by Midhun HP News | Feb 11, 2026 | Latest News, കേരളം
പത്തനംതിട്ട: വന്യമൃഗങ്ങള്‍ കാരണമുണ്ടാകുന്ന കൃഷിനാശത്തിനും വസ്തുനാശത്തിനും സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാരത്തുക അപര്യാപ്തമാണെന്ന ആക്ഷേപം പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കുന്നതിനുള്ള ശുപാര്‍ശ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സര്‍ക്കാരിന് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് അറിയിച്ചു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ 3 മാസത്തിനകം അന്തിമ തീരുമാനമെടുക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

വന്യമൃഗ ആക്രമണങ്ങള്‍ നേരിടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള നിയമത്തിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം ലഭിക്കാനുള്ള അപേക്ഷ ഓണ്‍ലൈന്‍ വഴി നല്‍കണമെന്നും അപേക്ഷ ലഭിച്ചാല്‍ വനംവകുപ്പുദ്യോഗസ്ഥര്‍ പ്രാദേശിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കി കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ 1200 ല്‍ പരം കുടുംബങ്ങള്‍ക്ക് വനംവകുപ്പുദ്യോഗസ്ഥര്‍ ചെക്ക്‌പോസ്റ്റില്‍ ബുദ്ധിമുട്ടുണ്ടാക്കുകയാണെന്ന പരാതിയിലാണ് ഉത്തരവ്. സ്വന്തം പറമ്പിലെ ഉത്പന്നങ്ങളും മരങ്ങളും യഥേഷ്ടം ഉപയോഗിക്കാന്‍ സമ്മതിക്കുന്നില്ലെന്നും വന്യമൃഗശല്യം നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നുമുള്ള പരാതിയിലാണ് നടപടി. അരുവാപ്പുലം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെയും നടുവത്തുമൂഴി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറെയും നേരില്‍ കേട്ട ശേഷമാണ് കമ്മീഷന്‍ ഉത്തരവ് പാസാക്കിയത്.
പ്രദേശത്ത് ആന അടക്കമുള്ള വന്യമൃഗങ്ങള്‍ ജനവാസമേഖലയിലേക്ക് കടന്നുവരുന്നത് തടയുന്നതിനായി പ്രധാന വന്യമൃഗതാരകള്‍ വരുന്ന വനാതിര്‍ത്തികളില്‍ സ്ഥാപിച്ചിട്ടുള്ള സോളാര്‍ ഫെന്‍സിംഗുകള്‍ വനംവകുപ്പിന്റെ ഡെക്കാമിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അറ്റകുറ്റപണികള്‍ നടത്താന്‍ നടപടിയെടുത്തുവരുന്നതായി കോന്നി ഡി.എഫ്.ഒ. കമ്മീഷനെ അറിയിച്ചു. നബാര്‍ഡ് പദ്ധതിയില്‍ സോളാര്‍ തൂക്കുവേലികള്‍ നിര്‍മ്മിക്കാന്‍ ഭരണാനുമതി ലഭിച്ചിട്ടുണ്ട് വന്യമൃഗങ്ങള്‍ കാരണം നാശനഷ്ടങ്ങള്‍ സംഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നടപടിയെടുക്കുന്നുണ്ട്. രാത്രികാലങ്ങളില്‍ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. വന്യമൃഗ ആക്രമണം കാരണമുള്ള നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തുക ഉയര്‍ത്തേണ്ടത് സര്‍ക്കാരാണെന്നും ഡി.എഫ്.ഒ. അറിയിച്ചു.
സോളാര്‍ ഫെന്‍സിംഗുകള്‍ പ്രവര്‍ത്തനക്ഷമമാക്കാനുള്ള പദ്ധതികള്‍ 2 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് നിര്‍ദ്ദേശിച്ചു. രാത്രികാല പട്രോളിംഗുകള്‍ ഫലവത്തായി നടത്തണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. വന്യമൃഗ ആക്രമണങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളവര്‍ക്കായി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കാനാവശ്യമായ ബോധവത്കരണവും സാങ്കേതിക സഹായവും ഗ്രാമപഞ്ചായത്ത് അധികൃതര്‍ കര്‍ഷകര്‍ക്ക് നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. അരുവാപ്പുലം സ്വദേശി രാജന്‍ എബ്രഹാം സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

