല. അപകടത്തില്‍ 65 ശതമാനത്തിലേറെ പൊള്ളലേറ്റ രജിന്‍ലാല്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. 9 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. മഴയ്‌ക്കൊപ്പം കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നത്. തെക്കന്‍, വടക്കന്‍ ജില്ലകളിലാണ് മഴ ശക്തമാവുക.

സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം കേരളത്തില്‍ കള്ളക്കടല്‍ ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കണ്ണൂര്‍ (വളപട്ടണം മുതല്‍ ന്യൂമാഹി വരെ), കാസര്‍കോഡ് (കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ) ജില്ലകളിലെ തീരങ്ങളില്‍ ഇന്ന് (19/05/2026) രാവിലെ 08.30 മുതല്‍ (20/05/2026) ഉച്ചയ്ക്ക് 02.30 വരെ 0.9 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിപ്പ്.

നിലവിൽ സൗജന്യ യാത്ര എട്ട് സംസ്ഥാനങ്ങളില്‍

നിലവിൽ സൗജന്യ യാത്ര എട്ട് സംസ്ഥാനങ്ങളില്‍

കേരളത്തില്‍ കെഎസ്‌ആര്‍ടിസിയില്‍ സൗജന്യ യാത്ര നടപ്പിലാകുന്നതിന് മുമ്പ് എട്ട് സംസ്ഥാനങ്ങളില്‍ ഈ രീതി നടപ്പിലാക്കിയിട്ടുണ്ട്. തമിഴ്‌നാട്, തെലങ്കാന, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നിവയ്ക്ക് പുറമേ കേരളത്തിലും സ്ത്രീകള്‍ക്ക് സൗജന്യയാത്ര നല്‍കുമ്പോള്‍ ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സ്ത്രീകള്‍ക്ക് ഈ സൗകര്യം എന്ന സവിശേഷതയുണ്ട്.

കേരളത്തില്‍ എല്ലാ ബസുകളിലും സൗജന്യയാത്ര എന്നതാണ് പ്രഖ്യാപനമെങ്കിലും അന്തിമ രൂപം അറിയാന്‍ വിശദമായ ഉത്തരവ് പുറത്തിറങ്ങേണ്ടതുണ്ട്.

ഡല്‍ഹി, പഞ്ചാബ്, ജമ്മു കാശ്മീര്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് പിന്നെ സൗജന്യയാത്രയുള്ളത്.

2019ല്‍ ഡല്‍ഹിയിലാണ് ആദ്യമായി സ്ത്രീകള്‍ക്ക് സൗജന്യയാത്ര എന്ന സൗകര്യം ലഭിച്ചത്. ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍,ക്ലസ്റ്റര്‍ ബസുകള്‍ എന്നിവയിലാണ് പൂര്‍ണമായും സൗജന്യയാത്ര സൗകര്യം ലഭിക്കുക. തമിഴ്‌നാട്ടില്‍ 2021ല്‍ പദ്ധതി നടപ്പിലാക്കുമ്പോള്‍ ഓര്‍ഡിനറി ടൗണ്‍ ബസുകളില്‍ മാത്രമാണ് സൗജന്യമായി യാത്രയ്ക്ക് അവസരമൊരുങ്ങിയത്. 2023ല്‍ കര്‍ണാടകയിലാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയത്.

ശക്തി എന്ന പേരില്‍ ആരംഭിച്ച പദ്ധതി പ്രകാരം കര്‍ണാടകത്തിലെ ലക്ഷ്വറി വിഭാഗത്തില്‍ പെടാത്ത ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാനാവും. സ്ത്രീകള്‍ക്ക് പുറമേ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും കര്‍ണാടക സര്‍ക്കാര്‍ സൗജന്യ യാത്രാ സൗകര്യം അവതരിപ്പിച്ചിരുന്നു. 2023 ഡിസംബറിലാണ് തെലങ്കാന സര്‍ക്കാര്‍ മഹാലക്ഷ്മി പദ്ധതിക്ക് തുടക്കമിട്ടത്. സ്ത്രീകള്‍ക്കു പുറമേ ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും എസി വിഭാഗത്തില്‍ ഒഴികെയുള്ള സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്രക്കുള്ള അവസരം നല്‍കിയിരുന്നു.

തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ എക്സ്പ്രസ്, ഓര്‍ഡിനറി ബസുകളിലാണ് സൗജന്യ യാത്രാ ആനുകൂല്യം ലഭിക്കുക. ആന്ധ്രയില്‍ 2025 മുതലും പഞ്ചാബില്‍ 2021മുതലും ജമ്മു കാശ്മീരില്‍ 2025 മുതലുമാണ് സൗജന്യ യാത്രയുള്ളത്. പശ്ചിമ ബംഗാളില്‍ അടുത്ത മാസം മുതലാണ് ഈ സൗകര്യം ലഭിക്കുക. കേരളത്തില്‍ ഈ സൗകര്യം യാഥാര്‍ത്ഥ്യമാകുമ്പോള്‍ അതിലൂടെ വരുന്ന നഷ്ടം സര്‍ക്കാര്‍ നികത്തും എന്നാണ് പ്രഖ്യാപനം.

