പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

ദുബായ്: കൊല്ലം സ്വദേശിയായ യുവാവ് ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം കരിക്കോട് സ്വദേശി ആസിഫ് മഹ്‍മൂദ് (42) ആണ് തിങ്കളാഴ്ച രാവിലെ മരിച്ചത്. ദ സെന്‍ട്രല്‍ സ്‍കൂള്‍ ദുബായ് (ടി.സി.എസ്) അഡ്‍മിന്‍ മാനേജറായിരുന്നു. തിങ്കളാഴ്ച രാവിലെ പ്രഭാത നമസ്‍കാരത്തിന് പള്ളിയില്‍ പോയി മടങ്ങിവന്ന ശേഷം ആസിഫ് മഹ്‍മൂദ് താമസ സ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ദുബായ് സിലിക്കണ്‍ ഒയാസിസിലെ ഫഖീഹ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ദുബായിലെ വിവിധ പ്രവാസി കൂട്ടായ്‍മകളിലെ സജീവ സാന്നിദ്ധ്യമായിരുന്നു ആസിഫ് മഹ്‍മൂദ്. കൊല്ലം ടി.കെ.എം ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലെ അധ്യാപകരായിരുന്ന പ്രൊഫ മഹ്‍മൂദ് – ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ – ഖന്‍സ ഖാന്‍. ഭാര്യയും രണ്ട് മക്കളും ദുബായിലുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ദുബായ് അല്‍ ഖൂസില്‍ ഖബറടക്കാനുള്ള ശ്രമം നടക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

അയ്യനെ കാണാൻ ജയറാമിനൊപ്പം ശബരിമലയിലെത്തി പാർവതി

അയ്യനെ കാണാൻ ജയറാമിനൊപ്പം ശബരിമലയിലെത്തി പാർവതി

ശബരിമല ചവിട്ടി നടി പാർവതി. ഭർത്താവും നടനുമായ ജയറാമിനൊപ്പമാണ് പാർവതി അയ്യനെ കാണാൻ സന്നിധാനത്ത് എത്തിയത്. കറുപ്പുടുത്ത് മാലയിട്ട് ഭക്തിനിർഭരമായി പാർവതി പ്രാർത്ഥിക്കുന്ന ചിത്രം ജയറാം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇതാദ്യമായാണ് ജയറാം പാർവതിക്കൊപ്പം ശബരിമലയിൽ എത്തുന്നത്. ‘സ്വാമി ശരണം’ എന്ന ക്യാപ്ഷനോടെയാണ് ജയറാം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഇന്നലെ വൈകീട്ടാണ് പാർവതിയും ജയറാമും ചെന്നൈയിൽ നിന്ന് കെട്ടുനിറച്ച് ശബരിമലയിൽ എത്തിയത്. 41 ദിവസത്തെ വ്രതം നോറ്റശേഷമായിരുന്നു മലകയറ്റം. ഇന്നലെ വൈകീട്ടോടെ അയ്യപ്പനെ തൊഴുത് മലയിറങ്ങി. ശബരിമലയിലെ സ്ഥിരം സന്ദർശകനാണ് ജയറാം. മണ്ഡല-മകരവിളക്ക് കാലത്ത് ജയറാം ശബരിമലയിൽ എത്താറുണ്ട്. അടുത്തിടെ ജയം രവിക്കൊപ്പവും താരം സന്നിധാനത്ത് എത്തിയിരുന്നു.

സംസ്ഥാനത്ത് ഉയര്‍ന്ന താപനിലയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഉയര്‍ന്ന താപനിലയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന താപനിലയ്ക്കു സാധ്യതയെന്ന് ക്ാലാവസ്ഥാ മുന്നറിയിപ്പ്. സാധാരണയേക്കാള്‍ രണ്ടു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 40 °C വരെയും കൊല്ലം, തൃശൂര്‍, കോട്ടയം എന്നീ ജില്ലകളില്‍ 38 °C കോഴിക്കോട്, ആലപ്പുഴ എന്നീ ജില്ലകളില്‍ 37 °C വരെയും താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.

കിഴക്കേകോട്ടയിൽ തീപിടിത്തം; പത്മനാഭ സ്വാമിക്ഷേത്രത്തിന് സമീപം കടകളിൽ തീ പടർന്നു

കിഴക്കേകോട്ടയിൽ തീപിടിത്തം; പത്മനാഭ സ്വാമിക്ഷേത്രത്തിന് സമീപം കടകളിൽ തീ പടർന്നു

തിരുവനന്തപുരത്ത് കിഴക്കേകോട്ടയിൽ തീപിടിത്തം. പത്മനാഭ സ്വാമിക്ഷേത്രത്തിന് സമീപത്തായുള്ള ബസ് കാത്തിരിപ്പു കേന്ദ്രത്തിലാണ് തീ പടർന്നത്. പ്രദേശത്തെ നാല് കടകളിലേക്ക് തീ പടർന്നു. സമീപപ്രദേശത്തെ ചായക്കടയിൽ നിന്നാണ് തീ പിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

സംഭവ സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് തീ അണക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു. പരിസരത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. പുക ഉയർന്നതോടെ ഗതാഗത നിയന്ത്രണവും ആരംഭിച്ചിട്ടുണ്ട്.

