by Midhun HP News | Dec 22, 2025 | Latest News, കേരളം
മലപ്പുറം: മുസ്ലീം ലീഗ് ഓഫീസിനു നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഇന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിച്ചു. ഇന്ന് രാവിലെ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ ഹര്‍ത്താല്‍ ആരംഭിച്ച് രണ്ടുമണിക്കൂര്‍ ആകുന്നതിന് മുന്‍പാണ് യുഡിഎഫ് ഹര്‍ത്താല്‍ പിന്‍വലിച്ചത്. മുസ്ലീം ലീഗ് ഓഫീസ് ആക്രമിച്ച കേസിലെ പ്രതികളെ പിടികൂടിയതിനാലും ജനത്തിന്റെ ബുദ്ധിമുട്ട് കണക്കിലെടുത്തുമാണ് യുഡിഎഫ് തീരുമാനം. നേരത്തെ രാവിലെ 6 മുതല്‍ വൈകിട്ട് 6 മണി വരെ ഹര്‍ത്താല്‍ നടത്താനാണ് നിശ്ചയിച്ചിരുന്നത്.
പെരിന്തല്‍മണ്ണ മുസ്ലീം ലീഗ് ഓഫീസിനു നേരെ കല്ലേറുണ്ടായതില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. സിപിഎം പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് മുസ്ലീം ലീഗ് ആരോപിച്ചു. നജീബ് കാന്തപുരം എംഎല്‍എയുടെ നേതൃത്വത്തില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ പെരിന്തല്‍മണ്ണയില്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം വൈകീട്ട് പെരിന്തല്‍മണ്ണയില്‍ സിപിഎം ഓഫീസിന് നേരെ കല്ലേറുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തര്‍ നടത്തിയ പ്രകടനത്തിനിടെയാണ് മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറുണ്ടായത്.



by Midhun HP News | Dec 22, 2025 | Latest News, കേരളം
കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോക്കെതിരായ ലഹരി കേസില്‍ പൊലീസിന് കനത്ത തിരിച്ചടി. ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ചുവെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിയിക്കാനായില്ല. ഫോറന്‍സിക് റിപ്പോര്‍ട്ട് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. കേരളത്തില്‍ ഏറെ കോളിളക്കം ഉണ്ടാക്കിയ കേസായിരുന്നു ഇത്.
ഹോട്ടല്‍ മുറിയെടുത്ത് ഷൈനും സുഹൃത്തും ലഹരി ഉപയോഗിച്ചുവെന്നാണ് കേസ്. ഡാന്‍സാഫ് പരിശോധനയ്ക്കിടെ ഷൈന്‍ ടോം ചാക്കോ ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങി ഓടിയത് വിവാദമായിരുന്നു. കേസുമായി ബന്ധപ്പെട്ട് അന്ന് ഷൈന്‍ ടോം ചാക്കോയെ മണിക്കൂറുകളോളമാണ് ചോദ്യം ചെയ്തത്.
കഴിഞ്ഞ ഏപ്രിലില്‍ പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോ എറണാകുളം നോര്‍ത്തിലെ ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു എന്നായിരുന്നു പൊലീസ് പറഞ്ഞത്. ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. നടന്‍ ഷൈന്‍ ടോം ചാക്കോയുടെ മുറിയില്‍ ലഹരി ഉപയോഗം നടക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് സംഘം കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെത്തിയത്. പൊലീസ് സംഘം ഹോട്ടലിന്റെ താഴെ എത്തിയ വിവരം അറിഞ്ഞ ഷൈന്‍ ടോം ചാക്കോ ഹോട്ടലിന്റെ മൂന്നാം നിലയിലെ മുറിയില്‍ നിന്നും ജനല്‍ വഴി ഇറങ്ങി ഓടി രക്ഷപ്പെട്ടുവെന്നായിരുന്നു പൊലീസ് വിശദീകരണം.



