by Midhun HP News | Jan 8, 2026 | Latest News, കേരളം
കൊച്ചി: എംഎസ്‌സി എല്‍സ-3 കപ്പല്‍ അപകടത്തില്‍ കരുതല്‍ പണമായി 1227.62 കോടി രൂപ കെട്ടിവെച്ചു. കപ്പല്‍ ഉടമകളായ മെഡിറ്ററേനിയന്‍ ഷിപ്പിങ്ങ് കമ്പനിയാണ് തുട ഹൈക്കോടതിയില്‍ കെട്ടിവെച്ചത്. തുക കെട്ടിവെച്ചതിനെത്തുടര്‍ന്ന് വിഴിഞ്ഞത്ത് അറസ്റ്റ് ചെയ്ത് സൂക്ഷിച്ചിരുന്ന എംഎസ് സി അക്വിറ്റേറ്റ-2 എന്ന കപ്പല്‍ വിട്ടയച്ചു.
കഴിഞ്ഞ സെപ്റ്റംബറിലാണ് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അഡ്മിറാലിറ്റി സ്യൂട്ട് പരിഗണിച്ച് ആദ്യഘട്ടത്തില്‍ കപ്പല്‍ കമ്പനി 1227.62 കോടി രൂപ കെട്ടിവെക്കാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. 136 കോടി രൂപ മാത്രമാണ് നാശനഷ്ടം സംഭവിച്ചിട്ടുള്ളത്. അതിനാല്‍ ഇത്രയും വലിയ തുക കെട്ടിവെക്കാന്‍ സാധിക്കില്ലെന്നായിരുന്നു കപ്പല്‍ കമ്പനി ആദ്യം മുതല്‍ സ്വീകരിച്ച നിലപാട്.
തുക കെട്ടിവെച്ചില്ലെങ്കില്‍ വിഴിഞ്ഞത്ത് നങ്കൂരമിട്ടിരിക്കുന്ന, കമ്പനിയുടെ മറ്റൊരു ചരക്കുകപ്പലായ എംഎസ് സി അക്വിറ്റേറ്റ-2 അറസ്റ്റ് ചെയ്തു തടഞ്ഞുവെക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. ഇതേത്തുടര്‍ന്ന് സെപ്റ്റംബര്‍ മുതല്‍ അക്വിറ്റേറ്റ വിഴിഞ്ഞത്തു തുടരുകയായിരുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് കൊച്ചി പുറംകടലില്‍, 600 ഓളം കണ്ടെയ്‌നറുകള്‍ വഹിച്ച എംഎസ് സി എല്‍സ-3 കപ്പല്‍ മറിഞ്ഞത്. രാസമാലിന്യങ്ങള്‍ അടങ്ങിയ കണ്ടെയ്‌നറുകള്‍ കടലില്‍ ഒഴുകി പലയിടങ്ങളിലായി അടിയുകയും ചെയ്തിരുന്നു.


by Midhun HP News | Jan 8, 2026 | Latest News, കേരളം
പാറശ്ശാല: ആഡംബര ബൈക്കുകള്‍ മാത്രം മോഷ്ടിക്കുന്ന യുവാവ് പിടിയില്‍. പൊഴിയൂര്‍ പരുത്തിയൂര്‍ പൊയ്പള്ളിവിളാകത്ത് വീട്ടില്‍ അഖിനെ (22) ആണ് പാറശ്ശാല പോലീസ് പിടികൂടിയത്.
ഒരാഴ്ച മുമ്പ് പാറശ്ശാലയില്‍ റോഡരികില്‍ സൂക്ഷിച്ചിരുന്ന സുരേഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് മോഷണംപോയ കേസില്‍ പാറശ്ശാല പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഖിന് പിടിയിലായത്. മോഷണം നടന്ന സ്ഥലംമുതലുള്ള നൂറ്റിഅറുപതോളം സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതിയെ പിടികൂടിയത്.
