by Midhun HP News | Jan 9, 2026 | Latest News, കേരളം
കണ്ണൂര്‍: ചെളിയിൽ പുതഞ്ഞ പൊലീസ് ജീപ്പ് തള്ളാൻ സഹായിക്കാതിരുന്ന പ്രവാസിയെ കള്ളക്കേസില്‍ കുരുക്കിയ പൊലീസിന് കനത്ത തിരിച്ചടി. വഴിയാത്രക്കാരിയുടെ സ്വര്‍ണ മാല പിടിച്ചു പറിച്ചുവെന്ന കേസില്‍ നിരപരാധിയായ പ്രവാസിയെ കുടുക്കി ജയിലില്‍ അടച്ചതിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് ഹൈക്കോടതി സര്‍ക്കാരിനോട് ഉത്തരവിട്ടത്. പൊലീസിന്റെ വീഴ്ചമൂലം 54 ദിവസത്തോളം ജയിലില്‍ കഴിയേണ്ടി വന്ന കൂത്തുപറമ്പ് കതിരൂര്‍ സ്വദേശി വികെ താജുദ്ദീനാണ് ഏറെക്കാലത്തെ നിയമപോരാട്ടത്തിനൊടുവില്‍ നീതി ലഭിച്ചത്.
2018ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചക്കരക്കല്‍ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ബിജു, എഎസ്‌ഐ തുടങ്ങിയ ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് താജുദ്ദീനെ മാലമോഷണക്കേസില്‍ കുടുക്കിയത്. 2018 ജൂലൈ 11ന് രാത്രി കുടുംബത്തോടൊപ്പം കാറില്‍ പോകുമ്പോള്‍ വീടിനു സമീപം പൊലീസ് ജീപ്പ് ചെളിയില്‍ പുതഞ്ഞുകിടക്കുന്നത് താജുദ്ദീന്‍ കണ്ടിരുന്നു. സഹായിക്കണമെന്ന് താജുദ്ദീനോട് പൊലീസ് ആവശ്യപ്പെട്ടെങ്കിലും നടുവേദന ഉള്ളതിനാല്‍ അദ്ദേഹം കാറില്‍ നിന്നിറങ്ങിയില്ല. പകരം മറ്റുള്ളവരാണ് പൊലീസിനെ സഹായിച്ചത്. പ്രകോപിതരായ പൊലീസ് സംഘം താജുദ്ദീനെ പിടിച്ചു വലിച്ചിറക്കി മൊബൈലില്‍ ഫോട്ടോ എടുക്കുകയും ഇയാള്‍ കള്ളനാണെന്നും കുറ്റം സമ്മതിക്കണമെന്നും ആവശ്യപ്പെടുകയുമായിരുന്നു.

തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ കൊണ്ടുപോയ ശേഷം ഒരു സിസിടിവി ദൃശ്യം കാണിച്ച് അതിലെ വ്യക്തി താജുദ്ദീനാണെന്ന് പൊലീസ് ആരോപിച്ചു. ജൂലായ് അഞ്ചിന് പെരളശേരി പഞ്ചായത്തിലെ വെള്ളച്ചാലിനടുത്തെ ചോരക്കുളം എന്ന സ്ഥലത്തുവച്ച് വീട്ടമ്മയുടെ അഞ്ചരപ്പവന്‍ മാല പൊട്ടിച്ച ആളാണ് അതെന്നും ദൃശ്യങ്ങളിലുള്ളത് താജുദ്ദീനാണെന്നുമാണ് എസ്‌ഐ പി. ബിജു പറഞ്ഞത്. സിസിടിവി ദൃശ്യങ്ങളിലെ സാദൃശ്യം മാത്രം അടിസ്ഥാനമാക്കിയായിരുന്നു പൊലീസ് നടപടി. താനല്ല കുറ്റക്കാരനെന്ന് പലതവണ കരഞ്ഞു പറഞ്ഞിട്ടും ചക്കരക്കല്‍ എസ് ഐ പി ബിജുവും സംഘവും അതു ചെവിക്കൊള്ളാന്‍ തയ്യാറായില്ല. കുറ്റം സമ്മതിപ്പിക്കാനായി പൊലീസ് ഇദ്ദേഹത്തെ വലിയ മാനസിക പീഡനങ്ങള്‍ക്ക് ഇരയാക്കുകയും തെളിവെടുപ്പിനായി പലയിടങ്ങളില്‍ കൊണ്ടുപോവുകയും ചെയ്തു.
