by Midhun HP News | May 15, 2026 | Latest News, കേരളം
തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന നേതാവ് ജി കാർത്തികേയന്റെ വീട്ടിലെത്തി നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍. വികാരനിര്‍ഭര രംഗങ്ങളാണ് വീട്ടിലുണ്ടായത്. ജി കാര്‍ത്തികേയന്റെ പത്‌നി സുലേഖ ടീച്ചറെ കെട്ടിപ്പിടിച്ച വി ഡി സതീശന്‍ കണ്ണു നിറഞ്ഞ് വിതുമ്പി. സുലേഖ ടീച്ചര്‍ സതീശനെ ആശ്വസിപ്പിച്ചു. തുടര്‍ന്ന് സുലേഖയുമായി വി ഡി സതീശന്‍ ആശയവിനിമയം നടത്തി.
കാര്‍ത്തികേയന്‍ സാറുമായി തനിക്കുള്ള ബന്ധം എല്ലാവര്‍ക്കും അറിയാവുന്നതാണെന്ന് വിഡി സതീശൻ പറഞ്ഞു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്നും പുറത്തുപോയ ആളാണ് താന്‍. തിരിച്ചു വന്നപ്പോള്‍ 1996 ലും 2001 ലും നിയമസഭയിലേക്ക് മത്സരിപ്പിക്കണമെന്നും, എംഎല്‍എയായാല്‍ പാര്‍ട്ടിക്ക് നേട്ടമായിരിക്കുമെന്ന് എകെ ആന്റണിയേയും കെ കരുണാകരനേയും കണ്ടു പറഞ്ഞ് ബോധ്യപ്പെടുത്തിയ ആളാണ് കാര്‍ത്തികേയന്‍. ഇതെന്റെ കുടുംബമാണെന്നും വിഡി സതീശന്‍ പറഞ്ഞു.
‘ഞാനാണ് ഈ വീട്ടിലെ മൂത്ത ആളെന്ന് ജി കാര്‍ത്തികേയന്റെ മകന്‍ കെഎസ് ശബരിനാഥനോട് പറയാറുണ്ട്. സുലേഖ ടീച്ചറും എല്ലാക്കാലത്തും തന്നോട് വാത്സല്യം കാണിച്ചിട്ടുണ്ട്. കാര്‍ത്തികേയന്റെ വിരല്‍ത്തുമ്പില്‍ തൂങ്ങിയാണ് താന്‍ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്തതാണ് ജി കാര്‍ത്തികേയനും അദ്ദേഹത്തിന്റെ കുടുംബവും. ഇവിടെ വന്നില്ലെങ്കില്‍ പിന്നെ താനെവിടെ പോകാനാണെന്നും’ വിഡി സതീശന്‍ ചോദിച്ചു.
ഞങ്ങള്‍ക്ക് രണ്ടാണ്‍മക്കളാണുള്ളതെന്നും, അവരുടെ ചേട്ടനാണ് സതീശനെന്നും സുലേഖ ടീച്ചര്‍ പ്രതികരിച്ചു. നിങ്ങള്‍ക്കെല്ലാം സതീശന്‍ മുഖ്യമന്ത്രി ആയിരിക്കാം. എന്നാല്‍ എനിക്കും കാര്‍ത്തികേയന്‍ സാറിനും സതീശന്‍ ഞങ്ങളുടെ മൂത്ത മകനാണ്. സതീശന് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് ആദ്യം തിരിച്ചറിഞ്ഞത് കാര്‍ത്തികേയനാണ്. അവന്‍ കേരളത്തിന്റെ ഭാവിയാണെന്ന് കാര്‍ത്തികേയന്‍ പറഞ്ഞിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയെപ്പോലെ പാവങ്ങളെ ചേര്‍ത്തുപിടിക്കുന്ന, മതനിരപേക്ഷ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന, കേരളം എന്നെന്നും ഓര്‍ക്കുന്ന മുഖ്യമന്ത്രിയായി സതീശന്‍ മാറട്ടെ എന്ന് ആഗ്രഹിക്കുന്നു എന്നും സുലേഖ പറഞ്ഞു.

by Midhun HP News | May 15, 2026 | Latest News, കേരളം
തിരുവനന്തപുരം: മുസ്ലിം ലീഗിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത്, ഒരു വിദ്വേഷ ക്യാംപെയ്ന്‍ സംസ്ഥാനത്ത് ഉണ്ടാക്കി കേരളത്തില്‍ വിഭജനം ഉണ്ടാക്കാനാണെന്ന് നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍. മുസ്ലിം ലീഗ് കോണ്‍ഗ്രസിന്റെ കൂടെയുള്ള പ്രധാനപ്പെട്ട ഘടകകക്ഷിയാണ്. യുഡിഎഫ് തെരഞ്ഞെടുപ്പ് വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ച കക്ഷിയാണ്. കെ കരുണാകരന്റെ കാലം മുതല്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. വിജയത്തില്‍ അവര്‍ക്കും പ്രധാന റോളുണ്ട്.
