തിരുവനന്തപുരത്ത് ചെടിക്കമ്പ് മുറിച്ചതിന് 90കാരിക്ക് മരുമകളുടെ ക്രൂരമർദ്ദനം; കേസെടുത്ത് പൊലീസ്

തിരുവനന്തപുരത്ത് ചെടിക്കമ്പ് മുറിച്ചതിന് 90കാരിക്ക് മരുമകളുടെ ക്രൂരമർദ്ദനം; കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: ചെടിക്കമ്പ് മുറിച്ചതിന് 90 വയസായ വൃദ്ധക്ക് മരുമകളുടെ മർദ്ദനം. വിഴിഞ്ഞം തെരുവിൽ കൃഷ്ണമ്മക്കാണ് മർദനമേറ്റത്. ചെടിക്കമ്പ് മുയലിന് തീറ്റയായി നൽകി എന്ന പേരിലാണ് വൃദ്ധയ്ക്ക് മർദ്ദനമേറ്റത്. സംഭവത്തിൽ ഇളയ മകന്റെ ഭാര്യ വിഴിഞ്ഞം തെരുവ് പുതുവൽ വീട്ടിൽ സന്ധ്യ(41)ക്കെതിരെ കേസ് എടുത്തതായി വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി അറിയിച്ചു.

ഇന്നലെ ഉച്ചക്ക് ശേഷമാണ് സംഭവം. ആദ്യം വീട്ടു മുറ്റത്തു വച്ചും പിന്നീട് വീടിനുള്ളിലും വയോധികയെ മർദ്ദിച്ചു എന്നു ബന്ധുക്കൾ പറഞ്ഞു. മൂത്ത മകൻ വിജയമൂർത്തിയുടെ പരാതിയിലാണ് കേസ്. മുൻപും വയോധികയെ ഇവർ മർദിക്കാറുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. ഇവർ മർദ്ദിക്കുന്ന ദൃശ്യം പൊലീസുകാർ ഉൾപ്പെടെയുളള ഗ്രൂപ്പിൽ വന്നതോടെ വിഴിഞ്ഞം പൊലീസ് അന്വേഷണം നടത്തി. ഇവരുടെ വീട്ടിലെത്തി വൃദ്ധയുടെ മൊഴിയെടുത്തു. തുടർന്നാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്.

93 പവൻ സ്വർണവും ഒമ്പത് ലക്ഷം രൂപയും കൈക്കലാക്കി കബളിപ്പിച്ചെന്ന് പരാതി; വനിതാ എഎസ്ഐ അറസ്റ്റിൽ

ഒറ്റപ്പാലം: രണ്ടുപേരിൽ നിന്നായി 93 പവൻ സ്വർണവും ഒമ്പത് ലക്ഷം രൂപയും തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ വനിതാ എഎസ്ഐ അറസ്റ്റിൽ. മലപ്പുറം വളാഞ്ചേരി സ്റ്റേഷനിലെ എഎസ്ഐ ആര്യശ്രീ(47)യെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. മലപ്പുറം തവനൂര്‍ സ്വദേശിയാണ് ആര്യശ്രീ. ഇവരുടെ സുഹൃത്തായ പഴയന്നൂര്‍ സ്വദേശിനിയില്‍നിന്ന് 93 പവന്‍ സ്വർണാഭരണവും ഒന്നരലക്ഷം രൂപയും ഒറ്റപ്പാലം സ്വദേശിയില്‍നിന്ന് ഏഴരലക്ഷം രൂപയും വാങ്ങി വഞ്ചിച്ചെന്നാണ് കേസ്.

2017ലാണ് പരാതിക്കടിസ്ഥാനമായ ആദ്യ സംഭവം. 93 പവന്‍ തന്നാല്‍ ഒരുവര്‍ഷം കഴിഞ്ഞ് മൂന്ന് ലക്ഷം രൂപ ലാഭവും ആഭരണവും നൽകാമെന്ന് ആര്യശ്രീ സുഹൃത്തായ പഴയന്നൂർ സ്വദേശിക്ക് ഉറപ്പ് നൽകി സ്വർണാഭരണം കൈക്കലാക്കി‌.

പിന്നീട് മൂന്ന് തവണയായി ഒന്നരലക്ഷം രൂപയും കൈക്കലാക്കി. എന്നാൽ പണവും ആഭരണവും കിട്ടാതായതോടെയാണ് പരാതിക്കാരി പൊലീസിനെ സമീപിച്ചത്. തുടർന്ന് രണ്ടുവര്‍ഷം മുമ്പ് ഒറ്റപ്പാലം സ്വദേശിയില്‍നിന്ന് ഏഴരലക്ഷം രൂപ വാങ്ങിയെന്ന പരാതിയും ലഭിച്ചു. തുടർന്നു നടന്ന അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.

