പാചക വാതക വില കുറച്ചു; വാണിജ്യ സിലിണ്ടറിന് കുറഞ്ഞത് 90 രൂപ

പാചക വാതക വില കുറച്ചു; വാണിജ്യ സിലിണ്ടറിന് കുറഞ്ഞത് 90 രൂപ

കൊച്ചി: വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിൻറെ വില കുറച്ചു. 90 രൂപയാണ് കുറച്ചത്. ഇതോടെ ഒരു വാണിജ്യ സിലിണ്ടറിൻറെ വില 2034 രൂപ 50 പൈസ ആയി. ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.
മാർച്ച് ഒന്നിന് വാണിജ്യ സിലിണ്ടർ വില 350 രൂപ കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് 2023-24 സാമ്പത്തിക വർഷത്തിൻറെ തുടക്കത്തിൽ വില കുറച്ചിരിക്കുന്നത്. എല്ലാം മാസവും ഒന്നാം തിയതി പാചകവാതകത്തിന്റെ വില എണ്ണകമ്പനികൾ പുനഃപരിശോധിക്കാറുണ്ട്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈയ്ക്ക് തോൽവിയോടെ തുടക്കം

ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈയ്ക്ക് തോൽവിയോടെ തുടക്കം

ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈക്ക് തോൽവിയോടെ തുടക്കം. ചെന്നൈയ്ക്ക് എതിരെ അഞ്ച് വിക്കറ്റ് വിജയമാണ് ഗുജറാത്ത് നേടിയത്. നാല് പന്തുകൾ ബാക്കി നിൽക്കെ ചെന്നൈ സൂപ്പർ കിങ്‌സ് നേടിയ 178 റണ്ണുകൾ ഗുജറാത്ത് ടൈറ്റൻസ് മറികടക്കുകയായിരുന്നു. അവസാന ഓവറുകളിൽ തകർത്തടിച്ചു രാഹുൽ തെവാട്ടിയായും റാഷിദ് ഖാനുമാണ് ഗുജറാത്തിനെ വിജയതീരത്ത് എത്തിച്ചത്. ഓപ്പണർമാരായ ശുഭ്മൻ ഗില്ലും വൃദ്ധിമാൻ സാഹയും തിളങ്ങിയതാണ് ഗുജറാത്തിനെ സഹായിച്ചത്.

ഐപിഎല്ലിൽ ഇതുവരെ ചെസ് ചെയ്ത പത്ത് മത്സരങ്ങളിൽ ഒമ്പതെണ്ണത്തിലും വിജയം ഗുജറാത്ത് നേടിയിട്ടുണ്ട്. നിർണായക വിക്കറ്റുകൾ എടുക്കുകയും രണ്ട് ബൗണ്ടറികൾ നേടി ടീമിന്റെ വിജയത്തിന് നിർണായക പങ്കു വഹിച്ച റാഷിദ് ഖാനാണ് മത്സരത്തിലെ മികച്ച താരം. അവസാന ഓവറുകളിൽ വമ്പനടികൾക്ക് പേരുകേട്ട റാഷിദ് ഖാനും രാഹുൽ തെവാട്ടിയായും കൂറ്റനടികളുമായി മുന്നേറി. അവസാന രണ്ടു ഓവറുകളിൽ ഇരുവരും ചേർന്ന് അടിച്ചെടുത്ത 26 റണ്ണുകൾ. അവസാന ഓവറിൽ രണ്ടു പന്തുകൾ തുടർച്ചയായി ബൗണ്ടറി കടത്തിയാണ് തെവാട്ടിയ നിലവിലെ ജേതാക്കളെ വിജയത്തിൽ എത്തിച്ചത്.

36 പന്തുകളിൽ നിന്ന് 63 റണ്ണുകൾ നേടിയ ശുഭ്മൻ ഗിൽ ടീമിന്റെ റൺ നിരക്ക് ഉയർത്തുന്നതിന് വലിയ സംഭാവനയാണ് നൽകിയത്. എന്നാൽ, കൂറ്റനടികൾക്ക് പേരെടുത്ത ഹർദിക് പാണ്ട്യ എട്ടു റണ്ണുകൾക്കപ്പുറം വീണത് ഗുജറാത്തിനെ തലവേദയാക്കിയിരുന്നു.കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് പിഴുത ഗുജറാത്ത് ടൈറ്റന്‍സ് ബൗളര്‍മാരാണ് ചെന്നൈ സ്‌കോര്‍ 178ല്‍ ഒതുക്കിയത്. കൃത്യമായി പ്രതിരോധിച്ചിരുന്നെകിൽ വിജയിക്കാൻ സാധിക്കുമായിരുന്ന മത്സരമാണ് ചെന്നൈ കൈവിട്ടു കളഞ്ഞത്. മൂന്ന് വിക്കറ്റുകൾ എടുത്ത് രാജ്വർദ്ധൻ ഹൻഗർഗേക്കർ ഗുജറാത്തിനെ പ്രതിരോധത്തിലാക്കിയെങ്കിലും മറ്റുള്ള ബോളർമാർ തിളങ്ങാതിരുന്നത് ചെന്നൈ സൂപ്പർ കിങ്സിന് തിരിച്ചടിയായി. ശക്തമായ ബാറ്റിംഗ് നിരയുണ്ടായിട്ടും പ്രതിരോധിക്കാൻ സാധിക്കാതെ ബോളിങ് ടീം പ്രതിസന്ധിയിലായത് ചെന്നൈ ടീം പരിശോധിക്കേണ്ടി വരും.

