ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചനിലയില്‍; ഭാര്യയ്ക്കും മകനും വെട്ടേറ്റു

ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചനിലയില്‍; ഭാര്യയ്ക്കും മകനും വെട്ടേറ്റു

കൊച്ചി: പനങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍. മണിയന്‍ (62), ഭാര്യ സരോജിനി, മകന്‍ മനോജ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് സംഭവം. ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം മണിയന്‍ ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മണിയനെ തൂങ്ങി മരിച്ചനിലയിലാണ് കണ്ടെത്തിയത്. സരോജിനിയെയും മനോജിനെയും വെട്ടേറ്റ് മരിച്ചനിലയിലാണ് കണ്ടെത്തിയത്. തലയ്ക്ക് അടിയേറ്റ പാടുകളുമുണ്ട്. മുറിയില്‍ രക്തം തളംകെട്ടി നില്‍ക്കുകയാണ്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

അയല്‍വാസികള്‍ വീട്ടില്‍ വന്നുനോക്കുമ്പോഴാണ് മൂവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മനോജ് മാനസിക വെല്ലുവിളി നേരിട്ടിരുന്നുവെന്നും ഇതിനെ ചൊല്ലി വീട്ടില്‍ വഴക്ക് പതിവായിരുന്നുവെന്നും അയല്‍വാസികള്‍ പറയുന്നു.

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വർധന

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വർധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 44,000 കടന്നു. ഇന്ന് 480 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 44,000 കടന്നത്. 44,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇതോടെ റെക്കോര്‍ഡ് നിലവാരത്തിലേക്ക് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് സ്വര്‍ണവില. ഗ്രാമിന് 60 രൂപ വര്‍ധിച്ച് 5530 രൂപയായി.
കഴിഞ്ഞ മാസം 18നാണ് 44,240 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില റെക്കോര്‍ഡിട്ടത്. പിന്നീടുള്ള ദിവസങ്ങളില്‍ വിലയില്‍ ചാഞ്ചാട്ടമാണ് ദൃശ്യമായത്. കഴിഞ്ഞ മൂന്നുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ താഴ്ന്നിരുന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ കൂടുതലായി എത്തിയതാണ് കഴിഞ്ഞമാസം വില റെക്കോര്‍ഡ് നിലവാരത്തില്‍ എത്താന്‍ കാരണം.

അട്ടപ്പാടി മധു വധക്കേസിൽ വിധി ഇന്ന്; കനത്ത സുരക്ഷയിൽ മണ്ണാർക്കാട് കോടതി

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ ഇന്ന് വിധി പറയും. മണ്ണാർക്കാട് എസ്‌സി- എസ്ടി കോടതിയാണ് കേസിൽ വിധി പറയുന്നത്. പതിനൊന്ന് മാസം നീണ്ട സാക്ഷി വിസ്താരത്തിനൊടുവിലാണ് വിധി പറയാൻ ഒരുങ്ങുന്നത്. കനത്ത സുരക്ഷയിലാണ് മണ്ണാർക്കാട് കോടതി പരിസരം.അഞ്ച് വർഷത്തിന് ശേഷമാണ് കേസിൽ വിധി പറയാൻ ഒരുങ്ങുന്നത്. ഒറ്റപ്പെടുത്തലുകളും ഭീഷണികളും മറികടന്ന് കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടു വരാൻ മധുവിന്റെ കുടുംബം നടത്തിയ പോരാട്ടമാണ് വിധിയിലേക്കെത്തുന്നത്.

