വാളയാറിലെ ആൾക്കൂട്ടക്കൊല : അഞ്ചുപേർ അറസ്റ്റിൽ

വാളയാറിലെ ആൾക്കൂട്ടക്കൊല : അഞ്ചുപേർ അറസ്റ്റിൽ

പാലക്കാട്: പാലക്കാട് വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട ആക്രമണത്തിൽ ഇതരസംസ്ഥാന തൊഴിലാളി മർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ. വാളയാർ സ്വദേശികളായ അനു, പ്രസാദ്, മുരളി, അനന്തൻ, വിബിൻ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ കൂടുതൽ പേർ പ്രതികളാകുമെന്ന് പൊലീസ് സൂചിപ്പിച്ചു.

ഛത്തീസ് ​ഗഡ് സ്വദേശിയായ രാം നാരായൺ ഭയ്യ എന്ന 31 കാരനാണ് മർദ്ദനമേറ്റ് കൊല്ലപ്പെട്ടത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന രാം നാരായണനെ മോഷ്ടാവാണെന്ന് സംശയിച്ച് ആൾക്കൂട്ടം തടഞ്ഞു വെക്കുകയും, ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ആക്രമണത്തെ തുടർന്ന് രക്തം വാർന്ന് ഒന്നര മണിക്കൂറോളം രാംനാരായൺ റോഡിൽ കിടന്നു. അവശനിലയിലായ യുവാവിനെ പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇയാളെ ആളുകൾ ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. രാം നാരായൺ മാനസിക പ്രശ്നങ്ങൾ ഉള്ളയാളാണെന്ന് പൊലീസ് സൂചിപ്പിച്ചു. മരിച്ച രാം നാരായണിന്റെ മൃതദേഹം ഇന്ന് തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തും.

സഞ്ജുവിന് സാധ്യത; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാന ടി20 ഇന്ന്

സഞ്ജുവിന് സാധ്യത; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാന ടി20 ഇന്ന്

അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് അഹമ്മദാബാദില്‍. നിലവില്‍ പരമ്പരയില്‍ 2-1 മുന്നിലാണ് ഇന്ത്യ. ആദ്യ മത്സരവും മൂന്നാം മത്സരവും ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മത്സരം ദക്ഷിണാഫ്രിക്ക ജയിച്ചു. ഇന്നത്തെ മത്സരം ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ദക്ഷിണാഫ്രിക്കയാണ് ജയിക്കുന്നതെങ്കില്‍ പരമ്പര 2-2 സമനിലയാവും.

നാലാം ടി20 മത്സരത്തിന് തൊട്ടു മുമ്പ് വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ കാല്‍വിരലിന് പരിക്കേറ്റതിനാല്‍ അവസാന മത്സരത്തില്‍ ഗില്‍ കളിക്കാനിടയില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ അവസാന മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറാകാനും സാധ്യതയുണ്ട്.

അഭിഷേക് ശര്‍മയും സഞ്ജുവും ഓപ്പണര്‍മാരാകുമ്പോള്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരാകും ബാറ്റിങ് നിരയില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ എത്തുക. അക്ഷര്‍ പട്ടേലും പരിക്കേറ്റ് പുറത്തായതിനാല്‍ ശിവം ദുബെയും വിക്കറ്റ് കീപ്പറായ ജിതേഷ് ശര്‍മയും പ്ലേയിങ് ഇലവനില്‍ എത്തിേയക്കും.
അക്‌സര്‍ പുറത്തായതോടെ കുല്‍ദീപ് യാദവിനും പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ഉറപ്പാണ്. വരുണ്‍ ചക്രവര്‍ത്തിയാകും ടീമിലെ രണ്ടാമത്തെ സ്പിന്നര്‍. ജസ്പ്രീത് ബുംറ പ്ലേയിങ് ഇലവനില്‍ തിരിച്ചെത്തുമ്പോള്‍ ഹര്‍ഷിത് റാണ പുറത്തായേക്കും.