വർക്കലയിൽ വീട്ടുടമസ്ഥരെ കബളിപ്പിച്ച് മോഷണം; വീട്ടുജോലിക്കാരി പിടിയിൽ

വർക്കലയിൽ വീട്ടുടമസ്ഥരെ കബളിപ്പിച്ച് മോഷണം; വീട്ടുജോലിക്കാരി പിടിയിൽ

തിരുവനന്തപുരം: വർക്കലയിൽ വീട്ടുടമസ്ഥരെ കബളിപ്പിച്ച് സ്വർണ്ണം കവർന്ന് പണയം വച്ച കേസിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ. വർക്കല സ്വദേശിനി സോജാ എന്ന് വിളിക്കുന്ന സരിതയാണ് വർക്കല പോലീസിന്റെ പിടിയിലായത്. 80000 രൂപ വിലമതിപ്പുള്ള വൈറ്റ് ഗോൾഡ് ഫാഷനിലുള്ള 14.5 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ നെക്ലസ്സും 4 ഗ്രാം തുക്കം വരുന്ന സ്വർണ്ണ മോതിരവും 16 ഗ്രാമ തൂക്കം വരുന്ന 2 വളകളുമാണ് മോഷ്ടിച്ചത്

പല തവണകളായി വീട്ടുകാർക്ക് സംശയം തോന്നാത്ത തരത്തിലാണ് ആണ് മോഷണം നടത്തിയത്. 11 വർഷമായി സുനിൽകുമാറിന്റെ വീടുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന സരിത വീട്ടുകാരുടെ വിശ്വസ്ഥയായിരുന്നു. സുനിൽകുമാറിന്റെ ഭാര്യ സ്ഥിരമായി ഉപയോഗിക്കുന്ന വള കുളിക്കാൻ പോകുമ്പോഴും ഉറങ്ങുമ്പോഴും ഊരി വയ്ക്കുക പതിവായിരുന്നു. താനുപയോഗിക്കുന്ന വള മുക്കുപണ്ടം ആണെന്ന് സംശയം തോന്നിയ വീട്ടുകാരി, സരിതയെ വിളിച്ചു വരുത്തി ഇതേപ്പറ്റി ചോദിച്ചു.

എന്നാൽ പരസ്പര വിരുദ്ധമായാണ് സരിത മറുപടി നൽകിയത്. ഇതിൽ സംശയം തോന്നിയ സുനിൽകുമാർ വർക്കല പോലീസിൽ പരാതി നൽകുകയായിരുന്നു. സുനിൽകുമാറിന്റെ ഭാര്യയും മകളും ധരിക്കുന്ന സ്വർണ്ണത്തിന്റെ അതേ മോഡലിൽ ഉള്ള മുക്കുപണ്ടങ്ങൾ സംഘടിപ്പിച്ച ശേഷം യഥാർത്ഥ സ്വർണ്ണം മോഷ്ടിക്കുകയാണ് സരിത ചെയ്തതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. വള മാത്രമാണ് മോഷണം നടത്തിയത് എന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്വകാര്യ ബാങ്കിൽ അന്വേഷിക്കുമ്പോഴാണ് ലക്ഷങ്ങൾ വിലമതിപ്പുള്ള സ്വർണ്ണം പണയം വച്ചിരിക്കുന്നത് പോലീസ് കണ്ടെത്തുന്നത്. മോഷ്ടിച്ച സ്വർണ്ണം സ്വകാര്യ ബാങ്കിൽ പണയം വച്ച് ലക്ഷങ്ങൾ കൈക്കലാക്കുകയായിരുന്നു. സരിതയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 1.30 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്. വർക്കല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോസ്റ്റര്‍ പ്രചാരണം നടത്തിയ എട്ടുപേര്‍ ഗുജറാത്തില്‍ അറസ്റ്റില്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോസ്റ്റര്‍ പ്രചാരണം നടത്തിയ എട്ടുപേര്‍ ഗുജറാത്തില്‍ അറസ്റ്റില്‍

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോസ്റ്റര്‍ പ്രചാരണം നടത്തിയ എട്ടുപേര്‍ ഗുജറാത്തില്‍ അറസ്റ്റില്‍. മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കു എന്ന മുദ്രാവാക്യമുള്ള പോസ്റ്റര്‍ അഹമ്മദാബാദിലെ വിവിധ ഇടങ്ങളില്‍ പതിച്ച സംഭവത്തിലാണ് നടപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായി ദേശീയ വ്യാപകമായി ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന ക്യാംപെയ്‌നിന്റെ ഭാഗമായാണ് മോദിക്കെതിരെയുള്ള പോസ്റ്ററുകള്‍. അറസ്റ്റിലായവര്‍ എഎപി പ്രവര്‍ത്തകരാണെന്ന് ഗുജറാത്ത് എഎപി സംസ്ഥാന അധ്യക്ഷന്‍ ഇസുദന്‍ ഗാധ്‌വി പറഞ്ഞു.