കേരളത്തില്‍ മുസ്ലിം ലീഗ് ദുര്‍ബലമായാല്‍ ആ സ്‌പേസ് വര്‍ഗീയശക്തികള്‍ കയ്യടക്കും. അതിനെ തടുത്തു നിര്‍ത്തുന്ന രാഷ്ട്രീയ പാര്‍ട്ടി കൂടിയാണ് മുസ്ലിം ലീഗ്. ലീഗിനെ എതിര്‍ക്കുന്നവര്‍ അതുകൂടി മനസ്സിലാക്കണം. വിദ്വേഷ പ്രചാരണത്തോട് ഒരു വിട്ടുവീഴ്ചയുമില്ല. മതേതര നിലപാടില്‍ ഒരു കോംപ്രമൈസുമില്ല. തെരഞ്ഞെടുപ്പ് കാലത്ത് വിട്ടുവീഴ്ച ചെയ്തിട്ടില്ല, പിന്നെയാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് കോംപ്രമൈസ് ചെയ്യാന്‍ പോകുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.
കേരളത്തെ ഭിന്നിപ്പിക്കാന്‍ ഒരു തരത്തിലും സമ്മതിക്കില്ല. വരാനിരിക്കുന്ന തലമുറകള്‍ സൗഹാര്‍ദ്ദത്തോടെ ജീവിക്കുന്ന ഒരു കേരളം. അതു തകര്‍ക്കാന്‍ ഒരു ശക്തിയെയും സമ്മതിക്കില്ല. എന്തു വില കൊടുത്തും അതിനെ എതിര്‍ക്കും. സാമുദായനേതാക്കളുടെ ബാഗത്തു നിന്നും ഒരിക്കലും അത്തരം പ്രസ്താവനകള്‍ ഉണ്ടാകരുതെന്നാണ് തന്റെ അഭ്യര്‍ത്ഥന. അവര്‍ക്ക് വേണമെങ്കില്‍ വ്യക്തിപരമായി തന്നെ വിമര്‍ശിക്കാം. ഇത് മതേതര കേരളമാണ്. ഇതില്‍ ഒരു പോറല്‍ വീഴ്ത്താന്‍ പോലും സമ്മതിക്കില്ലെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകളിലേക്ക് യുഡിഎഫ് കടക്കുകയാണെന്ന് വിഡി സതീശന്‍ പറഞ്ഞു. യുഡിഎഫ് യോഗം ഇന്ന് ചേരും. കെസി വേണുഗോപാല്‍ ഇന്നെത്തും. രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എഐസിസി നേതൃത്വം എല്ലാവരുമായി കൂടിയാലോചിച്ച്, കോണ്‍ഗ്രസിന്റെ കാര്യം കൂടി ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കുമെന്ന് വിഡി സതീശന്‍ പറഞ്ഞു.
മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയെ താന്‍ പോയി കാണും. അദ്ദേഹം തന്റെ കൂടി നേതാവാണ്. മന്ത്രിസഭയില്‍ നല്ല ടീം ഉണ്ടാകും. ഒറ്റയ്ക്ക് ഒരാള്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത പിണറായി വിജയനെ ഫോണില്‍ വിളിച്ചിരുന്നു. അദ്ദേഹത്തെ വാടക വീട്ടില്‍ പോയി ഉറപ്പായും കാണുമെന്നും വിഡി സതീശന്‍ വ്യക്തമാക്കി.

by Midhun HP News | May 15, 2026 | Latest News, കേരളം
കൊല്ലം: ആയൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ആയൂർ റോഡുവിള അൻവർ മൻസിലിൽ അൻവർ ഷാ (23) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന അജ്മൽ, അഫ്സൽ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.
ഇന്നലരാത്രി 8:45-ഓടെയാണ് അപകടം നടന്നത്. ആയൂർ ബാറിന് സമീപത്തെ റോഡിൽ നിന്നും എം.സി റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന ബൈക്കിൽ ആയൂർ ഭാഗത്തുനിന്നും ചടയമംഗലത്തേക്ക് പോവുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു.