വി ബി ജി റാം ജി തൊഴിലുറപ്പ് ബിൽ രാജ്യസഭയും പാസ്സാക്കി; പ്രതിഷേധിച്ച് സഭ വിട്ട് പ്രതിപക്ഷം

വി ബി ജി റാം ജി തൊഴിലുറപ്പ് ബിൽ രാജ്യസഭയും പാസ്സാക്കി; പ്രതിഷേധിച്ച് സഭ വിട്ട് പ്രതിപക്ഷം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച വി ബി ജി റാം ജി (വികസിത് ഭാരത് -ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) ബില്‍ പാര്‍ലമെന്റ് പാസ്സാക്കി. പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാജ്യസഭയും ബില്‍ പാസ്സാക്കുകയായിരുന്നു. മഹാത്മാഗാന്ധിയുടെ പേരിലുള്ള പഴയ ബില്‍ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചുള്ള പ്രതിപക്ഷ ഇറങ്ങിപ്പോക്കിനിടെയാണ്, രാജ്യസഭ ബില്ലിന് അംഗീകാരം നല്‍കിയത്. പുതിയ ബില്ലിനെതിരെ ടിഎംസി എംപിമാർ ധർണ നടത്തിയിരുന്നു.

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റിയുള്ള വി ബി ജി റാം ജി ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യവും കേന്ദ്രസര്‍ക്കാര്‍ തള്ളിയിരുന്നു. രാജ്യസഭയില്‍ അര്‍ധരാത്രിയോടെ ചര്‍ച്ചകള്‍ പൂര്‍ത്തിയായത്. ദരിദ്രരുടെ ക്ഷേമത്തില്‍ ബില്‍ സുപ്രധാന പങ്ക് വഹിക്കുമെന്ന് ചര്‍ച്ചകള്‍ക്ക് മറുപടിയായി കേന്ദ്ര മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. മഹാത്മാഗാന്ധിയുടെ ആദര്‍ശങ്ങളെ കോണ്‍ഗ്രസ് അനാദരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മഹാത്മാഗാന്ധിയുടെ പേരിലുള്ള, എംജിഎന്‍ആര്‍ഇജിഎ പദ്ധതി പുനഃസ്ഥാപിക്കുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് എംപി പ്രമോദ് തിവാരി പറഞ്ഞു. ‘ഞങ്ങള്‍ വീണ്ടും അധികാരത്തില്‍ വരുന്ന ദിവസം, ഗാന്ധിയുടെ പേര് അവിടെ ഉണ്ടാകും, എംജിഎന്‍ആര്‍ഇജിഎ അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ പുനഃസ്ഥാപിക്കപ്പെടും. ഗാന്ധിയുടെ പേര് ഞങ്ങള്‍ തിരികെ കൊണ്ടുവരും. ബിജെപിയുടെ ഗോഡ്സെ പ്രവണതകള്‍ അവസാനിപ്പിക്കും.’ പ്രമോദ് തിവാരി പറഞ്ഞു.

വിവാദമായ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ബില്‍ ചൊവ്വാഴ്ചയാണ് കേന്ദ്ര ​ഗ്രാമവികസന വകുപ്പ് മന്ത്രി ശിവരാജ് സിങ് ചൗഹാൻ ലോക്സഭയിൽ അവതരിപ്പിച്ചത്. ബില്ലിന്‍മേല്‍ ചർച്ചകൾക്ക് ശേഷം ഇന്നലെയാണ് ലോക്സഭ പാസ്സാക്കിയത്. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബിൽ പാസ്സായത്. ബിൽ പ്രതിപക്ഷ അം​ഗങ്ങൾ കീറിയെറിഞ്ഞിരുന്നു. ബില്‍ ജെപിസിയുടെയോ സെലക്ട് കമ്മിറ്റിയുടെയോ പരിഗണനയ്ക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ തള്ളിയിരുന്നു.

സ്റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവം: എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

സ്റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവം: എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദ്ദിച്ച സംഭവത്തില്‍ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ആയിരുന്ന പ്രതാപചന്ദ്രനെ സസ്‌പെന്‍ഡ് ചെയ്തു. ദക്ഷിണമേഖല ഐജി ശ്യാംസുന്ദറാണ് പ്രതാപചന്ദ്രനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. നിലവില്‍ അരൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറാണ് പ്രതാപചന്ദ്രന്‍. മർദ്ദന ദൃശ്യങ്ങൾ പുറത്തുവന്നതോടെ മുഖ്യമന്ത്രി നടപടിക്ക് നിർദേശം നൽകുകയായിരുന്നു.

