by Midhun HP News | Jan 30, 2026 | Latest News, കേരളം
കോട്ടയ്ക്കല്‍: ആയുര്‍വേദത്തിനെ സംരക്ഷിക്കുന്നതിലും മുന്നോട്ടു നയിക്കാനും കോട്ടയ്ക്കല്‍ ആര്യവൈദ്യശാല നടത്തുന്ന ശ്രമങ്ങളെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആര്യവൈദ്യശാല വേദനിക്കുന്നവരുടെ ആശ്രയമാണെന്നും കേരളത്തിലെ പ്രാചീന ചികിത്സാരീതിയെ സംരക്ഷിച്ച് ആയുര്‍വേദത്തെ വളര്‍ത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ആയുഷ് മന്ത്രാലയം 12000 ആയുഷ് വെല്‍നെസ് സെന്ററുകള്‍ തുടങ്ങിയതിനെക്കുറിച്ചും 2014 നു ശേഷം ഈ മേഖല നേടിയ വളര്‍ച്ചയും അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്യവൈദ്യശാല സ്ഥാപക ദിനം, ധര്‍മാശുപത്രി ശതാബ്ദി ആഘോഷ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി
2014 ല്‍ 3000 കോടി ആയിരുന്ന ആയുഷ് ആന്‍ഡ് ഹെര്‍ബല്‍ പ്രൊഡക്ടസിന്റെ കയറ്റുമതി 6500 കോടിയിലെത്തിയത് ഇന്ത്യയെ സംബന്ധിച്ച് നേട്ടമാണ്. ആയുഷ് വിസയുടെ ഗുണം 65 ല്‍ പരം വിദേശരാജ്യങ്ങളിലുള്ളവര്‍ക്ക് ലഭിച്ചിട്ടുണ്ട്. ജി20, ബ്രിക്‌സ് ഉച്ചകോടികളില്‍ ആയുഷിനെ വളര്‍ത്തുവാന്‍ വേണ്ട എല്ലാ ശ്രമങ്ങളും നടത്തി. യൂറോപ്യന്‍ യൂണിനുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യയുടെ പരമ്പരാഗത വൈദ്യശാസ്ത്രത്തിന് വലിയ സാധ്യതകള്‍ തുറക്കും. യൂറോപ്യന്‍ രാജ്യങ്ങളില്‍ ആയുഷ് വെല്‍നെസ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നതിന് ഇത് സഹായകമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഡ്രഗ്ഗ് റിസര്‍ച്ച്, ക്ലിനിക്കല്‍ റിസര്‍ച്ച്, കാന്‍സര്‍ റിസര്‍ച്ച്, സെന്റര്‍ ഓഫ് എക്‌സലെന്‍സ് എന്നിവയില്‍ ഊന്നി ആയുര്‍വേദത്തെ എവിഡന്‍സ് ബേസ്ഡ് റിസര്‍ച്ച്, പബ്ലിഷിങ് ഓഫ് റിസര്‍ച്ച് പോപ്പേഴ്‌സ്, എന്നിവയൊക്കെ ചെയ്യുന്ന ആര്യവൈദ്യശാലയെ ആദ്ദേഹം പ്രകീര്‍ത്തിച്ചു. പൗരാണികതയേയും ആയുര്‍വേദത്തേയും ചേര്‍ത്തു പിടിക്കുന്ന ആര്യവൈദ്യശാലയുടെ പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
ആധുനിക കാലഘട്ടത്തില്‍ നാം ജീവിക്കുന്ന ലോകത്തില്‍ ആയുര്‍വേദത്തിന് വലിയ പ്രസക്തി ഉണ്ടെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ അതിര്‍ത്തികള്‍ക്കപ്പുറം ആയുര്‍വേദം എത്തിയിട്ടുണ്ട്. ആര്യവൈദ്യശാലയില്‍ സ്ഥാപകദിനാഘോഷത്തിന്റെ ഉദ്ഘാടനവും ധര്‍മ്മാശുപത്രിയുടെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ഡോ. എം പി. അബ്ദ്ദു സമദ് സമദാനി എംപി അധ്യക്ഷത വഹിച്ചു.
