സതീശനെ സ്വാഗതം ചെയ്ത് മുസ്‌ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണമെന്ന് സാദിഖ് അലി ശിഹാബ് തങ്ങൾ

സതീശനെ സ്വാഗതം ചെയ്ത് മുസ്‌ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണമെന്ന് സാദിഖ് അലി ശിഹാബ് തങ്ങൾ

മലപ്പുറം: വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത എഐസിസി തീരുമാനത്തെ മുസ്ലിം ലീഗ് പൂർണ്ണമായി പിന്തുണയ്ക്കുന്നുവെന്ന് സാദിഖ് അലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. ഹൈക്കമാൻഡ് തീരുമാനം പുറത്തുവന്ന പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനങ്ങൾക്കൊപ്പം മുസ്ലിം ലീഗും ഈ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും സതീശന്റെ നേതൃത്വത്തിൽ മികച്ച ഭരണം സംസ്ഥാനത്ത് ഉണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

തെരഞ്ഞെടുപ്പ് കാലത്ത് സതീശൻ ഉയർത്തിപ്പിടിച്ച ‘ടീം യുഡിഎഫ്’ എന്ന സങ്കല്പത്തിൽ ഊന്നിയായിരിക്കും പുതിയ സർക്കാർ മുന്നോട്ട് പോവുക. ഇത് ഒരു ടീം യുഡിഎഫ് ഗവൺമെന്റ് ആയിരിക്കും. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ജനാധിപത്യപരമായ നടപടിക്രമങ്ങളാണ് എഐസിസി സ്വീകരിച്ചതെന്നും തങ്ങൾ കൂട്ടിച്ചേർത്തു. തീരുമാനമെടുക്കുന്നതിന് മുൻപ് ഘടകകക്ഷികളുമായി ഒന്നിലധികം തവണ കേന്ദ്ര നേതൃത്വം ചർച്ചകൾ നടത്തി. മല്ലികാർജുൻ ഖാർഗെ ഇന്നും തന്നെ നേരിട്ട് വിളിച്ചിരുന്നുവെന്നും ലീഗ് അധ്യക്ഷൻ വെളിപ്പെടുത്തി.

പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കാനാണ് സാധ്യത. മന്ത്രിമാരുടെ കാര്യത്തിൽ വൈകാതെ തന്നെ തീരുമാനമുണ്ടാകും. സതീശൻ തിരഞ്ഞെടുക്കപ്പെട്ട നിയമസഭാകക്ഷി യോഗത്തിന് ശേഷം മറ്റ് നടപടിക്രമങ്ങൾ സംബന്ധിച്ച് കോൺഗ്രസ് അറിയിക്കുമെന്നും അതനുസരിച്ചുള്ള നീക്കങ്ങൾ ലീഗ് സ്വീകരിക്കുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. സർക്കാർ രൂപീകരണ നടപടികൾ വേഗത്തിൽ പൂർത്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയുക്ത മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

നിയുക്ത മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

കേരളത്തിന്റെ പതിമൂന്നാമത് നിയുക്ത മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. തിരുവനന്തപുരത്തെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചെയ്യുക.

പത്ത് വര്‍ഷത്തെ തുടര്‍ച്ചയായ ഇടത് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് 102 സീറ്റുകളുടെ വമ്പിച്ച ഭൂരിപക്ഷവുമായാണ് യുഡിഎഫ് കേരളത്തില്‍ അധികാരത്തിലെത്തുന്നത്. ‘100 സീറ്റില്‍ കുറഞ്ഞാല്‍ രാഷ്ട്രീയം അവസാനിപ്പിക്കും’ എന്ന് വി.ഡി. സതീശന്‍ വെല്ലുവിളിച്ചിരുന്നു. യു.ഡി.എഫിനെ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മുതല്‍ തദ്ദേശ തിരഞ്ഞെടുപ്പുകള്‍ വരെ വിജയത്തിലേക്ക് നയിച്ചത് സതീശന്റെ തന്ത്രങ്ങളായിരുന്നു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ അദ്ദേഹം നയിച്ച ‘പുതുയുഗ യാത്ര’ പ്രവര്‍ത്തകരില്‍ വലിയ ആവേശമാണ് പടര്‍ത്തിയത്. ‘ടീം യു.ഡി.എഫ്’ എന്ന സങ്കല്പത്തിലൂടെ മുന്നണിയെ ഒരുമിച്ച് നിര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു.

