തിരുവനന്തപുരത്ത് യുവാവിനെ സര്‍ജിക്കൽ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു

തിരുവനന്തപുരത്ത് യുവാവിനെ സര്‍ജിക്കൽ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു

തിരുവനന്തപുരം: യുവാവിന് നേരെ സ്ക്രൂ ഡ്രൈവറും സർജിക്കൽ ബ്ലേഡും ഉപയോഗിച്ച് ആക്രമണം. കിള്ളി തെക്കുംകര വീട്ടിൽ നിസാമിന് നേരെയാണ് ആക്രമണം. ഓട്ടോ ഡ്രൈവറായ നിസാമിനെ ഇന്നലെ രാത്രിയോടെയാണ് ഒര സംഘം ആക്രമിച്ചത്. കിള്ളി മേച്ചിറ പാലത്തിന് സമീപത് വച്ചായിരുന്നു സംഭവം.

വീട്ടിൽ നിന്നും ചായ കുടിക്കാനായി സമീപത്തെ ചായക്കടയിലേക്ക് വരുമ്പോൾ ബൈക്കിലെത്തിയ അഞ്ചംഗ സംഘം നിസാമിനെ പിടിച്ചു നിർത്തി സ്ക്രൂ ഡ്രൈവർ കൊണ്ട് കുത്തുകയും സർജിക്കൽ ബ്ലെയിഡ് ഉപയോഗിച്ച് ശരീരമാസകലം മുറിവേൽപ്പിക്കുകയും നിസാമിന്റെ നെഞ്ചിലും തോളിലും കഴുത്തിലും പുറത്തും സാരമായി പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസവും മെച്ചിറ ഭാഗത്ത് വച്ച് നിസാമിന് ആക്രമണം ഏറ്റു. ഇത് സംബന്ധിച്ച് കാട്ടാക്കട പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് വീണ്ടും ആക്രമണം.

സാരമായി പരിക്കേറ്റ നിസാമിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ തൈക്കാട് ആശുപത്രിയിൽ നിസാമിൻ്റെ ഭാര്യയുടെ പ്രസവം കഴിഞ്ഞ് രാവിലെ വീട്ടിലെത്തി വിശ്രമിച്ച ശേഷം വൈകുന്നേരം പുറത്തു പോകുമ്പോൾ ആയിരുന്നു ആക്രമണം. അക്രമത്തിൻ്റെ കാരണം എന്താണെന്ന് അന്വേഷിക്കുന്നതായി കാട്ടാക്കട പൊലീസ് അറിയിച്ചു.

534 ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചു; പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിക്കും

534 ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചു; പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിക്കും

ഡൽഹി: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ കുടുങ്ങിയ 534 ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചു. നേവിയുടെ ഐന്‍എസ് സുമേധയിലും, വ്യോമസേനയുടെ സി 130 വിമാനത്തിലുമാണ് ഇന്ത്യക്കാരെ സൗദിയിലെത്തിച്ചത്. വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍റെ നേതൃത്വത്തില്‍ ജിദ്ദ തുറമുഖത്ത് ഇന്ത്യക്കാരെ സ്വീകരിച്ചു.
സൗദി സമയം രാത്രി പതിനൊന്ന് മണിയോടെയാണ് 278 ഇന്ത്യക്കാരുമായി നാവികസേനയുടെ ഐഎന്‍എസ് സുമേധ ജിദ്ദ തുറമുഖത്ത് അടുത്തത്. വിദേശകാര്യ സഹമന്ത്രി വി.മുരളീധരനൊപ്പം സൗദി വിദേശകാര്യമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇന്ത്യക്കാരെ സ്വീകരിക്കാനെത്തിയിരുന്നു. സുഡാനില്‍ നിന്ന് രക്ഷപെട്ടെത്തിയവര്‍ കയ്യടികളോടെയാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് നന്ദി രേഖപ്പെടുത്തിയത്.

ഐഎന്‍എസ് സുമേധയ്ക്ക് പിന്നാലെ ഇന്ത്യന്‍ വ്യോമസേനയുടെ സി 130 വിമാനം ഉപയോഗിച്ചും പോര്‍ട്ട് സുഡാനില്‍ നിന്ന് കൂടുതൽ ഇന്ത്യക്കാരെ ജിദ്ദയിലേക്ക് എത്തിച്ചു. ജിദ്ദയിലെ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂളില്‍ ഇവര്‍ക്ക് താല്‍ക്കാലിക താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ സ്കൂളിലെത്തി സൗകര്യങ്ങൾ വിലയിരുത്തി. ജിദ്ദയില്‍ നിന്ന് എത്രയും വേഗം ഇവരെ പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും.

