‘ഭ ഭ ബ രണ്ടാം ഭാ​ഗം വരുന്നു, ഇത്തവണ മുഴുനീളെ മോഹൻലാൽ ഉണ്ടാകും’; സംവിധായകൻ

‘ഭ ഭ ബ രണ്ടാം ഭാ​ഗം വരുന്നു, ഇത്തവണ മുഴുനീളെ മോഹൻലാൽ ഉണ്ടാകും’; സംവിധായകൻ

ദിലീപിനെ നായകനാക്കി നവാ​ഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് ഭ ഭ ബ. ആദ്യ ദിനം തന്നെ ചിത്രം ബോക്സോഫീസിൽ തകർന്നടിഞ്ഞു. 40 കോടി ബജറ്റിലൊരുക്കിയ ചിത്രം ഇതുവരെ മുടക്കുമുതൽ പോലും തിരിച്ചു പിടിച്ചിട്ടില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പ്രമുഖ ഇൻഡസ്ട്രി ട്രാക്കർമാരായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 19.80 കോടിയാണ് ചിത്രം തിയറ്ററുകളിൽ നിന്ന് ഇതുവരെ നേടിയത്.

ഇപ്പോഴിതാ ചിത്രത്തിന് രണ്ടാം ഭാ​ഗം വരുന്നുവെന്ന് പറയുകയാണ് സംവിധായകൻ ധനഞ്ജയും തിരക്കഥാകൃത്തായ ഫഹീമും. ഫിൽമിബീറ്റിന് നൽകിയ അഭിമുഖത്തിലാണ് ഭ ഭ ബ രണ്ടാം ഭാ​ഗത്തെക്കുറിച്ച് ഇരുവരും വെളിപ്പെടുത്തിയത്. “എസ് ജെ സൂര്യയെ സിനിമയിലേക്ക് കൊണ്ടുവരിക എന്നത് ഞങ്ങളുടെ ഒരാ​ഗ്രഹമായിരുന്നു.

അത് നടന്നത് പ്രൊഡക്ഷനിൽ നിന്നുള്ള സപ്പോർട്ട് കൊണ്ട് മാത്രമാണ്. നമ്മുടെ അടുത്ത പ്ലാൻ എന്താണെന്നുള്ള കാര്യത്തെക്കുറിച്ച് അവർക്കറിയാം. അടുത്ത പാർട്ടിൽ എന്താണ് വരാൻ പോകുന്നത് എന്നൊക്കെയുള്ള കാര്യങ്ങളെക്കുറിച്ചും നിർമാതാക്കൾക്ക് അറിയാം. പാർട്ട് 2 ഉൾപ്പെടെയാണ് ഭ ഭ ബ ഷൂട്ട് ചെയ്തിരിക്കുന്നത്. ഭ ഭ ബയ്ക്കുള്ളിൽ തന്നെ ആ കഥ നമ്മൾ പറഞ്ഞു പോയിട്ടുണ്ട്.

കുറേയധികം സൂചനകളും നമ്മൾ പ്രേക്ഷകർക്ക് കൊടുത്തിട്ടുണ്ട്. അതൊക്കെ പാർട്ട് 2 വിൽ കണക്ടാകും. ഈ സിനിമ പൂർണമായിട്ടില്ല എന്ന് തോന്നുന്നുണ്ടെങ്കിൽ അതെല്ലാം പാർട്ട് 2 വിൽ കംപ്ലീറ്റ് ആകും. പറയാതെ പോയ പല കാര്യങ്ങളുടെയും ക്ലാരിറ്റി പാർട്ട് 2 വിൽ ഉണ്ടാകും. രണ്ട് ഭാ​ഗമായി തന്നെയാണ് സിനിമ ഒരുക്കുന്നത് എന്ന കാര്യം ദിലീപിനോടും പറഞ്ഞിരുന്നു.ഈ സിനിമയിൽ ദിലീപിന് പേരില്ലാതെയാണ് നമ്മൾ കാണിച്ചിരിക്കുന്നത്. അവസാന ഭാ​ഗത്താണ് പേര് കാണിച്ചിരിക്കുന്നത്. അത് അടുത്ത ലീ​ഗിലേക്കുള്ള ഒരു പോക്ക് കൂടിയാണ്. രണ്ടാം ഭാ​ഗത്തിൽ മുഴുനീളെ മോഹൻലാൽ ഉണ്ടാകും. അതൊരു ബ്ര​ദർ സ്റ്റോറിയായിരിക്കും”.- സിനിമയുടെ സംവിധായകൻ ധനഞ്ജയും തിരക്കഥാകൃത്തായ ഫഹിമും പറഞ്ഞു.

