by Midhun HP News | Dec 13, 2025 | Latest News, കേരളം
പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ സ്ത്രീപീഡന പരാതികളുടെ പശ്ചാത്തലത്തില്‍ ‘തീവ്രത’ പരാമര്‍ശം നടത്തിയ സിപിഎം വനിതാ നേതാവ് ലസിതാ നായര്‍ക്ക് തോല്‍വി. പന്തളം നഗരസഭാ എട്ടാം വാര്‍ഡില്‍ നിന്നാണ് ലസിത മത്സരിച്ചത്. നഗരസഭാ പ്രതിപക്ഷ നേതാവ് കൂടിയായിരുന്നു ലസിത എട്ടാം വാര്‍ഡില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എസ്ഡിപിഐയ്ക്കും പിന്നില്‍ ആണ് ലസിതയുടെ സ്ഥാനം. 138 വോട്ടാണ് ലസിത നായര്‍ക്ക് ലഭിച്ചത്.
കോണ്‍ഗ്രസിന്റെ ഹസീനയാണ് എട്ടാം വാര്‍ഡില്‍ വിജയിച്ചത്. 14 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആണ് വിജയം. 182 വോട്ടോടെ ബിജെപിയുടെ ലക്ഷ്മി കൃഷ്ണന്‍ രണ്ടാം സ്ഥാനത്തെത്തി. എസ്ഡിപിഐയുടെ തസ്നി ഹുസൈന്‍ 181 വോട്ട് നേടി.
രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് അതിതീവ്ര പീഡനമെന്നും മുകേഷ് എംഎല്‍എയുടേത് തീവ്രത കുറഞ്ഞ പീഡനം എന്നുമുള്ള ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറികൂടിയായ ലസിത നായര്‍ നടത്തിയ പരാമര്‍ശം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഇരുവരുടേയും കേസുകള്‍ രണ്ട് പശ്ചാത്തലത്തിലുള്ളവയാണെന്നും മുകേഷിന്റേത് പീഡനമാണെന്ന് സിപിഎം അംഗീകരിച്ചിട്ടില്ല എന്നും ലസിത പറഞ്ഞിരുന്നു. മുകേഷിനെതിരെ കോടതി നടപടിയുണ്ടായിട്ടില്ലെന്നും വ്യക്തമായ തെളിവുകളോ പരാതിയോ ഇല്ലാത്തതുകൊണ്ടാണ് അദ്ദേഹം പുറത്തുനില്‍ക്കുന്നത്. അങ്ങനെ എന്തെങ്കിലും കാര്യമുണ്ടായിരുന്നെങ്കില്‍ നടപടി വരുമായിരുന്നു എന്നും ലസിത നായര്‍ പറഞ്ഞിരുന്നു.



by Midhun HP News | Dec 13, 2025 | Latest News, കേരളം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫ് നേടിയ മികച്ച വിജയത്തിന് ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തിലെ തദ്ദേശ തെരഞ്ഞടുപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമാണ് യുഡിഎഫ് സ്വന്തമാക്കിയത്. യുഡിഎഫിനെ പിന്തുണച്ച ജനങ്ങളോടാണ് കടപ്പാടുള്ളത്, ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. പ്രതിപക്ഷം മുന്നോട്ട് വച്ച അജണ്ട തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായതിന്റെ ഫലമാണ് വിജയം എന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കൈവരിച്ച നേട്ടത്തിന്റെ കണക്കുകളും എല്‍ഡിഎഫിനേറ്റ തിരിച്ചടിയും അക്കമിട്ട് നിരത്തിയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉയര്‍ത്തിയ കുറ്റപത്രവും പ്രകടന പത്രികയും കേരളം ചര്‍ച്ച ചെയ്തു. ഇതിന്റെ ഫലമാണ് എല്‍ഡിഎഫ് നേരിട്ട കനത്ത പരാജയം. 2020ല്‍ 580 ഗ്രാമ പഞ്ചായത്തുകളില്‍ ഭരണം ഉണ്ടായിരുന്ന എല്‍ഡിഎഫ് ഇത്തവണ 345 ലേക്ക് ചുരുങ്ങി. യുഡിഎഫ് 340 പഞ്ചായത്തുകളില്‍ നിന്ന് 500ലേക്ക് ഉയര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, കോര്‍പറേഷന്‍ എന്നിവിടങ്ങളിലും യുഡിഎഫ് മികച്ച വിജയം നേടാനായി.