സുഡാനില്‍ കുടുങ്ങിക്കിടക്കുന്ന കൂടുതല്‍ ഇന്ത്യക്കാരെ രക്ഷിക്കുന്നതിന് നേവിയുടെ ഐഎന്‍എസ് തേഗ് പോര്‍ട് സുഡാനിലെത്തിയിട്ടുണ്ട്. വ്യോമസേനയുടെ സി 130 വിമാനം ഉപയോഗിച്ച് പോര്‍ട്ട് സുഡാനില്‍ നിന്ന് കൂടുതല്‍ പേരെ ജിദ്ദയിലെത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. സുഡാനിൽ ആകെ മൂവായിരത്തോളം ഇന്ത്യക്കാ‍രുണ്ടെന്നാണ് കണക്ക്.

അരിക്കൊമ്പന്റെ സ്ഥലംമാറ്റം; വിദ​ഗ്ധ സമിതി റിപ്പോർട്ട്  സർക്കാരിന് ഇന്ന് കൈമാറും

അരിക്കൊമ്പന്റെ സ്ഥലംമാറ്റം; വിദ​ഗ്ധ സമിതി റിപ്പോർട്ട് സർക്കാരിന് ഇന്ന് കൈമാറും

ഇടുക്കി: ഇടുക്കിയിലെ അരിക്കൊമ്പനെ മയക്കു വെടിവച്ച് പിടികൂടി മാറ്റേണ്ട സ്ഥലം സംബന്ധിച്ച റിപ്പോർട്ട് ഇന്ന് സർക്കാരിനു കൈമാറും. മാറ്റേണ്ട സ്ഥലത്തെ സംബന്ധിച്ച റിപ്പോർട്ട് ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി ഇന്നലെ അഡീഷണൽ അഡ്വക്കേറ്റ് ജനറലിനു കൈമാറിയിരുന്നു. റിപ്പോർട്ട് ലഭിച്ചാൽ ദൗത്യം സംബന്ധിച്ച സർക്കാർ തീരുമാനം ഇന്നുണ്ടായേക്കും. സ്ഥലം ഏതെന്ന് വിദഗ്ദ്ധ സമിതി അംഗീകരിച്ചാൽ കേടതിയുടെ അനുമതിക്ക് കാത്തു നിൽക്കാതെ ദൗത്യം തുടങ്ങാമെന്ന് ഉത്തരവിട്ടിരുന്നു. സ്ഥലപ്പേര് മുദ്രവച്ച കവറിൽ കോടതിക്ക് കൈമാറിയ ശേഷം ദൗത്യം നടത്തിയാൽ മതിയെന്നും ഒരു വിഭാഗം പറയുന്നുണ്ട്. പെരിയാർ കടുവ സങ്കേതം ഉൾപ്പെടെയുള്ള സ്ഥലങ്ങളാണ് പരിഗണിക്കുന്നത്. ഇതിനായി പെരിയാറിൽ കഴിഞ്ഞ ദിവസം ട്രയൽ റൺ നടത്തിയിരുന്നു.

കാസർകോട് നിന്ന് പുറപ്പെടേണ്ട വന്ദേ ഭാരതിൽ സാങ്കേതിക തകരാർ

കാസർകോട് നിന്ന് പുറപ്പെടേണ്ട വന്ദേ ഭാരതിൽ സാങ്കേതിക തകരാർ

കാസർകോട്: ഇന്ന് ഉച്ചയ്ക്ക് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പടേണ്ട വന്ദേ ഭാരത് എക്സ്പ്രസിലെ എസി ഗ്രില്ലിൽ ലീക്ക് കണ്ടെത്തി. ഇതേ തുടർന്ന് റെയിൽവെയുടെ സാങ്കേതിക വിഭാഗം ജീവനക്കാർ പരിശോധന നടത്തി. കണ്ണൂരിലാണ് വന്ദേ ഭാരത് ട്രെയിൻ നിർത്തിയിട്ടിരുന്നത്. ഐസിഎഫിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരാണ് പരിശോധന നടത്തിയത്. ആദ്യ സർവീസ് ആയതിനാൽ ഇത്തരം പ്രശ്നം സാധാരണ ഉണ്ടാകാറുണ്ടെന്നും കുറച്ചു ദിവസം കൂടി ഇത്തരം പരിശോധന തുടരും എന്നും റെയിൽവെ അധികൃതർ പറഞ്ഞു. കാസർകോട് ട്രെയിൻ ഹാൾട് ചെയ്യാൻ ട്രാക് ഇല്ലാത്തതിനാൽ കണ്ണൂരിലായിരിക്കും വന്ദേ ഭാരത് നിർത്തിയിടുകയെന്നും അധികൃതർ വ്യക്തമാക്കി.

കേരളത്തിന് അഭിമാനം; വന്ദേ ഭാരത് എക്‌സ്പ്രസ്, കൊച്ചി വാട്ടർ മെട്രോ സർവീസുകൾ ഇന്നു മുതൽ

കേരളത്തിന് അഭിമാനം; വന്ദേ ഭാരത് എക്‌സ്പ്രസ്, കൊച്ചി വാട്ടർ മെട്രോ സർവീസുകൾ ഇന്നു മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ വന്ദേ ഭാരത് എക്‌സ്പ്രസും കൊച്ചി വാട്ടർ മെട്രോയും സർവീസ് ആരംഭിക്കും. കാസർകോട് നിന്നും ഉച്ചയ്‌ക്ക് 2.30 ന് വന്ദേ ഭാരത് എക്‌സ്പ്രസ് പുറപ്പെടും. കൊച്ചി വാട്ടർ മെട്രോ ഹൈക്കോടതി– വൈപ്പിൻ റൂട്ടിലാണ് ഇന്ന് സർവീസ് ആരംഭിക്കുക.

