by Midhun HP News | Dec 31, 2025 | Latest News, കേരളം
കൊച്ചി: ഇന്നലെ ഒരു ലക്ഷത്തില്‍ താഴെയെത്തിയ സ്വര്‍ണവില ഇന്ന് ഉച്ചയ്ക്ക് ശേഷം വീണ്ടും വില കുറഞ്ഞു. പവന് ഒറ്റയടിക്ക് 480 രൂപയാണ് കുറഞ്ഞത്. 99,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രാവിലെ പവന് 240 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് ആനുപാതികമായി 60 രൂപയാണ് കുറഞ്ഞത്. 12,395 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഇന്നലെ പവന് ഒറ്റയടിക്ക് 2240 രൂപ കുറഞ്ഞതോടെയാണ് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവില ഒരു ലക്ഷത്തില്‍ താഴെയെത്തിയത്. 1,02,120 രൂപയില്‍ നിന്നാണ് താഴ്ന്നത്. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. ശനിയാഴ്ച 1,04,440 രൂപയായി ഉയര്‍ന്ന് സര്‍വകാല റെക്കോര്‍ഡ് ഇട്ട ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. നാലുദിവസത്തിനിടെ 52,000 രൂപയിലധികമാണ് കുറഞ്ഞത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 95,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 94,920 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്.



by Midhun HP News | Dec 31, 2025 | Latest News, കേരളം
2026 നെ വരവേല്‍ക്കാനൊരുങ്ങി ലോകം. സംസ്ഥാനത്ത് ഏറ്റവും വലിയ ആഘോഷം നടക്കുന്ന ഫോര്‍ട്ട് കൊച്ചിയില്‍ ഉള്‍പ്പെടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. കോവളം, ഫോര്‍ട്ട് കൊച്ചി, കോഴിക്കോട് ബീച്ച് ഉള്‍പ്പെടെ പ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചിയില്‍ പരേഡ് ഗ്രൗണ്ടിന് പുറമേ ഇക്കുറിയും വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിച്ച് പുതുവര്‍ഷത്തെ വരവേല്‍ക്കും. മൂന്നാറില്‍ ഹോംസ്റ്റേകളില്‍ ഉള്‍പ്പെടെ ഇതിനകം ബുക്കിങ്ങ് നിറഞ്ഞ് കഴിഞ്ഞു. ഡല്‍ഹിയിലും മുംബൈയിലും ചെന്നൈയിലും വിപുലമായ ന്യൂഇയര്‍ ആഘോഷങ്ങളാണ് നടക്കുന്നത്.
ഇന്ത്യന്‍ സമയം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയോടെ ലോകം പുതുവത്സരം ആഘോഷിച്ച് തുടങ്ങും. റിപ്പബ്ലിക് ഓഫ് കിരിബാസിലെ ക്രിസ്മസ് ഐലന്‍ഡിലാണ് പുതുവത്സരം ആദ്യം പിറക്കുന്നത്. പിന്നാലെ, ഇന്ത്യന്‍ സമയം 3.45-ന് ന്യൂസിലന്‍ഡിലെ ചാറ്റം ഐലണ്ടിലും നാലരയോടെ ഓക്ലണ്ടിലും പുതുവര്‍ഷം പിറക്കും.
ഇന്ത്യന്‍ സമയം ഇന്ന് വൈകിട്ട് അഞ്ചരയോടെ ഫിജിയിലും റഷ്യയുടെ ചില പ്രദേശങ്ങളിലും ആറരയോടെ ഓസ്ട്രേലിയയിലെ മെല്‍ബണിലും സിഡ്നിയിലും കാന്‍ബെറയിലും ഏഴരയോടെ ക്യൂന്‍സ്്ലാന്‍ഡിലും എട്ടരയോടെ ജപ്പാനിലെ ടോക്കിയോയിലും ദക്ഷിണ കൊറിയയിലെ സോളിലും ഉത്തര കൊറിയയിലെ പ്യോങ്യാങ്ങിലും 2026-ന് തുടക്കമാകും.