പാറശ്ശാലയില്‍നിന്നു മോഷ്ടിച്ച ബൈക്കുമായി കടന്ന പ്രതി ചാക്കയ്ക്കും ലുലുമാളിനും സമീപത്ത് എത്തിയതായി പോലീസ് സി.സി.ടി.വികള്‍ നിരീക്ഷിച്ച് കണ്ടെത്തി. ഈ പ്രദേശം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അഖിന് പിടിയിലായത്. നിലവില്‍ പതിനാറ് കേസുകളില്‍ പ്രതിയായ അഖിന് ഒരുമാസം മുമ്പാണ് തമിഴ്നാട്ടിലെ പാളയംകോട്ട ജയിലില്‍നിന്നു പുറത്തിറങ്ങിയത്. ഷൊര്‍ണൂര്‍, വലിയതുറ, ഫോര്‍ട്ട്, നെയ്യാറ്റിന്‍കര, പൊഴിയൂര്‍ എന്നീ പോലീസ് സ്റ്റേഷന് പരിധിയിലെ വീടുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസുകളിലും പ്രതിയാണ് ഇയാള്‍.
പ്രൊബേഷന്‍ എസ്.ഐ.മാരായ ബാലു, വിഷ്ണു, സി.പി.ഒ.മാരായ അനില്‍കുമാര്‍, സാജന്, അഭിലാഷ് എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.


by Midhun HP News | Jan 8, 2026 | Latest News, കേരളം
കണ്ണൂര്‍: സിപിഎം നേതാവ് തലശ്ശേരി തലായിയിലെ കെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഏഴ് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം ശിക്ഷ. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 1,40,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പ്രതികളായ ഏഴ് പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
നാല് വകുപ്പുകളിലായി 35 വര്‍ഷം തടവുശിക്ഷ പ്രതികള്‍ അനുഭവിക്കണം. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത പി സുമിത്ത് (കുട്ടന്‍38), കെ കെ പ്രജീഷ്ബാബു (പ്രജീഷ് 46), ബി നിധിന്‍ (നിധു 37 ), കെ സനല്‍ എന്ന ഇട്ടു (37), സ്മിജോഷ് എന്ന തട്ടിക്കുട്ടന്‍ (42), സജീഷ് എന്ന ജിഷു (37), വി ജയേഷ് (39) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
2008 ഡിസംബര്‍ 31നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മത്സ്യത്തൊഴിലാളി യൂണിയന്‍ (സിഐടിയു) നേതാവും സിപിഎം തിരുവങ്ങാട് ലോക്കല്‍ കമ്മിറ്റി അംഗവുമായ തലായിയിലെ കെ ലതേഷി(28)നെ 2008 ഡിസംബര്‍ 31ന് വൈകിട്ട് 5.30ന് ചക്യത്തുമുക്ക് കടപ്പുറത്ത് വെച്ചാണ് വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ ലാലുവിന് ഗുരുതരമായി പരിക്കേറ്റിരുന്നു.


by Midhun HP News | Jan 8, 2026 | Latest News, കേരളം
പത്തനംതിട്ട: ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുളള തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന വില്ലേജ് പരിധികളില്‍ ജനുവരി 12 മുതല്‍ 22 വരെ ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി.
വില്ലേജ് പരിധി, തീയതി, സമയക്രമം എന്ന ക്രമത്തില്‍ ചുവടെ;
പന്തളം, ജനുവരി 12, രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെ.
കുളനട, 12, രാവിലെ ഏട്ടുമുതല്‍ വൈകിട്ട് ഏഴുവരെ.
കിടങ്ങന്നൂര്‍,12,രാവിലെ 10.30 മുതല്‍ രാത്രി ഒമ്പത് വരെ.
ആറന്മുള, മല്ലപ്പുഴശ്ശേരി, 12, രാവിലെ 11.30 മുതല്‍ രാത്രി 10വരെ.
കോഴഞ്ചേരി, 12, ഉച്ചയ്ക്ക് ഒന്നുമുതല്‍ രാത്രി 12 വരെ.
ചെറുകോല്‍, അയിരൂര്‍, 12,13. 12 ന് ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ 13 ന് രാവിലെ ഏഴുവരെ.
റാന്നി, 13, വെളുപ്പിന് 12 മുതല്‍ രാവിലെ 10 വരെ.