അനീഷിന്റെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

അനീഷിന്റെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

റബ്ബർ ടാപ്പിംഗ് കത്തികൊണ്ട് സ്വയം കുത്തി ആത്മഹത്യ ചെയ്തുവെന്ന് പോലീസ് രേഖപ്പെടുത്തിയ കേസ് കൊലപാതകം ആണെന്നാരോപിച്ച് ബന്ധുക്കൾ. വാമനപുരം മേലാറ്റുമൂഴി മുളവന വീട്ടിൽ അനീഷ് 34 ന്റെ മരണത്തിലാണ് ദുരൂഹത ആരോപിച്ച് അനീഷിന്റെ മാതാപിതാക്കളായ നഗരൂർ നന്ദായ് വനം കുന്ന് വിള വീട്ടിൽ ഉദയൻ പത്മകുമാരി എന്നിവർ ആഭ്യന്തരമന്ത്രി, പോലീസ് ഉന്നതാധികാരികൾക്കും പരാതി നൽകിയിരിക്കുന്നത്.

കഴിഞ്ഞ മാർച്ച് അഞ്ചിന് രാത്രി 11ന് ആണ് അനീഷ് മരണമടയുന്നത്. അനീഷിന്റെ ശരീരത്തിൽ മൂന്ന് മുറിവുകൾ ഉണ്ടായിരുന്നുവെന്നും ആന്തരികാവയവങ്ങൾ പുറത്ത് ചാടിയ നിലയിലും ആയിരുന്നുവെന്നും ഇവർ പരാതിയിൽ പറയുന്നു. പോലീസ് ആത്മഹത്യ എന്ന വിധിയെഴുതിയ സംഭവത്തിൽ ദുരൂഹത ഉണ്ടെന്നും മരണത്തെ കുറിച്ച്സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്ക് എതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നത്.

വർക്കലയിൽ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്താൻ ശ്രമം; മുൻ ഭർത്താവ്  അറസ്റ്റിൽ

വർക്കലയിൽ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്താൻ ശ്രമം; മുൻ ഭർത്താവ് അറസ്റ്റിൽ

വർക്കല: ഒമ്പത് വർഷം മുമ്പ് വിവാഹമോചിതയായ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മുൻഭർത്താവ് അറസ്റ്റിൽ. ചെമ്മരുതി പനയറ കുംഭക്കാട് ജി.ജി വിലാസത്തിൽ പൊടിയൻ എന്ന് വിളിക്കുന്ന ഷൈൻ (36) ആണ് അറസ്റ്റിലായത്. മുൻഭാര്യ പനയറ സ്വദേശിനി രജിതയെ ആക്രമിച്ച കേസിലാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ മാർച്ച് 12നായിരുന്നു കേസിനാസ്പദമായ സംഭവം.

രജിതയും ഷൈനും ഒമ്പത് വർഷം മുൻപ് വിവാഹമോചിതരായിരുന്നു. ഇവരുടെ പതിനഞ്ചു വയസ്സുകാരനായ മകൻ രണ്ടുപേരുടെയും വീട്ടിലായാണ് കഴിയുന്നത്. ഓട്ടോറിക്ഷ ഡ്രൈവറായ ഷൈൻ മദ്യപിച്ച് രണ്ടാം ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു. വഴക്ക് കാരണം പഠിക്കാൻ കഴിയാത്തതിനാൽ മകൻ അച്ഛന്റെ വീട്ടിൽ നിന്നും അമ്മയുടെ വീട്ടിലെത്തി. ഇതോടെ ഇനിമുതൽ മകൻ വീട്ടിൽ വരില്ലെന്ന് ധരിച്ച ഷൈൻ മദ്യപിച്ച് രജിതയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയും മർദിക്കുകയുമായിരുന്നു. കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു.

കൈയിൽ ആഴത്തിൽ മുറിവേറ്റ രജിതയെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. മുറിവിൽ 16 തുന്നലുകൾ വേണ്ടിവന്നു. സംഭവത്തെ തുടർന്ന് ഒളിവിലായിരുന്ന ഷൈനെ കഴിഞ്ഞദിവസം രാത്രിയോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.