by liji HP News | Apr 29, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ബാംഗ്ലൂർ: മലയാളിയായ ബൈജു രവീന്ദ്രൻ സ്ഥാപിച്ച പ്രമുഖ എഡ് ടെക് പ്ലാറ്റ്ഫോമായ ബൈജൂസ് കമ്പനിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം. ബൈജൂസിന്റെ ബാംഗ്ലൂർ ഓഫീസിൽ ഇഡി സംഘം റെയ്ഡ് നടത്തി. മൂന്ന് ഓഫീസുകളിലാണ് റെയ്ഡ് നടത്തിയത്. വിദേശ ധന വിനിമയ നിയമം അനുസരിച്ചായിരുന്നു പരിശോധന. വിദേശ ഫണ്ട് സ്വീകരിച്ചത് സംബന്ധിച്ചുള്ള പരിശോധനകളാണ് നടന്നത്. ഭവാനി നഗറിലുള്ള ഓഫീസ് സമുച്ചയത്തിലായിരുന്നു റെയ്ഡ്. നിരവധി ഡിജിറ്റൽ രേഖകൾ അടക്കം പിടിച്ചെടുത്തെന്ന് ഇഡി വ്യക്തമാക്കി.
by liji HP News | Apr 29, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പാലക്കാട്: കുഴൽ കിണർ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ചെയിൻ ബ്ലോക്ക് പൊട്ടി തലയിൽ വീണ് യുവാവ് മരിച്ചു. ചിറക്കൽപ്പടി കുഴിയിൽപ്പീടിക അമാനുല്ല- നബീസു ദമ്പതികളുടെ മകൻ മൊയ്തീൻ (24) ആണ് മരിച്ചത്. ഇയാളെ സഹായിക്കാൻ ഒപ്പമുണ്ടായിരുന്ന തെങ്കര മണലടി ആട്ടം പള്ളി രവിയുടെ മകൻ ശ്രീജിത്തിനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. കോടതിപടി ഹാർമണി അപ്പാർട്ടമെന്റിലെ കുഴൽ കിണറാണ് തകരാറിലായത്. ഇതു നന്നാക്കുന്നതിനിടെ ചെയിൻ ബ്ലോക്ക് പൊട്ടി ഇരുവരുടേയും തലയിൽ വീഴുകയായിരുന്നു.
by liji HP News | Apr 29, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഇടുക്കി: അരിക്കൊമ്പനെ കണ്ടെത്തിയതായി വനംവകുപ്പ്. സിമന്റ് പാലത്തിന് സമീപം അരിക്കൊമ്പനുള്ളതായി വനംവകുപ്പ് സ്ഥിരീകരിച്ചു. ആന നിരീക്ഷണത്തിലെന്ന് അധികൃതർ വ്യക്തമാക്കി. സാഹചര്യം അനുകൂലമായാൽ ഇന്ന് തന്നെ വെടി വെക്കും. മറയൂർ കുടിയിലെ ക്യാമ്പിൽ നിന്ന് കുങ്കിയാനകളെ ഇറക്കി കഴിഞ്ഞു. ആനയിറങ്കലിൽ വനംവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു അരിക്കൊമ്പൻ. നാല് കുങ്കിയാനകളെയാണ് സ്ഥലത്തേക്ക് കൊണ്ടുപോയിട്ടുള്ളത്.
കൊച്ചി ധനുഷ്കോടി ദേശീയപാതയും ആനയിറങ്കലും കടത്തി ദൗത്യ മേഖലയിൽ എത്തിച്ച ശേഷമായിരിക്കും മയക്കുവെടി വയ്ക്കുക. ഇതിനു ശ്രമങ്ങളാണ് രാവിലെ നടക്കുക. ദൗത്യ മേഖയിൽ സൗകര്യപ്രദമായ സ്ഥലത്തെത്തിയാൽ മയക്കു വെടി വക്കാനുള്ള സംഘം പുറപ്പെടും. ദൗത്യ മേഖലയിലേക്ക് എത്തിക്കാനുള്ള ശ്രമം വിജയിച്ചില്ലെങ്കിൽ ദൗത്യം നാളെയും നീളും. മദപ്പാടിലായ ചക്കക്കൊമ്പൻ കാട്ടാനക്കൂട്ടത്തിനൊപ്പമെത്തിയതാണ് അരിക്കൊമ്പൻ ശങ്കരപാണ്ഡ്യമെട്ടിലേക്ക് മാറാൻ കാരണം. വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം 150 ലേറെ പേരാണ് ചിന്നക്കനാലിൽ ജനജീവിതം ദുസ്സഹമാക്കി നാശം വിതച്ച അരിക്കൊമ്പനെ സ്ഥലം മാറ്റാനുള്ള ദൗത്യസംഘത്തിലുള്ളത്.
