അറസ്റ്റ് മെമ്മോയില്‍ ഒപ്പിടാതെ രാഹുല്‍ മാങ്കൂട്ടത്തില്‍, അസാധാരണ നീക്കവുമായി എസ്‌ഐടി

അറസ്റ്റ് മെമ്മോയില്‍ ഒപ്പിടാതെ രാഹുല്‍ മാങ്കൂട്ടത്തില്‍, അസാധാരണ നീക്കവുമായി എസ്‌ഐടി

ആലപ്പുഴ: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ അപൂര്‍വ നടപടിയുമായി അന്വേഷണ സംഘം. അറസ്റ്റ് മെമ്മോയിലും രാഹുല്‍ ഒപ്പിടാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് രാഹുല്‍ നിസഹകരിച്ചുവെന്ന് ഗസറ്റഡ് ഉദ്യോഗസ്ഥരെക്കൊണ്ട് സാക്ഷ്യപ്പെടുത്തുകയായിരുന്നു അന്വേഷണ സംഘം.

പലതവണ ആവശ്യപ്പെട്ടിട്ടും രാഹുല്‍ ഒപ്പിടാന്‍ വഴങ്ങിയില്ല. ഞായറാഴ്ച രാവിലെ 7.30 ഓടെയാണ് രാഹുലിനെ പത്തനംതിട്ട എആര്‍ ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്തത്. അതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാഹുല്‍ ഒപ്പിടാത്തതിനാല്‍ ഗസറ്റഡ് ഓഫീസറെ വിളിച്ച് സാക്ഷ്യപ്പെടുത്തുകയായിരുന്നു. രാഹുലിന്റെ അറസ്റ്റ് ബന്ധുക്കള്‍ അറിഞ്ഞുവെന്ന കാര്യം ബന്ധുക്കളില്‍ നിന്ന് എഴുതിവാങ്ങിയിട്ടുണ്ട്.,

അറസ്റ്റ് ബന്ധുക്കള്‍ അറിഞ്ഞുവെന്ന കാര്യം രാഹുലിനെ സന്ദര്‍ശിക്കാനെത്തിയ ബന്ധുവില്‍നിന്ന് എഴുതിവാങ്ങിയിട്ടുണ്ട്. രാഹുലിനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡി അപേക്ഷ നല്‍കിയിരിക്കുകയാണ് പൊലീസ്. ഏഴ് ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസിന്റെ ആവശ്യം. മാവേലിക്കര സബ്ജയിലിലാണ് രാഹുല്‍ മാങ്കൂട്ടമുള്ളത്. യുവതിയെ പീഡിപ്പിച്ചപ്പോള്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്നും പരാതിയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ ഫോണ്‍ കണ്ടെത്തേണ്ടതുണ്ട്. യുവതിയെ ബലാത്സംഗം ചെയ്ത ഹോട്ടലിലും തെളിവെടുക്കേണ്ടതുണ്ട്.

കാനഡയില്‍ ജോലിചെയ്യുന്ന കോട്ടയം സ്വദേശിയായ 31 കാരിയാണ് പരാതിക്കാരി. 2024 ഏപ്രില്‍ എട്ടിന് തിരുവല്ലയിലെ ഹോട്ടലില്‍വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. ഗര്‍ഭിണിയായെന്നും പിന്നീട് ഗര്‍ഭം സ്വയം അലസിപ്പോയെന്നും സൂംവീഡിയോ കോളില്‍ എസ്‌ഐടിക്ക് നല്‍കിയ മൊഴിയിലുണ്ട്. പരസ്പര സമ്മതപ്രകാരമാണ് ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നാണ് ജാമ്യഹര്‍ജിയില്‍ പ്രതിഭാഗം പറയുന്നത്. ബാക്കി ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

സോണിയാഗാന്ധി ജോസ് കെ മാണിയെ വിളിച്ചു; കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്ക്?, അഭ്യൂഹങ്ങള്‍ ശക്തം

സോണിയാഗാന്ധി ജോസ് കെ മാണിയെ വിളിച്ചു; കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്ക്?, അഭ്യൂഹങ്ങള്‍ ശക്തം

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നില്‍ക്കേ, കേരള കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് എത്തിക്കാന്‍ നീക്കം ശക്തമാകുന്നു. കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണിയെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി വിളിച്ച് യുഡിഎഫില്‍ ചേരാന്‍ ക്ഷണിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സോണിയയും ജോസും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചയായി.

