by Midhun HP News | Feb 7, 2026 | Latest News, കേരളം
കൊല്ലം: കൊല്ലം നെടുവത്തൂരില്‍ ചുരിദാര്‍ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞതില്‍ സ്‌കൂള്‍ മാനേജര്‍ക്കെതിരെ കേസെടുത്തു. നെടുവത്തൂര്‍ ഈശ്വരവിലാസം ഹൈസ്‌കൂളിലെ മാനേജര്‍ സുരേഷ് കുമാറിനെതിരെയാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്.
അധ്യാപികയുടെ പരാതിയില്‍ സെക്യുരിറ്റി ജീവനക്കാരന്‍ ശശാങ്കനെതിരെ നേരത്തെ കേസെടുത്തിരുന്നു. ഇയാളെ മാനേജ്‌മെന്റ് സ്‌കൂളില്‍ നിന്ന് പുറത്താക്കിയിരുന്നു. പ്രധാനാധ്യാപികയെന്ന പരിഗണന നല്‍കാതെ അവഹേളിച്ചെന്ന് സംഭവത്തില്‍ സംഭവത്തില്‍ അധ്യാപികയുടെ പരാതിയില്‍ നേരത്തെ കൊട്ടാരക്കര പൊലീസ് സുരക്ഷാ ജീവനക്കാരനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തില്‍വിടുകയും ചെയ്തിരുന്നു.
എന്നാല്‍ സെക്യൂരിറ്റിയെ മാത്രം പ്രതി ചേര്‍ത്തതില്‍ പ്രതിഷേധം ശക്തമായിരുന്നു. ഇതോടെയാണ് പ്രേരണാക്കുറ്റം ചുമത്തി മാനേജര്‍ക്കെതിരെയും കേസെടുത്തത്. സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. വിഷയത്തില്‍ കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി ആവശ്യപ്പെട്ടു. അധ്യാപികയെ തടഞ്ഞ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പും നടപടി ആരംഭിച്ചിട്ടുണ്ട്.
രണ്ട് ദിവസം മുമ്പ് കൊട്ടാരക്കര നെടുവത്തൂര്‍ ഈശ്വരവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു സംഭവം. എസ്. സിന്ധു എന്ന അധ്യാപികയെയാണ് തടഞ്ഞത്. മാനേജറുടെ നിര്‍ദേശപ്രകാരമാണ് തടഞ്ഞതെന്ന് സെക്യൂരിറ്റി ജീവനക്കാരനും സിന്ധുവും പറഞ്ഞിരുന്നു. നേരിട്ടത് കടുത്ത അപമാനമാണെന്നും നീതി ലഭിക്കും വരെ നിയമപോരാട്ടം തുടരുമെന്നും അധ്യാപിക പറഞ്ഞിരുന്നു. തടഞ്ഞതിന് പിന്നാലെ അധ്യാപിക ഗേറ്റിന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു. പിന്നീട് പൊലീസ് എത്തിയാണ് അധ്യാപികയെ സ്‌കൂളില്‍ പ്രവേശിപ്പിച്ചത്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് അധ്യാപിക ചുരിദാര്‍ ധരിച്ച് സ്‌കൂളിലെത്തിയത്.
by Midhun HP News | Feb 7, 2026 | Latest News, കേരളം
കോഴിക്കോട്: സോഷ്യൽ മീഡിയയിലൂടെ വ്യക്തിഹത്യയ്ക്കിരയായി കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു ദീപക്ക് ജീവനൊടുക്കിയ കേസിൽ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക . കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിവരെ കസ്റ്റഡിയിൽ കിട്ടിയ ഷിംജിതയെ മെഡിക്കൽ കോളജ് പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു .
ജനുവരി 16നാണ് ബസ് യാത്രക്കിടെ ദീപക്കിന്‍റെ വിഡിയോ യുവതി പകർത്തുകയും പിന്നീട് സാമൂഹ്യ മാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തത്. ദീപകിന്റെ ആത്മഹത്യക്ക് പിന്നാലെ ഒളിവിൽ പോയ പ്രതിയെ വടകരയിലെ ബന്ധു വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ നേരത്തെ കുന്നമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് തള്ളിയിരുന്നു. ഇതോടെ ഷിംജിത റിമാൻഡിൽ തുടരും. ഇതിന് പിന്നാലെയാണ് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്.
