by Midhun HP News | Apr 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ലക്ഷ്മി ഒപ്റ്റിക്കൽസ് ഉടമ നടരാജപിള്ള അന്തരിച്ചു. വർഷങ്ങളായി ആറ്റിങ്ങൽ നഗരസഭയ്ക്ക് എതിർവശത്ത് ലക്ഷ്മി ഒപ്റ്റിക്കൽസ് എന്ന സ്ഥാപനം നടത്തിയിരുന്ന നടരാജപിള്ള കഴിഞ്ഞ ദിവസം അന്തരിച്ചു. തിങ്കളാഴ്ച രാത്രി അസ്വസ്ഥതയുണ്ടാവുകയും അന്ത്യം സംഭവിക്കുകയും ആയിരുന്നു. ഇന്നലെ ഉച്ചയോടെ പൂവണത്തുമൂട്ടിലെ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു.
by Midhun HP News | Apr 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കോഴിക്കോട്: കേരളാ പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ ചുമതലയിൽ നിന്ന് ഐജി പി വിജയനെ നീക്കി. എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിന്റെ അന്വേഷണത്തിൽ എടിഎസ് സംഘത്തിന്റെ നേതൃത്വം വഹിച്ചത് ഇദ്ദേഹമായിരുന്നു. പൊതുമേഖലാ സ്ഥാപനമായ കേരളാ ബുക്സ് ആന്റ് പബ്ലിക്കേഷൻസിന്റെ എംഡിയുമായിരുന്നു. ഈ ചുമതലയിൽ നിന്നും അദ്ദേഹത്തെ നീക്കിയിട്ടുണ്ട്. സംസ്ഥാന പൊലീസ് സേനയിലെ ആഭ്യന്തര തർക്കമാണ് മാറ്റത്തിന് കാരണമെന്നാണ് വിവരം.
by Midhun HP News | Apr 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: എഐ ക്യാമറ ഇടപാടില്‍ വിജിലന്‍സ് അന്വേഷണത്തിന് മന്ത്രിസഭായോഗത്തില്‍ തീരുമാനം. ഗതാഗത വകുപ്പിന്റെ ഇടപാടുകളെക്കുറിച്ച് അഞ്ച് പരാതികളാണ് വിജിലന്‍സിന് ലഭിച്ചത്. മുന്‍ ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സ്ഥലം മാറ്റം ഉള്‍പ്പെടെ വിവിധ ഇടപാടുകളില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. പ്രാഥമിക അന്വേഷണത്തിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. രാജീവ് പുത്തലത്തിനെതിരായ ആരോപണത്തില്‍ രണ്ടാഴ്ച മുമ്പു തന്നെ വിജിലന്‍സ് പരിശോധിച്ചു തുടങ്ങിയിരുന്നു. സര്‍ക്കാരിന്റെ അനുമതിയോടെയായിരുന്നു പരിശോധന.
രാജീവ് പുത്തലത്തിനെതിരെയുള്ള ഒന്നാമത്തെ പരാതി എഐ ക്യാമറകള്‍ വാങ്ങിയതിലും സ്ഥാപിക്കലിലും അഴിമതി നടന്നു എന്നുള്ളതാണ്. ഇതില്‍ പരാതി ലഭിച്ച ഉടന്‍ തന്നെ വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിനെ വിവരം അറിയിച്ചു. വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റ് രണ്ടാണ് കേസ് അന്വേഷിച്ചു വരുന്നത്. എഐ ക്യാമറ വാങ്ങിയതുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നാണ് സൂചന.
by Midhun HP News | Apr 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി പ്രവര്‍ത്തനമാരംഭിച്ച കൊച്ചി മെട്രോ റെയില്‍ സര്‍വീസിന് പിന്നാലെ കേരളത്തിലെ ആദ്യ വാട്ടര്‍ മെട്രോയായിലും നിറ സാന്നിധ്യമായി തീര്‍ന്നിരിക്കുന്നു കുടുംബശ്രീ. പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്ത കൊച്ചി വാട്ടര്‍ മെട്രോയില്‍ മുപ്പത് കുടുംബശ്രീ അംഗങ്ങളാണ് ടിക്കറ്റിങ്, ഹൗസ് കീപ്പിങ് ജോലിയ്ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നത്.