കാറ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു അപകടം

കാറ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു അപകടം

കുറവൻ കുഴിയിൽ കാറ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു. സംസ്ഥാനപാതയിൽ കിളിമാനൂരിന് സമീപം കുറവൻ കുഴിയിൽ ഇലക്ട്രിക് പോസ്റ്റിൽ കാർ ഇടിച്ചു. ആളപായമില്ല. പുലർച്ചെ 4. 30 ഓടെ ആയിരുന്നു അപകടം. എയർപോർട്ടിൽ പോയിട്ട് മടങ്ങി വരവേയാണ് അപകടത്തിൽപ്പെട്ടത്.

ചെന്നൈ സൂപ്പർ കിങ്സിനെ വീഴ്‌ത്തി സഞ്ജുവിന്റെ റോയൽസ്

ചെന്നൈ സൂപ്പർ കിങ്സിനെ വീഴ്‌ത്തി സഞ്ജുവിന്റെ റോയൽസ്

ജയ്പൂർ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ വീഴ്‌ത്തി സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ്. 32 റൺസിന് റോയൽസ് ചെന്നൈയെ തോൽപ്പിച്ചു. 203 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ചെന്നൈയ്‌ക്ക് ആറ് വിക്കറ്റ് നഷ്‌ടത്തിൽ 170 റൺസെടുത്ത് മടങ്ങേണ്ടി വന്നു. 33 പന്തിൽ 52 റൺസ് നേടിയ ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്കോറർ. വിജയത്തോടെ ചെന്നൈയെ മറികടന്ന് പോയിന്റ് പട്ടികയിൽ റോയൽസ് ഒന്നാമതെത്തി.

29 പന്തിൽ 47 റൺസെടുത്ത ഋതുരാജ് ഗെയ്ക്‌വാദ് ചെന്നൈയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് നൽകിയെങ്കിലും ഡെവോൻ കോൺവേ (16 പന്തിൽ 8), അജിങ്ക്യ രഹാനെ(13 പന്തിൽ 15), അമ്പാട്ടി റായിഡു( 2 പന്തിൽ 0) എന്നിവർക്ക് ഫോമിലെത്താൻ കഴിയാതെ വന്നത് ചെന്നൈയുടെ സ്കോര്‌ നിലയെ ബാധിച്ചു.റോയൽസിന് വേണ്ടി മൂന്ന് ഓവറിൽ 22 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആദം സാംപ ബൗളിങ്ങിൽ തിളങ്ങി. ആർ അശ്വിൻ രണ്ട് വിക്കറ്റും, കുൽദീപ് യാദവ് ഒരു വിക്കറ്റും നേടി.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രാജസ്ഥാൻ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുത്തിരുന്നു. 43 പന്തിൽ എട്ടു ഫോറുകളുടെയും നാലു സിക്സറുകളുമായി റോയൽസിന്റെ ഓപ്പണർ യശസ്വി ജയ്‌സ്വാൾ അടിച്ചെടുത്ത 77 റൺസ് ടീമിന് നട്ടെല്ലായി. ജോസ് ബട്ട്‌ലർക്കൊപ്പം ഓപ്പണിങ് വിക്കറ്റിൽ 8.2 ഓവറിൽ 86 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കാനും ജയ്‌സ്വാളിനായി.

ബട്ട്‌ലർ 21 പന്തിൽ നിന്ന് നാല് ബൗണ്ടറിയടക്കം 27 റൺസെടുത്ത് പുറത്തായി. തുടർന്നെത്തിയ ക്യാപ്റ്റൻ സഞ്ജു സാംസണ് തിളങ്ങാനായില്ല. 17 പന്തുകൾ നേരിട്ട സഞ്ജുവിന് 17 റൺസെടുക്കാനേ സാധിച്ചുള്ളൂ. വെറും ഒരു ബൗണ്ടറി മാത്രമാണ് താരത്തിന്റെ ഇന്നിങ്‌സിൽ ഉണ്ടായിരുന്നത്. തുടർന്നെത്തിയ ഷിംറോൺ ഹെറ്റ്മയറും (10 പന്തിൽ എട്ട്) നിറംമങ്ങിയതോടെ രാജസ്ഥാൻ ഇന്നിങ്‌സിന്റെ വേഗത കുറഞ്ഞു.
എന്നാൽ അഞ്ചാം വിക്കറ്റിൽ തകർത്തടിച്ച ധ്രുവ് ജുറെൽ – ദേവ്ദത്ത് പടിക്കൽ സഖ്യമാണ് രാജസ്ഥാനെ 200 കടത്തിയത്. ധ്രുവ് 15 പന്തിൽ നിന്ന് രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 34 റൺസെടുത്ത് അവസാന ഓവറിൽ പുറത്തായി. 13 പന്തുകൾ നേരിട്ട പടിക്കൽ അഞ്ച് ബൗണ്ടറിയടക്കം 27 റൺസോടെ പുറത്താകാതെ നിന്നു.