കേസിൽ 16 പേരാണ് പ്രതികൾ. 3000ത്തിലധികം പേജുകളുളള കുറ്റപത്രത്തിൽ 127 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതിൽ മധുവിന്റെ ബന്ധുക്കളുൾപ്പടെ 24 പേർ വിചാരണക്കിടെ കൂറുമാറി. 2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെടുന്നത്. മോഷണ കുറ്റമാരോപിച്ച് ഒരു സംഘമാളുകൾ മധുവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

കേസിന്റെ അന്തിമ വാദം മാർച്ച് പത്തിന് പൂർത്തിയായി. പ്രോസിക്യൂട്ടർമാർ മാറി മാറിയെത്തിയ കേസ് പതിനൊന്ന് മാസം നീണ്ട സാക്ഷി വിസ്താരത്തിന് ശേഷമാണ് വിധി പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്. 18 ന് വിധി പറയും എന്നായിരുന്നു ആദ്യം കോടതി അറിയിച്ചിരുന്നത്. എന്നാൽ സാങ്കേതിക തടസങ്ങളാൽ കേസിലെ വിധി പ്രഖ്യാപനം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

കൂറുമാറിയ വനം വകുപ്പിലെ താത്കാലിക ജീവനക്കാരായ നാല് പേരെ ജോലിയിൽ നിന്നു പിരിച്ചുവിട്ടു. ഇതിനിടെ കൂറുമാറിയ ചില സാക്ഷികൾ കോടതിയിലെത്തി പ്രോസിക്യൂഷന് അനുകൂല മൊഴി നൽകി. കൂറുമാറിയ സാക്ഷിയുടെ കാഴ്ച പരിശോധിക്കുക എന്ന അപൂർവങ്ങളിൽ അപൂർവമായ സംഭവത്തിനും മണ്ണാർക്കാട്ടെ പ്രത്യേക കോടതി വിസ്താരത്തിനിടെ സാക്ഷിയായി.

പിഞ്ചു കുഞ്ഞിന്റെ മൃതദേഹം പാദമറ്റ നിലയിൽ ഒരു ട്രാക്കിൽ, രണ്ട് പേരുടേത് അടുത്ത പാളത്തിൽ; ദുരൂഹതയുണ്ടെന്ന് പോലീസ്

പിഞ്ചു കുഞ്ഞിന്റെ മൃതദേഹം പാദമറ്റ നിലയിൽ ഒരു ട്രാക്കിൽ, രണ്ട് പേരുടേത് അടുത്ത പാളത്തിൽ; ദുരൂഹതയുണ്ടെന്ന് പോലീസ്

കോഴിക്കോട്: തീ പിടിച്ചതിന് പിന്നാലെ ട്രെയിനിൽ നിന്ന് ചാടിയ മൂന്ന് പേരിൽ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത് ഒരു പാളത്തിലും മറ്റ് രണ്ട് പേരുടേത് രണ്ടാമത്തെ പാളത്തിലും. കുഞ്ഞിന്റെ പാദമറ്റ നിലയിലായിരുന്നു. കുട്ടിയുടെ മൃതദേഹം ഒരു പാളത്തിലും മറ്റുള്ളവരുടേത് രണ്ടാമത്തെ പാളത്തിലും കണ്ടത് ദുരൂഹമാണ്. ഇവർ ചാടുന്നത് മറ്റു യാത്രക്കാർ അറിഞ്ഞിട്ടില്ല എന്നതും ദുരൂഹത വർധിപ്പിക്കുന്നു.

മരിച്ച മറ്റു രണ്ട് പേര്‍ക്കും തലയ്ക്ക് ക്ഷതമേറ്റ പരിക്ക് മാത്രമാണുള്ളത്. പിന്നാലെ വന്ന തീവണ്ടി കയറിയിറങ്ങിയതിന്റെ ലക്ഷണങ്ങളൊന്നുമില്ല.

എലത്തൂര്‍ റെയില്‍വേ സ്റ്റേഷന് 250 മീറ്റര്‍ അകലെ റെയില്‍പ്പാളത്തില്‍ മണിക്കൂറുകളോളമാണ് മൂന്ന് പേരുടെ മൃതദേഹം അനാഥമായി കിടന്നത്. രാത്രി ഒമ്പതരയോടെയാണ് ട്രെയിനിൽ തീവെപ്പുണ്ടായത്. ചങ്ങല വലിച്ച് കോരപ്പുഴ പാലത്തിനു സമീപം ട്രെയിൻ നില്‍ക്കുന്നതിനു മുമ്പേ ഈ മൂന്ന് പേരും ട്രാക്കില്‍ വീണിരിക്കാമെന്നാണ് നി​ഗമനം. രാത്രി ഒരു മണിക്കു ശേഷമാണ് പാളത്തില്‍ മൃതദേഹം കണ്ടെത്തിയ വിവരം പൊലീസിന് ലഭിച്ചത്.