1996 ലാണ് സതീശന്‍ ആദ്യമായി പറവൂരില്‍ മത്സരിക്കാനെത്തുന്നത്. അന്നത്തെ തോല്‍വി വെറും 1016 വോട്ടിന്. തോറ്റിട്ടും പറവൂര്‍ വിട്ടു പോയില്ല. 2001 മുതലിങ്ങോട്ട് വടക്കന്‍ പറവൂരിന്റെ പര്യായമായി. പിന്നീട് 2001-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്ന കെ.എം. ദിനകരനെ 7,792 വോട്ടിന് തോല്‍പ്പിച്ചു ആദ്യമായി നിയമസഭയിലെത്തി. 2006-ലും 2011-ലും 2016-ലും 2021-ലും പറവൂരില്‍ സതീശ വിജയം ആവര്‍ത്തിച്ചു.

1996-ല്‍ വെറും 1016 വോട്ടിന് പരാജയപ്പെട്ടുകൊണ്ട് തുടങ്ങിയ തന്റെ പാര്‍ലമെന്ററി പോരാട്ടം, ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പദവി വരെ അദ്ദേഹത്തെ എത്തിച്ചിരിക്കുന്നു. കടലിളകി വന്നാലും നിലപാടില്‍ നിന്ന് കടുകിടപോലും പിന്നോട്ടില്ലത്ത ഉറച്ച ശൈലിയാണ് വി.ഡി.സതീശനെ കേരളത്തിന്റെ ഭരണസാരഥ്യത്തിലേക്ക് എത്തിച്ചത്.

മുഖ്യമന്ത്രിയായി തന്നെ തിരഞ്ഞെടുത്ത പാര്‍ട്ടിക്കും ജനങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഘടകക്ഷികള്‍ക്കും വി ഡി സതീശന്‍ നന്ദി അറിയിച്ചു. തന്നില്‍ പാര്‍ട്ടി ഏല്‍പ്പിച്ചത് ഒരു വലിയ ഉത്തരവാദിത്തമാണെന്നും ഇത് ദൈവീകമായ നിയോഗമെന്നും വി ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ചരിത്രത്തിന്റെ ആവര്‍ത്തനം, വിഎസിന് ശേഷം ‘ജനവികാരം’ ഭരണസാരഥ്യം ഏല്‍പ്പിച്ച വിഡിഎസ്, സമാനതകളേറെ

ചരിത്രത്തിന്റെ ആവര്‍ത്തനം, വിഎസിന് ശേഷം ‘ജനവികാരം’ ഭരണസാരഥ്യം ഏല്‍പ്പിച്ച വിഡിഎസ്, സമാനതകളേറെ

കൊച്ചി: വി ഡി സതീശന്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിയാകുമ്പോള്‍, രണ്ടു പതിറ്റാണ്ടു മുമ്പത്തെ കേരള രാഷ്ട്രീയസാഹചര്യം വീണ്ടും ആവര്‍ത്തിക്കുകയായിരുന്നു. 2006 ല്‍ ജനവികാരത്തിന് മുന്നില്‍ സിപിഎമ്മാണ് മുട്ടു മടക്കിയതെങ്കില്‍ 2026 ല്‍ അത് കോണ്‍ഗ്രസായി മാറി. അന്ന് വി എസ് അച്യുതാനന്ദന് സീറ്റ് നല്‍കാതിരിക്കാന്‍ സിപിഎം ശ്രമിച്ചു. ജനങ്ങള്‍ തെരുവിലിറങ്ങിയതോടെ പിബി ഇടപെട്ട് വിഎസിന് സീറ്റ് നല്‍കുകയും, വിജയിച്ച എല്‍ഡിഎഫ് സര്‍ക്കാരിനെ നയിക്കുകയും ചെയ്തു.

