‘വരുന്നുണ്ടോ’ എന്ന ചോദ്യത്തിൽ തുടങ്ങിയ പി സി വിഷ്ണുനാഥിന്റെയും കനകഹാമയുടെയും ജീവിതയാത്ര

‘വരുന്നുണ്ടോ’ എന്ന ചോദ്യത്തിൽ തുടങ്ങിയ പി സി വിഷ്ണുനാഥിന്റെയും കനകഹാമയുടെയും ജീവിതയാത്ര

വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ നിന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കണ്ടെത്തിയ യുവനേതാവ് ആണ് പി സി വിഷ്ണുനാഥ്. ആ നന്ദി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് വിഷ്ണുനാഥ് ആത്മാര്‍ഥമായി കാണിച്ചതും രാഷ്ട്രീയ കേരളം കണ്ടു. സോളാര്‍ കേസ് കൊടുമ്പിരിക്കൊണ്ടുനിന്ന നാളുകളിൽ പ്രതിരോധത്തിലായ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പ്രതിരോധക്കോട്ട തീര്‍ത്തതോടെയാണ് വിഷ്ണുനാഥ് എന്ന നേതാവിന്റെ ഉയര്‍ച്ചയുടെ രണ്ടാം ഘട്ടം ആരംഭിച്ചത്. ഇത്തവണ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം വഹിക്കുമ്പോഴാണ് കുണ്ടറ എംഎല്‍എയ്ക്ക് മന്ത്രിയാകാനുള്ള നിയോഗം ലഭിച്ചത്.

ലാളിത്യം മുഖമുദ്രയാക്കിയ യുവനേതാവാണ് പി സി വിഷ്ണുനാഥ്. രാഷ്ടീയത്തിലും ജീവിതത്തിലും ഉമ്മന്‍ ചാണ്ടി ശൈലി പിന്തുടരുന്നു. ശാസ്താംകോട്ട ഡി ബി കോളേജ് ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയില്‍ നിന്ന് കേരളത്തിന്റെ മന്ത്രിയിലേക്കുള്ള വിഷ്ണുനാഥിന്റെ വളര്‍ച്ച പോരാട്ടങ്ങളുടേത് കൂടിയാണ്. തിരുവനന്തപുരം ലോ കോളജില്‍ പഠിക്കുമ്പോള്‍ വിദ്യാര്‍ഥി സമരങ്ങളുടെ മുന്‍നിരയില്‍ പിസി ഉണ്ടായിരുന്നു. 2006ല്‍ കെഎസ്യു സംസ്ഥാന പ്രസിഡന്റായി. അതേവര്‍ഷം തന്നെ ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി. അന്നത്തെ നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എ ആയി. 2011ലും വിജയം ആവര്‍ത്തിച്ചു. നര്‍മ്മം കലര്‍ന്ന വാക്ചാതുര്യം സഭാതലത്തിലും മൂര്‍ച്ചയുള്ള ആയുധമായി.

2016ല്‍ പരാജയപ്പെട്ടെങ്കിലും സംഘടന രംഗത്ത് വിഷ്ണുനാഥിന് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ പാര്‍ട്ടി നല്‍കി. കെപിസിസി ജനറല്‍ സെക്രട്ടറി, എഐസിസി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കര്‍ണാടക, തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നിര്‍ണായക ചുമതലകള്‍ വഹിച്ചു. ഇടത് തരംഗം ആഞ്ഞടിച്ച 2021ല്‍ മന്ത്രി ജെ മേഴ്‌സികുട്ടിഅമ്മയെ കുണ്ടറ മണ്ഡലത്തില്‍ തോല്‍പ്പിച്ച് പി സി വിഷ്ണുനാഥ് വമ്പന്‍ തിരിച്ചുവരവ് നടത്തി. ഇക്കുറിയും വന്‍ ഭൂരിപക്ഷത്തിലാണ് വിജയം ആവര്‍ത്തിച്ചത്. ജല അതോറിറ്റി ജീവനക്കാരനായിരുന്ന ചെല്ലപ്പന്‍ പിള്ളയുടെയും ലീലയുടെയും ഇളയ മകനാണ് കൊല്ലം പുത്തൂര്‍ മാവടി സ്വദേശിയായ പി സി വിഷ്ണുനാഥ്. കന്നഡ കവയിത്രി കനകഹാമ ആണ് ഭാര്യ. അന്നപൂര്‍ണ്ണേശ്വരി ദേവിയാണ് മകള്‍.