2024 ജൂൺ 20നു നടന്ന മർദനത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് നടപടി. കൊച്ചിയില്‍ ഹോംസ്റ്റേ നടത്തുന്ന തൊടുപുഴ സ്വദേശിനി ഷൈമോൾക്കാണ് പൊലീസിന്റെ അടിയേറ്റത്. പൊതുസ്ഥലത്തെ പൊലീസ് മർദനം മൊബൈലിൽ ചിത്രീകരിച്ചതിനു കസ്റ്റഡിയിലെടുത്ത ഭർത്താവിനെ തിരക്കിയാണ് ​ഗർഭിണിയായ ഷൈമോൾ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തിയത്. ഇതിനിടെ അങ്ങോട്ട് വന്ന എസ് എച്ച് ഒ പ്രതാപചന്ദ്രന്‍ ഷൈമോളെ നെഞ്ചത്ത് തള്ളുകയും മുഖത്തടിക്കുകയുമായിരുന്നു. ഈ സമയം ഷൈമോളുടെ ഒക്കത്ത് കൈക്കുഞ്ഞുങ്ങളുണ്ടായിരുന്നു.

മഫ്തിയിൽ പൊലീസ് ഉദ്യോഗസ്ഥർ പൊതു ഇടത്തുവച്ച് രണ്ടുപേരെ മർദിക്കുന്നത് ഷൈമോളുടെ ഭർത്താവ് ഫോണിൽ പകർത്തിയിരുന്നു. ഇതു കണ്ട പൊലീസുകാർ ഇയാളെ പിടികൂടി എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ഗര്‍ഭിണിയായ ഷൈമോള്‍ ഭര്‍ത്താവിനൊപ്പം ആശുപത്രിയില്‍ പോകാനിറങ്ങിയപ്പോഴായിരുന്നു സംഭവം. ഭര്‍ത്താവിനെ പൊലീസ് കൊണ്ടുപോയതിന് പിന്നാലെ ഷൈമോള്‍ കുഞ്ഞുങ്ങളെ കൂട്ടി സ്റ്റേഷനിലെത്തി. എന്ത് കാരണത്താലാണ് കസ്റ്റഡിയെന്ന് കരഞ്ഞുകൊണ്ടു ചോദിച്ചപ്പോഴാണ് എസ്എച്ച്ഒ മർദ്ദിച്ചത്.

ഒരു വർഷത്തോളം നിയമപോരാട്ടം നടത്തിയതിനെത്തുടർന്നാണ് പൊലീസ് മർദനത്തിന്റെ വിഡിയോ ദൃശ്യങ്ങൾ ലഭിച്ചത്. പരാതി നൽകിയപ്പോൾ യുവതി എസ്എച്ച്ഒയെ മർദിച്ചു എന്നാണ് പൊലീസ് കഥ മെനഞ്ഞത്. ഒടുവിൽ ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് കസ്റ്റഡി മർദ്ദന ദൃശ്യങ്ങൾ നൽകിയത്. അന്വേഷണ വിധേയമായിട്ടാണ് സസ്പെന്‍ഡ് ചെയ്തത്. വകുപ്പുതല അന്വേഷണത്തിൽ ഉടൻ തീരുമാനമെടുക്കും.

പാലക്കാട് നടുറോഡില്‍ കാര്‍ കത്തി; വാഹനത്തിനുള്ളില്‍ മൃതദേഹം; അന്വേഷണം

പാലക്കാട് നടുറോഡില്‍ കാര്‍ കത്തി; വാഹനത്തിനുള്ളില്‍ മൃതദേഹം; അന്വേഷണം

പാലക്കാട്: പാലക്കാട് ധോണിയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ കത്തി ഒരാള്‍ മരിച്ചു. വൈകീട്ട് നാലുമണിയോടെയാണ് അപകടം ഉണ്ടായത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

ആളൊഴിഞ്ഞ സ്ഥലത്തുവച്ചാണ് സംഭവം ഉണ്ടായത്. കാര്‍ കത്തുന്നത് കണ്ട് ഓടിയെത്തിയ ആളുകള്‍ വിവരം അഗ്നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തുമ്പോഴെക്കും കാര്‍ ഏകദേശം പൂര്‍ണമായി കത്തിയിരുന്നു. ഫയര്‍ഫോഴ്‌സ് തീയണച്ചപ്പോഴാണ് കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുയായിരുന്നു. വേലിക്കാട് സ്വദേശിയുടെതാണ് കാര്‍ എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കാറിന് തീയിട്ട ശേഷം ആത്മഹത്യ ചെയ്തതാകമെന്നാണ് പൊലീസിന്റെ നിഗമനം.