വടശ്ശേരിക്കര, 13, വെളുപ്പിന് 1.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ.
റാന്നി -പെരുനാട് , 13,14 , 13 ന് രാവിലെ ഏഴുമുതല്‍ 14 ന് രാത്രി 10 വരെ.
റാന്നി -പെരുനാട് , 21,22, 21 ന് രാവിലെ നാലുമുതല്‍ 22 ന് രാവിലെ ആറു വരെ.


by Midhun HP News | Jan 8, 2026 | Latest News, കേരളം
കോഴിക്കോട്: ഡേറ്റിങ് ആപ്പ് മുഖേന പരിചയപ്പെട്ടയാളില്‍ നിന്ന് സ്വര്‍ണവും പണവും തട്ടിയയാള്‍ പിടിയില്‍. തെലങ്കാന ശ്രീലിംഗപ്പള്ളി കൊണ്ടാപ്പുര്‍ സ്വദേശി ഇഞ്ചിരാപ്പു നാരായണ റാവു(35)വിനെയാണ് കോഴിക്കോട് ടൗണ്‍ പൊലീസ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ ഒക്ടോബര്‍ 27നാണ് കേസിനാസ്പദമായ സംഭവം. എല്‍ജിബിടി കമ്മ്യൂണിറ്റിയുടെ ഡേറ്റിങ് ആപ്പായ ജിന്‍ഡറിലൂടെ പരിചയപ്പെട്ട കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിലെ മാനേജരെ കാണാന്‍ പ്രതി ലിങ്ക് റോഡിലുള്ള ഹോട്ടലിലെത്തി. തുടര്‍ന്ന് മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി മയക്കി കിടത്തി സ്വര്‍ണ ചെയിന്‍, വെളളിയരഞ്ഞാണം, 5000 രൂപ എന്നിവ കവര്‍ന്നു. എടിഎം കാര്‍ഡ് കൈക്കലാക്കി 2.4 ലക്ഷം രൂപയും തട്ടിയെടുത്തു.
സമാനമായ കേസില്‍ മറ്റൊരാളില്‍ നിന്ന് പണം കവരാന്‍ ശ്രമിക്കുന്നതിനിടെ കണ്ണൂരില്‍ നിന്നാണ് ഇയാളെ ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ടൗണ്‍ എസ്ഐ ഷിനോബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടിച്ചത്. വൈ-ഫൈ ഉപയോഗിച്ച് മാത്രമാണ് ഇയാള്‍ കുറ്റകൃത്യങ്ങള്‍ നടത്തിയിരുന്നത്. ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് കണ്ണൂരില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തിയാണ് പ്രതിയെ കസ്റ്റഡിയിലടുത്തത്.



by Midhun HP News | Jan 8, 2026 | Latest News, കേരളം
കൊച്ചി: പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു. പൂനെയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 83 വയസ്സായിരുന്നു. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച സംഘത്തിന്റെ അധ്യക്ഷനായിരുന്നു. ഗാഡ്ഗിൽ കമ്മിറ്റി എന്ന പേരിൽ അറിയപ്പെട്ട സംഘം 2011ലാണ് റിപ്പോർട്ട് സമർപ്പിച്ചത്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ പാറഖനനം, അണക്കെട്ട് നിർമാണം തുടങ്ങിയവ നിയന്ത്രിക്കണമെന്ന് ഗാഡ്ഗിൽ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. രാജ്യം പദ്‌മശ്രീ, പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് നാല്മണിക്ക് വൈകുണ്ഡ് ശ്മശാനത്തില്‍.
തന്റെ ആറ് പതിറ്റാണ്ടോളം നീണ്ട ശാസ്ത്ര ജീവിതത്തിൽ എന്നും ഒരു ‘ജനപക്ഷ ശാസ്ത്രജ്ഞൻ’ ആയിട്ടാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചത്. ആദിവാസികൾ, കർഷകർ, മത്സ്യത്തൊഴിലാളികൾ എന്നിവരുമായി ചേർന്ന് പ്രവർത്തിച്ച അദ്ദേഹം, പരിസ്ഥിതി സംരക്ഷണത്തിൽ താഴെത്തട്ടിലുള്ള ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് വാദിച്ചു. 2024-ൽ ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പ്രോഗ്രാം അദ്ദേഹത്തെ ‘ചാമ്പ്യൻസ് ഓഫ് ദി എർത്ത്’ ആയി തെരഞ്ഞെടുത്തിരുന്നു.
