ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ വീണ്ടും പൊലീസ്

ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ വീണ്ടും പൊലീസ്

ലാഹോര്‍: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ വീണ്ടും ഇസ്ലാമാബാദ് പൊലീസ്. ലാഹോറിലെ ഇമ്രാന്റെ വസതിക്ക് മുന്നില്‍ പൊലീസും പിടിഐ പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. ആള്‍ക്കൂട്ടം പൊലീസിന് നേരെ കല്ലേറു നടത്തി. ഇത് രണ്ടാം തവണയാണ് ഇസ്ലാമാബാദ് പൊലീസ് ഇമ്രാനെ അറസ്റ്റ് ചെയ്യാനെത്തുന്നത്.
പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങള്‍ അനധികൃതമായി വിറ്റുവെന്നാണ് ഇമ്രാന് എതിരെയുള്ള കേസ്. ഇത്തരത്തില്‍ സമ്മാനങ്ങള്‍ വാങ്ങുമ്പോള്‍ വെളിപ്പെടുത്തണമെന്നാണ് നിയമം. നിശ്ചിത തുകയില്‍ കുറവാണ് മൂല്യമെങ്കില്‍ അവ കൈവശം വയ്ക്കാം. അല്ലാത്തവ ‘തോഷഖാന’ എന്ന സംവിധാനത്തിലേക്ക് പോകും. ഈ സമ്മാനങ്ങളുടെ 50 ശതമാനം നല്‍കി വാങ്ങാനാകും. എന്നാല്‍ ഇമ്രാന്‍ 20 ശതമാനം വരെ കുറച്ച് വാങ്ങുകയും അവ പിന്നീട് മറിച്ചുവില്‍ക്കുകയും ചെയ്തു എന്നാണ് ആരോപണം.

മൂന്നുതണ നോട്ടീസ് നല്‍കിയിട്ടും കോടതിയില്‍ ഹാജരാകിതിരുന്നതിന് പിന്നാലെ, ഇസ്ലാമാബാദ് കോടതി ഇമ്രാനെ അറസ്റ്റ് ചെയ്തു കൊണ്ടുവരാന്‍ ഉത്തരവിടുകയായിരുന്നു. കഴിഞ്ഞ അഞ്ചിന് ഇമ്രാനെ അറസ്റ്റ് ചെയ്യാനായി പൊലീസ് സംഘം എത്തിയെങ്കിലും പ്രവര്‍ത്തകരുടെ പ്രതിഷേധം കാരണം അറസ്റ്റ് നടന്നിരുന്നില്ല. ഇമ്രാനെ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നായിരുന്നു പൊലീസ് പിന്നീട് നല്‍കിയ വിശദീകരണം. എന്നാല്‍, പൊലീസ് നോക്കിനില്‍ക്കെ തന്നെ ഇമ്രാന്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു.

നാളെ മുതൽ വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ഉയര്‍ന്ന തിരമാല; ജാഗ്രത

നാളെ മുതൽ വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ഉയര്‍ന്ന തിരമാല; ജാഗ്രത

തിരുവനന്തപുരം: നാളെ മുതല്‍ വെള്ളി വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അതിനിടെ, കേരളത്തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. വ്യാഴാഴ്ച രാത്രി 11.30 വരെ 0.4 മുതല്‍ 0.9 മീറ്റര്‍ വരെ ഉയരത്തില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്ന് സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

ജാഗ്രതാനിര്‍ദേശം:

1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

2. മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേയ്ക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കുക.

‘നിനക്കെന്റെ ജീവജലം പദ്ധതി’ യ്ക്ക് തുടക്കമിട്ട് ലക്ഷ്മീവിലാസം ഹൈസ്കൂൾ

‘നിനക്കെന്റെ ജീവജലം പദ്ധതി’ യ്ക്ക് തുടക്കമിട്ട് ലക്ഷ്മീവിലാസം ഹൈസ്കൂൾ

‘നിനക്കെന്റെ ജീവജലം പദ്ധതി’ യ്ക്ക് തുടക്കമിട്ട് ലക്ഷ്മീവിലാസം ഹൈസ്കൂൾ. പി.റ്റി എ. പ്രസിഡന്റ് പി.എസ്. ബിനു അധ്യക്ഷനായ ചടങ്ങിൽ വാർഡ് മെമ്പർ
ഡി വിമൽ കുമാർ നിനക്കെന്റെ ജീവജലം പദ്ധതി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മാനേജർ പ്രതിനിധി പി പ്രവീൺ, സീനിയർ അസിസ്റ്റന്റ് അനീഷ് ജ്യോതി, എക്കോ ക്ലബ് കൺവീനർ പി രാഹുൽ, അധ്യാപകരായ എം എസ് വിനീത, ആർ രജിത, ഡി എസ് അഞ്ജലി, ശ്രീജ ആർ ശിവാനന്ദൻ, പി ടി എ അംഗം വോൾഗ എന്നിവരും പരിസ്ഥിതി ക്ലബിലെ അംഗങ്ങളായ കുട്ടികളും പങ്കെടുത്തു.