അതേസമയം, താൻ ഉന്നയിച്ച ലൈംഗികാരോപണത്തിൽ ഉറച്ചു നിൽക്കുന്നതായി ഷിംജിത മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു . എന്നാൽ നിയമനടപടി സ്വീകരിക്കാതെ, സമൂഹമാധ്യമത്തിൽ വീഡിയോ പ്രചരിപ്പിക്കുന്നതിലൂടെ വൈറലാകാനുള്ള ശ്രമമാണ് ഷിംജിതയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് പ്രോസിക്യൂഷന്‍റെ വാദം.
by Midhun HP News | Feb 6, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 1000 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വില 1,12,720 രൂപയാണ്. ഇന്ന് രാവിലെ പവന് 1520 രൂപയാണ് കുറഞ്ഞെങ്കിലും ഉച്ചയോടെ വില കൂടുകയായിരുന്നു.
രാവിലെ 13,965 രൂപയായിരുന്ന ഗ്രാം വില. ഉച്ചയോടെ ഗ്രാമിന് 125 രൂപയാണ് കൂടിയത്. വന്‍ കുതിപ്പ് കാണിച്ച വില ഏതാനും ദിവസങ്ങളായി കൂടിയും കുറഞ്ഞും നില്‍ക്കുകയാണ്. ഇന്നലെ പവന് ഒറ്റയടിക്ക് 3680 രൂപയാണ് കുറഞ്ഞത്.ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുതിക്കുകയായിരുന്നു.


by Midhun HP News | Feb 6, 2026 | Latest News, കേരളം
തൃശൂര്‍: കേരളത്തിന്റെ സംസ്‌കാരവും കലകളും ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തിയ പത്മശ്രീ പെപിത സേത്ത് ഇനി ഇന്ത്യൻ പൗരൻ. വെള്ളിയാഴ്ച തൃശൂര്‍ കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനില്‍ നിന്ന് അവര്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. അമ്പതുവര്‍ഷത്തിലേറേയായി കേരളത്തിന്റെ വളര്‍ത്തുമകളായ പെപിത സേത്തിന് ഈ നാട് ഔദ്യോഗികമായി സ്വന്തമാവുകയാണ്.
കാവുകളും ആനയും പൂരവുമെല്ലാം ഹൃദയത്തോട് ചേർത്തുപിടിച്ച പെപിതയ്ക്ക് തൃശൂര്‍ ജില്ല കലക്ടര്‍ അര്‍ജുന്‍പാണ്ഡ്യന്‍ പൗരത്വരേഖകള്‍ കൈമാറി. ഇന്ത്യന്‍ പൗരത്വം സ്വീകരിക്കാനുള്ള പെപിതയുടെ തീരുമാനത്തിന് ഇതോടെ ഔദ്യോഗിക അംഗീകാരമായി. അപൂര്‍വ്വമായ നിമിഷം എന്നായിരുന്നു പൗരത്വം രേഖയുടെ കൈമാറ്റത്തെ കലക്ടര്‍ വിശേഷിപ്പിച്ചത്. എണ്‍പതാം വയസില്‍ ഔദ്യോഗികമായി ഇന്ത്യക്കാരിയാകുന്നതില്‍ അഭിമാനമുണ്ടെന്ന് പെപിതയും പറഞ്ഞു.
ബ്രിട്ടീഷ് പട്ടാളക്കാരനായിരുന്ന അമ്മയുടെ മുത്തച്ഛന്റെ ഡയറിത്താളുകളില്‍ നിന്നാണ് പെപിത ഇന്ത്യയെ കുറിച്ചറിയുന്നത്. ഫോട്ടോഗ്രാഫറും എഴുത്തുകാരിയുമായ പെപിത 27-ാം വയസ്സിലാണ് ഇന്ത്യയിലേക്ക് തിരിച്ചത്. നിക്കോണ്‍ ക്യാമറയില്‍ അവര്‍ പകര്‍ത്തിയ, മദപ്പാടില്‍ പനമ്പട്ടയും മണ്ണും വീശിയെറിയുന്ന ഗുരുവായൂര്‍ കേശവന്റെ അപൂര്‍വചിത്രം ലോകശ്രദ്ധ നേടി. 1981-ല്‍ ഗുരുവായൂര്‍ അടക്കമുള്ള ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ ഹിന്ദു ആചാരപ്രകാരമുള്ള അനുമതിയും പെപിത നേടിയെടുത്തു.
