by Midhun HP News | Jan 7, 2026 | Latest News, കേരളം
കണ്ണൂര്‍: ‘പോറ്റിയേ കേറ്റിയേ’ പാരഡി പാട്ട് വെച്ചത് ചോദ്യം ചെയ്ത സിപിഎം ലോക്കല്‍ സെക്രട്ടറിക്ക് മര്‍ദ്ദനം. സിപിഎം ലോക്കല്‍ സെക്രട്ടറിയായ മുല്ലക്കൊടി സ്വദേശി മനോഹരനാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.
മയ്യില്‍ അരിമ്പ്രയിലെ റേഷന്‍ കടയില്‍ ഭാസ്‌കരന്‍ എന്നയാള്‍ ‘പോറ്റിയേ കേറ്റിയേ’ എന്ന പാട്ട് വെച്ചത്. ഇത് കേട്ടു പ്രകോപിതനായമനോഹരന്‍ പൊതുയിടത്ത് രാഷ്ട്രീയ ഗാനങ്ങള്‍ പാടില്ലെന്ന് പറഞ്ഞ് ഭാസ്‌കരനെ ചോദ്യം ചെയ്തു.
എന്നാല്‍ പാട്ട് നിര്‍ത്താന്‍ തയ്യാറാകാതെ ഇയാള്‍ കുറച്ചുകൂടി ഉച്ചത്തില്‍ പാട്ട് വെച്ചു. ഇതിനെയും മനോഹരന്‍ ചോദ്യം ചെയ്തതോടെ പ്രകോപിതനായ ഭാസ്‌കരന്‍ മര്‍ദ്ദിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ കയ്യാങ്കളിയുണ്ടാകുകയും ഭാസ്‌കരന്‍ മനോഹരന്റെ കഴുത്തിന് പിടിച്ച് മര്‍ദിച്ചുവെന്നാണ് പരാതി.
സംഭവത്തില്‍ ഭാസ്‌കരനെതിരെ മയ്യില്‍ പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മയ്യില്‍ ഡിവിഷനും തളിപ്പറമ്പ് ബ്‌ളോക്ക് പഞ്ചായത്തും ഇത്തവണ യുഡിഎഫ് പിടിച്ചിരുന്നു. സിപിഎം ആധിപത്യമുള്ള പ്രദേശങ്ങളായിരുന്നു ഇവ.



by Midhun HP News | Jan 7, 2026 | Latest News, കേരളം
കൊച്ചി: കൊച്ചിയില്‍ പാസ്‌പോര്‍ട്ട് വെരിഫിക്കേഷനിടെ യുവതിയെ കടന്നുപിടിച്ച പൊലീസുകാരനെതിരെ കേസ്. പള്ളുരുത്തി സ്റ്റേഷനിലെ സിപിഒ വിജീഷിനെതിരെയാണ് ഹാര്‍ബര്‍ പൊലീസ് കേസെടുത്തത്. പാസ്‌പോര്‍ട്ട് വെരിഫിക്കേഷനായി യുവതിയുടെ വീട്ടിലെത്തിയ ശേഷമായിരുന്നു വിജീഷിന്റെ അതിക്രമം.
വെരിഫിക്കേഷന്‍ നടപടിക്കിടെ കടന്നുപിടിക്കുകയായിരുന്നെന്ന യുവതിയുടെ പരാതിയിലാണ് കേസ്. സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകളാണ് വിജീഷിനെതിരെ ചുമത്തിയിട്ടുള്ളത്. വിജീഷിനെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചു. നേരത്തെയും വിജീഷിനെതിരെ സമാനപരാതി ഉയര്‍ന്നിരുന്നു.


+
by Midhun HP News | Jan 7, 2026 | Latest News, കേരളം
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും സിപിഎം നേതാവുമായ എ പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളി. ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണം കവര്‍ന്ന കേസിലാണ് പത്മകുമാര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്. കട്ടിളപ്പാളി കേസില്‍ പത്മകുമാറിന്റെ ജാമ്യാപേക്ഷ വിജിലന്‍സ് കോടതിയും ഹൈക്കോടതിയും നേരത്തെ തള്ളിയിരുന്നു.
ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പാളികള്‍ കൈമാറിയതില്‍ അടക്കം ബോര്‍ഡില്‍ ഒപ്പം ഉണ്ടായിരുന്ന എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നായിരുന്നു പത്മകുമാറിന്റെ വാദം. എന്നാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പാളികള്‍ കൈമാറിയതില്‍ അടക്കം പ്രസിഡന്റ് എന്ന നിലയില്‍ പത്മകുമാറിന് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസില്‍ പത്മകുമാറിന്റെ പങ്ക് സംബന്ധിച്ച എസ്‌ഐടിയുടെ വാദങ്ങളും തെളിവുകളും കണക്കിലെടുത്താണ് വിജിലന്‍സ് കോടതി നടപടി. സ്വര്‍ണക്കൊള്ള കേസില്‍ അന്നത്തെ ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും പങ്കുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഇതോടെ കേസില്‍ പത്മകുമാര്‍ ജയിലില്‍ തന്നെ തുടരും.