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ടത് ടീം യുഡിഎഫിന്റെ വിജയമാണ്. കൃത്യമായ സംഘാടനവും ചിട്ടയാര്‍ന്ന പ്രവര്‍ത്തനവുമാണ് വിജയത്തിന് കരുത്തായത്. അതേസമയം, കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ ജനങ്ങള്‍ വെറുത്ത് തുടങ്ങി എന്നതിന്റെ തെളിവാണ് ഫലമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വര്‍ഗീയതയെ കൂട്ടുപിടിച്ചാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരെ ന്യൂന പക്ഷ വര്‍ഗീയത, അതിന് ശേഷം ഭൂരിപക്ഷ വര്‍ഗീയത. പിണറായി വിജയന്‍ കൊണ്ട് നടന്ന പലരും വര്‍ഗിയത ആളിക്കത്തിക്കാന്‍ ശ്രമിച്ചു. ബിജെപിയുടെ അതേ അജണ്ട സിപിഎം സ്വീകരിച്ചു. എന്നാല്‍ അതിന്റെ ഗുണഭോക്താവായത് ബിജെപിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ബിജെപിക്ക് നേട്ടം ഉണ്ടായെങ്കില്‍ അതിന് കാരണം സിപിഎം കളിച്ച ഭൂരിപക്ഷ വര്‍ഗീയ പ്രീണനമാണ്. മുന്നറിയിപ്പ്, 1987 ല്‍ ഇഎംംസ് എടുത്ത തന്ത്രം 2025 ലും 26 ലും വിലപ്പോവില്ല. ഇക്കാര്യം നേരത്തെ തന്നെ പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കിയിരുന്നു. സിപിഎം നേതാക്കള്‍ ജനവിധിയെ മോശമായി വിലയിരുത്തുകയാണ് ചെയ്തത്. എംഎം മണി ജനങ്ങളെ ആക്ഷേപിച്ചു. മുതിര്‍ന്ന നേതാവ് ജനങ്ങളുടെ മനസിലിരിപ്പാണ് എംഎം മണിയിലൂടെ പുറത്തുവന്നത് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
by Midhun HP News | Dec 13, 2025 | Latest News, കേരളം
കോഴിക്കോട്: എൽ.ഡി.എഫ് കോട്ടയായിരുന്ന ബാലുശ്ശേരി പഞ്ചായത്ത് യു.ഡി.എഫ് പിടിച്ചെടുത്തു. 18 വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഏഴ് വാർഡുകളിൽ യു.എഡി.എഫ് വിജയിച്ചു. 50 വർഷത്തെ എൽ.ഡി.എഫ് കോട്ടയാണ് ഇതോടെ തകർന്നത്.
ആറ് സീറ്റുകളിൽ എൽ.ഡി.എഫും രണ്ട് സീറ്റുകളിൽ എൻ.ഡി.എയും മൂന്ന് സീറ്റുകളിൽ സ്വതന്ത്ര സ്ഥാനാർഥികളും ജയിച്ചു.



by Midhun HP News | Dec 13, 2025 | Latest News, കേരളം
പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തന്‍ ഫെനി നൈനാന് തോല്‍വി. അടൂര്‍ നഗരസഭയിലെ എട്ടാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ഫെനി നൈനാനെ തോല്‍പ്പിച്ച് ബിജെപി സീറ്റ് നിലനിര്‍ത്തി. ഫെനി നൈനാന്‍ പരാജയപ്പെടുക മാത്രമല്ല, മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുകയും ചെയ്തു.
രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ബലാത്സംഗ കേസില്‍ ഫെനി നൈനാനെതിരെയും ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിയില്‍ പേര് പരാമര്‍ശിക്കപ്പെട്ടയാളാണ് ഫെനി. ഫെനിയുടെ സ്ഥാനാര്‍ഥിത്വം വലിയ വിവാദമായിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തില്‍ ഹോംസ്‌റ്റേയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചപ്പോള്‍ രാഹുലിനൊപ്പം സുഹൃത്തായ ഫെനി നൈനാനും ഉണ്ടായിരുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.