by liji HP News | Apr 29, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പാരിസ്: ഗോള്‍ഡന്‍ ഗ്ലോബ് റേസ് പായ്‌വഞ്ചിയോട്ട മത്സരത്തില്‍ ചരിത്രമെഴുതി ഇന്ത്യയുടെ മലയാളി നാവികന്‍ അഭിലാഷ് ടോമി. മത്സരത്തില്‍ അഭിലാഷ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഫിനിഷിങ് പോയിന്റായ ഫ്രഞ്ച് തീരത്ത് അഭിലാഷ് പായ്‌വഞ്ചിയുമായി എത്തിച്ചേർന്നു. 236 ദിവസവും 14 മണിക്കൂറും 46 മിനിറ്റുമെടുത്താണ് അഭിലാഷ് ഫിനിഷ് ചെയ്തത്. 48,000 കിലോമീറ്ററാണ് അതിസാഹസികമായി അഭിലാഷ് പായ്‌വഞ്ചിയില്‍ ഏകനായി കടലില്‍ സഞ്ചരിച്ചത്.
മത്സരം പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ, ഏഷ്യൻ താരമെന്ന അപൂർവ നേട്ടം താരം സ്വന്തമാക്കി. സെപ്റ്റംബര്‍ നാല് മുതലാണ് അഭിലാഷ് ബയാനത് എന്നു പേരുള്ള പായ്‌വഞ്ചിയുമായി മത്സരം തുടങ്ങിയത്.
by liji HP News | Apr 29, 2023 | Latest News, കേരളം, ജില്ലാ വാർത്ത
സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ നേരിയ വർധന. പവന് 80 രൂപ കൂടി. ഒരു പവൻ സ്വർണത്തിന് ഇന്ന് 44,680 രൂപ.ഗ്രാമിന് പത്ത് രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന് 5585 രൂപ.ഈ മാസത്തിന്റെ തുടക്കത്തില്‍ 44,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഏപ്രിൽ 14ന് 45,320 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ടു. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്.

by liji HP News | Apr 29, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കായംകുളം: സോളാര്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ട. ഡിവൈഎസ്പി കെ ഹരികൃഷ്ണനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് രാമപുരത്തെ റെയില്‍വേ ലെവല്‍ ക്രോസിലാണ് ഹരികൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ ട്രാക്കിനു സമീപം നിര്‍ത്തിയിട്ടിരുന്ന ഹരികൃഷ്ണന്റെ കാറില്‍നിന്ന് ആത്മഹത്യാ കുറിപ്പു കണ്ടെത്തിയതായി വിവരമുണ്ട്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെ മൃതദേഹം കണ്ടെത്തിയിരുന്നെങ്കിലും ആളെ തിരിച്ചറിഞ്ഞിരുന്നില്ല. ഇന്ന് രാവിലെയാണ് ഹരികൃഷ്ണനാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചത്.
സോളാര്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഹരികൃഷ്ണനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ വിജിലന്‍സ് കേസും ഇയാള്‍ക്കെതിരെ ഉണ്ട്. സരിത എസ് നായരെ അറസ്റ്റു ചെയ്തതു മുതല്‍ ഹരികൃഷ്ണന്‍ വിവാദത്തിലായിരുന്നു. അര്‍ധരാത്രി തിടുക്കപ്പെട്ട് സരിതയെ അറസ്റ്റു ചെയ്തത് ഉന്നതരെ സംരക്ഷിക്കാനാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
Recent Comments