by Midhun HP News | May 14, 2026 | Latest News, കേരളം
കൊച്ചി: പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം പൊതുജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യതയാണ് പറവൂര്‍ എംഎല്‍എയായ വിഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിച്ചത്. മുഖ്യമന്ത്രി കസേരയിലേക്കുള്ള പേരാട്ടത്തില്‍ തന്നെക്കാള്‍ സീനിയറായ നേതാക്കളുണ്ടായിട്ടും അവരെ അവഗണിക്കേണ്ടി വന്നു ഹൈക്കമാന്‍ഡിന്. സഭയ്ക്കകത്തും പുറത്തും കോണ്‍ഗ്രസിന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു വിഡി സതീശന്‍. ഒരു തവണ പോലും മന്ത്രിയാകാതെയാണ് സതീശന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്.
2021ല്‍ വിഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കുമ്പോള്‍ സഭയില്‍ കോണ്‍ഗ്രസിന്റെ പ്രാതിനിധ്യം വെറും 21 സീറ്റായിരുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ തന്റെ പാര്‍ട്ടിയുടെ അംഗബലം 63 ആക്കി ഉയര്‍ത്തിയ സതീശന്‍ ഐക്യജനാധിപത്യ മുന്നണിക്ക് ചരിത്ര വിജയവും സമ്മാനിച്ചു. ആദ്യമായി കേരളത്തില്‍ നൂറിലധികം സീറ്റ് നേടുന്ന മുന്നണിയാക്കി യുഡിഎഫിനെ മാറ്റന്നതില്‍ ‘സതീശനിസം’ വലിയ പങ്കുവഹിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷവും പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടു വരുന്ന വിഷയങ്ങളെ കൃത്യമായി ജനങ്ങളിലെത്തിക്കാന്‍ കഠിനാധ്വാനം നടത്തുകയും അതിലൂടെ ഭരണപക്ഷത്തെ മുള്‍മുനയിലാക്കുകയും ചെയ്തിരുന്നത് വിഡി സതീശനായിരുന്നു. ഏതു വിഷയവും ആഴത്തില്‍ പഠിച്ച ശേഷം സഭയിലും പുറത്തും അവതരിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. അത് വലിയ തോതില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
കെഎസ് യുവിലൂടെ രാഷ്ട്രീയത്തിലേയ്‌ക്കെത്തിയ വിഡി സതീശന്‍ എറണാകുളം ജില്ലയിലെ നെട്ടൂര്‍ സ്വദേശിയാണ്. വടശ്ശേരി ദാമോദര മേനോനാണ് പിതാവ്. മാതാവ് വി വിലാസിനി. നെട്ടൂര്‍ എസ്‌വിയുപി സ്‌കൂളില്‍ പ്രൈമറി വിദ്യാഭ്യാസവും പനങ്ങാടില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. തേവര സേക്രഡ് ഹാര്‍ട് കോളജിലെ പഠനശേഷം നിയമ ബിരുദം എടുത്തിട്ടുണ്ട്.
എംജി സര്‍വകലാശാല യൂണിയന്‍ കൗണ്‍സിലറും എംജി യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനുമായിരുന്നു. എന്‍എസ്‌യു ദേശീയ സെക്രട്ടറിയായും തുടര്‍ന്ന് എഐസിസി സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ് പദവികളും വഹിച്ചിട്ടുണ്ട്. 1996ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തോറ്റു കൊണ്ടാണ് വീഡി സതീശന്റെ രാഷ്ട്രീയ തുടക്കം. പിന്നീട് 2001-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്ന കെഎം ദിനകരനെ 7,792 വോട്ടിന് തോല്‍പ്പിച്ചു ആദ്യമായി നിയമസഭയിലെത്തി. മികച്ച ഭൂരിപക്ഷത്തില്‍ 2001ല്‍ മണ്ഡലം പിടിച്ച വിഡി സതീശന്‍ തുടര്‍ന്നു 2006, 2011, 2016, 2021, 2026 തെരഞ്ഞെടുപ്പുകളില്‍ മികച്ച ഭൂരിപക്ഷം സ്വന്തമാക്കിയാണ് സഭയിലേയ്ക്ക് എത്തിയിട്ടുള്ളത്. പന്ത്രണ്ടാം നിയമസഭയില്‍ കോണ്‍ഗ്രസ് വിപ്പായിരുന്നു.
തെരഞ്ഞെടുപ്പ് വിജയങ്ങള്‍
2006ലെ കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ പറവൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് കെ. എം. ദിനകരനെ പരാജയപ്പെടുത്തി.
2011-ല്‍ സിപിഐയുടെ പന്ന്യന്‍ രവീന്ദ്രന്‍നെ 11,349 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി
2016ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ശാരദ മോഹനെ 20,634 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി.
2021ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ എംടി നിക്‌സണിനെ പരാജയപ്പെടുത്തി
2026ല്‍ പറവൂരില്‍ നിന്ന് സിപിഐയുടെ ടൈസണെ പരാജയപ്പെടുത്തി.
by Midhun HP News | May 14, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. കേരളത്തിലെ ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുണ്ട്. ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നാളെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും, ശനിയാഴ്ച തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പുണ്ട്. ഇടിമിന്നല്‍ അപകടകാരികളാണ്. അതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം.
ശനിയാഴ്ചയോടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ കാലവര്‍ഷം എത്താന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി നിലനിന്നിരുന്ന ന്യൂനമര്‍ദ്ദം നിലവില്‍ ശക്തിപ്രാപിച്ച് ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ട്.ഇതിന്റെ സ്വാധീനഫലമായി ഈ മാസം 16 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നല്‍ കാറ്റോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത 5 ദിവസങ്ങളില്‍ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

