ലഹരിവിരുദ്ധ സന്ദേശയാത്ര സംഘടിപ്പിച്ച് ആനത്തലവട്ടം ഗവൺമെൻറ് യുപി സ്കൂൾ

ലഹരിവിരുദ്ധ സന്ദേശയാത്ര സംഘടിപ്പിച്ച് ആനത്തലവട്ടം ഗവൺമെൻറ് യുപി സ്കൂൾ

ലഹരി മുക്ത കേരളം എന്ന പ്രവർത്തനവുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ എ ഇ ഒ യുടെ കീഴിലുള്ള ആനത്തലവട്ടം ഗവൺമെൻറ് യുപി സ്കൂളിൽ ലഹരിവിരുദ്ധ സന്ദേശയാത്ര നടത്തി. കുട്ടികൾ തന്നെ തയ്യാറാക്കിയ പോസ്റ്ററുകളുമായാണ് സന്ദേശയാത്ര നടത്തിയത്. ആനത്തലവട്ടം ജംഗ്ഷനിൽ സന്ദേശയാത്ര സമാപിച്ചു. കുട്ടികൾ ഫ്ലാഷ് മോബ്, നൃത്തം, ലഹരിവിരുദ്ധ ഗാനാലാപനം എന്നിവ അവതരിപ്പിച്ചു.

കുട്ടികൾക്കും രക്ഷകർത്താക്കൾക്കുമായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്, എക്സൈസ് റെയിഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ യു. ഷാനവാസ്, പ്രിവെന്റിവ് ഓഫീസർ ഡി. സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തി. ചടങ്ങിൽ പി ടി എ പ്രസിഡൻറ് ബിനു, വൈസ് പ്രസിഡൻറ് ചന്ദ്രബാബു, മദർ പി ടി എ പ്രസിഡൻറ് നയന, ഹെഡ്മിസ്ട്രസ്സ് ശ്രീലത, സീനിയർ ടീച്ചർ സീമ, എസ് ആർ ജി കൺവീനർ ബിജി, മറ്റ് അധ്യാപകർ രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു.

സംസ്ഥാനത്ത് ഇന്ന് മുതൽ ‌ഞായറാഴ്ച വരെ വ്യാപകമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ‌ഞായറാഴ്ച വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ തമിഴ്നാട് തീരത്തിനും സമീപ പ്രദേശത്തിനും മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതചുഴിയുടെ പ്രഭാവമാണ് മഴയ്ക്ക് സാഹചര്യം ഒരുക്കുന്നത്. ചക്രവാതച്ചുഴിയിൽ നിന്ന് കേരളത്തിനും തമിഴ്നാടിനും മുകളിലൂടെ തെക്ക് കിഴക്കൻ അറബിക്കടൽ വരെ നീണ്ടു നിൽക്കുന്ന ന്യൂനമർദ്ദ പാത്തിയുമുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടി മിന്നലിനും സാധ്യതുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് സംസ്ഥാന വ്യാപകമായി ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത ഒരുക്കുമെന്നാണ് മുന്നറിയിപ്പ്.

അരിവണ്ടി ഇന്നു മുതൽ; 10.90 രൂപ നിരക്കിൽ സ്പെഷ്യൽ അരി നീല-വെള്ള റേഷൻ കാർഡുകാർക്ക്

അരിവണ്ടി ഇന്നു മുതൽ; 10.90 രൂപ നിരക്കിൽ സ്പെഷ്യൽ അരി നീല-വെള്ള റേഷൻ കാർഡുകാർക്ക്

തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ സഞ്ചരിക്കുന്ന ‘അരിവണ്ടി’ ഇന്നുമുതൽ. അരിവണ്ടിയുടെ ഉദ്​ഘാടനം രാവിലെ 8.30ന് പാളയം മാർക്കറ്റിനു മുന്നിൽ ഭക്ഷ്യമന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. ജയ, കുറുവ, മട്ട, പച്ചരി ഇനങ്ങളിലായി ആകെ 10 കിലോ അരി ഇതിൽ നിന്ന് ഓരോ റേഷൻ കാർഡുടമകൾക്കും വാങ്ങാം. സപ്ലൈകോ സ്റ്റോറുകൾ ഇല്ലാത്ത 500 താലൂക്ക്,​ പഞ്ചായത്ത് കേന്ദ്രങ്ങളിലാണ് അരിവണ്ടി എത്തുക.