ഒരു ഭരണപരിചയവും ഇല്ലാതെയായിരുന്നു വിഎസ് അന്ന് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. പ്രതിപക്ഷ നേതാവ് എന്ന നിലയിലെ പ്രവര്‍ത്തന മികവും, അതിന്റെ തിളക്കത്തില്‍ ആര്‍ജ്ജിച്ച ജനകീയ പിന്തുണയുമായിരുന്നു വിഎസിന്റെ പ്രവര്‍ത്തനത്തില്‍ മികവായത്. സമാനമായ സ്ഥിതിവിശേഷമാണ് വിഡി സതീശനും. പഞ്ചായത്തില്‍ അടക്കം ഒരുതരത്തിലുള്ള മുന്‍ ഭരണപരിചയവും ഇല്ലാതെയാണ് വി ഡി സതീശന്‍ മുഖ്യമന്ത്രിയാകുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയിലെ മികവാര്‍ന്ന പ്രവര്‍ത്തനം കൊണ്ടുണ്ടാക്കിയ ജനകീയ പരിവേഷമാണ് കൈമുതല്‍.

ഇടതുപക്ഷം ഭരണത്തുടര്‍ച്ച നേടിയതോടെ തകര്‍ന്നുപോയ കോണ്‍ഗ്രസിനെ വീണ്ടും കെട്ടുറപ്പുള്ള സംഘമാക്കി മാറ്റിയെടുക്കുക എന്നതായിരുന്നു സതീശന് മുന്നിലുണ്ടായിരുന്ന വെല്ലുവിളി. നിയമസഭയിലും പുറത്തും കോണ്‍ഗ്രസിനെയും യുഡിഎഫിനെയും മുന്നില്‍ നിന്ന് നയിച്ച സതീശന്‍ പാര്‍ട്ടിയെ വീണ്ടും സമരോത്സുകരാക്കി. ഉപതെരഞ്ഞെടുപ്പുകളിലും തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫിന് മികച്ച വിജയം നേടാന്‍ മുന്നില്‍ നിന്ന് നയിച്ചു. ഒടുവില്‍ നിയമസഭ തെരഞ്ഞെടുപ്പിലും വിഡി സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് വിജയത്തിലെത്തി.കോണ്‍ഗ്രസിന് 63 സീറ്റും യുഡിഎഫിന് 100 ലേറെ സീറ്റും ലഭിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പു മുതല്‍ വിഡി സതീശന്‍ ആവര്‍ത്തിച്ചിരുന്നത്. യുഡിഎഫ് വിജയിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്നും സതീശന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ റിസള്‍ട്ട് വന്നപ്പോള്‍ സതീശന്റെ പ്രവചനം അച്ചട്ടായി മാറി. ഒടുവില്‍ പ്രവര്‍ത്തന മികവിന് അംഗീകാരമായി മുഖ്യമന്ത്രി പദവും വിഡി സതീശനെ തേടിയെത്തി. പറവൂര്‍ മണ്ഡലത്തില്‍ നിന്നാണ് സതീശന്‍ നിയമസഭയിലെത്തിയത്. എറണാകുളത്തു നിന്നുള്ള ആദ്യ മുഖ്യമന്ത്രി കൂടിയാണ് സതീശന്‍.