by Midhun HP News | Feb 11, 2026 | Latest News, കേരളം
വയനാട്: വയനാട് മാനന്തവാടിയിൽ നാലു വയസ്സുകാരിയെ കാണാതായ സംഭവം തട്ടിക്കൊണ്ടു പോകൽ തന്നെയെന്ന് സ്ഥിരീകരിച്ചു. സംഭവത്തില്‍ പ്രതി പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെ പൊലീസ് പിടികൂടി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസ്സുകാരിയെ കാണാതായത്. പിന്നാലെ രണ്ടു മണിക്കൂറിനു ശേഷം 7 കിലോമീറ്റർ അകലെ വെച്ച് കുട്ടിയെ കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ സ്കൂട്ടറിൽ ഇരുത്തി ഒരാൾ കൊണ്ടുപോകുന്നത് പൊലീസ് കണ്ടെത്തിയിരുന്നു.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാല് വയസ്സുകാരിയെ ആണ് പെട്ടന്ന് കാണാതായത്. നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിന് ഒടുവില്‍ രണ്ട് മണിക്കൂറിന് ശേഷം 9.45 ഓടെ തരുവണയില്‍ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. ദ്വാരകയില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള സ്ഥലത്ത് കുട്ടി എങ്ങനെ എത്തിപ്പെട്ടുവെന്ന അന്വേഷണത്തിലായിരുന്നു പൊലീസ്. അന്വേഷണത്തില്‍ ചില സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കുകയും ചെയ്തു. ഇതില്‍ സ്കൂട്ടറില്‍ ഒരാള്‍ കുട്ടിയെ കൊണ്ടുപോകുന്നതിന്‍റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.


by Midhun HP News | Feb 11, 2026 | Latest News, കേരളം
പാലക്കാട്: ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തില്‍ സിപിഎം നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന പി കെ ശശിയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം. മുന്‍ എംഎല്‍എയും കെടിഡിസി ചെയര്‍മാനുമായ പി കെ റിപ്പോര്‍ട്ട് ചെയ്തു.
സിപിഎം മുന്‍ എംഎല്‍എയായ പി കെ ശശി പാലക്കാട്ട് ഒരുകാലത്ത് പ്രബലനായ രാഷ്ട്രീയ നേതാവായിരുന്നു. ശശിയുമായി ചര്‍ച്ച നടക്കുകയാണെന്നും, അന്തിമ തീരുമാനം എടുക്കുന്നതുവരെ ഒറ്റപ്പാലത്തേക്ക് ബദല്‍ സ്ഥാനാര്‍ത്ഥിയെയും പ്രോത്സാഹിപ്പിക്കരുതെന്ന് ജില്ലാ നേതാക്കള്‍ക്ക് അനൗപചാരികമായി നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, കോണ്‍ഗ്രസ് നീക്കം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പി കെ ശശി നിഷേധിച്ചു. ‘അങ്ങനെയൊന്നും ഞാന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല. അത്തരമൊരു ചര്‍ച്ച നടന്നിട്ടില്ല’. പി കെ ശശി പറഞ്ഞു. സമീപകാല തെരഞ്ഞെടുപ്പുകളില്‍ സിപിഎം വിജയിച്ചുകൊണ്ടിരിക്കുന്ന മണ്ഡലമാണ് ഒറ്റപ്പാലം. ഇവിടെ രാഷ്ട്രീയ സ്വാധീനമുള്ള പി കെ ശശി സ്ഥാനാര്‍ത്ഥിയായാല്‍ മത്സരഫലം മാറ്റാനാകുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.
‘ശശി മത്സരിച്ചാല്‍ ഒറ്റപ്പാലത്ത് ജയിക്കാന്‍ സാധ്യതയുണ്ട്. അദ്ദേഹത്തിന് ഇപ്പോഴും വിശ്വസ്തമായ ഒരു സംഘടനാ അടിത്തറയുണ്ട്. താഴെത്തട്ടിലുള്ള തൊഴിലാളികള്‍ക്കിടയിലും സഹകരണ മേഖലാ ശൃംഖലകള്‍ക്കിടയിലും അദ്ദേഹത്തിന് ഗണ്യമായ സ്വാധീനമുണ്ട്. ‘ പേര് വെളിപ്പെടുത്താത്ത ഒരു മുതിര്‍ന്ന കെപിസിസി നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.
2021-ല്‍, സിപിഎമ്മിന്റെ കെ പ്രേംകുമാര്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ 15,152 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പ്രേംകുമാറിന് 74,859 വോട്ടുകള്‍ ലഭിച്ചപ്പോള്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി സരിന് 59.707 വോട്ടുകളാണ് ലഭിച്ചത്. ശശി യുഡിഎഫ് പക്ഷത്തേക്ക് വന്നാല്‍, ആ വിടവ് നികത്താനാകുമെന്നും മികച്ച പോരാട്ടം കാഴ്ചവെക്കാനാകുമെന്നുമാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.
‘അതേസമയം, പി കെ ശശി യുഡിഎഫ് വാഗ്ദാനം സ്വീകരിക്കാന്‍ തയ്യാറാകുമോ, അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ യുഡിഎഫിന്റെ കൂട്ടായ തീരുമാനം എടുക്കല്‍, ശശി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമോ, അതോ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്രനായി മത്സരിക്കുമോ എന്നതുള്‍പ്പെടെ നിരവധി നിര്‍ണായക വശങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. ഈ വിഷയങ്ങള്‍ ഇതുവരെ വിശദമായി ചര്‍ച്ച ചെയ്ത് അന്തിമമാക്കിയിട്ടില്ല.’ കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു.
‘പി കെ ശശി കടന്നു വന്നാല്‍, അത് വെറുമൊരു വ്യക്തിഗത കൂറുമാറ്റമാകില്ല, മറിച്ച് മുഴുവന്‍ രാഷ്ട്രീയ വ്യവസ്ഥയെയും ബാധിക്കും.’ ചര്‍ച്ചകളില്‍ പങ്കാളിയയാ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സൂചിപ്പിച്ചു. ശശി യുഡിഎഫിലേക്ക് വന്നാല്‍, ഒറ്റപ്പാലം സീറ്റിലേക്ക് പരിഗണിച്ചിരുന്ന കെ.പി.സി.സി സെക്രട്ടറി പി. ഹരിഗോവിന്ദനെ ഷൊര്‍ണൂര്‍ അടക്കം മറ്റു മണ്ഡലങ്ങളിലേക്ക് പരിഗണിച്ചേക്കും.