പരിക്കേറ്റവരെ ഉടൻ തന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അൻവർ ഷാ മരണപ്പെടുകയായിരുന്നു. പരിക്കേറ്റ മറ്റ് രണ്ടുപേരെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.Tourist Destinations
അൻവർ ഷായുടെ മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ ചടയമംഗലം പോലീസ് മേൽനടപടികൾ സ്വീകരിച്ചുവരുന്നു.
by Midhun HP News | May 15, 2026 | Latest News, കേരളം
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് ആണ് ഫലപ്രഖ്യാപനം. പൊതുവിദ്യാഭ്യാസ ഡയറക്ടറും, വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ചേര്‍ന്നാണ് ഫലം പ്രഖ്യാപിക്കുക. റിസൾട്ട് കാത്തിരിക്കുന്നത് 4.17 ലക്ഷം വിദ്യാർത്ഥികളാണ്.
കഴിഞ്ഞ ദിവസം പരീക്ഷാ ബോർഡ് യോഗം ചേർന്ന് അന്തിമമായി ഫലം വിലയിരുത്തിയിരുന്നു. ഇതിന് ശേഷമാണ് ഫലം വെള്ളിയാഴ്ച തന്നെ നടത്തുമെന്ന് അധികൃതർ വ്യക്തമാക്കിയത്. ഫലം പ്രഖ്യാപിക്കുന്നതിന് ചീഫ് സെക്രട്ടറി അനുമതി നല്‍കിയിട്ടുണ്ട്. സാധാരണനിലയില്‍ വിദ്യാഭ്യാസ മന്ത്രിയാണ് ഫലം പ്രഖ്യാപിക്കാറുള്ളത്.
എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നിട്ടും പുതിയ സർക്കാരും വിദ്യാഭ്യാസമന്ത്രിയും ചുമതലയേൽക്കാത്തതിനെത്തുടർന്നായിരുന്നു, ഫലപ്രഖ്യാപനം സംബന്ധിച്ച ആശയക്കുഴപ്പം ഉടലെടുത്തത്. ഫലം വൈകുന്നത് വിദ്യാര്‍ഥികളുടെ ഉപരിപഠനത്തെ ബാധിക്കുമെന്ന ആശങ്കയും ഉയര്‍ന്നിരുന്നു. ഇതേത്തുടർന്ന് ഫലപ്രഖ്യാപനത്തിന് പുതിയ മന്ത്രിയെ കാത്തിരിക്കേണ്ടതില്ലെന്ന് കെപിസിസി വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകിയിരുന്നു.
ഫല പ്രഖ്യാപനം 15 ന് തന്നെ നടത്തണമെന്ന് അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. പ്രഖ്യാപനം വൈകിയാല്‍ പ്രവേശനം അടക്കം തുടര്‍നടപടികളെ ബാധിക്കുമെന്ന് സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ 4,17,497 കുട്ടികളാണ് പത്താംക്ലാസ് പരീക്ഷ എഴുതിയത്. ഗള്‍ഫ് മേഖലയില്‍ 633 കുട്ടികളും ലക്ഷദ്വീപില്‍ 386 പേരുമാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്.
ഫലം അറിയാം
www.results.kite.kerala.gov.in എന്ന ക്ലൗഡധിഷ്ഠിത പോർട്ടലും ‘Sabhalam KITE’ എന്ന മൊബൈൽ ആപ്പും വഴി പ്രഖ്യാപനം നടന്ന ഉടനെ ഫലം അറിയാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ Saphalam KITEഎന്ന് നൽകി പരിഷ്‌കരിച്ച മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാം.
വ്യക്തിഗത റിസൽട്ടുകൾക്കു പുറമെ സ്‌കൂൾ-വിദ്യാഭ്യാസ ജില്ലാ-റവന്യൂജില്ലാ തലങ്ങളിലുള്ള റിസൽട്ട് അവലോകനം, വിഷയാധിഷ്ഠിത വിശകലനം തുടങ്ങി വിവിധ റിപ്പോർട്ടുകൾ അടങ്ങുന്ന ‘Result Analysis’ സൗകര്യവും പോർട്ടലിലും മൊബൈൽ ആപ്പിലും ലഭ്യമാക്കിയിട്ടുണ്ട്.
റിസൾട്ടുകൾ നേരെ ചിത്രമായോ പിഡിഎഫ് ആയോ സോഷ്യൽമീഡിയ വഴി പങ്കുവെയ്ക്കാനും ഈ വർഷം പുതുതായി സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.

by Midhun HP News | May 15, 2026 | Latest News, കേരളം
തിരുവനന്തപുരം: ഇന്ധന വില വര്‍ധന മൂലം സാധാരണ ജനങ്ങള്‍ക്ക് മേലുള്ള ആഘാതം കുറയ്ക്കാന്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന് പരിശോധിക്കുകയാണെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. പൊതുവെ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് കേരളത്തില്‍ വില കൂടുതലാണ്. എല്ലാ വശങ്ങളും പരിശോധിക്കുകയാണെന്നും വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പ്രതിസന്ധികൾ തുടരുന്നതിനിടെയാണ് ഇരുട്ടടിയായി രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചത്. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ച സാഹചര്യത്തിലാണ് നടപടി. 2.86 രൂപ മുതൽ 3.29 രൂപ വരെയാണ് കൂട്ടിയത്.
തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 110.75 രൂപയും ഡീസലിന് 99.63 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോളിന് 108.78 രൂപയും ഡീസലിന് 97.67 രൂപയുമാണ് വില. കോട്ടയത്ത് പെട്രോളിന് 109.28ഉം ഡീസലിന് 98.14 രൂപയുമാണ് വില. സിഎൻജി വില കിലോ രണ്ട് രൂപയും കൂട്ടി.അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ അവസാനിച്ചതിന് പിന്നാലെയാണ് ഇപ്പോൾ വില വർധിപ്പിച്ചിരിക്കുന്നത്. ആഗോള വിപണിയിലെ അസംസ്‌കൃത എണ്ണയുടെ വിലക്കയറ്റവും വർധിച്ചുവരുന്ന ഇറക്കുമതിച്ചെലവുമാണ് ഇന്ത്യയില്‍ വില വര്‍ധിപ്പിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

by Midhun HP News | May 15, 2026 | Latest News, കേരളം
തിരുവനന്തപുരം: മുഖ്യമന്ത്രിയായി വിഡി സതീശനെ നിശ്ചയിച്ചതിന് പിന്നാലെ, മന്ത്രിസഭാ രൂപീകരണത്തിലേക്ക് കോണ്‍ഗ്രസും യുഡിഎഫും കടക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടുള്ള ഔപചാരിക ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കമാകും. കോണ്‍ഗ്രസിന് 11 മന്ത്രിസ്ഥാനവും സ്പീക്കര്‍ പദവിയും ലഭിച്ചേക്കും. അഞ്ചു മന്ത്രിപദവികള്‍ വേണമെന്നാണ് ലീഗ് ആവശ്യപ്പെടുന്നത്.
രണ്ടു മന്ത്രിസ്ഥാനങ്ങള്‍ വേണമെന്ന് കേരള കോണ്‍ഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്. കേരള കോണ്‍ഗ്രസ് (ജേക്കബ്) ലെ അനൂപ് ജേക്കബ്, സിഎംപിയിലെ സിപി ജോണ്‍ തുടങ്ങിയവരും മന്ത്രിസഭയില്‍ ഇടംപിടിച്ചേക്കും. മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതില്‍ ഇടഞ്ഞു നില്‍ക്കുന്ന രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ നീക്കങ്ങള്‍ സജീവമാണ്. ഏറ്റവും പ്രധാന വകുപ്പുകളിലൊന്ന് നല്‍കി ചെന്നിത്തലയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാണ് ശ്രമം.
മുഖ്യമന്ത്രി സ്ഥാനം നഷ്ടമായ കെസി വേണുഗോപാല്‍ ഗ്രൂപ്പ്, കൂടുതല്‍ മന്ത്രിമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭയില്‍ പിടിമുറുക്കാന്‍ ലക്ഷ്യമിടുന്നു. അഞ്ച് എംഎല്‍എമാര്‍ക്ക് ഒരു മന്ത്രി എന്ന ഫോര്‍മുലയാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ചത്. മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാനായി കേരളത്തിലേക്ക് വരണമെന്ന് കെ സി വേണുഗോപാലിനോട് നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയും ചര്‍ച്ചകളില്‍ പങ്കെടുക്കും.
അഞ്ച് മന്ത്രിമാർ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മുസ്ലിം ലീഗുള്ളത്. പി കെ കുഞ്ഞാലിക്കുട്ടി മന്ത്രി സ്ഥാനം ഉറപ്പിച്ചു. കെ എം ഷാജി, പി കെ ബഷീർ, എൻ ഷംസുദ്ദീൻ എന്നിവർ സാധ്യതാ പട്ടികയിലുണ്ട്. പാലക്കാട് നിന്ന് ഒരു മന്ത്രി വേണം എന്ന ആവശ്യമാണ് ഷംസുദ്ദീനെ പരിഗണിക്കാൻ കാരണം. അഞ്ചാമതൊരു മന്ത്രി സ്ഥാനം ലഭിച്ചാൽ കാസർകോട് നിന്നുള്ള എ കെ എം അഷ്റഫിനെ പരിഗണിച്ചേക്കും. കോഴിക്കോട് ജില്ലയിൽ നിന്നുള്ള പാറക്കൽ അബ്ദുള്ള, റസാഖ് മാസ്റ്റർ എന്നിവരുടെ പേരുകളും ഉയർന്നു വന്നിട്ടുണ്ട്.

Recent Comments