രാത്രി ഒമ്പതരയോടെ ബീജിങ്ങിലും ഹോങ്കോങ്ങിലും മനിലയിലും സിംഗപ്പൂരും പുതുവത്സരാഘോഷത്തിന് തുടക്കമാകും. രാത്രി 11 മണിയോടെ മ്യാന്മറിലും പതിനൊന്നരയോടെ ബംഗ്ലാദേശിലും പതിനൊന്നേ മുക്കാലോടെ നേപ്പാളിലും പുതുവത്സരമെത്തിയശേഷമാണ് ഇന്ത്യയില്‍ പുതുവത്സരമെത്തുക. അമേരിക്കയിലെ ബേക്കര്‍ ഐലണ്ടിലും ഹൗലന്‍ഡ് ഐലണ്ടിലുമാണ് ഏറ്റവുമൊടുവില്‍ പുതുവത്സരമെത്തുന്നത്. നാളെ ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ചരയ്ക്കു മാത്രമേ അവിടെ പുതുവര്‍ഷമെത്തൂ.



by Midhun HP News | Dec 31, 2025 | Latest News, കേരളം
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍പ്രകാശിനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങി എസ്‌ഐടി. വരും ദിവസങ്ങളില്‍ നോട്ടീസ് നല്‍കി വിളിച്ച് വരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം തയ്യാറെടുക്കുന്നത്. കേസില്‍ മുഖ്യ പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടൂര്‍ പ്രകാശിന് ബന്ധമുള്ളതായി എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റി തന്നെ വന്ന് കണ്ടതായി അടൂര്‍പ്രകാശ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനപ്പുറം ചില ബന്ധങ്ങള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടൂര്‍പ്രകാശിന് ഉള്ളതായാണ് എസ്‌ഐടിയുടെ സംശയം. ഈ പശ്ചാത്തലത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം ഏത് തരത്തിലുള്ളതാണെന്ന് അറിയുന്നതിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍.
എന്നാല്‍ സ്വര്‍ണക്കൊള്ളയുമായി അടൂര്‍ പ്രകാശിന് ഏതെങ്കിലും തരത്തില്‍ നേരിട്ട് ബന്ധമുള്ളതായി എസ്‌ഐടിക്ക് വിവരം ലഭിച്ചിട്ടില്ല. എന്നാല്‍ കേസില്‍ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം ഏത് തരത്തിലുള്ളതാണെന്നും ഉണ്ണികൃഷ്ണന്‍ പോറ്റിയെ വഴിവിട്ട് സഹായിച്ചിട്ടുണ്ടോ എന്നും കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍. കേസില്‍ ഹൈക്കോടതി മുന്‍പാകെ അന്തിമ റിപ്പോര്‍ട്ട് നല്‍കുന്നതിന് മുന്‍പ് അടൂര്‍ പ്രകാശിനെ എസ്‌ഐടി ചോദ്യം ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനൊപ്പം ഉണ്ണികൃഷ്ണന്‍ പോറ്റി നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്ന സമയത്ത് തന്നെ അടൂര്‍പ്രകാശിനൊപ്പം ഉണ്ണികൃഷ്ണന്‍ പോറ്റി നില്‍ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. താന്‍ ആറ്റിങ്ങല്‍ എംപിയായതിന് ശേഷമാണ് ഉണ്ണികൃഷ്ണന്‍ പോറ്റി തന്നെ വന്നു കാണുന്നത്. ആ പരിചയമാണ് പോറ്റിയുമായുള്ളതെന്നാണ് അടൂര്‍ പ്രകാശ് വിശദീകരിച്ചത്. അതിന് ശേഷം താന്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്ന സമയത്ത് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ കാണുന്നതിന് ഉണ്ണികൃഷ്ണന്‍ പോറ്റി അദ്ദേഹത്തിന്റെ വഴി ഉപയോഗിച്ച് സ്വയം നേടിയെടുത്തു.
അങ്ങനെ സോണിയ ഗാന്ധിയെ കാണാന്‍ ഡല്‍ഹിയില്‍ വന്ന സമയത്ത് തന്റെയൊപ്പം വരാമോ എന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി ചോദിച്ചു വിളിച്ചു. ഇതനുസരിച്ച് പോയി കണ്ടു. ഇതിനപ്പുറം പോറ്റിയുമായി ബന്ധങ്ങളില്ലെന്നാണ് അടൂര്‍ പ്രകാശിന്റെ പ്രതികരണം. സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി നല്‍കിയത് താനല്ലെന്നും അടൂര്‍ പ്രകാശ് വിശദീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് അടൂര്‍ പ്രകാശ് അന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ വിശദീകരണം തൃപ്തികരമായിരുന്നില്ല എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് എസ്‌ഐടിയുടെ നീക്കം.



by Midhun HP News | Dec 31, 2025 | Latest News, കേരളം
ആലപ്പുഴ: മുഹമ്മ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ ടെറസില്‍ തൂങ്ങിമരിച്ചു. എസ് സന്തോഷ് കുമാര്‍ (45) ആണ് മരിച്ചത്. തിങ്കളാഴ്ച നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയിരുന്നു.
എന്നാല്‍ ചൊവ്വാഴ്ച വൈകുന്നേരമായിട്ടും വീട്ടില്‍ എത്താതിനെ തുടര്‍ന്ന് കുടുംബം പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് സ്റ്റേഷന്റെ മുകളിലത്തെ അടച്ചു പൂട്ടിയ ടെറസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മുഹമ്മ കപ്പേള സ്‌കൂളിന് സമീപമാണ് സന്തോഷിന്റെ വീട്. ഭാര്യയും രണ്ട് പെണ്‍ മക്കളുമുണ്ട്. സാമ്പത്തികപ്രതിസന്ധിയാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് നിഗമനം. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.



by Midhun HP News | Dec 31, 2025 | Latest News, കേരളം
കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അമ്മയുടെ വേർപാടിൽ അനുശോചനമറിയിച്ച് മമ്മൂട്ടി. അമ്മയ്ക്കൊപ്പമുള്ള മോഹൻലാലിന്റെ മനോഹരമായ ചിത്രത്തിനൊപ്പമാണ് മമ്മൂട്ടിയുടെ കുറിപ്പ്. “നമ്മുടെ എല്ലാമെല്ലാമായ ഒരാളുടെ വേർപാടിൽ വിലപിക്കുമ്പോൾ, എന്റെ ഹൃദയം വല്ലാതെ ഭാരമേറിയതായി തോന്നുന്നു. ധൈര്യമായി ഇരിക്കൂ, പ്രിയപ്പെട്ട ലാൽ”.- എന്നാണ് മമ്മൂട്ടി കുറിച്ചത്.
ഇന്നലെ കൊച്ചി എളമക്കരയിലെ മോഹൻലാലിന്റെ വീട്ടിലും മമ്മൂട്ടി എത്തിയിരുന്നു. മരണ വാർത്തയറിഞ്ഞ ഉടനെ തന്നെ മമ്മൂട്ടി വീട്ടിലേക്ക് എത്തുകയായിരുന്നു. മമ്മൂട്ടിക്കൊപ്പം രമേഷ് പിഷാരടിയും നിർമാതാവ് ആന്റോ ജോസഫും ജോർജ്, ഹൈബി ഈഡൻ എംപി എന്നിവരും ഉണ്ടായിരുന്നു. സിനിമാ രംഗത്തു നിന്ന് ഒട്ടേറെപ്പേര്‍ ഇന്നലെ എളമക്കരയിലെ വീട്ടില്‍ എത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചിരുന്നു.
ഇന്നലെ ഉച്ചയോടെ ആയിരുന്നു ശാന്തകുമാരി അമ്മയുടെ മരണം. 90 വയസ് ആയിരുന്നു. പത്ത് വർഷത്തിലേറെയായി പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലും വിശ്രമത്തിലുമായിരുന്നു ശാന്തകുമാരി അമ്മ. പരിചരിക്കുന്ന ആളുകളാണ് മരണസമയത്ത് ശാന്തകുമാരി അമ്മയുടെ ഒപ്പമുണ്ടായിരുന്നത്. കൊച്ചി അമൃത ആശുപത്രിയിലാണ് ശാന്തകുമാരിയമ്മയുടെ ചികിത്സ നടത്തിയിരുന്നത്. അതേസമയം ഇന്ന് പുലർച്ചെ അഞ്ചരയോടെ ശാന്തകുമാരി അമ്മയുടെ മൃതദേഹം തിരുവനന്തപുരം മുടവൻമുകളിലെ വീട്ടിലെത്തിച്ചു. സിനിമാ- സാംസ്കാരിക രംഗത്തെ പ്രമുഖരടക്കം നിരവധി പേരാണ് ആദരാഞ്ജലി അർപ്പിക്കാൻ ഇന്ന് രാവിലെ മുതൽ എത്തുന്നത്.
മോഹൻലാലിന്റെ അച്ഛൻ കെ വിശ്വനാഥൻ നായരും സഹോദരൻ പ്യാരിലാലും അന്ത്യനിദ്രകൊള്ളുന്ന വീട്ടുവളപ്പിൽ ഇന്ന് വൈകീട്ട് നാല് മണിക്കാണ് സംസ്കാരം നടക്കുക. പല വേദികളിലും അമ്മയെക്കുറിച്ച് അതിവൈകാരികമായി മോഹൻലാൽ സംസാരിച്ചിട്ടുണ്ട്. 89ാം പിറന്നാള്‍ ദിനത്തിൽ അമ്മയ്ക്കായി മോഹൻലാൽ എളമക്കരയിലെ വീട്ടിൽ സംഗീതാര്‍ച്ചന നടത്തിയിരുന്നു.



by Midhun HP News | Dec 31, 2025 | Latest News, കേരളം
തൃശൂർ: ഗുരുവായൂർ ക്ഷേത്രം ഇടത്തരികത്തു കാവിൽ ഭഗവതിയുടെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് അടുത്ത തിങ്കളാഴ്ചയും ഫെബ്രുവരി ആറിനും ക്ഷേത്രനട രാവിലെ നേരത്തെ അടയ്ക്കും. താലപ്പൊലി സംഘം വക താലപ്പൊലിയാണ് ജനുവരി 5 തിങ്കളാഴ്ച നടക്കുക.
ദേവസ്വം വക താലപ്പൊലി ഫെബ്രുവരി 6 വെള്ളിയാഴ്ചയാണ്.ഗുരുവായൂർ ക്ഷേത്രം നട രാവിലെ 11.30ന് അടയ്ക്കും. ഉച്ചയ്ക്ക് പുറത്തേക്ക് എഴുന്നള്ളിപ്പ് ഉള്ളതിനാലാണിത്. ഈ ദിവസങ്ങളിൽ പകൽ 11.30 നു ശേഷം ക്ഷേത്രത്തിൽ ദർശന സൗകര്യം ഉണ്ടാകില്ല. വിവാഹം, ചോറൂൺ, തുലാഭാരം ,മറ്റുവഴിപാടുകൾ എന്നിവയും പകൽ 11.30 നു ശേഷം നടത്താൻ കഴിയില്ല. ക്ഷേത്രാചാര ചടങ്ങുകൾക്ക് ശേഷം വൈകിട്ട് പതിവ് പോലെ ദർശന സൗകര്യം തുടരുമെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് അറിയിച്ചു.



Recent Comments