by Midhun HP News | Dec 22, 2025 | Latest News, കേരളം
കൊല്ലം: വിദേശത്തേക്ക് തിരികെ പോകാൻ തയ്യാറെടുക്കുന്നതിനിടെ പെരിനാട് സ്വദേശിനിയായ വീട്ടമ്മ വാഹന അപകടത്തിൽ മരിച്ചു. പെരിനാട് ചെമ്മക്കാട് സ്വദേശിനി ബിന്ദു ആണ് കിഴക്കേകല്ലട ചന്തമുക്കിലുണ്ടായ അപകടത്തിൽ തൽക്ഷണം മരിച്ചത് 48 വയസ്സായിരുന്നു. ഇന്നലെ വൈകുന്നേരം കൊല്ലം തേനി ദേശീയ പാതയിലായിരുന്നു അപകടം നടന്നത്.
വിദേശത്ത് ജോലി ചെയ്യുന്ന യുവതി ഈ മാസം 23ന് തിരികെ പോകാനിരിക്കുകയായിരുന്നു. യാത്ര ചോദിക്കുന്നതിനായി തന്റെ ഭർത്താവ് അനിൽ കുമാറിനൊപ്പം സ്കൂട്ടറിൽ മുതുപിലാക്കാട്ടുള്ള മകളുടെ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ഫെഡറൽ ബാങ്കിന് സമീപം വെച്ച്, മുന്നിലുണ്ടായിരുന്ന KSRTC ബസിനെ മറികടക്കാൻ ശ്രമിച്ച സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിക്കുക ആയിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ യുവതിയുടെ തലയിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങി. സ്കൂട്ടർ ഓടിച്ചിരുന്ന ഭർത്താവ് അത്ഭുതകരമായി രക്ഷപ്പെട്ടു..
സ്വകാര്യ ബസിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണം എന്ന് ആരോപിച്ച് നാട്ടുകാർ വലിയ പ്രതിഷേധം നടത്തി. ജനക്കൂട്ടം ബസിന്റെ ചില്ലുകൾ അടിച്ച് തകർത്തു. അപകടത്താല്‍ ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു..
by Midhun HP News | Dec 21, 2025 | Latest News, കേരളം
കൊച്ചി: സപ്ലൈകോയുടെ ക്രിസ്മസ് -പുതുവത്സര ഫെയറുകള്‍ നാളെ മുതല്‍. സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 22 രാവിലെ 10:00 ന് പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കില്‍ വച്ച് ബഹു. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ നിര്‍വഹിക്കും. ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ആദ്യ വില്പന സ്വീകരിക്കും. ആന്റണി രാജു എംഎല്‍എ അധ്യക്ഷനാകും. ഡിസംബര്‍ 22 മുതല്‍ 2026 ജനുവരി 1 വരെയാണ് ക്രിസ്മസ്-പുതുവത്സര ഫെയര്‍
പ്രമുഖ ബ്രാന്‍ഡുകളുടെ 280ലധികം ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേകം ഇളവുകളും ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് അഞ്ചുമുതല്‍ 50 ശതമാനംവരെ വിലക്കുറവുമുണ്ടാകും. സപ്ലൈകോയില്‍ നിലവിലുള്ള 20 കിലോഗ്രാം അരി 25 രൂപയ്ക്ക് ഫെയറുകളിലും ലഭ്യമാകും. 500 രൂപയ്ക്കുമുകളില്‍ സബ്‌സിഡി ഇതര സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരുകിലോ ശബരി ഉപ്പ് ഒരു രൂപയ്ക്ക് നല്‍കും. ക്രിസ്മസിനോട് അനുബന്ധിച്ച് സാന്റ ഓഫറായി 12 ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ പ്രത്യേകകിറ്റുണ്ട്. കേക്ക്, പഞ്ചസാര, തേയില, പായസം മിക്‌സ്, ശബരി അപ്പം പൊടി, മസാലകള്‍ എന്നിവ അടങ്ങിയ 667 രൂപയുടെ 12 ഇന കിറ്റിന് 500 രൂപയാണ്.
സപ്ലൈകോയുടെ പെട്രോള്‍പമ്പുകളില്‍നിന്ന് 250 രൂപയ്ക്ക് ഇന്ധനം നിറയ്ക്കുന്ന ഇരുചക്രവാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും 1000 രൂപയ്ക്കുമുകളില്‍ ഇന്ധനം നിറയ്ക്കുന്ന മറ്റു വാഹനങ്ങള്‍ക്കും കൂപ്പണുകള്‍ നല്‍കും. 1000 രൂപയ്ക്ക് സബ്‌സിഡി സാധനങ്ങള്‍ വാങ്ങുമ്പോള്‍ പ്രത്യേക കൂപ്പണ്‍ ഉപയോഗിച്ചാല്‍ 50 രൂപ ഇളവ് ലഭിക്കും.