പത്മഭൂഷണ്‍ ഡോ. പി കെ വാരിയരുടെ ആത്മകഥ ‘സ്മൃതിപര്‍വം’ (അവസാനഭാഗം) ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്തു. മാനേജിങ് ട്രസ്റ്റി ഡോ. പി. എം. വാരിയര്‍ ആദ്യപ്രതി ഏറ്റുവാങ്ങി.
പ്രൊഫ.ആബിദ് ഹൂസൈന്‍ തങ്ങള്‍ എംഎല്‍എ, കോട്ടക്കല്‍ നഗരസഭാ ചെയര്‍മാന്‍ കെ.കെ.നാസര്‍ മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, വൈദ്യരത്‌നം പി.എസ്.വാരിയര്‍, ചീഫ് എക്‌സി ക്യുട്ടീവ് ഓഫീസര്‍ കെ.ഹരികുമാര്‍, ഡോ. പി. എം. വാരിയര്‍, ഡോ.കെജി. പൗലോസ് തുടങ്ങിയവര്‍ സംസാരിച്ചു. അഖിലേന്ത്യാതലത്തില്‍ നടത്തിയെ പ്രബന്ധ മത്സരവിജയികളേയും,തീസിസ് അവതരണത്തില്‍ വിജയിച്ചവര്‍ക്കുമുള്ള അവാര്‍ഡ് ചടങ്ങില്‍ വിതരണം ചെയ്തു.

by Midhun HP News | Jan 30, 2026 | Latest News, കേരളം
തൃശൂര്‍: ആറ്റൂരില്‍ വയോധികരായ സഹോദരിമാരുടെ കൂട്ട ആത്മഹത്യ ശ്രമം. മണ്ഡലംകുന്ന് സ്വദേശികളായ ദേവകി (83) ജാനകി (80) സരോജനി (75) എന്നിവരെയാണ് ജീവനൊടുക്കാന്‍ ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്. ഇതില്‍ സരോജിനി പിന്നീട് മരിച്ചു. ജാനകി, ദേവകി എന്നിവര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്തിലെ മണ്ഡലംകുന്നിന് സമീപത്തെ വീട്ടില്‍ അവശ നിലയില്‍ അയല്‍വാസികളാണ് മൂവരെയും കണ്ടെത്തിയത്. തുടര്‍ന്ന് ചെറുതുരുത്തി പൊലീസ് ഇടപെട്ട് സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ആരോഗ്യനില ഗുരുതരമായ സരോജിനി പിന്നീട് മരിക്കുകയായിരുന്നു. ജീവിത നൈരാശ്യമാണ് ആത്മഹത്യക്ക് കാരണമെന്ന് പറയുന്ന കുറിപ്പ് കണ്ടെത്തി. മൂന്നു പേരും അവിവാഹിതരാണ്.


by Midhun HP News | Jan 30, 2026 | Latest News, കേരളം
കോഴിക്കോട്: എലത്തൂര്‍ മാളിക്കടവില്‍ ആത്മഹത്യ ചെയ്യാമെന്നു പറഞ്ഞു യുവതിയെ വിളിച്ചു വരുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി വൈശാഖന്‍ മറ്റൊരു പെണ്‍കുട്ടിയെയും വലയില്‍ വീഴ്ത്താന്‍ ശ്രമിച്ചിരുന്നുവെന്ന് സൂചന. ഇക്കാര്യം കൊല്ലപ്പെട്ട യുവതി അറിഞ്ഞു. ഇതേച്ചൊല്ലിയും ഇരുവരും തമ്മില്‍ തര്‍ക്കങ്ങളും വഴക്കും ഉണ്ടായിരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. കൊലപാതകം നടത്തുന്നതിനു മുമ്പ് പ്രതി യുവതിയെ അതിക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തി.
കൈകൊണ്ട് മുഖത്തും ശരീരത്തിലും മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താനും ശ്രമിച്ചു. ഇതിനുശേഷമാണ് യുവതിക്ക് ജ്യൂസില്‍ ഉറക്ക ഗുളിക കലര്‍ത്തി നല്‍കിയത്. യുവതിയുമായുള്ള ബന്ധം ഭാര്യ അറിയുമെന്ന ഭയമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് വൈശാഖന്റെ മൊഴി. തന്നെ വിവാഹം കഴിക്കണമെന്ന് യുവതി നിര്‍ബന്ധിച്ചതോടെയാണ്, ഒരുമിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ഇയാള്‍ വര്‍ക്ക് ഷോപ്പിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയത്.