സീനിയോറിറ്റി പരിഗണിച്ചില്ല! രാഹുൽ ഗാന്ധിയെ അതൃപ്തി അറിയിച്ച് രമേശ് ചെന്നിത്തല; മന്ത്രിസഭയിലേക്കില്ലെന്ന് സൂചന

സീനിയോറിറ്റി പരിഗണിച്ചില്ല! രാഹുൽ ഗാന്ധിയെ അതൃപ്തി അറിയിച്ച് രമേശ് ചെന്നിത്തല; മന്ത്രിസഭയിലേക്കില്ലെന്ന് സൂചന

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ നിശ്ചയിച്ചുകൊണ്ടുള്ള ഹൈക്കമാൻഡ് തീരുമാനത്തിൽ വിയോജിപ്പ് അറിയിച്ച് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. തീരുമാനം അറിയിക്കാനായി രാഹുൽ ഗാന്ധി നേരിട്ട് വിളിച്ചപ്പോഴാണ് ചെന്നിത്തല തന്റെ അതൃപ്തി വ്യക്തമാക്കിയത്. പാർട്ടിയിൽ എന്നും അച്ചടക്കം പാലിച്ചിട്ടും സീനിയോറിറ്റി മാനദണ്ഡമാക്കാത്തതിൽ അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തി.

നിലവിലെ എം.എൽ.എമാരിൽ ഏറ്റവും സീനിയറായ നേതാവാണ് രമേശ് ചെന്നിത്തല. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന റെക്കോർഡുമായി ഭരണരംഗത്ത് ചരിത്രം കുറിച്ച അദ്ദേഹം, മുഖ്യമന്ത്രി പദത്തിനായുള്ള മത്സരത്തിൽ അവസാന നിമിഷം വരെ സജീവമായിരുന്നു. എന്നാൽ യുവനേതൃത്വത്തിന് മുൻഗണന നൽകാനുള്ള ഹൈക്കമാൻഡ് തീരുമാനമാണ് സതീശന് തുണയായത്.

നിർണ്ണായക നീക്കങ്ങൾ:

മന്ത്രിസഭയിലേക്കില്ല: പുതിയ മന്ത്രിസഭയിൽ അംഗമാകാനില്ലെന്ന് ചെന്നിത്തല രാഹുൽ ഗാന്ധിയെ അറിയിച്ചതായാണ് സൂചന.

യോഗം ബഹിഷ്കരിച്ചേക്കും: തീരുമാനത്തിൽ പ്രതിഷേധിച്ചു ഇന്ന് നടക്കുന്ന നിർണ്ണായകമായ നിയമസഭാകക്ഷി യോഗത്തിൽ നിന്ന് അദ്ദേഹം വിട്ടുനിന്നേക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

പ്രതിപക്ഷ നേതാവായും കെ.പി.സി.സി പ്രസിഡന്റായും ആഭ്യന്തര മന്ത്രിയായും പാർട്ടിയെ നയിച്ച ചെന്നിത്തലയെ മാറ്റിനിർത്തിയത് വരും ദിവസങ്ങളിൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ ഉണ്ടാക്കുമെന്ന് ഉറപ്പാണ്.

വി ഡി സതീശനു വേണ്ടി ക്ഷേത്രങ്ങളിലും പള്ളികളിലും പ്രത്യേക പ്രാർത്ഥന, ശത്രുസംഹാരപൂജ

വി ഡി സതീശനു വേണ്ടി ക്ഷേത്രങ്ങളിലും പള്ളികളിലും പ്രത്യേക പ്രാർത്ഥന, ശത്രുസംഹാരപൂജ

ആലപ്പുഴ: കേരള മുഖ്യമന്ത്രി ആരാണെന്നതിൽ നിർണായക ചർച്ചകൾ നടക്കുന്നതിനിടെ, വി ഡി സതീശന്റെ പേരിൽ ക്ഷേത്രത്തിൽ പ്രത്യേക പൂജ. ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലാണ് സതീശന്റെ പേരിൽ പേരിൽ ശത്രുസംഹാരപൂജ നടത്തിയത്. ചതയം നക്ഷത്രപ്രകാരമാണ് വഴിപാട് സമർപ്പിച്ചത്.