ഗാന്ധി എന്ന ആറ്റന്‍ബറോയുടെ വിശ്വപ്രസിദ്ധമായ സിനിമയില്‍ ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ വേഷമിട്ട റോഷന്‍ സേത്തായിരുന്നു ജീവിതപങ്കാളി. പിന്നീട് സേത്തുമായി വേര്‍പിരിഞ്ഞെങ്കിലും പേരില്‍ അവര്‍ ഇപ്പോഴും സേത്ത് എന്ന് ചേര്‍ക്കുന്നു. ജന്മംകൊണ്ട് ബ്രിട്ടീഷുകാരിയായെങ്കിലും ഇന്ത്യയിലും കൂടുതലായി കേരളത്തിലും ജീവിച്ചുതീര്‍ത്ത അവര്‍ക്ക് ഇനി ബ്രിട്ടനിലേക്ക് മടങ്ങേണ്ട. ഈ നാട് അവരെ മകളായി സ്വീകരിച്ചിരിക്കുന്നു എന്നതില്‍ മറ്റാരേക്കാളും അവര്‍ ആഹ്ളാദിക്കുന്നതും അതുകൊണ്ടുതന്നെ.


by Midhun HP News | Feb 6, 2026 | Latest News, കേരളം
കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് ജോസ് കെ മാണി. ജോസഫ് ഗ്രൂപ്പും കേരള കോണ്‍ഗ്രസ് രക്തത്തിന്റെ ഭാഗമാണെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി പറഞ്ഞു. അവര്‍ വന്നാല്‍ സംരക്ഷണം നല്‍കുമെന്നും ജോസ് കെ മാണി വ്യക്തമാക്കി.
‘പണ്ട് അവരെ നമ്മുടെ തറവാട്ടിലേക്ക് കൂട്ടിച്ചേര്‍ത്തിരുന്നു. അതിന്റെ വിഷയമങ്ങളും ദുഃഖങ്ങളും പ്രയാസങ്ങളുമൊക്കെ ഞങ്ങള്‍ അനുഭവിച്ചു. അവിടെ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇവിടേക്ക് വന്നാല്‍ സംരക്ഷണം കൊടുക്കാം. ഇതു പറയുമ്പോള്‍ അങ്ങനെയല്ല, ഇങ്ങിനെയല്ല എന്നെല്ലാം അവര്‍ പറഞ്ഞേക്കാം. എന്തായാലും തീരുമാനം അവരുടേതാണ്’. ജോസ് കെ മാണി പറഞ്ഞു.
‘എന്തൊക്കെയായാലും അവിടെ നില്‍ക്കുമ്പോള്‍ സൂക്ഷിച്ചോളൂ. എല്‍ഡിഎഫിലേക്ക് വരുമോയെന്നൊക്കെ അവര്‍ പറയട്ടെ. എന്തായാലും അവര്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. മുമ്പ് തറവാട്ടില്‍ വന്നപ്പോള്‍ എന്തു ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കിയത്. അതുതന്നെയാണ് ഇപ്പോള്‍ അവിടെയും സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്നാണ് തോന്നുന്നതെ’ന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.


by Midhun HP News | Feb 6, 2026 | Latest News, കേരളം
കൊച്ചി: പാതിവില തട്ടിപ്പില്‍ ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണനെതിരെ കേസ്. പാതി വിലയ്ക്ക് ഇരുചക്ര വാഹനം നല്‍കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയെന്ന പറവൂര്‍ ചെങ്ങമനാട് സ്വദേശിയുടെ പരാതിയില്‍ ആണ് നടപടി. തൃക്കാക്കര പൊലീസാണ് കേസെടുത്തത്.
എ എന്‍ രാധാകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന സന്നദ്ധ സംഘടനയ്‌ക്കെതിരെയാണ് പറവൂര്‍ സ്വദേശി പരാതി നല്‍കിയത്. എന്‍ രാധാകൃഷ്ണന് പുറമെ സുമേഷ് രൂപേഷ് മേനോന്‍, കെ ടി ബിനീഷ് എന്നിവരാണ് മറ്റ് പ്രതികള്‍. പാതി വിലയ്ക്ക് ഇരുചക്ര വാഹനം നല്‍കാമെന്ന വാഗ്ദാനം വിശ്വസിച്ച് 63,500 രൂപയാണ് പരാതിക്കാരന്‍ നല്‍കിയത്.
പണം നല്‍കി രണ്ട് വര്‍ഷം പിന്നിട്ടിട്ടും വാഹനമോ പണമോ ലഭിച്ചില്ലെന്നാണ് പരാതി. എ എന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച ശേഷമാകും തുടര്‍ നടപടികൾ.


Recent Comments