by Midhun HP News | Dec 21, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് വിദേശ മദ്യ ഗോഡൗണുകളിൽ നിന്നു ബാറുകളിലേക്കും ബിവറേജസ് അടക്കം സർക്കാർ ഏജൻസികളിലെ വിൽപ്പനശാലകളിലേക്കുമുള്ള മദ്യ വിതരണം തടസപ്പെട്ടു. സർവർ തകരാറിനെ തുടർന്നാണ് തടസമുണ്ടായത്. ഇന്നലെ വൈകീട്ട് 5 വരെ മദ്യം എത്തിക്കാൻ സാധിച്ചിട്ടില്ല. ഇന്നലെ മാത്രം 50 കോടിയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ.
സർവർ തകരാറിനെ തുടർന്നു കഴിഞ്ഞ 3 ദിവസമായി ബില്ലടിക്കാൻ സാധിച്ചിട്ടില്ല. ഗോഡൗണുകൾക്ക് മുന്നിൽ ലോഡ് കയറ്റിയ വാഹനങ്ങൾ നിരയായി കിടക്കുകയാണ്. കേരള സ്റ്റേറ്റ് വെയർഹൗസിങ് കോർപറേഷൻ 8 ബിവറേജസ് ഔട്ട്ലറ്റുകളിലേക്കും നൂറിലധികം ബാറുകളിലേക്കും മദ്യമെത്തിക്കുന്നതു കൊച്ചിയിലുള്ള ഗോഡൗണിൽ നിന്നാണ്. ബില്ലടിക്കാൻ സാധിക്കാത്തതിനാൽ ഇവിടങ്ങളിൽ മാത്രം 10 കോടിയിലധികം രൂപയുടെ മദ്യമാണ് വിൽപ്പനയ്ക്ക് എത്തിക്കാൻ സാധിക്കാതെ പ്രതിസന്ധിയിലായിരിക്കുന്നത്.
മഹാരാഷ്ട്ര കേന്ദ്രീകരിച്ചുള്ള കമ്പനിയാണ് സോഫ്റ്റ്‌വെയർ നിയന്ത്രിക്കുന്നത്. ക്രിസ്‌മസ്, പുതുവത്സരം പ്രമാണിച്ച് ബാറുകൾ, ബിവറേജസ് അടക്കമുള്ള സർക്കാർ മദ്യ ഔട്ട്ലറ്റുകളിൽ നിന്നും ഓർഡറുകളുണ്ട്. എന്നാൽ സർവർ തകരാർ മൂലം ബില്ലടിക്കാൻ സാധിക്കാത്ത അവസ്ഥയാണ്.



by Midhun HP News | Dec 20, 2025 | Latest News, കേരളം
കല്‍പ്പറ്റ: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ മരിച്ച കൂമന്‍ എന്ന മാരന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കേരളസര്‍ക്കാര്‍. കൂമന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കുമെന്ന് വനംവകുപ്പ് അറിയിച്ചു. ആറുലക്ഷം രൂപ ഇന്ന് തന്നെ കൈമാറും. ആദിവാസികള്‍ക്കുള്ള ഗ്രൂപ്പ് ഇന്‍ഷുറന്‍സ് തുകയും ലഭ്യമാക്കും. മകന് താത്കാലിക ജോലി നല്‍കുമെന്ന് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ എം ജോഷില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഏത് കടുവയാണ് കൂമനെ ആക്രമിച്ചതെന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. കടുവയെ കൂട് വെച്ച് പിടികൂടാനുള്ള നടപടി തുടങ്ങുമെന്നും ജോഷില്‍ പറഞ്ഞു. പുല്‍പ്പള്ളിക്കടുത്തു ദേവര്‍ഗദ്ദ മാടപ്പള്ളി ഉന്നതിയിലെ കൂമനെ വയനാട് വന്യജീവി സങ്കേതത്തിലെ വണ്ടിക്കടവ് വനത്തില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു കടുവ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കൂമനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.
കടുവയെ തിരിച്ചറിയുന്നതിന് വനത്തിനകത്ത് വിവിധ സ്ഥലങ്ങളില്‍ കാമറകള്‍ ഉടന്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എല്ലാ ഉന്നതികളില്‍ താമസിക്കുന്നവര്‍ക്കും ജാഗ്രതാ നിര്‍ദേശവും ആവശ്യമായ സംരക്ഷണവും നല്‍കാന്‍ വനം ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചതായും മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.
സഹോദരിയോടൊപ്പം പുഴയോരത്ത് വനമേഖലയോട് ചേര്‍ന്ന് വിറക് ശേഖരിക്കാന്‍ പോയ സമയത്താണ് കടുവ ആക്രമിച്ചത്. വനപാലകരെ ഉടന്‍ വിവരം അറിയിച്ചു. തുടര്‍ന്ന് നാട്ടുകാരും വനപാലകരും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ രണ്ടു കിലോമീറ്റര്‍ മാറി കാട്ടിനുള്ളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വയനാട് വന്യജീവി സങ്കേതത്തിന്റെ ഭാഗമായ കുറിച്ചിയാട് റേഞ്ചില്‍ പെട്ട പ്രദേശമാണിത്. തോളിലാണ് കടിയേറ്റത്.



Recent Comments