by Midhun HP News | May 14, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 240 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,19,040 രൂപയാണ്. ഗ്രാമിന് 30 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 14,880 രൂപയാണ്.
വരും ദിവസസങ്ങളില്‍ സ്വര്‍ണ വില കുറഞ്ഞേക്കുമെന്ന സൂചനയാണ് വിപണിയില്‍ നിന്ന് ലഭിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
ആഗോള വിപണിയില്‍ എണ്ണവില കൂടിയത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. ഇറാന്‍ യുദ്ധത്തെ തുടര്‍ന്നുള്ള സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ക്കിടെ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി ചുങ്കം 6 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

by Midhun HP News | May 14, 2026 | Latest News, കേരളം
പാലക്കാട്: കാട്ടാനയുടെ ആക്രമണത്തില്‍ സംസ്ഥാനത്ത് ഒരാള്‍ കൊല്ലപ്പെട്ടു. പാലക്കാട് മലമ്പുഴ അകമലവാരം ആദിവാസി ഉന്നതിയിലാണ് സംഭവം. വീടിന് പുറത്തെ മരച്ചുവട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ചന്ദ്രന്‍ (45) ആണ് മരിച്ചത്.
പുലര്‍ച്ചെ 3.30 ഓടെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. കനത്ത ചൂടിനെ തുടര്‍ന്ന് വീടിന് പുറത്തെ പുളിമരച്ചുവട്ടില്‍ കിടന്നുറങ്ങുകയായിരുന്നു ചന്ദ്രന്‍ അടക്കമുള്ളവര്‍. ഇതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടാകുന്നത്.കാട്ടാന വരുന്നതറിഞ്ഞ് മറ്റു രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. എന്നാല്‍ ചന്ദ്രന് പെട്ടെന്ന് മാറാനായില്ല. കാട്ടാനയുടെ ചവിട്ടേറ്റാണ് ചന്ദ്രന്‍ മരിച്ചത്. മലമ്പുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ നേരത്തെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു. പ്രദേശത്ത് കാട്ടാന ആക്രമണം പതിവുള്ള പ്രദേശമല്ലെന്നാണ് നാട്ടുകാര്‍ പറഞ്ഞത്.

by Midhun HP News | May 14, 2026 | Latest News, കേരളം
ഡല്‍ഹി: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തിയ ചര്‍ച്ചകള്‍ നിര്‍ണായക സ്വാധീനം ചെലുത്തിയതായി റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്ന നേതാവ് എ കെ ആന്റണി, മുന്‍ കെപിസിസി പ്രസിഡന്റുമാരായ വി എം സുധീരന്‍, കെ മുരളീധരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എംപിയായ കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവരുമായി നടത്തിയ ചര്‍ച്ചയാണ്, കൂടുതല്‍ വിശദമായ വിശകലനം നടത്താന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ പ്രേരിപ്പിച്ചത്.
ആന്റണി, സുധീരന്‍, മുരളീധരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരെല്ലാം ജനവികാരം കൂടി പരിഗണിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. സുധീരനും മുരളീധരനും വി ഡി സതീശനെയാണ് പിന്തുണച്ചത്. യുഡിഎഫിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത് സതീശനാണെന്നും, പണിയെടുത്തവര്‍ക്ക് നേട്ടം കിട്ടണമെന്നുമാണ് ഇവര്‍ ചൂണ്ടിക്കാട്ടിയത്. നീതിയുക്തമായ തീരുമാനം നേതൃത്വം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, ഹൈക്കമാന്‍ഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും കെ മുരളീധരന്‍ വ്യക്തമാക്കിയിരുന്നു.
വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നും കേരളത്തിലെ ജനവിധി അതിനാണെന്നുമാണ് രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ സുധീരൻ വ്യക്തമാക്കിയത്. ‘ഒരുപാട് തെരഞ്ഞെടുപ്പുകളും മന്ത്രിസഭാ രൂപവത്കരണങ്ങളും കണ്ടിട്ടുള്ള താൻ ഇതുപോലൊരു ജനവികാരം ആദ്യമായാണ് കാണുന്നത്. വീട്ടമ്മമാർ മുതൽ മുതിർന്നയാളുകൾ വരെയുള്ളവർ സതീശനൊപ്പമാണ്. സതീശനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ അവരുടെ പ്രതിഷേധം കാണേണ്ടിവരും. സതീശന് അനുകൂലമായ ജനകീയ പ്രതികരണം ആസൂത്രിതമാണെന്ന് പറഞ്ഞ് തള്ളിക്കളയാനാവില്ല’ എന്നും സുധീരൻ പറഞ്ഞു.
അതേസമയം മുൻ കെപിസിസി പ്രസിഡന്റുമാരായ കെ സുധാകരൻ, എംഎം ഹസ്സൻ എന്നിവർ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. മുതിർന്ന നേതാവായ തിരുവഞ്ചൂർ രാധാകൃഷ്ണനും വേണുഗോപാലിനെ പിന്തുണച്ചതായാണ് റിപ്പോർട്ടുകൾ. എന്നാൽ താൻ ഒരു വിഭാഗത്തിനും ഒപ്പമില്ലെന്നും, ഹൈക്കമാൻഡ് ഉചിതമായ തീരുമാനം എടുക്കുമെന്നുമാണ് തിരുവഞ്ചൂർ പിന്നീട് പ്രതികരിച്ചത്. അതേസമയം, കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ എപി അനിൽകുമാർ, പിസി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ എന്നിവർ കെസി വേണുഗോപാലിനായി അണിനിരന്നു. കെസി- വിഡി തർക്കം രൂക്ഷമായിരിക്കെ, സമവായ സ്ഥാനാർത്ഥിയായി രമേശ് ചെന്നിത്തലയുടെ പേരും പരിഗണിക്കപ്പെടുന്നുണ്ട്.