താന്‍ കുടുംബത്തോടൊപ്പം മകളുടെ വിവാഹ ആവശ്യങ്ങള്‍ക്കായി പുറത്തുപോയി വരികയായിരുന്നെന്നും തന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാല്‍ നിരപരാധിത്വം തെളിയുമെന്നും താജുദ്ദീന്‍ പൊലീസിനോട് അപേക്ഷിച്ചിരുന്നു. എന്നാല്‍ ശാസ്ത്രീയമായ പരിശോധനകള്‍ക്കോ വിശദമായ അന്വേഷണത്തിനോ മുതിരാതെ ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ കുറ്റവാളിയായി മുദ്രകുത്തുകയായിരുന്നു. മോഷണത്തിന് ഉപയോഗിച്ച ബൈക്കും മാലയും കണ്ടെടുക്കാനുണ്ടെന്ന് കാണിച്ച് പൊലീസ് ജാമ്യാപേക്ഷയെ എതിര്‍ത്തതോടെ 54 ദിവസത്തോളം ഇദ്ദേഹത്തിന് റിമാന്‍ഡ് തടവുകാരനായി ജയിലില്‍ കഴിയേണ്ടി വന്നു.
ഖത്തറില്‍ നിന്ന് 15 ദിവസത്തെ അവധിക്ക് നാട്ടിലെത്തിയതായിരുന്നു താജുദ്ദീന്‍. ജയിലില്‍ കിടന്നതുകാരണം ഗള്‍ഫിലെ ജോലി നഷ്ടമായി. പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം നടത്തിയ നിയമപോരാട്ടത്തിലാണ് നീതി ലഭിച്ചിരിക്കുന്നത്. ജാമ്യം ലഭിച്ച ശേഷം തിരികെ ഖത്തറിലേക്ക് പോയപ്പോള്‍, നാട്ടില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ അബ്‌സ്‌കോണ്ടിങ് ആണെന്ന് കാണിച്ച് അവിടെയും ജയിലില്‍ കിടക്കേണ്ടി വന്നു. തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തു. കൃത്യമായി ഡ്യൂട്ടിക്ക് കയറാത്തതിനെ തുടര്‍ന്ന് ഖത്തറില്‍ 23 ദിവസമാണ് ജയിലില്‍ കഴിയേണ്ടി വന്നത്. ഇത് താജുദ്ദീനെയും കുടുംബത്തെയും വലിയ സാമ്പത്തിക, മാനസിക പ്രതിസന്ധികളിലേക്കും തള്ളിവിട്ടു. കേസ് നടത്താനായി ഭാര്യയുടെ സ്വര്‍ണം ഉള്‍പ്പെടെ വില്‍ക്കേണ്ടി വന്നു.
പിന്നീട് കോടതിയുടെ നിര്‍ദേശപ്രകാരം കണ്ണൂര്‍ ഡിവൈഎസ്പി നടത്തിയ സമാന്തര അന്വേഷണത്തിലാണ് മാലമോഷണക്കേസിലെ യഥാര്‍ത്ഥപ്രതി താജുദ്ദീനല്ലെന്നും മറ്റൊരാളാണെന്നും തെളിഞ്ഞത്. മറ്റൊരു മോഷണക്കേസില്‍ പീതാംബരന്‍ എന്നയാള്‍ പിടിയിലായതോടെയാണ് യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുവരുന്നത്. ജയിലില്‍ കഴിയുന്ന ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ചക്കരക്കല്ലിലെ മോഷണവും നടത്തിയത് താനാണെന്ന് ഇയാള്‍ സമ്മതിച്ചത്. ഇതോടെയാണ് താജുദ്ദീന്റെ നിരപരാധിത്വം വെളിച്ചത്തായത്. പൊലീസ് വരുത്തിവച്ച ഈ വലിയ പിഴവിന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് താജുദ്ദീന്‍ കോടതിയെ സമീപിച്ചത്.
പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ നടപടി ജീവിക്കാനുള്ള അവകാശത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും നഗ്‌നമായ ലംഘനമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് തന്നെ നഷ്ടപരിഹാരത്തുക ഈടാക്കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍ പ്രവാസി വികെ താജുദ്ദീനും കുടുംബത്തിനുമായി 14 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കാനാണ് ഉത്തരവ്. താജുദ്ദീന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍. പൊലീസിന്റെ നിരുത്തരവാദിത്തപരമായ നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടതെന്ന് കോടതി വ്യക്തമാക്കി.
നിയമാനുസൃത നടപടികള്‍ പ്രകാരം നഷ്ടപരിഹാരത്തുക കുറ്റക്കാരായ ഉദ്യോഗസ്ഥരില്‍ നിന്നും സര്‍ക്കാരിന് വേണമെങ്കില്‍ ഈടാക്കാവുന്നതാണ്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സിവില്‍ നടപടികള്‍ സ്വീകരിക്കുന്നതിന് വാദിഭാഗത്തിന് തടസമില്ല. കീഴ്‌ക്കോടതിയെ കൂടുതല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമീപിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് ഈ ഉത്തരവ് തടസമാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

by Midhun HP News | Jan 9, 2026 | Latest News, കേരളം
കൊച്ചി: ഈ മാസം 22 ന് സൂചന പണിമുടക്ക് നടത്താനൊരുങ്ങി വിവിധ സിനിമാ സംഘടനകൾ. സംസ്ഥാന വ്യാപകമായി തിയറ്ററുകൾ ഉൾപ്പെടെ അടച്ചിട്ടു കൊണ്ടാണ് പണിമുടക്ക്. അതോടൊപ്പം സിനിമാ ഷൂട്ടിങ്ങുകളും നിർത്തി വയ്ക്കാനാണ് തീരുമാനം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാലത്തേക്ക് സമരം നടത്തുമെന്നും സംഘടനകൾ അറിയിച്ചു.
ജിഎസ്ടിയ്ക്ക് പുറമേയുള്ള വിനോദ നികുതി സംസ്ഥാന സർക്കാർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പണിമുടക്ക് നടത്തുന്നത്. തിയറ്ററുകൾക്ക് മാത്രമായി ഒരു പ്രത്യേക വൈദ്യുതി താരിഫ് പ്രഖ്യാപിക്കുന്നതുൾപ്പെടെ വിവിധ ആവശ്യങ്ങൾ കഴിഞ്ഞ ആറ് വർഷക്കാലമായി വിവിധ സിനിമാ സംഘടനകൾ ഉന്നയിച്ചിരുന്നു..
മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് സിനിമാ സംഘടനകൾ തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. പലവട്ടം സർക്കാർ സംഘടനകളെ ചർച്ചയ്ക്ക് വിളിക്കുകയും ചെയ്തു. എന്നാൽ സംഘടനകളുടെ ഈ ആവശ്യങ്ങൾ തിരസ്കരിക്കുകയായിരുന്നു. സിനിമാ സംഘടനകളുമായി 14-ാം തീയതി വീണ്ടും ചർച്ച നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഫിലിം ചേംബറിന്റെ നേതൃത്വത്തിലാണ് മറ്റു സംഘടനകളെയും വിളിച്ചു ചേർത്തിരിക്കുന്നത്.


by Midhun HP News | Jan 9, 2026 | Latest News, കേരളം
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ വീണ്ടും പക്ഷിപ്പനി ഭീതി. ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോര്‍ത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 11-ാം വാര്‍ഡില്‍ കാടയിലും അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 6-ാം വാര്‍ഡില്‍ കോഴിയിലും കരുവാറ്റ പഞ്ചായത്ത് ഒന്നും രണ്ടും വാര്‍ഡുകളിലും പള്ളിപ്പാട് പഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ താറാവിലും ആണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. നേരത്തെ ജില്ലയിലെ 9 പഞ്ചായത്തുകളില്‍ ഓരോ വാര്‍ഡുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.
പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി പ്രഭവകേന്ദ്രങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ള എല്ലാ വളര്‍ത്തു പക്ഷികളെയും ശാസ്ത്രീയമായി കൊന്ന് നശിപ്പിക്കുന്ന (കള്ളിങ്ങ്) പ്രവര്‍ത്തനങ്ങള്‍ ഇന്ന് മുതല്‍ നടക്കും. നാല് പഞ്ചായത്തുകളിലായി മൊത്തം 13785 വളര്‍ത്തു പക്ഷികളെ കള്ളിങ്ങിന് വിധേയമാക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.
പ്രഭവ കേന്ദ്രങ്ങള്‍ക്ക് 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ള സര്‍വൈലന്‍സ് സോണില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ താറാവ്, കോഴി, കാട, മറ്റു വളര്‍ത്തു പക്ഷികള്‍, അവയുടെ മുട്ട, ഇറച്ചി, കാഷ്ഠം (വളം), ഫ്രോസണ്‍ മീറ്റ്, മറ്റു ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ഒരാഴ്ചത്തേക്ക് ജില്ലാ കലക്ടര്‍ നിരോധിച്ചു.


by Midhun HP News | Jan 9, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. പവന് 520 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,01,720 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 65 രൂപയാണ് കൂടിയത്.12,715 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
റെക്കോര്‍ഡുകള്‍ തിരുത്തി ഒരു ലക്ഷം കടന്ന സ്വര്‍ണവില, കുറഞ്ഞ ശേഷം ഈ മാസം അഞ്ചിനാണ് വീണ്ടും ലക്ഷം കടന്നത്. കൂടിയും കുറഞ്ഞും നില്‍ക്കുന്ന വില പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്.
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. വെനസ്വേലയിലെ അമേരിക്കന്‍ സൈനിക നടപടി അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് വില ഇപ്പോഴും ഉയര്‍ന്നുനില്‍ക്കാന്‍ കാരണം.
by Midhun HP News | Jan 8, 2026 | Latest News, കേരളം
കടയ്ക്കൽ: കുളത്തുപ്പുഴ ചോഴിയക്കോട് മിൽപ്പാലത്തിനടുത്ത് കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ പ്ലസ് വൺ വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചു. മടത്തറ കൊല്ലായിൽ സത്യമംഗലം ഹസ്ന മൻസിലിൽ നുജുമുദീൻ–സജീന ദമ്പതികളുടെ മകൻ മുഹമ്മദ് അഹ്സൻ (17) ആണ് മരിച്ചത്.
ചിതറ പരുത്തി എസ്.എൻ.എച്ച്.എസ് സ്കൂളിലെ വിദ്യാർഥിയായ അഹ്സൻ, കഴിഞ്ഞ മൂന്നാം തീയതി സുഹൃത്തുക്കളോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ കുളത്തുപ്പുഴ ചോഴിയക്കോട് ഭാഗത്തെ കല്ലടയാറ്റിലിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. ശക്തമായ ഒഴുക്കിൽ അകപ്പെട്ട അഹ്സനെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന അഹ്സൻ ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്.
by Midhun HP News | Jan 8, 2026 | Latest News, കേരളം
തിരുവനന്തപുരം:കവി സാംബശിവൻ മുത്താനയുടെ ഓർമ്മക്കായി നൽകുന്ന സാംബശിവന്‍ മുത്താന പുരസ്‌കാരത്തിന് കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണന്‍ കുന്നുംപുറം അര്‍ഹനായി. പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.
സാംസ്ക്കാരിക പ്രവർത്തനത്തിൽ സജീവ സാനിധ്യമായിരുന്ന സാംബശിവൻ മുത്താന അദ്ദേഹത്തിൻ്റെ ഓർമ്മക്കായി മലയാളവേദി സാംസ്ക്കാരിക സംഘടനയാണ് വർഷങ്ങളായി അവാർഡ് നൽകി വരുന്നത്.
ഡോ.അശോക് ശങ്കര്‍, പെരിനാട് സദാനന്ദന്‍പിള്ള, മടവൂര്‍ സുരേന്ദ്രന്‍ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.
ജനുവരി അവസാനം മലയാളവേദിയുടെ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് പുരസ്‌കാര കമ്മിറ്റി ചെയര്‍മാന്‍ ഓരനെല്ലൂര്‍ ബാബു അറിയിച്ചു.
Recent Comments