എഐസിസി ജനറല്‍ സെക്രട്ടഫി കെ സി വേണുഗോപാലാണ് ഈ നീക്കങ്ങള്‍ക്ക് പിന്നിലെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സോണിയാഗാന്ധിയുമായുള്ള ടെലഫോണ്‍ സംഭാഷണം ജോസ് കെ മാണിയുമായി അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ വിഷയത്തില്‍ ജോസ് ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല. കേരള കോണ്‍ഗ്രസിനെ മുന്നണിയിലെത്തിക്കാന്‍ കത്തോലിക്കാ സഭയുടെ പിന്തുണയോടെ കോണ്‍ഗ്രസിന്റെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളാണ് തന്ത്രപരമായ നീക്കം നടത്തുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിനെ ശക്തിപ്പെടുത്തുക എന്നതു ലക്ഷ്യമിട്ടാണ് നീക്കം. യുഡിഎഫിലെ രണ്ടാമത്തെ വലിയ ഘടകമായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗും ഈ നീക്കത്തിന് പച്ചക്കൊടി കാണിച്ചിട്ടുണ്ട്. മുന്നണി മാറ്റത്തിൽ ജോസ് കെ മാണിക്ക് അനുകൂല സമീപനമാണ് ഉള്ളതെന്നാണ് സൂചന.

കഴിഞ്ഞ എല്‍ഡിഎഫ് യോഗത്തില്‍ ജോസ് കെ മാണി പങ്കെടുത്തിരുന്നില്ല. തിങ്കളാഴ്ച തിരുവനന്തപുരത്ത് നടന്ന കേന്ദ്രത്തിനെതിരായ ഇടതുമുന്നണിയുടെ സത്യഗ്രഹ സമരത്തില്‍ നിന്നും ജോസ് കെ മാണി വിട്ടുനിന്നത് കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റ അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നു. എല്‍ഡിഎഫിന്റെ ‘കേരള യാത്ര’യില്‍ ജോസ് പങ്കെടുക്കുമോയെന്ന ചോദ്യവും നിലനില്‍ക്കുന്നുണ്ട്.

ഇറാനുമായി വാണിജ്യ ബന്ധമുള്ള രാജ്യങ്ങള്‍ക്ക് 25 ശതമാനം അധിക തീരുവ; സമ്മര്‍ദ്ദം ശക്തമാക്കി ട്രംപ്

ഇറാനുമായി വാണിജ്യ ബന്ധമുള്ള രാജ്യങ്ങള്‍ക്ക് 25 ശതമാനം അധിക തീരുവ; സമ്മര്‍ദ്ദം ശക്തമാക്കി ട്രംപ്

വാഷിങ്ടണ്‍: ഇറാനുമായി വാണിജ്യബന്ധം തുടരുന്ന രാജ്യങ്ങള്‍ക്ക് അധിക തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 25 ശതമാനം തീരുവയാണ് പ്രഖ്യാപിച്ചത്. ഉത്തരവ് ഉടന്‍ പ്രാബല്യത്തില്‍ വന്നതായും ട്രംപ് അറിയിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭം മൂന്നാം ആഴ്ചയിലേക്ക് കടക്കുന്നതിനിടെ, അമേരിക്കന്‍ നടപടി ഇറാനുമേല്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടാക്കിയേക്കും. ഇറാനില്‍ സൈനിക നടപടിക്ക് മടിക്കില്ലെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് തീരുവ ചുമത്തിക്കൊണ്ടുള്ള തീരുമാനം.

രാജ്യത്ത് സ്ഥിതി നിയന്ത്രണ വിധേയമാണെന്നും കഴിഞ്ഞ ദിവസങ്ങളില്‍ രക്തരൂക്ഷിതമായി മാറിയത് യുഎസ് പ്രസിഡന്റ് ട്രംപിന് ഇടപെടാന്‍ ചിലര്‍ ബോധപൂര്‍വം അവസരം സൃഷ്ടിച്ചതാണെന്നും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. പ്രതിഷേധങ്ങള്‍ക്കിടെ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരെ അനുസ്മരിച്ച് മൂന്നു ദിവസത്തെ ദുഃഖാചരണം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

വിഴിഞ്ഞത്ത് യുഡിഎഫിന് വിജയം, സിപിഎമ്മില്‍ നിന്നു തിരിച്ചു പിടിച്ചു, ബിജെപിക്കും തിരിച്ചടി

വിഴിഞ്ഞത്ത് യുഡിഎഫിന് വിജയം, സിപിഎമ്മില്‍ നിന്നു തിരിച്ചു പിടിച്ചു, ബിജെപിക്കും തിരിച്ചടി

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം ഡിവിഷനില്‍ യുഡിഎഫിന് വിജയം. കോണ്‍ഗ്രസിന്റെ കെ എച്ച് സുധീര്‍ ഖാനാണ് വിജയിച്ചത്. കഴിഞ്ഞ രണ്ടു തവണയും സിപിഎം വിജയിച്ച വാര്‍ഡ് യുഡിഎഫ് തിരിച്ചുപിടിക്കുകയായിരുന്നു. സിപിഎം സ്ഥാനാര്‍ത്ഥി എന്‍എ നൗഷാദിനെയാണ് പരാജയപ്പെടുത്തിയത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി സുധീര്‍ഖാന്റെ വിജയം 83 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്. ഇതോടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫ് അംഗസംഖ്യ 20 ആയി ഉയര്‍ന്നു. വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി സര്‍വശക്തിപുരം ബിനു മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2437 വോട്ടുകള്‍ മാത്രമാണ് ബിജെപിക്ക് ലഭിച്ചത്.