പ്രണയവിവാഹം

വിഷ്ണുനാഥിന്റേത് പ്രണയ വിവാഹമായിരുന്നു. ജീവിതത്തില്‍ യാദൃച്ഛികതയക്ക് വലിയ സ്ഥാനമുണ്ട്. അത്തരമൊരു യാദൃച്ഛികതയാണ് ഇവരെ തമ്മില്‍ ഒന്നിപ്പിച്ചത്. 2005 മാര്‍ച്ച് 12-ന് കനകഹാമ ഗുജറാത്തിലെ ആനന്ദിലായിരുന്നു. മഹാത്മാഗാന്ധി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ദണ്ഡി യാത്രയുടെ 75-ാം വാര്‍ഷിക ആഘോഷങ്ങളില്‍ പങ്കെടുക്കാനാണ് അവര്‍ മുംബൈയില്‍ നിന്ന് എത്തിയത്. അവിടെവച്ച് കനകയെയും സഹപ്രവര്‍ത്തകരെയും കേരളത്തില്‍ നിന്നുള്ള ഒരു കൂട്ടം യുവാക്കള്‍ക്ക് പരിചയപ്പെടുത്തി. അതില്‍ കോണ്‍ഗ്രസ് രാഷ്ട്രീയക്കാരനായ പി സി വിഷ്ണുനാഥും ഉണ്ടായിരുന്നു.

അന്ന് രാത്രി 8 മണിക്ക്, കനക തന്റെ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ഒരു സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. ഒരു കിലോമീറ്റര്‍ അകലെയാണെങ്കിലും, റോഡില്‍ നല്ല വെളിച്ചമുണ്ടായിരുന്നതിനാല്‍ അവര്‍ നടന്നുപോകാന്‍ തന്നെ തീരുമാനിച്ചു. അന്ന് വിഷ്ണുനാഥിനോട് വരുന്നുണ്ടോ എന്ന് ചുമ്മാ ചോദിച്ചെങ്കിലും അദ്ദേഹം ഇല്ലെന്ന് പറഞ്ഞു. തുടര്‍ന്ന് കനകഹാമയും കൂട്ടുകാരും പരിപാടിയില്‍ പങ്കെടുക്കാന്‍ പോയി.

അവിടെ നല്ല തിരക്കായിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ കനക തിരിഞ്ഞുനോക്കിയപ്പോള്‍ വിഷ്ണുനാഥ് തൊട്ടടുത്ത് നില്‍ക്കുന്നത് കണ്ടു. കനകഹാമ തനിച്ചാണ് പോയതെന്ന തോന്നലിലാണ് വിഷ്ണുനാഥും അവിടേയ്ക്ക് പോയത്. അവരെ ശ്രദ്ധിക്കേണ്ടത് തന്റെ ഉത്തരവാദിത്തമായാണ് വിഷ്ണുനാഥ് കണ്ടത്.

അതിനുശേഷം, അടുത്ത 22 ദിവസങ്ങളില്‍ അവര്‍ അഹമ്മദാബാദില്‍ നിന്ന് ദണ്ഡി വരെ 268 കിലോമീറ്റര്‍ ഒരുമിച്ച് നടന്നു. കൂടുതല്‍ പരിചയപ്പെട്ടപ്പോള്‍ ലാളിത്യമുള്ള വിനയമുള്ള ഒരു വ്യക്തിയായാണ് വിഷ്ണുനാഥിനെ കനകഹാമയ്ക്ക് തോന്നിയത്. പിന്നീട് ഇവര്‍ സുഹൃത്തുക്കളായി.യാത്ര അവസാനിച്ചതിനുശേഷം അവര്‍ രണ്ടു വഴിക്കായെങ്കിലും പരസ്പരം ബന്ധം പുലര്‍ത്തിയിരുന്നു. ഇരുവരും ഫോണില്‍ സംസാരിക്കുകയും പരസ്പരം കത്തുകള്‍ എഴുതുകയും ചെയ്യുമായിരുന്നു. 2006-ല്‍ വിഷ്ണുനാഥ് ചെങ്ങന്നൂര്‍ എംഎല്‍എ ആയി.