ജ്യൂസില്‍ ഉറക്കുഗുളിക കലര്‍ത്തി നല്‍കി യുവതിയെ അബോധാവസ്ഥയിലാക്കിയ ശേഷം കഴുത്തില്‍ കുരുക്കിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. മരിച്ചെന്ന് ഉറപ്പാക്കിയശേഷം ഭാര്യയെ വിളിച്ചു വരുത്തി യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പ്രതി വൈശാഖനും ഭാര്യയും ചേര്‍ന്ന് യുവതിയുടെ മൃതദേഹം കാറില്‍ കയറ്റുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തു വന്നിരുന്നു. സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. സംഭവത്തില്‍ വൈശാഖന്റെ ഭാര്യയെ പൊലീസ് ചോദ്യം ചെയ്തു. ഇവര്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
യുവതിയുടെ മരണശേഷവും വൈശാഖന്‍ മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. പ്രതിക്ക് ലൈംഗിക വൈകൃതങ്ങള്‍ ഉള്ളതായും അന്വേഷണസംഘം സൂചിപ്പിക്കുന്നു. യുവതിക്ക് 16 വയസ്സുള്ളപ്പോള്‍ മുതല്‍ വൈശാഖന്‍ പീഡിപ്പിച്ചിരുന്നതായി യുവതിയുടെ ഡയറിക്കുറിപ്പുകളില്‍ നിന്ന് വ്യക്തമായിരുന്നു. ഇതേത്തുടര്‍ന്ന് ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പും ചുമത്തിയിട്ടുണ്ട്. സംഭവം നടന്ന ശേഷം തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി വര്‍ക്ക് ഷോപ്പിലെ സിസിടിവി ഹാര്‍ഡ് ഡിസ്‌ക് മാറ്റാന്‍ വൈശാഖന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പൊലീസ് സ്ഥാപനം സീല്‍ ചെയ്തതോടെ ഈ നീക്കം പരാജയപ്പെടുകയായിരുന്നു.


by Midhun HP News | Jan 29, 2026 | Latest News, കേരളം
കൊല്ലത്ത് വീട്ടിലേക്ക് കയറ്റിയ കാർ നിയന്ത്രണം വിട്ട് പിന്നിലേക്ക് ഉരുണ്ട്, പിന്നാലെ വന്ന ബൈക്കിലിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. കുളത്തൂപ്പുഴ സാംനഗർ സ്വദേശി രാജഗോപാൽ (48) ആണ് മ.രി.ച്ചത്. കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുക ആയിരുന്നു.
മലയോര ഹൈവേയിൽ അഞ്ചൽ കുളത്തൂപ്പുഴ കൈതക്കാട് മിൽപ്പാലത്തിന് സമീപം ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് തെന്മല ഡിവിഷൻ അംഗം അനിൽ ടോം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. അനിൽ ടോം കാർ വീട്ടിലേക്ക് കയറ്റവേ നിയന്ത്രണം വിട്ടു പിന്നോട്ട് ഉരുളുകയും മലയോര ഹൈവേയിലൂടെ പോവുകയായിരുന്ന രാജഗോപാലിൻ്റെ ബൈക്കിൽ കാർ ഇടിക്കുകയും ആയിരുന്നു.
രാജഗോപാലിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃ.ത.ദേഹം പോ.സ്റ്റ്മോ.ർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കുളത്തൂപ്പുഴ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.


by Midhun HP News | Jan 28, 2026 | Latest News, കേരളം
കൊച്ചി: ആർത്തവ അവധി അനുവദിക്കണമെന്ന വനിതാ കണ്ടക്ടർമാരുടെ ഹർജിയിൽ നിലപാട് വ്യക്തമാക്കി കെ എസ് ആർ ടി സി. ആർത്തവ അവധി അനുവദിക്കാൻ കഴിയില്ലെന്നും നിലവിൽ ഇത്തരമൊരു നീക്കം സ്ഥാപനത്തിന് അധിക ബാധ്യത സൃഷ്ട്ടിക്കുമെന്നും അത് താങ്ങാൻ കഴിയില്ലെന്നും കെ എസ് ആർ ടി സി ഹൈക്കോടതിയെ അറിയിച്ചു.