എക്‌സിക്യുട്ടീവ് എക്‌സ്പ്രസിന് പിന്നാലെ വന്ന ട്രെയിനിലെ ലോക്കോ പൈലറ്റാണ് മൃത​ദേഹങ്ങൾ കണ്ടത് എന്നാണ് പറയുന്നത്. തുടര്‍ന്ന് ആര്‍പിഎഫും ലോക്കല്‍ പൊലീസും സ്ഥലത്തെത്തി. അപ്പോഴേക്കും നാല് മണിക്കൂര്‍ കഴിഞ്ഞിരുന്നു. അപകടം നടന്നയുടനെ ഇവര്‍ മരിച്ചോ അതോ അതിന് ശേഷമാണോ മരണം സംഭവിച്ചത് എന്നതൊന്നും വ്യക്തമല്ല. അതിനിടെ പ്രതിയെ തേടി റെയിൽവേ പൊലീസ് ഉത്തർപ്രദേശിൽ. റെയിൽവേ പൊലീസിലെ രണ്ട് ഉദ്യോ​ഗസ്ഥർ വിമാന മാർ​ഗം നോയിഡയിലെത്തി. പ്രതി യുപി സ്വദേശിയാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് കേരളത്തിന് പുറത്തേയ്ക്കും അന്വേഷണം വ്യാപിപ്പിച്ചത്. സംഭവത്തിൽ തീവ്രവാദ ബന്ധം സംശയിക്കുന്നതിനാൽ എൻഐഎയും അന്വേഷണം നടത്തും.

ചെന്നൈ സൂപ്പർ കിങ്സ് പതിവ് തെറ്റിച്ചില്ല; ചെപ്പോക്കിൽ ലഖ്നൗവിനെ തകർത്ത് ധോനിപ്പട

ചെന്നൈ സൂപ്പർ കിങ്സ് പതിവ് തെറ്റിച്ചില്ല; ചെപ്പോക്കിൽ ലഖ്നൗവിനെ തകർത്ത് ധോനിപ്പട

ചെന്നൈ: നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ചെന്നൈയിലെ ചെപ്പോക്ക് എംഎ ചിദംബരം സ്റ്റേഡിയത്തിൽ കളിക്കാനിറങ്ങിയ ചെന്നൈ സൂപ്പർ കിങ്സ് പതിവ് തെറ്റിച്ചില്ല. ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ട അവർ സ്വന്തം തട്ടകത്തിൽ അതിശക്തമായി തിരിച്ചെത്തി. രണ്ടാം മത്സരത്തിൽ അവർ ലഖ്നൗ സൂപ്പർ ജയ്ന്റ്സിനെ വീഴ്ത്തി. ഈ സീസണിലെ ആദ്യ വിജയവും അവർ സ്വന്തം തട്ടകത്തിൽ കുറിച്ചു. 12 റൺസിനാണ് ചെന്നൈ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 217 റൺസെന്ന കൂറ്റൻ ലക്ഷ്യമാണ് മുന്നിൽ വച്ചത്. മറുപടി പറയാനിറങ്ങിയ ലഖ്നൗ തുടക്കത്തിൽ അതേ നാണയത്തിൽ തിരിച്ചടിച്ചെങ്കിലും പിന്നീട് വിക്കറ്റുകൾ നഷ്ടമായത് അവരെ പിന്നോട്ടടിച്ചു. ലഖ്നൗവിന്റെ പോരാട്ടം നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 205 റൺസിൽ അവസാനിച്ചു.