കുറച്ചുകാലം കഴിഞ്ഞപ്പോള്‍ വിഷ്ണുനാഥിന്റെ വീട്ടില്‍ വിവാഹാലോചനകള്‍ തുടങ്ങി. അപ്പോള്‍ അദ്ദേഹം കനകയെ ഫോണില്‍ വിളിച്ച് തനിക്ക് ഇഷ്ടമാണെന്ന് പറയുകയും വിവാഹാഭ്യര്‍ത്ഥന നടത്തുകയും ചെയ്തു. കനക അതിനെക്കുറിച്ച് ആലോചിച്ച് സമ്മതം മൂളി. അതിനുശേഷമാണ് തനിക്ക് കനകയെ വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്ന കാര്യം വിഷ്ണുനാഥ് മാതാപിതാക്കളെ അറിയിച്ചത്. തുടക്കത്തില്‍ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ എതിര്‍ത്തു.

അവര്‍ നായര്‍ സമുദായത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയെക്കൊണ്ട് അദ്ദേഹത്തെ വിവാഹം കഴിപ്പിക്കാനാണ് ആഗ്രഹിച്ചത്. ഷിമോഗ ജില്ലയിലെ മലയോര ഗ്രാമമായ ഹാലകെരെയില്‍ താമസിക്കുന്ന തന്റെ മാതാപിതാക്കളോട് പറഞ്ഞപ്പോള്‍, ഇതിനെക്കുറിച്ച് നന്നായി ചിന്തിക്കാന്‍ അവര്‍ കനകയോട് ആവശ്യപ്പെട്ടു. എങ്കിലും ഒടുവില്‍ പ്രണയം വിജയിച്ചു. 2007 ഓഗസ്റ്റ് 17ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് അവര്‍ വിവാഹിതരായി.

അച്ഛന്റെ ചായക്കടയിലെ പാത്രങ്ങള്‍ കഴുകി പഠനം, കെഎസ്‌യു നേതാവായപ്പോഴും ജോലി തുടര്‍ന്നു; ബിന്ദു കൃഷ്ണ ഇന്ന് മന്ത്രി

അച്ഛന്റെ ചായക്കടയിലെ പാത്രങ്ങള്‍ കഴുകി പഠനം, കെഎസ്‌യു നേതാവായപ്പോഴും ജോലി തുടര്‍ന്നു; ബിന്ദു കൃഷ്ണ ഇന്ന് മന്ത്രി

കൊല്ലം: ജീവിതം കരുപ്പിടിപ്പിക്കാനായി അച്ഛന്‍ തുടങ്ങിയ ചായക്കടയിലെ പാത്രം കഴുകല്‍കാരിയായിരുന്നു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന അഡ്വ. ബിന്ദുകൃഷ്ണ. ചായക്കടയിലെ ജോലിക്കു പുറമേ വീട്ടുജോലികളെല്ലാം തീര്‍ത്തിട്ടാണ് ബിന്ദു സ്‌കൂളിലേക്കും കോളജിലേക്കും പോയിരുന്നത്.

ബിന്ദു കൃഷ്ണയുടെ അച്ഛന്‍ പി സുകുമാരന് ആദ്യകാലത്ത് ചിട്ടിയായിരുന്നു. അമ്മ ബി വസുമതി കശുവണ്ടി തൊഴിലാളിയും. രണ്ടാം ക്ലാസുവരെ ബിന്ദുവിന് കാര്യമായ കഷ്ടപ്പാടുകള്‍ ഉണ്ടായിരുന്നില്ല. അതിനിടെ ജില്ലാ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്ന് അമ്മയുടെ ആരോഗ്യസ്ഥിതി വഷളാകുന്നത്. പിന്നീട് അമ്മയുമായി ആശുപത്രികള്‍ തോറുമുള്ള ഓട്ടത്തിലായിരുന്നു അച്ഛന്‍. ബിന്ദു കൃഷ്ണയ്ക്കും ചേട്ടനും പിന്നീട് തണലായത് അച്ചാമ്മ മാത്രമാണ്.