പത്മകുമാറിനെതിരെ എസ്‌ഐടി
അതിനിടെ പാളികള്‍ കൊടുത്തുവിടാനുള്ള മിനുട്‌സില്‍ പത്മകുമാര്‍ തിരുത്തല്‍ വരുത്തിയത് മനഃപൂര്‍വ്വമാണെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. കട്ടിളപ്പാളികള്‍ അറ്റകുറ്റപ്പണി നടത്താന്‍ തന്ത്രി ആവശ്യപ്പെട്ടെന്ന പത്മകുമാറിന്റെ വാദം തെറ്റാണെന്നും എസ്‌ഐടി പറഞ്ഞു. കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ തെളിവുകള്‍ അട്ടിമറിക്കാന്‍ ഗോവര്‍ധനും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമടക്കമുള്ള പ്രതികള്‍ ബംഗളൂരുവില്‍ ഒത്തുകൂടി ഗൂഢാലോചന നടത്തിയെന്നും എസ്‌ഐടി വ്യക്തമാക്കുന്നു.

സ്വര്‍ണക്കൊള്ളയില്‍ റിമാന്‍ഡില്‍ കഴിയുന്ന പത്മകുമാറിനെ വെട്ടിലാക്കുന്നതാണ് എസ്‌ഐടി കണ്ടെത്തല്‍. പാളികള്‍ പോറ്റിയ്ക്ക് കൊടുത്തുവിടാനുള്ള മിനുട്‌സില്‍ സ്വന്തം കൈപ്പടയില്‍ പത്മകുമാര്‍ തിരുത്തല്‍ വരുത്തി. പിച്ചള പാളികള്‍ എന്നതിന് പകരം ചെമ്പ് എന്ന് എഴുതി.
കൂടാതെ അനുവദിക്കുന്നു എന്ന വാക്കും സ്വന്തമായി എഴുതി ചേര്‍ത്തു. ഇതിന് പിന്നാലെയാണ് പോറ്റിയ്ക്ക് കൊടുത്തുവിടാനുള്ള തീരുമാനം ഉണ്ടായത്. കട്ടിളപ്പാളികള്‍ അറ്റകുറ്റപ്പണി നടത്താന്‍ തന്ത്രിയാണ് ആവശ്യപ്പെട്ടതെന്ന പത്മകുമാറിന്റെ വാദം എസ്‌ഐടി തള്ളി. അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യത്തിന് രേഖയില്ല, തന്ത്രിയുടെ അഭിപ്രായവും തേടിയില്ല, മഹസറില്‍ തന്ത്രി ഒപ്പിട്ടില്ല, അനുമതി നല്‍കിയിട്ടില്ല തുടങ്ങിയ വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്. പാളികള്‍ അറ്റകുറ്റപ്പണി നടത്താന്‍ കൊണ്ടുപോകുമ്പോഴോ തിരിച്ച് കൊണ്ടുവന്നപ്പോഴോ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രേഖകള്‍ പരിശോധിച്ചില്ലെന്നും പത്മകുമാറിന്റെ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.

by Midhun HP News | Jan 7, 2026 | Latest News, കേരളം
ആലപ്പുഴ: വാഹനാപകടത്തില്‍ മരിച്ച യാചകന്റെ സഞ്ചികളില്‍ നിന്നു പൊലീസിന് ലഭിച്ചത് നാലര ലക്ഷം രൂപ. ചാരുംമൂട്ടിലും പരിസരങ്ങളിലുമായി ഭിക്ഷാടനം നടത്തിവന്ന ഇയാളെ തിങ്കളാഴ്ച വൈകീട്ടാണ് സ്‌കൂട്ടര്‍ ഇടിച്ചത്. പരിക്കേറ്റ ഇയാളെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.
തലയ്ക്ക് പരുക്കുള്ളതിനാല്‍ വിദഗ്ധ ചികിത്സ വേണമെന്നു ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും രാത്രിയോടെ ഇയാള്‍ ആശുപത്രിയില്‍ നിന്നിറങ്ങിപ്പോയി. ഇന്നലെ രാവിലെ കടത്തിണ്ണയില്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു.
നൂറനാട് പൊലീസ് എത്തി മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയും ഇയാളുടെ സഞ്ചികള്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. സഞ്ചികള്‍ പരിശോധിച്ചപ്പോഴാണ് നോട്ടുകള്‍ അടങ്ങിയ പ്ലാസ്റ്റിക് ടിന്നുകളും പഴ്‌സുകളും ലഭിച്ചത്.
5 പ്ലാസ്റ്റിക് ടിന്നുകളിലായി അടുക്കി ടേപ്പ് ഒട്ടിച്ച് ഭദ്രമാക്കിയ നിലയില്‍ 4,52,207 രൂപയാണ് ലഭിച്ചത്. രണ്ടായിരത്തിന്റെ 12 നോട്ടുകളും സൗദി റിയാലും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇയാളുടെ ബന്ധുക്കളാരും തന്നെ ഇതുവരെ എത്തിയിട്ടില്ലെന്നും കണ്ടുകിട്ടിയ പണം കോടതിയില്‍ ഹാജരാക്കുമെന്നും നൂറനാട് എസ്എച്ച്ഒ എസ്.ശ്രീകുമാര്‍ പറഞ്ഞു. അനില്‍ കിഷോര്‍, തൈപ്പറമ്പില്‍, കായംകുളം എന്നാണ് ഇയാള്‍ ആശുപത്രിയില്‍ നല്‍കിയ വിലാസം.



by Midhun HP News | Jan 7, 2026 | Latest News, കേരളം
കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീട്ടി. ഈ മാസം 21 വരെ അറസ്റ്റ് പാടില്ലെന്നാണ് ഉത്തരവ്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പരാതിക്കാരിയെ കക്ഷി ചേര്‍ത്തു. മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പരാതിക്കാരിക്ക് ഹൈക്കോടതി രണ്ടാഴ്ച സാവകാശം അനുവദിച്ചിട്ടുണ്ട്.
പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ചുകൊണ്ടാണ്, അവര്‍ക്ക് വിശദമായ സത്യവാങ്മൂലം സര്‍പ്പിക്കാനായിട്ടാണ് കേസ് 21 ലേക്ക് മാറ്റിയത്. 21 ന് വിശദമായ വാദം കേള്‍ക്കും. അതിനുശേഷമാകും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പുറപ്പെടുവിക്കുകയെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ തന്റെ ജീവന് ഭീഷണിയാണെന്നാണ് പരാതിക്കാരി കോടതിയില്‍ ചൂണ്ടിക്കാട്ടിയത്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായികള്‍, സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍ തുടങ്ങിയവരില്‍ നിന്നും ഇപ്പോൾ തന്നെ ഭീഷണിയുണ്ട്. കൂടാതെ വലിയ തോതില്‍ സൈബര്‍ ആക്രമണവും നേരിടുന്നതായി പരാതിക്കാരി അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നേരത്തെ രാഹുലിന്റെ അറസ്റ്റ് ഇന്നുവരെയാണ് ഉണ്ടായിരുന്നത്. എന്നാല്‍ പരാതിക്കാരിയുമായി ഉഭയകക്ഷി ബന്ധം മാത്രമാണ് ഉണ്ടായിരുന്നതെന്നും, ഗര്‍ഭച്ഛിദ്രം യുവതി സ്വന്തം ഇഷ്ടപ്രകാരം നടത്തിയതാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കിയിരുന്നു.



by Midhun HP News | Jan 7, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുമെന്ന് തോന്നിപ്പിച്ച സ്വര്‍ണവില ഇന്ന് പവന് 480 രൂപയാണ് വര്‍ധിച്ചത്. 1, 02,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 60 രൂപയാണ് വര്‍ധിച്ചത്. 12,785 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 2680 രൂപയാണ് പവന് കൂടിയത്.
ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുറഞ്ഞ് ഒരു ലക്ഷത്തില്‍ താഴെയെത്തിയ സ്വര്‍ണവിലയാണ് കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും വര്‍ധിക്കാന്‍ തുടങ്ങിയത്.
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. വെനസ്വേലയിലെ അമേരിക്കന്‍ സൈനിക നടപടി അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് വില ഉയരാന്‍ കാരണം.



Recent Comments