1942 മെയ് 24ന് പൂനെയിലായിരുന്നു ജനനം. അമ്മ പ്രമീള. അച്ഛന്‍ സാമ്പത്തികശാസ്ത്രവിദഗ്ദ്ധനായ ധനഞ്ജയ് രാംചന്ദ്ര ഗാഡ്ഗില്‍. നാസ്തികനായ ധനഞ്ജയ് ജാതിയുടെ അടയാളമാണെന്ന കാരണത്താല്‍ അദ്ദേഹത്തിന്റെ കുട്ടികളുടെ പൂണൂല്‍ ചടങ്ങ് നടത്തിയില്ല. പൂനെ യൂണിവേഴ്സിറ്റിയില്‍ നിന്നും മുംബൈയില്‍ നിന്നും ജീവശാസ്ത്രം പഠിച്ചശേഷം മാധവ് ഗണിതപരിസ്ഥിതിശാസ്ത്രത്തില്‍ ഹാര്‍വാഡ് യൂണിവേഴ്സിറ്റിയില്‍ ഡോക്ടറേറ്റ് നേടി.
1973 മുതല്‍ 2004 വരെ ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ അദ്ധ്യാപകനായിരിക്കുമ്പോള്‍ അദ്ദേഹം അവിടെ പാരിസ്ഥിതിക ശാസ്ത്രത്തില്‍ ഒരു വിഭാഗം ആരംഭിച്ചു. ഗാഡ്ഗില്‍ സ്റ്റാന്‍ഫോഡിലും ബെര്‍ക്ലിയിലെ കാലിഫോണിയ സര്‍വകലാശാലയിലും സന്ദര്‍ശക പ്രഫസര്‍ ആയിരുന്നിട്ടുണ്ട്.
ജനസംഖ്യാശാസ്ത്രം, പരിസ്ഥിതി സംരക്ഷണ ശാസ്ത്രം, മനുഷ്യ-പരിസ്ഥിതിശാസ്ത്രം, പരിസ്ഥിതി ചരിത്രം എന്നിവയിൽ ഇരുന്നൂറിലേറെ ഗവേഷണപ്രബന്ധങ്ങളും നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. 2002-ലെ ഇന്ത്യ ബയോഡൈവേഴ്‌സിറ്റി ആക്‌ട് ഉണ്ടാക്കിയ സമിതിയിൽ ഡോ. ഗാഡ്‌ഗിൽ അംഗമായിരുന്നു. പശ്ചിമഘട്ട ജൈവ വിദഗ്ദസമിതിയുടെ തലവനായിരുന്നു ഡോ. ഗാഡ്ഗിൽ. അദ്ദേഹത്തിന്റെ ആത്മകഥയുടെ പേർ പശ്ചിമഘട്ടം ഒരു പ്രണയകഥ എന്നായിരുന്നു.
ദേശീയ പാരിസ്ഥിതിക ഫെല്ലോഷിപ്, ഇക്കോളജി സൊസൈറ്റി ഓഫ് അമേരിക്കയിലെ വിശിഷ്ടാംഗത്വം, ശാന്തി സ്വരൂപ് ഭട്‌നഗർ അവാഡ്, വിക്രം സാരാഭായ് അവാർഡ്, ഈശ്വരവചന്ദ്ര വിദ്യാസാഗർ അവാർഡ്, ഹാർവാർഡ് സർവകലാശാലയുടെ സെന്റെനിയൽ മെഡൽ,വോൾവോ പാരിസ്ഥിതിക അവാർഡ്, പദ്‌മശ്രീ, പദ്‌മഭൂഷൻ , കർണാടക സർക്കാരിന്റെ രാജ്യോൽസവ സമ്മാനം തുടങ്ങി നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.



Recent Comments