അമ്മയുടെ ചികിത്സ ഫലം കണ്ടില്ല. നേരിയ ഭാരം പോലും എടുക്കാന്‍ കഴിയാതെ വന്നു. അതോടെ അടുക്കള ജോലികളെല്ലാം തീര്‍ത്തിട്ടാണ് ബിന്ദു സ്‌കൂളിലേക്ക് പോയിരുന്നത്. ജീവിതം തിരിച്ചുപിടിക്കാന്‍ അച്ഛന്‍ ചായക്കട തുടങ്ങിയതോടെ ബിന്ദുവും ഒപ്പം കൂടി. രാത്രി ചായക്കടയിലെ ജോലി തീര്‍ത്തിട്ടാണ് ബിന്ദു പഠിച്ചിരുന്നത്. കോളജ് കാലത്ത് കെഎസ്‌യു നേതാവായപ്പോഴും അച്ഛന്റെ ചായക്കയില്‍ ബിന്ദു പതിവ് ജോലിയില്‍ എത്താതിരുന്നില്ല.

കോളജ് യൂണിയന്‍ മുതല്‍ പാര്‍ലമെന്റിലേക്ക് വരെ മത്സരിച്ചിട്ടുള്ള ബിന്ദുവിന്റെ ആദ്യ നിയമസഭാ വിജയമായിരുന്നു കൊല്ലത്തേത്. കൊല്ലം എസ് എന്‍ കോളജില്‍ യുയുസി, കൊല്ലം ജില്ലാ പഞ്ചായത്ത്, കൊല്ലം, ചാത്തന്നൂര്‍ മണ്ഡലങ്ങളില്‍ നിന്ന് നിയമസഭയിലേക്കും ആറ്റിങ്ങലില്‍ നിന്ന് പാര്‍ലമെന്റിലേക്കും മത്സരിച്ചിട്ടുണ്ട്. 2021ല്‍ കൊല്ലത്ത് എം മുകേഷിനോട് 2072 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.

കണ്ണൂരില്‍ വിവാഹ ദിവസം നാടിനെ നടുക്കി ദുരന്തം; വരന്‍ വീട്ടില്‍ മരിച്ചനിലയില്‍

കണ്ണൂരില്‍ വിവാഹ ദിവസം നാടിനെ നടുക്കി ദുരന്തം; വരന്‍ വീട്ടില്‍ മരിച്ചനിലയില്‍

കണ്ണൂര്‍: കണ്ണൂരില്‍ വിവാഹ ദിവസം വരനെ മരിച്ച നിലയില്‍ കണ്ടെത്തി. ചക്കരക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഏച്ചൂര്‍ മാവിലാച്ചാലില്‍ നാരായണീയത്തില്‍ ഷബിനെയാണ് (29) വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ജമ്മു കശ്മീരില്‍ എസ്എസ്ബി ബോര്‍ഡര്‍ പൊലീസായി ജോലി ചെയ്തു വരികയായിരുന്നു. ഇന്നാണ് ഷബിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്.

വിവാഹത്തിന് ഒരുങ്ങിയ വരന്റെ വീട്ടില്‍ അവിചാരിതമായി എത്തിയ ദുരന്തം ഏച്ചൂര്‍ ഗ്രാമത്തെ നടുക്കി. ചക്കരക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.

സിപി ജോണും ഷിബു ബേബി ജോണും സഗൗരവം; മുഖ്യമന്ത്രിയും 18 മന്ത്രിമാരും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ

സിപി ജോണും ഷിബു ബേബി ജോണും സഗൗരവം; മുഖ്യമന്ത്രിയും 18 മന്ത്രിമാരും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ

തിരുവനന്തപുരം: കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വിഡി സതീശനും പതിനെട്ട് മന്ത്രിമാരും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ആര്‍എസ്പിയുടെ ഷിബു ബേബി ജോണും സിഎംപി നേതാവ് സിപി ജോണും സൗഗൗരവം ആണ് സത്യപ്രതിജ്ഞ ചെയ്തത്.