സിപിഎമ്മിലെ ശശിയുടെ ആഭ്യന്തര യുദ്ധം
സിപിഎം ജില്ലാ നേതൃത്വവുമായി പി കെ ശശി വര്‍ഷങ്ങളായി ഇടഞ്ഞു നില്‍ക്കുകയാണ്. വിവാദങ്ങളും അച്ചടക്ക നടപടികളും മൂലം ശശി പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട നിലയിലാണ്. ശശി പാര്‍ട്ടി വിടാനുള്ള സാധ്യത സിപിഎം നേതാക്കള്‍ പരസ്യമായി തള്ളിക്കളഞ്ഞെങ്കിലും, അദ്ദേഹത്തിന്റെ വര്‍ദ്ധിച്ചുവരുന്ന അകല്‍ച്ച സ്വകാര്യമായി അവര്‍ അംഗീകരിച്ചു. ”അദ്ദേഹത്തിന് അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം, പക്ഷേ സിപിഎം വിടുന്നത് എളുപ്പമല്ല. ഒറ്റപ്പാലത്ത് നിന്ന് ആര് മത്സരിച്ചാലും എല്‍ഡിഎഫ് ഉയര്‍ന്ന ഭൂരിപക്ഷത്തോടെ സീറ്റ് നിലനിര്‍ത്തും.” ഒരു മുതിര്‍ന്ന സിപിഎം ജില്ലാ നേതാവ് പറഞ്ഞു.

by Midhun HP News | Feb 11, 2026 | Latest News, കേരളം
കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ ജയിലിൽ കഴിയുന്ന ദേവസ്വം മുൻ കമ്മീഷ്ണറും പ്രസിഡന്‍റുമായ എൻ. വാസുവും പുറത്തേക്ക്. കൊല്ലം വിജിലന്‍സ് കോടതി എൻ വാസുവിന് സ്വഭാവിക ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. എസ്ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തത് പഴുതാക്കിയാണ് ഇപ്പോള്‍ കേസിലെ പ്രതിയായ എൻ വാസുവും ജാമ്യം നേടുന്നത്. ദേവസ്വം മുൻ പ്രസിഡന്‍റും കമ്മീഷണറുമായ എൻ വാസു കട്ടിള പാളി കേസിലെ മൂന്നാം പ്രതിയാണ്. അതേസമയം, കേസിലെ പ്രതികളായ പങ്കജ് ഭണ്ഡാരി, ഗോവർദ്ധൻ, കെ എസ് ബൈജു എന്നിവരുടെ റിമാൻഡ് 14 ദിവസത്തേയ്ക്ക് കൂടെ നീട്ടി. എൻ വാസു സമർപ്പിച്ച സ്വാഭാവിക ജാമ്യ ഹർജിയിൽ വാദം പൂര്‍ത്തിയായശേഷമാണ് ഇന്ന് ജാമ്യം അനുവദിച്ചുകൊണ്ട് വിധി പറഞ്ഞത്.