ഒരു താലൂക്കിൽ 2 ദിവസം എന്ന ക്രമത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഈ മാസം അവസാനത്തോടെ ആന്ധ്രയിൽ നിന്നടക്കം പൊതുവിപണിയില്‍ അരിവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഈ മാസം എല്ലാ മുന്‍ഗണനേതര (വെള്ള, നീല) റേഷൻ കാര്‍ഡുടമകള്‍ക്ക് എട്ടു കിലോ ഗ്രാം അരി വീതം ലഭിക്കും. 10.90 രൂപ നിരക്കിലാണ് സ്പെഷ്യൽ അരി ലഭിക്കുക. നിലവിലുള്ള റേഷൻ വിഹിതത്തിന് പുറമേയാണിത്. ഒക്ടോബർ-നവംബർ- ഡിസംബർ ത്രൈമാസ കാലയളവിലേക്കുള്ള മണ്ണെണ്ണ വിതരണവും തുടരുന്നതായി സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു.



ഗവർണറുടെ കാരണം കാണിയ്ക്കൽ നോട്ടീസ് ചോദ്യം ചെയ്ത് സംസ്ഥാനത്തെ വിസിമാർ ഹൈക്കോടതിയിൽ

ഗവർണറുടെ കാരണം കാണിയ്ക്കൽ നോട്ടീസ് ചോദ്യം ചെയ്ത് സംസ്ഥാനത്തെ വിസിമാർ ഹൈക്കോടതിയിൽ

കൊച്ചി: ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് സംസ്ഥാനത്തെ വിസിമാർ ഹൈക്കോടതിയിൽ. കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രൻ അടക്കമുള്ളവരാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഗവർണർ നൽകിയ നോട്ടീസ് നിയമ വിരുദ്ധമെന്നാണ് ഹർജിക്കാർ വാദിക്കുന്നത്. ഹർജി ഇന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിക്കും. ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഏഴ് വിസിമാരാണ് ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്.

അതേസമയം, ഗവർണറുടെ പുറത്താക്കൽ നടപടിയ്ക്കെതിരെ കേരള സർവ്വകലാശാല സെനറ്റ് അംഗങ്ങൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉച്ചയ്ക്ക് 1.45 ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജി പരിഗണിക്കുന്നത്. അംഗത്വം റദ്ദാക്കിയ ഗവർണറുടെ നടപടി നിയമ വിരുദ്ധമാണെന്നാണ് സെനറ്റ് അംഗങ്ങളുടെ നിലപാട്. എന്നാൽ സെർച്ച് കമ്മിറ്റിയിലേക്ക് ഒരു അംഗത്തെ നോമിനേറ്റ് ചെയ്ത് തീർക്കേണ്ട വിഷയം സർവ്വകലാശാല അനാവശ്യ വിവാദത്തിലാക്കിയെന്നും വിസിയില്ലാതെ എങ്ങനെ സർവ്വകലാശാലയ്ക്ക് പ്രവർത്തിക്കാനാകുമെന്നും കോടതി ചോദിച്ചിരുന്നു.

നവംബർ 4 ന് ചേരുന്ന സർവ്വകലാശാല സെനറ്റ് യോഗത്തിൽ സെർച്ച് കമ്മിറ്റിയെ നോമിനേറ്റ് ചെയ്യാനുള്ള അജണ്ടയുണ്ടോയെന്ന് സർവ്വകലാശാല ഇന്ന് അറിയിക്കണം. ഗവർണ്ണർ പുറത്താക്കിയ അംഗങ്ങൾക്ക് നവംബർ 4 ന് ചേരുന്ന സെനറ്റിൽ പങ്കെടുക്കാനാകുമോ എന്ന് ഇന്ന് കോടതി തീരുമാനിക്കും. അതേസമയം, വിജ്ഞാപനം പിൻവലിക്കണമെന്ന് മുൻ വി സിയും സെനറ്റും ആവശ്യപ്പെട്ടത് നിയമ വിരുദ്ധവും പ്രകടമായ അധിക്ഷേപമാണെന്നും ഗവർണർ കോടതിയെ അറിയിച്ചിരുന്നു.