വന്ദേഭാരതിന് മികച്ച പ്രതികരണം; ആദ്യയാത്രയിൽ വരുമാനം 20 ലക്ഷം

വന്ദേഭാരതിന് മികച്ച പ്രതികരണം; ആദ്യയാത്രയിൽ വരുമാനം 20 ലക്ഷം

തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസിന്റെ കേരളത്തിലെ ആദ്യയാത്രയ്ക്ക് മികച്ച പ്രതികരണം. ആദ്യയാത്രയിൽ 20 ലക്ഷത്തോളം രൂപയാണ് വന്ദേഭാരതിന് വരുമാനമായി ലഭിച്ചത്. 26 നു കാസർകോടു നിന്ന് തിരുവനന്തപുരത്ത് എത്തിയ ആദ്യ സർവീസിൽ 19.50 ലക്ഷം രൂപ റിസർവേഷൻ ടിക്കറ്റ് വരുമാനം ലഭിച്ചതായാണ് പ്രാഥമിക കണക്ക്.
കൃത്യമായ കണക്കു ലഭ്യമായിട്ടില്ലെന്ന് റെയിൽവേ അധികൃതർ സൂചിപ്പിച്ചു.

വന്ദേഭാരതിന്റെ പൂർണ തോതിലുള്ള സർവീസ് ഇന്നു മുതൽ തുടങ്ങും. രാവിലെ 5.20 ന് തിരുവനന്തപുരത്തു നിന്നും ഉച്ചയ്ക്ക് 2.30 ന് തിരിച്ച് കാസർകോടു നിന്നും തിരുവനന്തപുരത്തേക്കുമാണ് സർവീസ്. ആദ്യദിനം കാസർകോടു നിന്നു പുറപ്പെട്ട വന്ദേഭാരത് ട്രെയിൻ ഏകദേശം 8 മിനിറ്റ് വൈകിയാണു തിരുവനന്തപുരത്തെത്തിയത്. ആദ്യത്തെ രണ്ടാഴ്ചത്തേക്ക് ഭൂരിഭാഗം സർവീസുകളിലും ടിക്കറ്റ് വെയ്റ്റ് ലിസ്റ്റിലാണ്.

‘ഓപ്പറേഷന്‍ കാവേരി’ തുടരുന്നു; 256 പേര്‍ കൂടി ജിദ്ദയിലെത്തി; ഇതുവരെ 1839 ഇന്ത്യക്കാരെ ഒഴിപ്പിച്ചു

‘ഓപ്പറേഷന്‍ കാവേരി’ തുടരുന്നു; 256 പേര്‍ കൂടി ജിദ്ദയിലെത്തി; ഇതുവരെ 1839 ഇന്ത്യക്കാരെ ഒഴിപ്പിച്ചു

ഡല്‍ഹി: ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ രക്ഷപ്പെടുത്താനുള്ള ഓപ്പറേഷന്‍ കാവേരി തുടരുകയാണ്. സുഡാനില്‍ നിന്നും ഇന്ത്യാക്കാരുടെ രണ്ടു സംഘം കൂടി സുരക്ഷിതരായി ജിദ്ദയിലെത്തി. കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്. പോര്‍ട്ട് സുഡാനില്‍ നിന്നും 135 പേരുടെ സംഘമാണ് വ്യോമസേന വിമാനത്തില്‍ ജിദ്ദയിലെത്തിയത്. സുഡാനില്‍ നിന്നും ഒഴിപ്പിക്കുന്ന ഒമ്പതാമത്തെ ബാച്ച് ആണിത്. 121 പേരുമായി എട്ടാം ബാച്ചും ജിദ്ദയിലെത്തിയിരുന്നു. സുഡാനിലെ വാഡി സെയ്ഡ്‌നയില്‍ നിന്നാണ് ഇവരെ ജിദ്ദയിലെത്തിച്ചത്. ഇന്ത്യന്‍ സംഘത്തെ കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍ വരവേറ്റു.

അതിനിടെ രക്ഷാദൗത്യത്തില്‍ പങ്കെടുക്കുന്ന നാവികസേനയുടെ മൂന്നാമത്തെ കപ്പലായ ഐഎന്‍എസ് തര്‍കാഷില്‍ 326 പേര്‍ ജിദ്ദയിലേക്ക് തിരിച്ചു. ഇതുവരെ 1839 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. എംബസി ഉദ്യോഗസ്ഥരുടെ കുടുംബാഗങ്ങളെയും സാഹസികമായി രക്ഷപ്പെടുത്തി.