രണ്ട് ദിവസത്തെ അവധി അനുവദിക്കണമെന്നാണ് വനിതാ കണ്ടക്ടർമാർ ഹർജിയിൽ ആവശ്യം ഉന്നയിച്ചത്. എന്നാൽ ഈ നീക്കം സർവീസുകളെ ഗുരുതരമായി ബാധിക്കും. അതിനാൽ അവധി നൽകാൻ കഴിയില്ലെന്നും കെ എസ് ആർ ടി സി വ്യക്തമാക്കി. അതെ സമയം, കർണാടകയിലെ ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലെ ജീവനക്കാരികൾക്ക് മാസത്തിൽ ഒരു ദിവസം ശമ്പളത്തോടെയുള്ള ആർത്തവ അവധി നടപ്പാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. അവധിക്ക് അപേക്ഷിക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യമില്ല.18 മുതൽ 52 വയസ്സുവരെയുള്ള ജീവനക്കാരികൾക്ക് ആണ് അവധി ലഭിക്കുന്നത്. ഈ വർഷം മുതൽ പുതിയ തീരുമാനം നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.
by Midhun HP News | Jan 28, 2026 | Latest News, കേരളം
തൃശൂർ: മൂന്ന് പതിറ്റാണ്ടായി ഫയലുകളിലും വാഗ്ദാനങ്ങളിലുമൊതുങ്ങിയിരുന്ന ഗുരുവായൂര്‍ – തിരുനാവായ റെയില്‍വേ പദ്ധതി വീണ്ടും ചര്‍ച്ചയിലേക്ക്. പദ്ധതി മരവിപ്പിച്ച റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം ഔദ്യോഗികമായി പിന്‍വലിച്ചതോടെ, മലബാറിനെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന ഈ സ്വപ്ന പദ്ധതിക്ക് പുതുജീവന്‍ ലഭിച്ചിരിക്കുകയാണ്. കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി കൈക്കൊണ്ട ഈ തീരുമാനം, പ്രദേശവാസികള്‍ക്കും വികസന പ്രവര്‍ത്തകര്‍ക്കും വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
നിര്‍മാണ പുരോഗതിയില്ലായ്മയും ഭൂമിയേറ്റെടുപ്പിലെ അനിശ്ചിതത്വവും ചൂണ്ടിക്കാട്ടി 2019-ലാണ് പദ്ധതി റെയില്‍വേ ബോര്‍ഡ് മരവിപ്പിച്ചത്. എന്നാല്‍ പുതിയ തീരുമാനത്തോടെ, സാങ്കേതികമായി നിലനിന്നിരുന്ന പ്രധാന തടസ്സം നീങ്ങിയിരിക്കുകയാണ്.
റെയില്‍വേയുടെ പച്ചക്കൊടി; തടസ്സമായി ഭൂമിയേറ്റെടുപ്പ്
പദ്ധതി പുനരാരംഭിക്കുന്നതിന്റെ ഭാഗമായി റെയില്‍വേ മന്ത്രാലയം പുനര്‍സര്‍വേ നടത്തി രണ്ട് വര്‍ഷം മുന്‍പേ തന്നെ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെ വൈകുന്നതാണ് അനിശ്ചിതത്വത്തിന് കാരണം.
പ്രധാനമന്ത്രിയുടെ റെയില്‍വേ ഉപദേഷ്ടാവും മെട്രോമാനുമായ ഇ. ശ്രീധരനും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. പാത കടന്നുപോകുന്നതിനാവശ്യമായ ഭൂമി ഏറ്റെടുത്ത് റെയില്‍വേക്ക് കൈമാറേണ്ട ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിന്റേതാണ്. ഈ നടപടികള്‍ വൈകുന്നതാണ് നിലവില്‍ പദ്ധതിക്ക് മുന്നിലെ ഏക വലിയ തടസ്സമെന്ന വിമര്‍ശനമാണ് ഉയരുന്നത്.
വാഗ്ദാനങ്ങളുടെ മൂന്ന് പതിറ്റാണ്ട്
1982: ഗുരുവായൂരില്‍ നിന്ന് വടക്കോട്ടുള്ള റെയില്‍വേ ലൈന്‍ എന്ന ആശയം ആദ്യമായി ഉയര്‍ന്നു.