വേനലിൽ ദാഹനീരിനായി കേഴുന്ന ജീവജാലങ്ങൾക്കായി സ്കൂളിലെ കുട്ടികളെ ഒരുമിപ്പിച്ച് ജീവജാലങ്ങൾക്ക് കുടിനീര് നൽകുന്നതിന് ഉള്ള സംവിധാനം ഒരുക്കുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യഘട്ടം സ്കൂൾ തല ഉദ്ഘാടനമാണെങ്കിലും രണ്ടാം ഘട്ടത്തിൽ കുട്ടികൾ അവരവരുടെ വീടുകളിൽ ഇത്തരത്തിൽ ജീവജാലങ്ങൾക്ക് ദാഹനീര് ഒരുക്കി അതിന്റെ ചിത്രങ്ങൾ എടുത്ത് പരിസ്ഥിതി ക്ലബിലെ ബന്ധപ്പെട്ടർക്ക് അയയ്ച്ച് തരിക എന്നതാണ്. ദാഹജലം നുകരാൻ എത്തുന്ന ജീവജാലങ്ങളുടെ ഉൾപ്പെടെ ചിത്രങ്ങൾ കുട്ടികൾക്ക് അയയ്ക്കാം. ഇതുവഴി സഹജീവി സ്നേഹം, പ്രകൃതി നിരീക്ഷണം തുടങ്ങിയവയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് ലക്ഷ്മി വിലാസം ഹൈസ്കൂളിലെ എക്കോ ക്ലബ് കൺവീനർ രാഹുൽ.പി പരിപാടിയിൽ പങ്കെടുത്തു കൊണ്ട് വിദ്യാർത്ഥികളോടായി പറഞ്ഞു.

ആറ്റിങ്ങൽ നഗരസഭയിലും അഴൂർ ഗ്രാമപഞ്ചായത്തിലും ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി മുന്നറിയിപ്പ്

ആറ്റിങ്ങൽ നഗരസഭയിലും അഴൂർ ഗ്രാമപഞ്ചായത്തിലും ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി മുന്നറിയിപ്പ്

മാർച്ച് 18 ന് ആറ്റിങ്ങൽ മുനിസിപ്പാലിറ്റി, അഴൂർ ഗ്രാമ പഞ്ചായത്തുകളിലും ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി മുന്നറിയിപ്പ് നൽകി. ആറ്റിങ്ങൽ അവനവഞ്ചേരിയിലെ പമ്പ് ഹൗസിൽ പുതിയ പമ്പ് സെറ്റ് സ്ഥാപിക്കുന്നതിന്റെ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ 2023 മാർച്ച് 18 തീയതി ആറ്റിങ്ങൽ മുനിസിപ്പാലിറ്റി, അഴൂർ പഞ്ചായത്ത് എന്നിവിടങ്ങളിൽ ജല വിതരണം തടസ്സപ്പെടുമെന്നാണ് വാട്ടർ അതോറിറ്റി മുന്നറിയിപ്പ് നൽകിയത്. ആയതിനാൽ ഉപഭോക്താക്കളും പൊതുജനങ്ങളും വേണ്ട മുൻ കരുതൽ സ്വീകരിക്കണമെന്ന് വാട്ടർ സപ്ലൈ സെക്ഷൻ ഒന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിപ്പ് നൽകി.

വർക്കല റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇടിച്ചു സ്‌ത്രീ മരിച്ചു

വർക്കല റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇടിച്ചു സ്‌ത്രീ മരിച്ചു

വർക്കല: വർക്കല റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇടിച്ചു സ്‌ത്രീ മരിച്ചു. മണമ്പൂർ സ്വദേശി സുപ്രഭയാണ്(63) മരിച്ചത്. വർക്കല റെയിൽവേ സ്റ്റേഷനിൽ അടുത്ത പ്ലാറ്റ്ഫോമിലേക്ക് ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. അമൃത്സർ – കൊച്ചുവേളി എക്സ്പ്രസ് ആണ് ഇടിച്ചത്. ട്രെയിന് വർക്കല സ്റ്റേഷനിൽ സ്റ്റോപ്പ്‌ ഉണ്ടായിരുന്നില്ല.

സ്കൂട്ടറിൽ ഇടിച്ച് നിയന്ത്രണം വിട്ട് ബസ് പാടത്തേയ്ക്ക് മറിഞ്ഞു; ഒരു മരണം

സ്കൂട്ടറിൽ ഇടിച്ച് നിയന്ത്രണം വിട്ട് ബസ് പാടത്തേയ്ക്ക് മറിഞ്ഞു; ഒരു മരണം

കോഴിക്കോട്: മാവൂർ കൽപള്ളിയിൽ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. സ്കൂട്ടർ യാത്രികനായ മാവൂർ അടുവാട് സ്വദേശി അർജുൻ സുധീർ (37) ആണ് മരിച്ചത്. നിയന്ത്രണം വിട്ട് പാടത്തേയ്ക്ക് ബസ് മറിഞ്ഞ് നിരവധിപ്പേർക്ക് പരിക്കേറ്റു. സ്കൂട്ടറിൽ ഇടിച്ച ശേഷമാണ് ബസ് മറിഞ്ഞത്. സ്കൂട്ടർ യാത്രികനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് ദൃക്സാക്ഷികൾ പറയുന്നു. രാവിലെ 10 മണിയോടെയാണ് സംഭവം.

കോഴിക്കോട് നിന്ന് അരീക്കോട്ടേക്ക് പോവുകയായിരുന്ന കാശിനാഥ് ബസാണ് അപകടത്തിൽപെട്ടത്. എതിരെ വന്ന സ്കൂട്ടറുമായി കൂട്ടിയിടിച്ച് ബസ് നിയന്ത്രണംവിട്ട് പാടത്തേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മാവൂർ -കോഴിക്കോട് റോഡിൽ കൽപള്ളി ഗ്രൗണ്ടിന് എതിർവശത്തേക്കാണ് ബസ് മറിഞ്ഞത്. മാവൂർ പൊലീസും മുക്കത്തുനിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.