മോഹൻലാൽ ആലപിച്ച ലോകകപ്പ് ഫുട്ബോൾ ​ഗാനം പുറത്ത്

മോഹൻലാൽ ആലപിച്ച ലോകകപ്പ് ഫുട്ബോൾ ​ഗാനം പുറത്ത്

ലോകം ഫുട്ബോൾ ആവേശത്തിലേയ്ക്കെത്താൻ ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഇപ്പോൾ മലയാളികളിൽ ആവേശം നിറയ്ക്കാൻ ലോകകപ്പ് ഫുട്ബോൾ ​ഗാനവുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ. വേള്‍ഡ് കപ്പിന്‍റെ വേദിയായ ഖത്തറില്‍ വച്ചാണ് ​ഗാനം പുറത്തിറക്കിയത്. മലപ്പുറത്തിന്റെ ഫുട്ബോൾ സ്നേഹത്തെക്കുറിച്ചുള്ളതാണ് ​ഗാനം. ഒരു വികാരം, ഒരു ചിന്ത, ഒരു മതം അതാണ് ഫുട്ബോൾ- എന്ന അടിക്കുറിപ്പിലാണ് മോഹൻലാൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

മികച്ച പ്രതികരണമാണ് ​ഗാനത്തിന് ലഭിക്കുന്നത്. മലപ്പുറത്തിന്റെ ഫുട്ബോൾ പെരുമയേയും സെവൻസിനേയും പരിചയപ്പെടുത്തിക്കൊണ്ടാണ് ​ഗാനം തുടങ്ങുന്നത്. മലപ്പുറത്തെ പിള്ളേർക്കൊപ്പം ​ഗ്രൗണ്ടിൽ പന്തുതട്ടുന്ന മോഹൻലാലിനേയും വീഡിയോയിൽ കാണാം. ​ഗാനം ആലപിച്ചിരിക്കുന്നതും മോഹൻലാൽ തന്നെയാണ്. മോഹൻലാലിനൊപ്പം വമ്പൻ ടീമാണ് ആൽബത്തിനായി ഒന്നിച്ചിരിക്കുന്നത്.

കായികതാരങ്ങൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

കായികതാരങ്ങൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

സംസ്ഥാനത്തെ മികച്ച കായിക താരങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനായി കേരള സ്റ്റേറ്റ് സ്പോർട്‌സ് കൗൺസിൽ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്ന ഡോ.എ.പി.ജെ അബ്ദുൾകലാം സ്‌കോളർഷിപ്പ് സ്‌കീമിൽ 2021-22 വർഷത്തേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 14 മുതൽ 20 വയസുവരെ പ്രായപരിധിയിലുള്ള 11 കായിക താരങ്ങൾക്കായിരിക്കും ആനുകൂല്യം ലഭിക്കുക. അത്‌ലറ്റിക്‌സ്, ബോക്‌സിംഗ്, ഫെൻസിംഗ്, സ്വിമ്മിംഗ്, ബാഡ്മിന്റൺ, സൈക്ലിംഗ്, കനോയിംഗ്, കയാക്കിംഗ്, റോവിംഗ് എന്നീ കായിക ഇനങ്ങളിൽ സ്‌കൂൾ, കോളേജ് തലത്തിൽ ദേശീയ (സൗത്ത് സോൺ) മത്സരത്തിൽ പങ്കെടുത്ത മൂന്നാം സ്ഥാനം കരസ്ഥമാക്കുകയാണ് സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുളള കുറഞ്ഞ യോഗ്യത.

ഭിന്നശേഷിയുള്ള കായിക താരങ്ങളിൽ ഒരാളെ പരിഗണിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 10,000 രൂപ നൽകും. അപേക്ഷകർ കായിക നേട്ടം തെളിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം സെക്രട്ടറി, കേരളാ സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ, തിരുവനന്തപുരം – 1 എന്ന വിലാസത്തിൽ നവംബർ 20 മുമ്പ് അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക്: www.sportscouncil.kerala.gov.in.