വാസുവിന്‍റെ റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയാണ് സ്വഭാവിക ജാമ്യം ലഭിച്ചത്. എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയാണ് ജാമ്യ ഹര്‍ജി നൽകിയിരുന്നത്. വിവേചനം കാണിക്കാൻ പറ്റില്ലെന്നായിരുന്നു നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി വ്യക്തമാക്കിയിരുന്നത്. ഇതോടെ ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ഇതുവരെ അഞ്ചു പ്രതികൾ ജാമ്യം നേടി പുറത്തിറങ്ങി. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പടെ മൂന്ന് പ്രതികൾക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. കുറ്റപത്രം നൽകുന്നത് ഇനിയും വൈകിയാൽ കേസിലെ പ്രതിയായ എ പത്മകുമാറും സ്വഭാവിക ജാമ്യം തേടി പുറത്തിറങ്ങാനുള്ള സാഹചര്യമൊരുങ്ങും. തന്ത്രി കണ്ഠര് രാജീവരുടെ രണ്ട് കേസുകളിലെയും ജാമ്യ ഹർജികളിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു. ഈ മാസം 18 നാണ് വിധി പറയുന്നത്.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ സമര്‍പ്പിച്ച മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീം കോടതി അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് നീട്ടി.ജയശ്രീയിലെ അറസ്റ്റ് നേരത്തെ സുപ്രീം കോടതി തടഞ്ഞിരുന്നു. ഈ ഉത്തരവാണ് നീട്ടിയത്. ജയശ്രീയുടെ മുൻകൂര്‍ ജാമ്യാഹര്‍ജി പരിഗണിക്കുന്നതിനിടെ ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ആർക്കും മൂൻകൂർ ജാമ്യം നൽകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ശബരിമലയിലെ മുഴുവൻ സ്വർണ്ണവും അടിച്ചു മാറ്റിയെന് ഇന്നലെ വാർത്ത കണ്ടുവെന്നും കൊടിമരത്തിൽ നിന്നടക്കം സ്വർണ്ണം പോയെന്ന് വാർത്ത വായിച്ചുവെന്നും കോടതി വിമര്‍ശിച്ചു. ജയശ്രീക്ക് ചികിത്സയ്ക്ക് എംയിസിൽ സജ്ജീകരണം നൽകാമെന്ന് പറഞ്ഞ കോടതി കേരളത്തിൽ എംയിസ് ഉണ്ടോയെന്നും ചോദിച്ചു. ഇല്ലെങ്കിൽ മറ്റ് ആശുപത്രികളിയിൽ സൗകര്യം നൽകാമെന്നും കോടതി പറഞ്ഞു.

by Midhun HP News | Feb 11, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ കൂടിയ സ്വര്‍ണവില ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. 1,16,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. 14,530 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുതിക്കുകയായിരുന്നു. ഇപ്പോള്‍ കൂടിയുംകുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ഇന്നലെ രാവിലെ 1640 രൂപ വര്‍ധിച്ച സ്വര്‍ണവില ഉച്ചയോടെ 680 രൂപയാണ് കുറഞ്ഞത്. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.


by Midhun HP News | Feb 10, 2026 | Latest News, കേരളം
പത്തനംതിട്ട: വീട് ജപ്തി ചെയ്യാനായി ബാങ്ക് ജീവനക്കാര്‍ എത്തിയപ്പോള്‍ ആത്മഹത്യ ഭീഷണി മുഴക്കി ഗൃഹനാഥന്‍. പെരുന്നാട് സ്വദേശി അനില്‍കുമാറാണ് ഭീഷണി മുഴക്കിയത്.
ജപ്തിക്കായി സഹകരണ ബാങ്ക് ജീവനക്കാര്‍ എത്തിയപ്പോള്‍ തലയിലൂടെ പെട്രോളൊഴിച്ചാണ് ഇയാള്‍ ആത്മഹത്യ ഭീഷണി മുഴക്കിയത്. പത്തനംതിട്ട പെരുനാടാണ് സംഭവം.
10 ലിറ്റര്‍ പെട്രോളാണ് അനില്‍കുമാര്‍ തലയിലൂടെ ഒഴിച്ചത്. വീടിനകം മുഴുവന്‍ പെട്രോളൊഴിച്ച നിലയിലാണുള്ളത്. കേരളബാങ്ക് ജീവനക്കാരാണ് ജപ്തി നടപടികള്‍ക്കായി വീട്ടിലെത്തിയത്. 13 ലക്ഷത്തിലധികം രൂപയാണ് വായ്പയായി എടുത്തിരുന്നത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം മാനസിക പ്രയാസത്തിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറഞ്ഞത്.


Recent Comments