സംസ്ഥാനത്തെ മുഖ്യമന്ത്രി പദവിയിലേക്ക് സതീശന് അനൂകൂലമായ തീരുമാനം ഉണ്ടാകുവാൻ വേണ്ടിയാണ് അനുയായികൾ ക്ഷേത്രത്തിൽ വഴിപാട് നടത്തിയത്. കഴിഞ്ഞ ദിവസം ആലുവ മഹാദേവ ക്ഷേത്രത്തിലും പ്രത്യേക പൂജകളും നടന്നിരുന്നു. ഗണപതിഹോമം, ഭഗവതി സേവ, മൃത്യുഞ്ജയ ഹോമം, കടുംപായസം, ജലധാര, കരിക്ക് അഭിഷേകം തുടങ്ങിയ വിപുലമായ വഴിപാടുകളാണ് സതീശന് വേണ്ടി നടത്തിയത്.

സതീശനും വേമ്ടി ക്രിസ്ത്യൻ ദേവാലയങ്ങളിലും പ്രവര്‍ത്തകര്‍ വഴിപാടുകൾ നടത്തിയിട്ടുണ്ട്. കോതമംഗലം മാർത്തോമ്മാ ചെറിയ പള്ളിയിലും മർത്ത മറിയം വലിയ പള്ളിയിലുമാണ് സതീശന്‍റെ പേരിൽ വഴിപാട് നടത്തിയത്. ചെറിയ പള്ളിയിൽ ഒറ്റ കുർബാന സ്പെഷ്യലും, വലിയ പള്ളിയിൽ കെടാവിളക്കിനുമാണ് പണം അടച്ചത്.കരുനാഗപ്പള്ളി ഷെയ്ഖ് മസ്ജിദിലും സതീശനും വേണ്ടി അനുയായികൾ പട്ടും തിരിയും നൽകി നേർച്ച നടത്തി. തഴവയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് നേർച്ച നടത്തിയത്. “നിലപാടിന്റെ രാജകുമാരന് അഭിവാദ്യങ്ങൾ” എന്നെഴുതിയ ബോർഡുകളും കയ്യിലേന്തിയാണ് അനുയായികൾ എത്തിയത്. സംഘമായി എത്തിയ പ്രവർത്തകർ മസ്ജിദിൽ പട്ടുസമർപ്പിക്കുകയും തിരി തെളിക്കുകയും ചെയ്ത് നേതാവിനായി പ്രാർത്ഥിച്ചു.

എന്നും ഒറ്റയാള്‍ പോരാട്ടം; ജനഹൃദയങ്ങള്‍ ഏറ്റെടുത്ത ‘രാഷ്ട്രീയ നിലപാട്’; കേരളത്തിന്റെ ‘സതീശനിസം’

എന്നും ഒറ്റയാള്‍ പോരാട്ടം; ജനഹൃദയങ്ങള്‍ ഏറ്റെടുത്ത ‘രാഷ്ട്രീയ നിലപാട്’; കേരളത്തിന്റെ ‘സതീശനിസം’

കൊച്ചി: പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം പൊതുജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യതയാണ് പറവൂര്‍ എംഎല്‍എയായ വിഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിച്ചത്. മുഖ്യമന്ത്രി കസേരയിലേക്കുള്ള പേരാട്ടത്തില്‍ തന്നെക്കാള്‍ സീനിയറായ നേതാക്കളുണ്ടായിട്ടും അവരെ അവഗണിക്കേണ്ടി വന്നു ഹൈക്കമാന്‍ഡിന്. സഭയ്ക്കകത്തും പുറത്തും കോണ്‍ഗ്രസിന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു വിഡി സതീശന്‍. ഒരു തവണ പോലും മന്ത്രിയാകാതെയാണ് സതീശന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്.