പോസ്റ്റര്‍ പതിച്ചതിന് എഎപി പ്രവര്‍ത്തകരെ പിടികൂടി ജയിലിലിടുന്നത് ബിജെപിയുടെ ഏകാധിപത്യ പ്രവണതയാണ് കാണിക്കുന്നത്. എഎപിയുടെ പ്രചാരണത്തെ ബിജെപി ഭയക്കുകയാണെന്നും ഇസുദന്‍ ഗാധ്‌വി പറഞ്ഞു.

പാര്‍ക്ക് സന്ദര്‍ശനത്തിനിടെ റവന്യു മന്ത്രി കെ. രാജന് പരിക്ക്

പാര്‍ക്ക് സന്ദര്‍ശനത്തിനിടെ റവന്യു മന്ത്രി കെ. രാജന് പരിക്ക്

തൃശൂര്‍: പാര്‍ക്ക് സന്ദര്‍ശനത്തിനിടെ, റവന്യു മന്ത്രി കെ രാജന് വീണ് പരിക്കേറ്റു. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് സന്ദര്‍ശനത്തിനിടെയാണ് സംഭവം. ചവിട്ടുപടി ഇറങ്ങുന്നതിനിടെ കാല്‍ തെറ്റി വീഴുകയായിരുന്നു. കാല്‍മുട്ടിന്റെ തൊലി നീങ്ങി. ഉടനെ തന്നെ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എത്തിച്ച് കാല്‍മുട്ടില്‍ സ്റ്റിച്ചിട്ടു. ആരോഗ്യ നില തൃപ്തികരമെന്ന് മന്ത്രി രാജന്റെ ഓഫീസ് അറിയിച്ചു.

സൂര്യഗായത്രി വധക്കേസ്: പ്രതി അരുണിന് ജീവപര്യന്തം തടവ്‌

സൂര്യഗായത്രി വധക്കേസ്: പ്രതി അരുണിന് ജീവപര്യന്തം തടവ്‌

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് സൂര്യഗായത്രി വധക്കേസിലെ പ്രതി അരുണിന് ജീവപര്യന്തം. പ്രതിക്ക് അഞ്ചുലക്ഷം രൂപ പിഴയും തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. കൊലപാതകം, അതിക്രമിച്ച് കടക്കല്‍, പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കോടതി ശരിവെച്ചത്. കേസില്‍ പ്രതി അരുണ്‍ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിധി പറയാന്‍ കേസ് ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്ന് പ്രതി വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ കുത്തിക്കൊലപ്പെടുത്തി എന്നതാണ് കേസ്. 2021 ഓഗസ്റ്റ് 31 നാണ് കേസിനാസ്പദമായ സംഭവം. ഭിന്നശേഷിക്കാരായ മാതാപിതാക്കള്‍ക്ക് മുന്നില്‍ വെച്ചാണ് 20 കാരിയായ മകളെ പ്രതി കൊലപ്പെടുത്തിയത്.

33 തവണയാണ് പ്രതി സൂര്യഗായത്രിയെ കുത്തിയത്. അമ്മ വത്സലയ്ക്കും അച്ചന്‍ ശിവദാസനുമൊപ്പം വീട്ടിനുള്ളില്‍ ഇരിക്കുകയായിരുന്നു യുവതി. പുറത്തെ ശബ്ദം കേട്ട് യുവതിയും പിതാവും പുറത്തിറങ്ങി നോക്കി. ഇതിനിടെ പ്രതി അരുണ്‍ പിന്നിലെ വാതിലിലൂടെ അകത്തു കയറി ഒളിച്ചിരുന്നു. അകത്തേക്കു കയറിയ സൂര്യഗായത്രിയെ പ്രതി കുത്തിയത്. തടയാന്‍ ശ്രമിച്ച ശിവദാസനെ പ്രതി അരുണ്‍ അടിച്ചു നിലത്തിട്ടു. ഭിന്നശേഷിക്കാരിയായ അമ്മ തടയാനെത്തിയപ്പോള്‍ അവരെയും ആക്രമിച്ചു. വിവാഹാഭ്യര്‍ത്ഥന സൂര്യഗായത്രി നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രോസിക്യൂഷന്‍ കേസ്.