1995: അന്നത്തെ റെയില്‍വേ മന്ത്രി സുരേഷ് കല്‍മാഡി ശിലാസ്ഥാപനം നടത്തി.
അലൈന്‍മെന്റിലെ മാറ്റങ്ങള്‍: കുറ്റിപ്പുറം, തിരൂര്‍, താനൂര്‍ എന്നീ റൂട്ടുകള്‍ പരിഗണിച്ച ശേഷം, പദ്ധതി തിരുനാവായ പാതയില്‍ കേന്ദ്രീകരിച്ചു.
2019: ഭൂമിയേറ്റെടുപ്പിലെ അനിശ്ചിതത്വം മൂലം പദ്ധതി ഔദ്യോഗികമായി മരവിപ്പിച്ചു.
കഴിഞ്ഞ കേന്ദ്ര ബജറ്റുകളില്‍ ഈ പദ്ധതിക്കായി 45 കോടി രൂപ വരെ വകയിരുത്തിയിരുന്നുവെങ്കിലും, ‘മരവിപ്പിച്ച പദ്ധതി’ എന്ന നില കാരണം ഈ തുക വിനിയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോഴത്തെ തീരുമാനത്തോടെ ആ സാങ്കേതിക തടസ്സവും നീങ്ങിയിരിക്കുകയാണ്.
രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കിടയില്‍ വികസനം
പദ്ധതി വൈകുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയാണ് കാരണമെന്ന് ബിജെപി ആരോപിക്കുമ്പോള്‍, കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുന്നുവെന്നാരോപിച്ച് മറ്റ് മുന്നണികളും രംഗത്തുണ്ട്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് വാര്‍ത്തയെ തുടര്‍ന്ന് ബിജെപി നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. സി. നിവേദിത സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന്‍ മുഖാന്തിരം നടത്തിയ ഇടപെടലുകളും, ഗുരുവായൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് നല്‍കിയ നിവേദനങ്ങളും പദ്ധതിക്ക് പുതുഗതി നല്‍കിയതായി വിലയിരുത്തപ്പെടുന്നു.
പദ്ധതി പുനരാരംഭിക്കാനുള്ള റെയില്‍വേ ബോര്‍ഡിന്റെ തീരുമാനത്തെ ഗുരുവായൂര്‍ ക്ഷേത്ര രക്ഷാ സമിതി സെക്രട്ടറി എം.ബിജേഷും ഗുരുവായൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് പി.വി. മുഹമ്മദ് യാസിന്‍, സെക്രട്ടറി അഡ്വ. രവി ചങ്കത്ത് എന്നിവര്‍ സ്വാഗതം ചെയ്തു.
ഇനി വേണ്ടത് വ്യക്തമായ ആക്ഷന്‍ പ്ലാന്‍
തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും ഇതേ കാലയളവില്‍ ആരംഭിച്ച റെയില്‍വേ പദ്ധതികള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ പൂര്‍ത്തിയായപ്പോള്‍, ഗുരുവായൂരില്‍ സര്‍വേ കല്ലുകള്‍ ഇന്നും ചരിത്ര സ്മാരകങ്ങളായി തുടരുകയാണ്. കേന്ദ്ര സര്‍ക്കാര്‍, റെയില്‍വേ ബോര്‍ഡ് എന്നിവര്‍ അവരുടെ ഭാഗത്തെ തടസ്സങ്ങള്‍ നീക്കിയ സാഹചര്യത്തില്‍, രാഷ്ട്രീയ ഭേദമന്യേ സംസ്ഥാന സര്‍ക്കാര്‍ ഭൂമിയേറ്റെടുപ്പ് നടപടികള്‍ വേഗത്തിലാക്കണമെന്നാണ് നാട്ടുകാരുടെയും വികസന സംഘടനകളുടെയും ശക്തമായ ആവശ്യം.
30 വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ അന്ത്യമാകുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇനി സംസ്ഥാന സര്‍ക്കാരിന്റെ നടപടികളില്‍ നിന്ന് പ്രതീക്ഷിക്കപ്പെടുന്നത്.
Recent Comments