ഉച്ചയ്ക്ക് 2.30ന് കാസർകോടു നിന്നു പുറപ്പെടുന്ന എക്‌സ്പ്രസ് രാത്രി 10.35 ഓടെ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തും. 11 ജില്ലകളിലൂടെ കടന്നുപോകുന്ന ട്രെയിന് ഒൻപതു സ്റ്റോപ്പുകളാണ് ഉള്ളത്. ഉച്ചകഴിഞ്ഞ് 3.30 ന് കണ്ണൂരിലും 4.30 ന് കോഴിക്കോടും 05.30 ന് ഷൊർണൂർ ജംഗ്ഷനിലും 06.05 ന് തൃശൂരിലും 07.08 എറണാകുളം ടൗണിലും 08.02 കോട്ടയത്തും 09.20 കൊല്ലം ജംഗ്ഷനിലും 10.35 ന് തിരുവനന്തപുരത്തും ട്രെയിൻ എത്തിച്ചേരും.

28 മുതൽ തിരുവനന്തപുരം- കാസർകോട് സർവീസ് ആരംഭിക്കും. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രണ്ടു പദ്ധതികളും നാടിന് സമർപ്പിച്ചത്.
രാവിലെ ഏഴ് മണി മുതലാണ് ഹൈക്കോടതി– വൈപ്പിൻ റൂട്ടിൽ വാട്ട‍ർ മെട്രോ സ‍ർവീസ് ആരംഭിക്കുക. രാത്രി എട്ടു വരെ സർവീസ് ഉണ്ടാകും. നാളെ മുതൽ മുതൽ വൈറ്റില– കാക്കനാട് റൂട്ടിലും വാട്ട‍ർ മെട്രോ ഓടിത്തുടങ്ങും.

ഈ റൂട്ടിലെ സമയക്രമം തീരുമാനിച്ചിട്ടില്ല. ആദ്യഘട്ടത്തിൽ ഒൻപതു ബോട്ടുകളാണ് സ‍ർവീസിന് തയ്യാറായിരിക്കുന്നത്. 15 മിനിറ്റ് ഇടവിട്ട് ബോട്ടുകളുണ്ടാകും. വാട്ടർ മെട്രോയുടെ വരവോടെ കൊച്ചിയുടെ ഗതാഗതമേഖലയ്ക്കും വിനോദസഞ്ചാരത്തിനും കുതിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷ.

ആശാൻ സ്മാരക കവിതാ പുരസ്കാരം എസ് കലേഷിന്

ആശാൻ സ്മാരക കവിതാ പുരസ്കാരം എസ് കലേഷിന്

തിരുവനന്തപുരം: കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ യുവ കവികൾക്കായി ഏർപ്പെടുത്തിയ കെ സുധാകരൻ സ്മാരക ആശാൻ യുവ കവി പുരസ്‌കാരത്തിന് കവി എസ് കലേഷ് അർഹനായി. ആട്ടക്കാരി എന്ന കവിതാ സമാഹാരത്തിനാണ് 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ. ബി ഭുവനേന്ദ്രൻ, രാമചന്ദ്രൻ കരവാരം, ശാന്തൻ എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് 51 കവിതാ സമാഹാരങ്ങളിൽ നിന്ന് കൃതി തിരഞ്ഞെടുത്തത്.

യുവതയുടെ പുതിയ കരുത്തും സന്ദേശവുമാണ് കലേഷിന്റെ കവിതകൾ. അത് സത്യസന്ധതയുടെ ആർഭാടരഹിതമായ കവിതയാണെന്ന് പുരസ്‌കാരസമിതി വിലയിരുത്തി.
മെയ് നാലിന് വൈകീട്ട് അഞ്ചിന് കായിക്കര ആശാൻ സ്മാരകത്തിൽ നടക്കുന്ന പരിപാടിയിൽ ഭക്ഷ്യ മന്ത്രി ജിആർ അനിൽ പുരസ്‌കാരം സമ്മാനിക്കും. പത്തനംതിട്ട കുന്നന്താനം സ്വദേശിയായ കലേഷ് സമകാലിക മലയാളം വാരിക പത്രാധിപസമിതിയംഗമാണ്. എസ് കലേഷിന്റെ മൂന്നാമത്തെ കവിതാ സമാഹാരമാണ് ആട്ടക്കാരി. കേരള സാഹിത്യ അക്കാദമി കനകശ്രീ പുരസ്‌കാരം, വിടി കുമാരൻ മാസ്റ്റർ പുരസ്‌കാരം തുടങ്ങിയ ബഹുമതികൾക്കർഹനായിട്ടുണ്ട്.