പെൻഷൻ പ്രായം 60 ആക്കി ഏകീകരിച്ചു കൊണ്ട് ധനവകുപ്പ് ഇറക്കിയ ഉത്തരവ് പിൻവലിയ്ക്കണമെന്ന് ഡിവൈഎഫ്ഐ

പെൻഷൻ പ്രായം 60 ആക്കി ഏകീകരിച്ചു കൊണ്ട് ധനവകുപ്പ് ഇറക്കിയ ഉത്തരവ് പിൻവലിയ്ക്കണമെന്ന് ഡിവൈഎഫ്ഐ

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം 60 ആക്കി ഏകീകരിച്ചു കൊണ്ട് ധനവകുപ്പ് ഇറക്കിയ ഉത്തരവ് പിൻവലിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് സർക്കാറിനോട് ആവശ്യപ്പെട്ടു. 122 പൊതുമേഖലാ സ്ഥാപനങ്ങളിൽ കെഎസ്ഇബി, കെഎസ്ആർടിസി, വാട്ടർ അതോറിറ്റി എന്നീ സ്ഥാപനങ്ങളിൽ ഒഴികെ പുതിയ ഉത്തരവ് ബാധകമാവുകയാണ്. ഒരു ലക്ഷത്തിൽ കൂടുതൽ ജീവനക്കാർക്ക് ബാധകമാകുന്ന ഈ ഉത്തരവ് തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളെ പ്രതികൂലമായി ബാധിക്കുന്നതാണ്.

റിയാബ് ചെയർമാൻ തലവനായ വിദഗ്ധസമിതിയുടെ ശുപാർശ അംഗീകരിച്ച് കൊണ്ടാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ പെൻഷൻ പ്രായം 60 ആക്കി ഏകീകരിച്ചത്. വിവിധ സ്ഥാപനങ്ങളിൽ 56, 58, 60 എന്നിങ്ങനെ വ്യത്യസ്തമാണ് പെൻഷൻ പ്രായം. ഒന്നരലക്ഷം പേർക്കാണ് ആനുകൂല്യം കിട്ടുക. 29 നാണ് ധനവകുപ്പ് ഉത്തരവിറങ്ങിയത്. ഈ മാസം വിരമിക്കേണ്ടവർക്ക് കൂടുതൽ സർവ്വീസ് ലഭിക്കും. കൂടുതൽ തൊഴിലവസരങ്ങൾ ഉള്ള കെഎസ്ഇബിയിലെയും,കെഎസ്ആർടിസിയിലെയും, വാട്ടർ അതോറിറ്റിയിലെയും പെൻഷൻ പ്രായം കൂട്ടൽ പിന്നാലെ വരും. ഈ മൂന്ന് സ്ഥാപനങ്ങളിലെയും സാഹചര്യം പ്രത്യേകം പഠിക്കാനും ഉത്തരവിൽ നിർദ്ദേമുണ്ട്.

അഭിഭാഷകരുടെ മുന്നിലിട്ട് എൽദോസ് മർദ്ദിച്ചെന്ന് പരാതിക്കാരിയുടെ മൊഴി

അഭിഭാഷകരുടെ മുന്നിലിട്ട് എൽദോസ് മർദ്ദിച്ചെന്ന് പരാതിക്കാരിയുടെ മൊഴി

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളിൽ പ്രതിയായ കേസിൽ അഭിഭാഷകര്‍ക്ക് എതിരെ കേസെടുക്കാന്‍ കാരണമായ പരാതിക്കാരിയുടെ മൊഴി പുറത്ത്. പരാതി പിൻവലിക്കാൻ അഭിഭാഷകരുടെ മുന്നിലിട്ട് എൽദോസ് മർദ്ദിച്ചെന്നാണ് മൊഴി. മൂന്ന് അഭിഭാഷകർ നോക്കി നിൽക്കേ മർദ്ദിക്കുകയും വസ്ത്രം വലിച്ച് കീറുകയും ചെയ്തു. സാമ്പത്തിക തർക്കമാണ് കോവളത്തെ പരാതിയ്ക്ക് കാരണമെന്ന രേഖയിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ അഭിഭാഷകർ തടഞ്ഞു. തുടര്‍ന്ന് അഭിഭാഷകർ വാഹനത്തിൽ കയറ്റി നഗരത്തിൽ ചുറ്റിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചെന്നുമാണ് പരാതിക്കാരിയുടെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് എൽദോസ് ഉൾപ്പടെ അഞ്ച് പേർക്കെതിരെ കേസെടുത്തത്. ബലാത്സംഗ കേസിൽ എൽദോസ് കുന്നപ്പിള്ളിൽ എല്ലാ ദിവസവും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

രാവിലെ 9 മണിമുതൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എത്താനാണ് കോടതി നിർദ്ദേശം. കേസ് അന്വേഷണവുമായി എൽദോസ് കുന്നപ്പിള്ളിൽ സഹകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. അന്വേഷണവുമായി എംൽഎ സഹകരിക്കുന്നില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. എൽദോസ് കുന്നപ്പിള്ളിലിന്‍റെ മുൻകൂർ ജാമ്യം നൽകിയ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.