കുടുംബശ്രീ അംഗങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനും അതുവഴി സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം വളര്‍ത്തുന്നതിനുമായി കുടുംബശ്രീ രൂപീകരിച്ച കുടുംബശ്രീ ഇനീഷ്യേറ്റീവ് ഫോര്‍ ബിസിനസ് സൊലൂഷന്‍സ് (കിബ്‌സ്) സൊസൈറ്റിയാണ് ഇവര്‍ക്ക് വാട്ടര്‍ മെട്രോയില്‍ വിവിധ സേവനങ്ങളേകാന്‍ അവസരം ലഭിച്ചത്. 18 പേര്‍ ടിക്കറ്റിങ് ജോലിക്കും 12 പേര്‍ ഹൗസ് കീപ്പിങ് ജോലിക്കും. കൊച്ചി ഈസ്റ്റ്, സൗത്ത്, മുളവുകാട്, എളംകുന്നപ്പുഴ എന്നീ സി.ഡി.എസുകളിലെ വിവിധ അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങളാണിവര്‍.
സ്വകാര്യ/സര്‍ക്കാര്‍/പൊതുമേഖല സ്ഥാപനങ്ങളില്‍ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തവും സംരംഭകത്വവും വളര്‍ത്തുന്നതിനും അതുവഴി ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവുമാണ് കിബ്സ് സൊസൈറ്റിയുടെ ലക്ഷ്യം. സംസ്ഥാനത്തെ സേവന മേഖലയിലെ പ്രധാന പങ്കാളിയാകാനുള്ള ശ്രമത്തിലാ ണ് കിബ്സ് സൊസൈറ്റി. 2022ല്‍ രൂപീകൃതമായ സൊസൈറ്റിയിലൂടെ വൈറ്റില മൊബിലിറ്റി ഹബ്, വ്യവസായ വകുപ്പ്, കില തുടങ്ങിയ വിവിധ ഇടങ്ങളിലായി 262 പേര്‍ക്ക് ഇതിനകം തൊഴില്‍ ലഭിച്ചു കഴിഞ്ഞു.
by Midhun HP News | Apr 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഫിഷറീസ് വകുപ്പ് വിവിധ പദ്ധതികളിലുൾപ്പെടുത്തി പൂർത്തീകരിച്ച ഏഴ് പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെയും ഒരു ഹോസ്റ്റൽ ബ്ലോക്കിന്റെയും ഫിഷർമെൻ യൂട്ടിലിറ്റി സെന്ററിന്റെയും ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. തിരുവനന്തപുരം വലിയതുറ ഗവൺമെന്റ് റീജിയണൽ ഫിഷറീസ് ടെക്‌നിക്കൽ ആൻഡ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ നടന്ന പരിപാടിയിൽ പുതിയ ഹോസ്റ്റൽ ബ്ലോക്കിന്റെ ഉദ്ഘാടനം നേരിട്ടും ഏഴ് സ്‌കൂൾ കെട്ടിടങ്ങൾ, ഒരു യൂട്ടിലിറ്റി സെന്റർ എന്നിവയുടെ ഉദ്ഘാടനം ഓൺലൈനായുമാണ് നിർവഹിച്ചത്.
മത്സ്യത്തൊഴിലാളി സമൂഹം വിദ്യാഭ്യാസ രംഗത്ത് നേരിടുന്ന പിന്നാക്കാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കണ്ടെത്തുക, വിദ്യാർത്ഥികളെ ഉന്നതവിദ്യാഭ്യാസം നേടുന്നതിന് സഹായിക്കുക, പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ വിവിധ കർമ്മ പദ്ധതികൾ സർക്കാർ ആവിഷ്‌കരിച്ച് സമയബന്ധിതമായി നടപ്പാക്കി വരുന്നതായി മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് പുതിയ സ്‌കൂൾ കെട്ടിടങ്ങൾ നിർമിച്ചത്.