ആദ്യ കളിയിൽ അർധ സെഞ്ച്വറി നേടി ലഖ്നൗവിന്റെ വിജയത്തിൽ നിർണായക പങ്കു വഹിച്ച ഓപ്പണറും വിൻഡീസ് താരവുമായ കെയ്ൽ മേയേഴ്സ് കൂറ്റനടികളുമായി തുടക്കം മുതൽ കത്തിക്കയറി. തുടർച്ചയായി രണ്ടാം മത്സരത്തിലും താരം അർധ ശതകം നേടി. എന്നാൽ താരം മടങ്ങിയതോടെ ലഖ്നൗവിന്റെ തകർച്ചയും തുടങ്ങി.

22 പന്തിൽ എട്ട് ഫോറും രണ്ട് സിക്സും സഹിതം മേയേഴ്സ് 53 റൺസുമായി മടങ്ങി. ക്യാപ്റ്റൻ കെഎൽ രാഹുലുമൊത്തുള്ള ഓപ്പണിങ് സഖ്യത്തിൽ 5.3 ഓവറിൽ 79 റൺസ് ബോർഡിൽ ചേർത്താണ് താരം മടങ്ങിയത്. പിന്നാലെ ക്രീസിലെത്തിയ ദീപക് ഹൂഡ ആറ് പന്തിൽ രണ്ട് റൺസ് മാത്രമെടുത്ത് പുറത്തായി. പിന്നാലെ രാഹുലും പുറത്തായതോടെ മൂന്നിന് 82 എന്ന നിലയിലായി ലഖ്നൗ. ഹൂഡയ്ക്കു ശേഷമെത്തിയ ക്രുണാൽ പാണ്ഡ്യയും കാര്യമായി ക്രീസിൽ നിന്നില്ല. താരം ഒൻപത് റൺസെടുത്ത് മടങ്ങി.

പിന്നീട് മാര്‍ക്കസ് സ്റ്റോയിനിസ് (18 പന്തില്‍ 21), നിക്കോളാസ് പുരന്‍ (18 പന്തില്‍ 32), ആയുഷ് ബദോനി (18 പന്തില്‍ 23), കെ ഗൗതം (പുറത്താകാതെ 11 പന്തില്‍ 17), മാര്‍ക് വുഡ് (പുറത്താകാതെ മൂന്ന് പന്തില്‍ 10) എന്നിവര്‍ ശ്രമിച്ചെങ്കിലും വിജയത്തിലെത്തിക്കാനായില്ല. പുരന്‍ മൂന്ന് സിക്‌സും രണ്ട് ഫോറും പറത്തി. ചെന്നൈയ്ക്കായി മൊയീൻ അലി നാല് വിക്കറ്റുകൾ വീഴ്ത്തി. തുഷാർ ദേശ്പാണ്ഡെ രണ്ടും മിച്ചൽ സാന്റ്നർ ഒരു വിക്കറ്റും വീഴ്ത്തി.

എ സി എ സി നഗറിൽ സീറോ വേസ്റ്റ് ഡേയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു

എ സി എ സി നഗറിൽ സീറോ വേസ്റ്റ് ഡേയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു

ആറ്റിങ്ങൽ: ആറ്റിങ്ങൽ എ സി എ സി നഗറിൽ 25ആം വാർഡിൽ സീറോ വേസ്റ്റ് ഡേയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. കൗൺസിലർ വി. മുരളീധരൻ നായർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. വാർഡിലെ ആശ വർക്കർമാരും ജാഗ്രതാ സമിതിക്കാരും കുടുംബശ്രീ അംഗങ്ങളും നാട്ടുകാരും ചേർന്ന് ശുചീകരണ പ്രവർത്തനം ഗംഭീരമാക്കി. അഗങ്ങളും ഇതിൽ പങ്കുചേർന്നു. സീറോ വേസ്റ്റ് ഡേയുടെ ഭാഗമായി മറ്റു വാർഡുകളിലും
ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു.