പ്രഭാ മണ്ഡലം, ശിവ, വ്യാളീ രൂപങ്ങളിലെ സ്വര്‍ണവും കവര്‍ന്നു; ശബരിമലയില്‍ നടന്നത് വന്‍ കൊള്ളയെന്ന് എസ്‌ഐടി

പ്രഭാ മണ്ഡലം, ശിവ, വ്യാളീ രൂപങ്ങളിലെ സ്വര്‍ണവും കവര്‍ന്നു; ശബരിമലയില്‍ നടന്നത് വന്‍ കൊള്ളയെന്ന് എസ്‌ഐടി

കൊല്ലം: ശബരിമല ക്ഷേത്രത്തില്‍ നിന്നും കൂടുതല്‍ സ്വര്‍ണ്ണം കവര്‍ച്ച ചെയ്യപ്പെട്ടതായി കണ്ടെത്തല്‍. ഏഴു പാളികളിലെ സ്വര്‍ണ്ണം കവര്‍ന്നു. പ്രഭാ മണ്ഡലത്തിലെ സ്വര്‍ണ്ണവും കൊള്ളയടിച്ചു. കട്ടിളപ്പാളിക്ക് മുകളിലെ ശിവരൂപം, വ്യാളി രൂപം എന്നിവയില്‍ പൊതിഞ്ഞ സ്വര്‍ണ്ണവും കൊള്ളയടിച്ചതായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കൊല്ലം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ചാണ് സ്വര്‍ണം വേര്‍തിരിച്ചതെന്നും എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു. രാസലായനി ഉപയോഗിച്ച് വേര്‍തിരിച്ചെടുത്ത സ്വര്‍ണ്ണം ബെല്ലാരിയിലെ സ്വര്‍ണ്ണവ്യാപാരിക്ക് കൈമാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 12 ദ്വാരപാലക പാളികള്‍, 2 കട്ടിളപ്പാളികള്‍ എന്നിവയ്ക്ക് പുറമേയാണ് ഏഴു പാളികളിലുള്ള സ്വര്‍ണ്ണവും അടിച്ചു മാറ്റിയത്. നിലവില്‍ കണ്ടെടുത്തതിനേക്കാള്‍ കൂടുതല്‍ സ്വര്‍ണ്ണം ഇനിയും കണ്ടെത്തേണ്ടതുണ്ടെന്നും എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വര്‍ണത്തിന്റെ അളവ് കൃത്യമായി തിട്ടപ്പെടുത്തുന്നതിനായി വിദഗ്ധരുടെ സഹായത്തോടെ, ശബരിമല ശ്രീകോവിലില്‍ പതിച്ച സ്വര്‍ണ്ണപാളികളില്‍ നിന്നും സാംപിള്‍ ശേഖരിച്ച് ശാസ്ത്രീയപരിശോധന നടത്താനായി തിരുവനന്തപുരം വിഎസ് എസ് സിയിലേക്ക് കോടതി മുഖാന്തരം അയച്ചിരിക്കുകയാണ്. അതിന്റെ റിസള്‍ട്ട് ലഭിക്കാനായി കാത്തിരിക്കുകയാണെന്നും എസ്‌ഐടി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആസൂത്രിതമായ കൊള്ളയാണ് ശബരിമലയില്‍ നടത്തിയതെന്നും അന്വേഷണ സംഘം സൂചിപ്പിക്കുന്നു.

ഇരുചക്ര വാഹനത്തിൽ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ചു; രണ്ട് പേർക്ക് ഗുരുതര പരുക്ക്

ഇരുചക്ര വാഹനത്തിൽ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ചു; രണ്ട് പേർക്ക് ഗുരുതര പരുക്ക്

വടകര കീഴലിൽ ന്യൂഇയർ ആഘോഷത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ രണ്ട് പേർക്ക് പരുക്ക്. ഇരുചക്ര വാഹനത്തിൽ പടക്കം കൊണ്ടു പോകുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഷൈജു, അശ്വന്ത് എന്നിവർക്കാണ് പരുക്കേറ്റത്. ഇതിൽ അശ്വന്തിന്റെ പരുക്ക് ഗുരുതരമാണ്. ഇരുവരെയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ച സ്‌കൂട്ടർ കത്തിനശിച്ചു.

പുതുവർഷത്തിൽ ടോപ് ഗിയറിലിട്ട് സ്വര്‍ണവില; വീണ്ടും 99,000ന് മുകളില്‍

പുതുവർഷത്തിൽ ടോപ് ഗിയറിലിട്ട് സ്വര്‍ണവില; വീണ്ടും 99,000ന് മുകളില്‍

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും 99,000ന് മുകളില്‍. ഇന്നലെ മൂന്ന് തവണകളായി 960 രൂപ കുറഞ്ഞ് 99,000ല്‍ താഴെയെത്തിയ സ്വര്‍ണവില ഇന്ന് പവന് 120 രൂപ വര്‍ധിച്ചതോടെയാണ് വീണ്ടും 99,000ന് മുകളില്‍ എത്തിയത്. 99,040 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 12,380 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 2240 രൂപ കുറഞ്ഞതോടെയാണ് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവില ഒരു ലക്ഷത്തില്‍ താഴെയെത്തിയത്. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. ശനിയാഴ്ച 1,04,440 രൂപയായി ഉയര്‍ന്ന് സര്‍വകാല റെക്കോര്‍ഡ് ഇട്ട ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.

കോഴിക്കോട് മാലിന്യ സംസ്‌കരണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം

കോഴിക്കോട് മാലിന്യ സംസ്‌കരണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം

കോഴിക്കോട്: താമരശ്ശേരിക്ക് സമീപം എലോക്കരയില്‍ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. പ്ലാന്റും മൂന്നു നില കെട്ടിടവും കത്തി നശിച്ചു. പുലര്‍ച്ചെ 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീ അയ്ക്കാനുള്ള തീവ്രശ്രമം തുടരുകയാണ്.

നരിക്കുനി, മുക്കം, വെള്ളിമാടുകുന്ന് എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ എഞ്ചിനുകളെത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. ഫാക്ടറിയിലെ പിക്ക് അപ്പ് വാനും കത്തിനശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

രാത്രി ഫാക്ടറി പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ തൊഴിലാളികള്‍ ഫാക്ടറിയോടു ചേര്‍ന്നു തന്നെയാണ് താമസിച്ചിരുന്നത്. ഇവരെയെല്ലാം സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. ഫാക്ടറിക്ക് സമീപമുണ്ടായിരുന്ന മാലിന്യക്കൂമ്പാരം തീപിടിത്തം വര്‍ധിക്കാന്‍ കാരണമായെന്നാണ് റിപ്പോര്‍ട്ട്.

പെയ്തത് 388.3 മില്ലിമീറ്റര്‍ മാത്രം; കേരളത്തില്‍ തുലാമഴയില്‍ 21 ശതമാനം കുറവ്

പെയ്തത് 388.3 മില്ലിമീറ്റര്‍ മാത്രം; കേരളത്തില്‍ തുലാമഴയില്‍ 21 ശതമാനം കുറവ്

തിരുവനന്തപുരം: 2025 ല്‍ തുലാവര്‍ഷ മഴയില്‍ 21 ശതമാനം കുറവെന്ന് കണക്കുകള്‍. 491.9 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 388.3 മില്ലി മീറ്റര്‍ മഴ മാത്രമാണ്. കാലവര്‍ഷ കണക്കിലും ഇത്തവണ 13 ശതമാനം മഴക്കുറവുണ്ടായിരുന്നു.

തുലാവര്‍ഷത്തില്‍ ഇത്തവണ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കോട്ടയത്താണ്. 550 മില്ലിമീറ്റര്‍ മഴയാണ് ചെയ്തത്. ംഴയില്‍ നാലു ശതമാനം മാത്രമാണ് കുറവുണ്ടായത്. ഏറ്റവും കുറവ് വയനാട് ജില്ലയിലുമാണ്. 252 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. മഴക്കുറവ് 22 ശതമാനം. എല്ലാ ജില്ലകളിലും സാധാരണ ലഭിക്കേണ്ട മഴയെക്കാള്‍ കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്.

ഇത്തവണ ഒക്ടോബറിലും ( 10% കുറവ് ) നവംബറിലും ( 42% കുറവ് ) ഡിസംബറിലും ( 28% കുറവ്) എന്നിങ്ങനെയാണ് തുലാമഴ ലഭിച്ചത്. 2024 ല്‍ തുലാവര്‍ഷ മഴയില്‍ ഒരു ശതമാനം മാത്രമാണ് കുറവുണ്ടായിരുന്നത്. 487.2 മില്ലിമീറ്റര്‍ മഴ ലഭിച്ചിരുന്നു. ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെ നീളുന്നതാണ് തുലാവര്‍ഷ കലണ്ടര്‍.

കേരളത്തിന് മുകളില്‍ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദപാത്തിയുടെ ഫലമായി തെക്കന്‍ കേരളത്തില്‍ ഈ ആഴ്ച മുതല്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍. ശരാശരി ഒരു സെന്റിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സ്വാ​ഗതം 2026; പുത്തൻ പ്രതീക്ഷകളോടെ പുതുവർഷത്തെ വരവേറ്റ് ലോകം

സ്വാ​ഗതം 2026; പുത്തൻ പ്രതീക്ഷകളോടെ പുതുവർഷത്തെ വരവേറ്റ് ലോകം

തിരുവനന്തപുരം: പുത്തൻ പ്രതീക്ഷകളുമായി പുതുവർഷം പിറന്നു. ആർപ്പുവിളികളോടെയും ആഘോഷത്തോടെയും 2026 നെ ലോകം വരവേറ്റത്. സംസ്ഥാനത്തെ പ്രധാന നഗരങ്ങളെല്ലാം വലിയ ആഘോഷങ്ങളോടെയാണ് 2025-നോട് വിട പറഞ്ഞതും 2026-നെ വരവേറ്റതും. പുതുവർഷപ്പിറവിയുടെ അടയാളമായ പപ്പാഞ്ഞിയെ കത്തിക്കലും നടന്നു. ഫോർട്ട് കൊച്ചിയിലും തിരുവനന്തപുരത്തുമാണ് പടുകൂറ്റൻ പപ്പാഞ്ഞിമാരെ കത്തിച്ചത്. മറ്റു പലയിടങ്ങളിലും ചെറുപപ്പാഞ്ഞിമാരെ കത്തിച്ചും പുതുവർഷത്തെ വരവേറ്റു.

ഫോർട്ട് കൊച്ചിയിൽ രണ്ട് പപ്പാഞ്ഞിമാരെയാണ് കത്തിച്ചത്. വെളി മൈതാനത്തെ 55 അടി ഉയരമുള്ള പപ്പാഞ്ഞി സിനിമാതാരം ഷൈൻ നിഗമാണ് ഉദ്ഘാടനം ചെയ്തത്. കൊച്ചിൻ കാർണിവൽ കമ്മിറ്റിയുടെ 50 അടി ഉയരമുള്ള പപ്പാഞ്ഞി പരേഡ് മൈതാനിയിലാണ് ഒരുക്കിയത്. കൂടാതെ നിരവധി ചെറുപപ്പാഞ്ഞികളും ഫോർട്ട് കൊച്ചിയിൽ കത്തിയമർന്നു. തിരുവനന്തപുരം വെള്ളാറിലെ കേരളാ ആർട്‌സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ 40 അടി ഉയരമുള്ള പപ്പാഞ്ഞിയെ കത്തിച്ചുകൊണ്ട് 2026-നെ സ്വാഗതം ചെയ്തു.

കോവളം അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലും നവവത്സരാഘോഷങ്ങൾ ​ഗംഭീര പരിപാടികളോടെ നടന്നു. ലോകത്ത് പുതുവർഷത്തെ ആദ്യം വരവേറ്റത് കിരിബാത്തി ദ്വീപാണ്. ഇന്ത്യ പുതുവത്സരം ആഘോഷിക്കുന്നതിനും എട്ടര മണിക്കൂർ മുമ്പേയായിരുന്നു കിരിബാത്തി പുതിയ വർഷത്തെ വരവേറ്റത്. തൊട്ടുപിന്നാലെ ന്യൂസിലാൻഡിലെ ചാഥം ദ്വീപിലും പുതുവർഷമെത്തി. തുടർന്ന് ഓസ്ട്രേലിയ, ടോകെലൗ, ടോംഗ തുടങ്ങിയ പസഫിക് ദ്വീപുകളുമാണ് പുതുവത്സരം ആഘോഷിച്ചത്. ഫിജി, റഷ്യ, ജപ്പാൻ, ദക്ഷിണ കൊറിയ, ചൈന, മലേഷ്യ, സിംഗപ്പൂർ, ഹോങ്കോങ്, ഫിലിപ്പീൻസ് തുടങ്ങി രാജ്യങ്ങളും പുതുവത്സരത്തെ വരവേറ്റു. അവസാനം പുതുവർഷം എത്തുന്നത് അമേരിക്കയിലെ ജനവാസമില്ലാത്ത ബേക്കർ ദ്വീപിലാണ്