ജി.യു.പി.എസ് കീക്കാൻ, ജി.എച്ച്.എസ്.എസ് പാക്കം, ജി.എം.യു.പി.എസ് പള്ളിക്കര (കാസർകോഡ്), ജി.എച്ച്.എസ്.എസ് ഇടവിലങ്ങ് (തൃശൂർ), ജി.യു.പി.എസ് ചിറയ്ക്കകം(എറണാകുളം), ജി.യു.പി.എസ് തകഴി (ആലപ്പുഴ) എന്നിവ കിഫ്ബി ധനസഹായത്തോടെയും ജി.എച്ച്.എസ്.എസ് മുഴുപ്പിലങ്ങാട് (കണ്ണൂർ), വലിയതുറ ജി.ആർ.എഫ്.ടി.എച്ച്.എസ് ഹോസ്റ്റൽ ബ്ലോക്ക് എന്നിവ ഫിഷറീസ് വകുപ്പിന്റെ മത്സ്യത്തൊഴിലാളി അടിസ്ഥാന സൗകര്യവും മാനവശേഷി വികസനവും എന്ന പദ്ധതിയിലുൾപ്പെടുത്തിയാണ് പൂർത്തിയാക്കിയത്. ഫിഷർമെൻ യൂട്ടിലിറ്റി സെന്റർ പദ്ധതിയിലുൾപ്പെടുത്തി കാസർകോഡ് അജാനൂരിൽ നിർമിച്ച യൂട്ടിലിറ്റി സെന്ററിന് 94.09 ലക്ഷം രൂപയാണ് ചെലവായത്.
ജില്ലയിലെ തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസസൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ 1967ലാണ് വലിയതുറ ജി.ആർ.എഫ്.ടി.എച്ച്.എസ് ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തനം ആരംഭിച്ചത്. ഹൈസ്‌കൂൾ വിഭാഗത്തിൽ ആകെ 120 കുട്ടികളും വൊക്കേഷണൽ വിഭാഗത്തിൽ 54 കുട്ടികളുമാണുള്ളത്. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി കൂടുതൽ വിദ്യാർത്ഥികളെ സ്‌കൂളിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കൽ പദ്ധതിയിലുൾപ്പെടുത്തിയാണ് പുതിയ ഹോസ്റ്റൽ കെട്ടിടം നിർമിച്ചത്.
പഴയ ഹോസ്റ്റൽ കെട്ടിടത്തിന്റെ നവീകരണം, പഴയ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിലെ ഓഡിറ്റോറിയം, കുളിമുറികൾ, വസ്ത്രം കഴുകി ഉണക്കുന്നതിനുള്ള സംവിധാനം, വാഷിംഗ് മെഷീൻ, അടുക്കള ഉപകരണങ്ങൾ, ലബോറട്ടറിക്കാവശ്യമായ ഫർണിച്ചറുകളും ഉപകരണങ്ങളും, ക്ലീനിംഗിനും ഫയർ ഫൈറ്റിംഗിനും ആവശ്യമായ ഉപകരണങ്ങൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
തീരദേശ വികസന കോർപ്പറേഷൻ മുഖേന 4.66 കോടി രൂപ അടങ്കൽ തുകയിൽ 5 ക്ലാസ് മുറികൾ, 10 ലാബുകൾ, ലൈബ്രറി, ഓഫീസ്മുറി, സ്റ്റാഫ് റൂം, ശുചി മുറികൾ എന്നിവ ഉൾപ്പെട്ട ഒരു അക്കാഡമിക്ക് ബ്ലോക്ക് നിർമാണം പൂർത്തിയായി പ്രവർത്തന സജ്ജമാണ്.
ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു ചടങ്ങിൽ അധ്യക്ഷനായി.
by Midhun HP News | Apr 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: അന്തരിച്ച നടൻ മാമുക്കോയ സത്യസന്ധനായ മനുഷ്യനായിരുന്നുവെന്ന് നടൻ സായികുമാർ. ആരോടും വിരോധം കാത്തുവെക്കാത്ത പ്രകൃതക്കാരനും നല്ല സുഹൃത്തുമായിരുന്നു. അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചെന്ന് അറിഞ്ഞപ്പോഴും തിരിച്ചുവരുമെന്ന് കരുതിയിരുന്നു. ബന്ധത്തെ കുറിച്ച് എങ്ങിനെ വിശദീകരിക്കാനാണ് ഞാൻ. വാക്കുകൾ കൊണ്ട് വിശദീകരിക്കാനാവുന്ന സൗഹൃദമല്ല. പല ഓർമ്മകളും മനസിലൂടെ പോകുന്നത്. ബാലകൃഷ്ണായെന്ന വിളിയാണ് ചെവിയിൽ മുഴങ്ങുന്നത്. നാടകത്തിൽ കൂടിയാണ് ഞാനും അദ്ദേഹവും വന്നത്. സഹിക്കാൻ പറ്റുന്നില്ല. വല്ലാത്തൊരു അനുഭവമാണ്. അനുഭവങ്ങളുടെ പാഠപുസ്തകമായിരുന്നു ഇന്നസെന്റേട്ടനും മാമുക്കോയയുമൊക്കെയെന്നും സായികുമാർ പറഞ്ഞു.
Recent Comments