തൃശൂര്‍ മേയര്‍ സ്ഥാനം മൂന്നായി വീതിക്കാന്‍ കോണ്‍ഗ്രസ്, ഡോ. നിജി ജസ്റ്റിന് ആദ്യ ടേം

തൃശൂര്‍ മേയര്‍ സ്ഥാനം മൂന്നായി വീതിക്കാന്‍ കോണ്‍ഗ്രസ്, ഡോ. നിജി ജസ്റ്റിന് ആദ്യ ടേം

തൃശൂര്‍: കൊച്ചിക്ക് പിന്നാലെ അനിശ്ചിതത്വം നിലനില്‍ക്കുന്ന തൃശൂരിലും മേയര്‍ സ്ഥാനം വീതം വച്ച് പ്രശ്‌നം പരിഹരിക്കാന്‍ നീക്കം. കൊച്ചിയില്‍ രണ്ടെങ്കില്‍ തൃശൂരില്‍ മൂന്ന് ടേം ആയി മൂന്ന് പേര്‍ക്ക് സ്ഥാനം നല്‍കാനാണ് ധാരണ. ഡിസിസി വൈസ് പ്രസിഡന്റ് ഡോ. നിജി ജസ്റ്റിന്‍ ആദ്യ ടേമില്‍ മേയറായേക്കും. സുബി ബാബുവിന് ആയിരിക്കും രണ്ടാം ഊഴം. അവസാന ടേമില്‍ ലാലി ജയിംസും മേയര്‍ പദവി വഹിക്കും.

മൂന്ന് ടേം എന്നതില്‍ ധാരണയായെങ്കിലും ഓരോരുത്തര്‍ക്കും എത്ര വര്‍ഷം എന്നതില്‍ തീരുമാനമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നാളെയാണ് സംസ്ഥാനത്തെ കോര്‍പറേഷനുകളിലേക്കും, നഗര സഭകളിലേക്കുമുള്ള മേയര്‍ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. അന്തിമ ധാരണകള്‍ ഉണ്ടാക്കുന്നതിനായി ഇന്നും ക്രിസ്മസ് ദിനത്തിലും തൃശൂരില്‍ ചര്‍ച്ചകള്‍ തുടരും. മേയര്‍ തര്‍ക്കത്തില്‍ എത്രയും വേഗം രമ്യമായ പരിഹാരം കണ്ടെത്താനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം.

മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരെ പിന്തുണയ്ക്കുന്നവര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരുന്നതോടെയാണ് തൃശൂരിലെ ചര്‍ച്ചകള്‍ അന്തിമമായി നീണ്ടത്. ലാലി ജെയിംസിനായി കൗണ്‍സിലര്‍മാരും, ഡോ. നിജി ജസ്റ്റിനായി കോണ്‍ഗ്രസ് നേതൃത്വവും ശക്തമായി രംഗത്തുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. തര്‍ക്കം പരിഹരിക്കാന്‍ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ വോട്ടിങ്ങ് നടത്തണമെന്ന നിര്‍ദേശവും ഉയര്‍ന്നിരുന്നു.

തൃശൂര്‍ കോര്‍പറേഷനിലേക്ക് നാലാം തവണയാണ് ലാലി ജെയിംസ് കൗണ്‍സിലറായി ജയിച്ചത്. റെക്കോര്‍ഡ് ഭൂരിപക്ഷത്തിലായിരുന്നു വിജയം. ഇടതുപക്ഷത്തിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയാണ് ലാലി ജയിംസ്. പരിഗണനയിലുള്ള സുബി ബാബു മുന്‍ ഡെപ്യൂട്ടി മേയറാണ്. അതിനാല്‍ ഒരു ടേം എങ്കിലും മേയര്‍ പദവി നല്‍കണമെന്നാണ് സുബിയെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നത്. ഡിസിസി വൈസ്പ്രസിഡന്റായ ഡോ. നിജി ജസ്റ്റിന് എഐസിസി, കെപിസിസി തലങ്ങളില്‍ നിന്നും പിന്തുണയുണ്ട്.

ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് രണ്ടു ടേം നടപ്പിലാക്കാനും ഏകദേശ ധാരണയായിട്ടുണ്ടെന്നാണ് സൂചന. ആദ്യ ടേമില്‍ കെപിസിസി സെക്രട്ടറി എ പ്രസാദ് വന്നേക്കും. രണ്ടാം ടേമില്‍ ബൈജു വര്‍ഗീസിനെ പരിഗണിക്കും. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ യോഗം ചേര്‍ന്ന് ഓരോരുത്തരുടെയും അഭിപ്രായം കേട്ടിരുന്നു.

ആറ്റിങ്ങലിൽ ഇരുചക്രവാഹനം ഇടിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

ആറ്റിങ്ങലിൽ ഇരുചക്രവാഹനം ഇടിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കുകയായിരുന്നു വീട്ടമ്മയെ ഇരുചക്രവാഹനം ഇടിച്ചിട്ടു.
ഗുരുതരമായി പരിക്കേറ്റ മണമ്പൂർ സ്വദേശിയായ നൂർജഹാനെ ആദ്യം വലിയ ആദ്യം വലിയ കുന്ന് താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ചു; പാലക്കാട് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ചു; പാലക്കാട് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

പാലക്കാട്: വെള്ളമാണെന്ന് കരുതി അബദ്ധത്തില്‍ ആസിഡ് കുടിച്ച് ചികിത്സയിലിരിക്കെ പാലക്കാട് സ്വദേശി മരിച്ചു. ഒറ്റപ്പാലം അമ്പലപ്പാറ വേങ്ങശ്ശേരി താനിക്കോട്ടില്‍ രാധാകൃഷ്ണനാണ് മരിച്ചത്.

പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് രാധാകൃഷ്ണന്‍ മരിച്ചത്. ഇലക്ട്രോണിക് സാധനങ്ങള്‍ റിപ്പയര്‍ ചെയ്യുന്ന ഷോപ്പിന്റെ ഉടമയാണ് രാധാകൃഷ്ണന്‍. ജോലിയുടെ ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന ആസിഡ് ആണ് അബദ്ധത്തില്‍ കുടിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

മണ്ഡലപൂജ 27ന്; ശബരിമല സന്നിധാനത്ത് വീണ്ടും ഭക്തജനത്തിരക്ക് കുത്തനെ വര്‍ധിച്ചു

മണ്ഡലപൂജ 27ന്; ശബരിമല സന്നിധാനത്ത് വീണ്ടും ഭക്തജനത്തിരക്ക് കുത്തനെ വര്‍ധിച്ചു

ശബരിമല മണ്ഡലപൂജ അടുത്തതോടെ സന്നിധാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഭക്തജനത്തിരക്ക് ഉയര്‍ന്നു. തിങ്കളാഴ്ച ദര്‍ശനം നടത്തിയ തീര്‍ത്ഥാടകരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഞായറാഴ്ച അര്‍ധരാത്രി മുതല്‍ തിങ്കളാഴ്ച രാത്രി 12 മണിവരെ 1,05,738 പേരാണ് ദര്‍ശനം നടത്തിയത്. അവധി ദിവസമായിരുന്ന ഞായറാഴ്ച തിരക്ക് താരതമ്യേന കുറവായിരുന്നു. ആ ദിവസം 61,576 പേരാണ് ശബരിമലയില്‍ എത്തിയത്. സീസണ്‍ ആരംഭിച്ച ആദ്യ ദിവസങ്ങളില്‍ ശരാശരി ഒരു ലക്ഷം ഭക്തരാണ് പ്രതിദിനം ദര്‍ശനത്തിനെത്തിയിരുന്നത്. എന്നാല്‍ രണ്ടാഴ്ച പിന്നിട്ടതോടെ തിരക്ക് കുറഞ്ഞിരുന്നു.