ശുചിമുറിയില്‍ 17 വയസുകാരി പ്രസവിച്ച സംഭവം; നാട്ടുകാരനും കുടുംബസുഹൃത്തുമായ 53കാരൻ അറസ്റ്റിൽ

ശുചിമുറിയില്‍ 17 വയസുകാരി പ്രസവിച്ച സംഭവം; നാട്ടുകാരനും കുടുംബസുഹൃത്തുമായ 53കാരൻ അറസ്റ്റിൽ

കണ്ണൂർ: ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയില്‍ 17 വയസുകാരി പ്രസവിച്ച സംഭവത്തിൽ മലപ്പട്ടം സ്വദേശിയായ 53കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരിട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയാണ് വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കായി എത്തിയത്. തുടർന്ന് ആശുപത്രിയിലെ ശുചിമുറിയില്‍ വച്ച് ആണ്‍ കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സഹായത്താല്‍ ആശുപത്രിയിലെ വാര്‍ഡിലേക്ക് മാറ്റി.

ചൈല്‍ഡ് ലൈന്‍ അധികൃതരും വിവരങ്ങള്‍ തേടി. പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ മലപ്പട്ടം സ്വദേശി കൃഷ്ണനെ അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുടെ വീട്ടുകാരുമായുള്ള അടുപ്പം മറയാക്കിയായിരുന്നു പീഡനം. പ്രതിയ് ക്കെതിരെ പോക്‌സോയും ബലാത്സംഗക്കുറ്റവും ചുമത്തി ഉളിക്കൽ സി.ഐ സുധീറാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. പൂര്‍ണഗര്‍ഭിണിയായാണ് പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സ തേടി എത്തിയതെന്നാണ് ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നത്. കുഞ്ഞിനും അമ്മയ്ക്കും ആശുപത്രി അധികൃതര്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു.

ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ച് ആലംകോട് കോൺഗ്രസ് കമ്മിറ്റി

ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ച് ആലംകോട് കോൺഗ്രസ് കമ്മിറ്റി

ഇന്ദിര പ്രിയദർശിനിയുടെ 38മത് ചരമ വാർഷിക ദിനം ആലംകോട് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ബ്ളോക്ക് പ്രസിഡന്റ് അംബി രാജ, ബ്ളോക്ക് ജനറൽ സെക്രട്ടറി എം എച്ച് അഷറഫ്, എ എം നസീർ, എ എ കെ ബദർ, സെന്റർ ഹാഷീം, പ്രശോഭൻ തുടങ്ങിയവർ പങ്കെടുത്തു.

ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു

ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കിഴുവിലം മണ്ഡലം മൂന്നാം വാർഡ് (കാട്ടുംപുറം) കമ്മിറ്റി ഒക്ടോബർ 31 ഇന്ദിരാഗാന്ധിയുടെ മുപ്പത്തിയെട്ടാം ചരമ വാർഷിക ദിനം ആചരിച്ചു. ഇന്ദിരാ ഗാന്ധിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും, ഇന്ദിരാഗാന്ധി അനുസ്മരണ പ്രഭാക്ഷണവും നടത്തി.

മുതിർന്ന ആർഎസ്പി നേതാവ് പ്രൊഫ. ടി. ജെ ചന്ദ്രചൂഡൻ അന്തരിച്ചു

മുതിർന്ന ആർഎസ്പി നേതാവ് പ്രൊഫ. ടി. ജെ ചന്ദ്രചൂഡൻ അന്തരിച്ചു

തിരുവനന്തപുരം മുതിർന്ന ആർഎസ്പി നേതാവ് പ്രൊഫ. ടി. ജെ ചന്ദ്രചൂഡൻ(83) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. ആർഎസ്പി സംസ്ഥാന, അഖിലേന്ത്യ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.

ആർഎസ്പി വിദ്യാർത്ഥി സംഘടനയിൽ സജീവമായിരുന്ന ചന്ദ്രചൂഡൻ, കൗമുദിയിൽ കുറച്ചു കാലം പ്രവർത്തിച്ചിട്ടുണ്ട്. 1995 മുതൽ പ്രവാഹം ദ്വൈവാരികയുടെ പത്രാധിപരായി. 1969-1987 കാലയളവിൽ ശാസ്‌താംകോട്ട ദേവസ്വം ബോർഡ്‌ കോളേജിൽ അദ്ധ്യാപകനായിരുന്നു.
രാജ്യത്തെ ഇടത് നേതാക്കളിൽ പ്രമുഖ സ്ഥാനം അലങ്കരിച്ചിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഏറെ നാളായി രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കുകയായിരുന്നു. 1975 ൽ ആർഎസ്പി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. 1999 ൽ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. മൂന്നു തവണ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2008 ലാണ് പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയായത്.