ഇത് രണ്ടാം തവണയാണ് ഷിബു ബേബി ജോണ്‍ മന്ത്രിയാകുന്നത്. 2011ല്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ അംഗമായിരുന്നു. ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയായ ഷിബുബേബിജോണ്‍ ചവറയില്‍നിന്ന് നിയമസഭാംഗമാകുന്നത് ഇത് മൂന്നാംതവണയാണ്. നേരത്തെ 2016ലും 2021ലും ചവറയില്‍ നിന്ന് പരാജയപ്പെട്ടു.സിപി ജോണ്‍ ഇത്തവണ ആദ്യമായാണ് എംഎല്‍എയും മന്ത്രിയും ആകുന്നത്. എംവി രാഘവന് ശേഷം സിഎംപിയെ പ്രതിനിധീകരിക്കുന്ന നിയമസഭയിലെ ആദ്യഅംഗം കൂടിയാണ് സിപി ജോണ്‍. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയായിരുന്നു ജോണിന്റെ രാഷ്ട്രീയ പ്രവേശം. തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് സിപിഎം സ്ഥാനാര്‍ഥി സുധീര്‍ കരമനെയെയാണ് സിപി ജോണ്‍ തോല്‍പ്പിച്ചത്.

മുഖ്യമന്ത്രി വിഡി സതീശന്‍, പികെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്‍, മോന്‍സ് ജോസഫ്, അനൂപ് ജേക്കബ്, എപി അനില്‍കുമാര്‍, എന്‍ ഷംസുദ്ദീന്‍, പിസി വിഷ്ണുനാഥ്, റോജി എം ജോണ്‍, ബിന്ദു കൃഷ്ണ, എം ലിജു, കെഎം ഷാജി, പികെ ബഷീര്‍, വിഇ അബ്ദുള്‍ ഗഫൂര്‍, ടി സിദ്ദിഖ്‌. കെഎ തുളസി, ഒജെ ജനീഷ് എന്നിവര്‍ ദൈവനാമത്തിലും സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രിക്ക് പിന്നാലെ പികെ കുഞ്ഞാലിക്കുട്ടിയും ഏറ്റവും അവസാനമായി സത്യപ്രതിജ്ഞ ചെയതത് ഒജെ ജനീഷുമാണ്.

ദൈവനാമത്തിൽ സത്യപ്രതിജ്ഞ, കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു; ആവേശക്കടലായി തലസ്ഥാന ന​ഗരി

ദൈവനാമത്തിൽ സത്യപ്രതിജ്ഞ, കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു; ആവേശക്കടലായി തലസ്ഥാന ന​ഗരി

സംസ്ഥാനത്ത് പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. യുഡിഎഫിന്റെ 21 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞാ ചടങ്ങില്‍ ദേശീയ നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ പങ്കെടുത്തു. കൂടാതെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ തലസ്ഥാനത്തെത്തി. ദീര്‍ഘനേരം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവിലാണ് 20 അംഗ മന്ത്രിമാരുടെ പട്ടിക ഇന്നല നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ ഗവര്‍ണര്‍ക്ക് കൈമാറിയത്. സത്യപ്രതിജ്ഞ ചടങ്ങ് കണക്കിലെടുത്ത് തലസ്ഥാന നഗരിയില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. മന്ത്രിമാരുടെ വകുപ്പുവിഭജനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കും.

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

നാളെ വടക്കന്‍ കേരളത്തിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദേശം

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.

നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.

ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.

കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ ലഭ്യമാണ്

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.

മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണമായി ഒഴിവാക്കേണ്ടതാണ്.

ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റപ്പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർധിക്കാൻ സാധ്യത മുന്നിൽ കാണണം. ജലാശയങ്ങൾ കരകവിഞ്ഞ് ഒഴുകുന്നയിടങ്ങളിൽ വാഹനം ഓടിക്കാൻ ശ്രമിക്കരുത്.

സ്വകാര്യ – പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.

ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വയ്ക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in//2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.

കേരളത്തിലെ എല്ലാ ജില്ലകളിലും 24*7 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ ഉണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.