ഇപ്പോഴാണ് വീണ്ടും ദിനംപ്രതി എത്തുന്നവരുടെ എണ്ണം ഒരു ലക്ഷം പിന്നിടുന്നത്. തിരക്ക് കൂടിയതോടെ പതിനെട്ടാംപടിയില്‍ കയറുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധനവുണ്ടായി. ഞായറാഴ്ച മണിക്കൂറില്‍ ശരാശരി 1,800ലധികം പേര്‍ പതിനെട്ടാംപടി കയറിയിരുന്നുവെങ്കില്‍, തിങ്കളാഴ്ച അത് മണിക്കൂറില്‍ 3,500ലധികമായി. ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ തന്നെ പമ്പയില്‍ നിന്ന് ഭക്തരുടെ ഒഴുക്ക് ശക്തമായി തുടരുകയായിരുന്നു.

ഇതോടെ മരക്കൂട്ടം മുതല്‍ പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി. ക്യൂ കോംപ്ലക്‌സുകളില്‍ ഏറെ നേരം കാത്തിരുന്ന ശേഷമാണ് ഭക്തര്‍ക്ക് സന്നിധാനത്ത് പ്രവേശിക്കാന്‍ കഴിഞ്ഞത്.ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിവരെ 53,400 പേര്‍ ദര്‍ശനത്തിനായി എത്തിയതായി അധികൃതര്‍ അറിയിച്ചു. എല്ലുമേട് വഴിയും ശബരിമലയിലേക്ക് എത്തുന്ന ഭക്തരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. എന്നാല്‍ പുല്‍മേട് വഴി ഒരു ദിവസം പരമാവധി 5,000 പേരെ മാത്രമാണ് കയറ്റിവിട്ടത്. ഈ സീസണില്‍ ഇതുവരെ പുല്‍മേട് വഴി സന്നിധാനത്ത് എത്തിയ ഭക്തരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടിട്ടുണ്ട്.

റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കൈക്കൂലി വാങ്ങി; കെഎസ്ഇബി ഉദ്യോഗസ്ഥയെ കൈയോടെ പൊക്കി വിജിലന്‍സ്

റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കൈക്കൂലി വാങ്ങി; കെഎസ്ഇബി ഉദ്യോഗസ്ഥയെ കൈയോടെ പൊക്കി വിജിലന്‍സ്

കണ്ണൂര്‍: തലശേരി റെയില്‍വെ സ്റ്റേഷനില്‍ കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി ഉദ്യോഗസ്ഥ വിജിലന്‍സിന്റെ പിടിയിലായി. തിരുവനന്തപുരം ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ജീവനക്കാരി ചെണ്ടയാട് സ്വദേശിനി മഞ്ജിമ പി രാജുവാണ് പിടിയിലായത്. പറശ്ശിനിക്കടവ് സ്വദേശിയുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് 6000 രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടെയിലാണ് ഇവരെ വിജിലന്‍സ് പിടികൂടിയത്. പരാതിക്കാരന്‍ ലൈസന്‍സിനായി ഓണ്‍ലൈനായി നല്‍കിയ അപേക്ഷയില്‍ ഫയല്‍ വേഗത്തില്‍ നീക്കാന്‍ ഇവര്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചതിനെ തുടര്‍ന്ന് വിജിലന്‍സ് നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നാഫ്തലിന്‍ പുരട്ടിയ കറന്‍സികള്‍ കൈക്കൂലിയായി കൈമാറുന്നതിനിടെയാണ് ഉദ്യോഗസ്ഥയെ കയ്യോടെ പിടികൂടിയത്. തിരുവനന്തപുരത്ത് നിന്നും ക്രിസ്മസ് അവധിക്ക് വീട്ടിലെത്താന്‍ ട്രെയിന്‍ യാത്ര കഴിഞ്ഞ് വരികയായിരുന്നു കെഎസ്ഇബി ഉദ്യോഗസ്ഥ.

തലശേരി റെയില്‍വെ സ്റ്റേഷനില്‍ ബുധനാഴ്ച്ച രാവിലെ ട്രെയിനിറങ്ങിയ ഇവര്‍ പറശിനി കടവ് സ്വദേശിയോട് കൈക്കൂലി തുകയുമായി സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഇവരുടെ ഫോണ്‍ കോളുകളും വിജിലന്‍സ് ശേഖരിച്ചിട്ടുണ്ട്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ കോടതിയില്‍ ഹാജരാക്കും.