2021ല്‍ വിഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കുമ്പോള്‍ സഭയില്‍ കോണ്‍ഗ്രസിന്റെ പ്രാതിനിധ്യം വെറും 21 സീറ്റായിരുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ തന്റെ പാര്‍ട്ടിയുടെ അംഗബലം 63 ആക്കി ഉയര്‍ത്തിയ സതീശന്‍ ഐക്യജനാധിപത്യ മുന്നണിക്ക് ചരിത്ര വിജയവും സമ്മാനിച്ചു. ആദ്യമായി കേരളത്തില്‍ നൂറിലധികം സീറ്റ് നേടുന്ന മുന്നണിയാക്കി യുഡിഎഫിനെ മാറ്റന്നതില്‍ ‘സതീശനിസം’ വലിയ പങ്കുവഹിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷവും പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടു വരുന്ന വിഷയങ്ങളെ കൃത്യമായി ജനങ്ങളിലെത്തിക്കാന്‍ കഠിനാധ്വാനം നടത്തുകയും അതിലൂടെ ഭരണപക്ഷത്തെ മുള്‍മുനയിലാക്കുകയും ചെയ്തിരുന്നത് വിഡി സതീശനായിരുന്നു. ഏതു വിഷയവും ആഴത്തില്‍ പഠിച്ച ശേഷം സഭയിലും പുറത്തും അവതരിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. അത് വലിയ തോതില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

കെഎസ് യുവിലൂടെ രാഷ്ട്രീയത്തിലേയ്‌ക്കെത്തിയ വിഡി സതീശന്‍ എറണാകുളം ജില്ലയിലെ നെട്ടൂര്‍ സ്വദേശിയാണ്. വടശ്ശേരി ദാമോദര മേനോനാണ് പിതാവ്. മാതാവ് വി വിലാസിനി. നെട്ടൂര്‍ എസ്‌വിയുപി സ്‌കൂളില്‍ പ്രൈമറി വിദ്യാഭ്യാസവും പനങ്ങാടില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. തേവര സേക്രഡ് ഹാര്‍ട് കോളജിലെ പഠനശേഷം നിയമ ബിരുദം എടുത്തിട്ടുണ്ട്.

എംജി സര്‍വകലാശാല യൂണിയന്‍ കൗണ്‍സിലറും എംജി യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനുമായിരുന്നു. എന്‍എസ്‌യു ദേശീയ സെക്രട്ടറിയായും തുടര്‍ന്ന് എഐസിസി സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ് പദവികളും വഹിച്ചിട്ടുണ്ട്. 1996ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തോറ്റു കൊണ്ടാണ് വീഡി സതീശന്റെ രാഷ്ട്രീയ തുടക്കം. പിന്നീട് 2001-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്ന കെഎം ദിനകരനെ 7,792 വോട്ടിന് തോല്‍പ്പിച്ചു ആദ്യമായി നിയമസഭയിലെത്തി. മികച്ച ഭൂരിപക്ഷത്തില്‍ 2001ല്‍ മണ്ഡലം പിടിച്ച വിഡി സതീശന്‍ തുടര്‍ന്നു 2006, 2011, 2016, 2021, 2026 തെരഞ്ഞെടുപ്പുകളില്‍ മികച്ച ഭൂരിപക്ഷം സ്വന്തമാക്കിയാണ് സഭയിലേയ്ക്ക് എത്തിയിട്ടുള്ളത്. പന്ത്രണ്ടാം നിയമസഭയില്‍ കോണ്‍ഗ്രസ് വിപ്പായിരുന്നു.

തെരഞ്ഞെടുപ്പ് വിജയങ്ങള്‍

2006ലെ കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ പറവൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് കെ. എം. ദിനകരനെ പരാജയപ്പെടുത്തി.

2011-ല്‍ സിപിഐയുടെ പന്ന്യന്‍ രവീന്ദ്രന്‍നെ 11,349 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി

2016ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ശാരദ മോഹനെ 20,634 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി.

2021ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ എംടി നിക്‌സണിനെ പരാജയപ്പെടുത്തി

2026ല്‍ പറവൂരില്‍ നിന്ന് സിപിഐയുടെ ടൈസണെ പരാജയപ്പെടുത്തി.