യുഡിഎഫിനും എല്‍ഡിഎഫിനും വിമതസ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടായിരുന്നു. എല്‍ഡിഎഫ് വിമതനായി മത്സരിച്ചത് മുന്‍ കൗണ്‍സിലര്‍ കൂടിയായ എന്‍എ റഷീദാണ്. റഷീദ് 118 വോട്ടു നേടി. യുഡിഎഫിന്റെ വിമതനായി മത്സരിച്ചത് യൂത്ത് കോണ്‍ഗ്രസ് നേതാവായ കിസാന്‍ ഹുസൈനാണ്. 400 ലേറെ വോട്ട് ഹുസൈന്‍ നേടിയിട്ടുണ്ട്. റിബലുണ്ടായിട്ടും വിജയം പിടിച്ചെടുക്കാനായത് യുഡിഎഫിന് ആശ്വാസകരമാണ്.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിക്ക് 50 സീറ്റുകളാണ് ലഭിച്ചിരുന്നത്. വിഴിഞ്ഞത്തു കൂടി വിജയിച്ചിരുന്നെങ്കില്‍ 51 സീറ്റ് നേടി ഭരണത്തില്‍ കേവലഭൂരിപക്ഷം ബിജെപിക്ക് ഉറപ്പാക്കാമായിരുന്നു. നിലവില്‍ സ്വതന്ത്രന്റെ കൂടി പിന്തുണയോടെയാണ് ബിജെപി നഗരസഭ ഭരണം നടത്തുന്നത്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും നേടിയ സീറ്റ് കൈമോശം വന്നത് എല്‍ഡിഎഫിനും തിരിച്ചടിയാണ്. സ്ഥാനാർത്ഥിയുടെ മരണത്തെത്തുടർന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്.

ബി സാവിത്രി അമ്മ (75) അന്തരിച്ചു

ബി സാവിത്രി അമ്മ (75) അന്തരിച്ചു

ആറ്റിങ്ങൽ: പാലസ്റോഡ് പട്ടരുവിളാകത്ത് വീട്ടിൽ (എം.ആർ.എ:109) ബി സാവിത്രി അമ്മ (75) അന്തരിച്ചു. ഭർത്താവ് ശശിധരൻ നായർ.മകൾ എസ് ശാന്തി.മരുമകൻ എം.ജി ബിജു.സഞ്ചയനം ഞായറാഴ്ച രാവിലെ 8 മണിക്ക്

എബിവിപി 41ാം സംസ്ഥാന സമ്മേളനം ലോഗോ പ്രകാശനം ബഹു. കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിർവഹിച്ചു

എബിവിപി 41ാം സംസ്ഥാന സമ്മേളനം ലോഗോ പ്രകാശനം ബഹു. കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിർവഹിച്ചു

എബിവിപി 41ാം സംസ്ഥാന സമ്മേളനം ലോഗോ പ്രകാശനം ബഹു. കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിർവഹിച്ചു. കോട്ടയത്ത് വിശാൽ നഗറിൽ (മാമൻ മാപ്പിള ഹാൾ) വച്ച് ഫെബ്രുവരി 6,7,8 തീയതികളിലായാണ് 41ാം സംസ്ഥാന സമ്മേളനം നടക്കുന്നത്. മുൻ ഇന്ത്യൻ അത്ലറ്റും അർജുന അവാർഡ് ജേതാവും ആയ ശ്രീമതി പദ്മിനി തോമസ് , എബിവിപി സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വരപ്രസാദ്, സംസ്ഥാന സംഘടനാ സെക്രട്ടറി എൻസിടി ശ്രീഹരി, ദേശീയ നിർവാഹക സമിതി അംഗം ശ്രുതി എ എസ്, തിരുവനന്തപുരം ജില്ല അധ്യക്ഷൻ അരവിന്ദ് സി ബി, എന്നിവർ സന്നിഹിതരായിരുന്നു. വിദ്യാഭ്യാസ മേഖലയിലെ ഭാരതീയവത്കരണവും വികസന കാഴ്ചപ്പാടുകളും, ദേശീയ ഗീതം വന്ദേ മാതരത്തിന്റെ 150-ാം വാർഷികം, ഭാരതത്തിന്റെ ഭരണഘടനയുടെ 75ാം വർഷവും അടിയന്തിരാവസ്ഥാ കാലഘട്ടത്തിന്റെ 50-ാം വർഷവും, RSS ന്റെ ശതാബ്ദി വർഷം, പ്രൊഫ യശ്വന്ത് റാവു കേൽക്കർ 100-ാം ജന്മവാർഷികം തുടങ്ങി നിരവധിയായ വിഷയങ്ങൾ അക്ഷര നഗരിയിലെ 41-ാം സംസ്ഥാന സമ്മേളനം ചർച്ച ചെയ്യും.