ഏതെങ്കിലും സത്യപ്രതിജ്ഞയ്ക്ക് ഇത്രയധികം ആളുകള്‍ വന്നിട്ടുണ്ടോ?, കീഴ്‌വഴക്കങ്ങള്‍ മാറേണ്ടതല്ലേ?; പ്രോട്ടോകോള്‍ ലംഘനത്തില്‍ വിശദീകരണം

ഏതെങ്കിലും സത്യപ്രതിജ്ഞയ്ക്ക് ഇത്രയധികം ആളുകള്‍ വന്നിട്ടുണ്ടോ?, കീഴ്‌വഴക്കങ്ങള്‍ മാറേണ്ടതല്ലേ?; പ്രോട്ടോകോള്‍ ലംഘനത്തില്‍ വിശദീകരണം

തിരുവനന്തപുരം: കീഴ്‌വഴക്കങ്ങളൊക്കെ മാറ്റപ്പെടാനുള്ളതാണെന്നും ഭാവിയില്‍ ഒരുപാട് കീഴ്‌വഴക്കങ്ങള്‍ മാറ്റപ്പെടുമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍. മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമേ വേദിയില്‍ ഉണ്ടാവാന്‍ പാടുള്ളൂ എന്ന ലോക്ഭവന്‍ നിര്‍ദേശം നിലനില്‍ക്കെ, വേദിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്തതിനെ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു വി ഡി സതീശന്‍.

‘നൂറ് വര്‍ഷം കഴിഞ്ഞാലും 150 വര്‍ഷം മുന്‍പുള്ള കീഴ്‌വഴക്കമാണ് എന്ന് പറയുന്നതില്‍ കാര്യമുണ്ടോ? ഇത് നിങ്ങള്‍ കണ്ടില്ലേ. സത്യപ്രതിജ്ഞ നിങ്ങള്‍ കണ്ടില്ലേ. ഈ സത്യപ്രതിജ്ഞയില്‍ വന്ന അതിഥികള്‍ ആരെല്ലാമായിരുന്നു. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി, മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, രണ്ടു സംസ്ഥാനങ്ങളിലെ ഉപമുഖ്യമന്ത്രിമാര്‍, നിരവധി സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, ഛത്തീസ്ഗഡിലെ മുന്‍ മുഖ്യമന്ത്രി. ഇതിന് മുന്‍പ് ഏതെങ്കിലും മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്ക് ഇത്രയുമധികം നേതാക്കള്‍ ഒരുമിച്ച് വന്ന സമയം ഉണ്ടായിട്ടുണ്ടോ? കേരളത്തിലെ പ്രതിപക്ഷ നേതാവ്, പ്രതിപക്ഷ നേതൃനിരയിലെ ബിജെപി പ്രസിഡന്റ്, സിപിഐ സെക്രട്ടറി, ലീഗിന്റെ നേതാവ് പാണക്കാട് തങ്ങള്‍ അടക്കം വലിയ നിര പങ്കെടുത്തു. അവിടത്തെ തിരക്ക് എന്തായിരുന്നു. നിയന്ത്രിക്കാന്‍ പോലും കഴിയാത്ത തിരക്കായിരുന്നു. അത് നമുക്ക് മുന്‍കൂട്ടി അറിയാമായിരുന്നു. സുരക്ഷിതത്വവും മറ്റു കാര്യങ്ങളുമെല്ലാം പരിഗണിച്ച് എല്ലാവരുടെയും സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്. കുറച്ച് പേരെ താഴെ ഇരുത്തുകയും കുറച്ച് പേരെ മുകളില്‍ ഇരുത്തുകയുമല്ല ചെയ്തത്.’- വി ഡി സതീശന്‍ പറഞ്ഞു.

‘പ്രധാനപ്പെട്ട ആളുകളെയെല്ലാം നേരിട്ട് തന്നെയാണ് വിളിച്ചത്. മുന്‍ മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയില്‍ പോയാണ് വിളിച്ചത്. സ്‌നേഹപൂര്‍വം ക്ഷണം സ്വീകരിച്ച് അദ്ദേഹം എത്തി. ഞാന്‍ പ്രത്യേകം നന്ദി പറയുകയാണ്. ഇത് ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു മന്ത്രിസഭയല്ലേ. സത്യപ്രതിജ്ഞ ചെയ്തത് എല്ലാവരുടെയും സാന്നിധ്യത്തിലാണ്. നമ്മള്‍ വരുമ്പോള്‍ ചില സന്ദേശങ്ങള്‍ നല്‍കുമല്ലോ. എപ്പോഴും കീഴ്‌വഴക്കം കീഴ്‌വഴക്കം എന്ന് പറയരുത്. ഒരുപാട് കീഴ് വഴക്കങ്ങള്‍ മാറ്റപ്പെടും’- സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു. BW 788952 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ BO 441141 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. BP 197928 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize ₹5,000/-

BN 788952

BO 788952

BP 788952

BR 788952

BS 788952

BT 788952

BU 788952

BV 788952

BX 788952

BY 788952

BZ 788952

4th Prize: ₹5,000/-

0202 0354 1210 1966 2428 4009 4896 5084 5484 5723 5811 6231 7178 7230 7556 7979 8133 8488 8561

5th Prize ₹2,000/-

0008 0557 0603 8076 8213 8720

6th Prize ₹1,000/-

0215 0493 0654 0805 1117 1215 1297 1400 1426 2154 3048 3350 3411 3602 4312 5359 5522 5955 7083 7316 7894 8750 9402 9410 9601

7th Prize ₹500/-

2679 5238 6578 7098 3077 7833 3817 0810 8181 5917 0622 4655 9008 6305 4378 6955 6479 8363

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.