by Midhun HP News | May 14, 2026 | Latest News, കേരളം
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം നാളെ (വെള്ളിയാഴ്ച) പ്രഖ്യാപിക്കും. നാളെ വൈകിട്ട് മൂന്ന് മണിക്ക് ആണ് ഫലപ്രഖ്യാപനം. കഴിഞ്ഞ ദിവസം പരീക്ഷാ ബോർഡ് യോഗം ചേർന്ന് അന്തിമമായി ഫലം വിലയിരുത്തിയിരുന്നു. ഇതിന് ശേഷമാണ് ഫലപ്രഖ്യാപനം ഈ മാസം 15ന് തന്നെ നടത്തുമെന്ന് അധികൃതർ വ്യക്തമാക്കിയത്. ഫലം പ്രഖ്യാപിക്കുന്നതിന് ചീഫ് സെക്രട്ടറി അനുമതി നല്‍കിയിട്ടുണ്ട്.
സാധാരണനിലയില്‍ വിദ്യാഭ്യാസ മന്ത്രിയാണ് ഫലം പ്രഖ്യാപിക്കാറുള്ളത്. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചെങ്കിലും പുതിയ മന്ത്രിസഭ അധികാരമേറ്റെടുത്തിട്ടില്ല. ഈ സാഹചര്യത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ചേര്‍ന്നാണ് ഫലം പ്രഖ്യാപിക്കുക.
ഫലം വൈകുന്നത് വിദ്യാര്‍ഥികളുടെ ഉപരിപഠനത്തെ ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്ന പശ്ചാത്തലത്തില്‍ പ്രഖ്യാപനത്തിനായുള്ള നടപടികള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഊര്‍ജ്ജിതമാക്കുകയായിരുന്നു.15 ന് തന്നെ ഫല പ്രഖ്യാപനം നടത്തണമെന്ന് അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. പ്രഖ്യാപനം വൈകിയാല്‍ പ്രവേശനം അടക്കം തുടര്‍നടപടികളെ ബാധിക്കുമെന്ന് സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ 4,17,497 കുട്ടികളാണ് പത്താംക്ലാസ് പരീക്ഷ എഴുതിയത്. ഗള്‍ഫ് മേഖലയില്‍ 633 കുട്ടികളും ലക്ഷദ്വീപില്‍ 386 പേരുമാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്.

ഫലം അറിയാം
www.results.kite.kerala.gov.in എന്ന ക്ലൗഡധിഷ്ഠിത പോർട്ടലും ‘Sabhalam KITE’ എന്ന മൊബൈൽ ആപ്പും വഴി പ്രഖ്യാപനം നടന്ന ഉടനെ ഫലം അറിയാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ Saphalam KITEഎന്ന് നൽകി പരിഷ്‌കരിച്ച മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാം.
വ്യക്തിഗത റിസൽട്ടുകൾക്കു പുറമെ സ്‌കൂൾ-വിദ്യാഭ്യാസ ജില്ലാ-റവന്യൂജില്ലാ തലങ്ങളിലുള്ള റിസൽട്ട് അവലോകനം, വിഷയാധിഷ്ഠിത വിശകലനം തുടങ്ങി വിവിധ റിപ്പോർട്ടുകൾ അടങ്ങുന്ന ‘Result Analysis’ സൗകര്യവും പോർട്ടലിലും മൊബൈൽ ആപ്പിലും ലഭ്യമാക്കിയിട്ടുണ്ട്.
റിസൾട്ടുകൾ നേരെ ചിത്രമായോ പിഡിഎഫ് ആയോ സോഷ്യൽമീഡിയ വഴി പങ്കുവെയ്ക്കാനും ഈ വർഷം പുതുതായി സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.
Recent Comments