by Midhun HP News | Dec 13, 2025 | Latest News, കേരളം
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്തെ ആകെ കണക്കുകളില്‍ യുഡിഎഫിന് നേട്ടം. പഞ്ചായത്ത് തിരിച്ചുള്ള കണക്കുകളില്‍ എല്‍ഡിഎഫ് മുന്നില്‍ നിന്നപ്പോള്‍ വാര്‍ഡ് കണക്കുകളില്‍ യുഡിഎഫ് ആണ് മുന്നിലുള്ളത്. സംസ്ഥാനത്തെ 941 പഞ്ചായത്തുകളില്‍ 353 എണ്ണത്തില്‍ എല്‍ഡിഎഫ് മുന്നേറ്റം നേടി. യുഡിഎഫ് 309 എണ്ണത്തിലും മേല്‍ക്കൈ നേടി. എന്‍ഡിഎ 30 പഞ്ചായത്തുകളില്‍ ആധിപത്യം നേടിയപ്പോള്‍ മറ്റുള്ളവര്‍ 13 പഞ്ചായത്തുകളിലും ഭൂരിപക്ഷം സ്വന്തമാക്കി.
ആറ് കോര്‍പറേഷനുകളില്‍ നാലെണ്ണത്തില്‍ യുഡിഎഫ് ലീഡ് നേടിയപ്പോള്‍ എല്‍ഡിഎഫ് കോഴിക്കോട് കോര്‍പറേഷനിലേക്ക് മാത്രം ഒതുങ്ങി. തിരുവനന്തപുരത്ത് എന്‍ഡിഎ ലീഡ് ഉയര്‍ത്തുകയും ചെയ്തു. സംസ്ഥാനത്തെ 87 നഗരസഭകളിലും ആദ്യ രണ്ട് മണിക്കൂറുകളില്‍ യുഡിഎഫ് മുന്നേറ്റമാണ് ദൃശ്യമായത്. 47 ഇടങ്ങളില്‍ യുഡിഎഫ് മുന്നേറ്റം നേടിയപ്പോള്‍ എല്‍ഡിഎഫ് 31 നഗരസഭകളില്‍ മുന്നേറി. എന്‍ഡിഎ രണ്ട് നഗര സഭകളിലും മുന്നേറ്റം നേടി. ജില്ലാ പഞ്ചായത്ത് (14) – എല്‍ഡിഎഫ് -5, യുഡിഎഫ് – 8, എന്‍ഡിഎ -0, മറ്റുള്ളവര്‍ -0. ബ്ലോക്ക് പഞ്ചായത്ത് (152)- എല്‍ഡിഎഫ് – 71, യുഡിഎഫ് -68, എന്‍ഡിഎ -1 എന്നിങ്ങനെയാണ് ലീഡ് നിലകള്‍.
മുന്നണികള്‍ വിജയിച്ച വാര്‍ഡുകള്‍-
സംസ്ഥാനത്തെ 17337 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളില്‍ പത്ത് മണി വരെയുള്ള കണക്കുകള്‍ പ്രകാരം 370 വാര്‍ഡുകള്‍ യുഡിഎഫ് നേടി. എല്‍ഡിഎഫ് 272 വാര്‍ഡുകള്‍ വിജയിച്ചപ്പോളള്‍ എന്‍ഡിഎ 71 വാര്‍ഡുകളിലും മറ്റുള്ളവര്‍ 57 വാര്‍ഡുകളിലും വിജയിച്ചു.
3240 നഗരസഭാ ഡിവിഷനുകളില്‍ 661 എണ്ണത്തിലും യുഡിഎഫ് വിജയം നേടി. എല്‍ഡിഎഫ് 430എണ്ണത്തില്‍ വിജയം കുറിച്ചപ്പോള്‍ എന്‍ഡിഎ 140 ഡിവിഷനുകളും, മറ്റുള്ളവര്‍ 147 ഡിവിഷനുകളിലും വിജയം നേടി. കോര്‍പറേഷനുകളില്‍ ഇതുവരെ 15 വാര്‍ഡുകളില്‍ എന്‍ഡിഎ വിജയം നേടി. എല്‍ഡിഎഫ് 14, യുഡിഎഫ് 11, മറ്റുള്ളവര്‍ രണ്ട് ഡിവിഷനുകളിലും വിജയം സ്വന്തമാക്കിയിട്ടുണ്ട്.
by Midhun HP News | Dec 13, 2025 | Latest News, കേരളം
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് നടക്കും. സംസ്ഥാനത്തെ 244 കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യ ഫല സൂചനകള്‍ രാവിലെ 8.30 ഓടെ ലഭ്യമാകും. ഉച്ചയോടെ പൂർണമായ ഫലം അറിയാനാകും.
4 ജില്ലാ പഞ്ചായത്തുകളിലേയ്ക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ അതത് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കലക്ട്രേറ്റുകളിലും എണ്ണും. ലീഡ് നിലയും ഫലവും തെരഞ്ഞെടുപ്പ് കമ്മീഷന്റെ TREND ല്‍ തത്സമയം അറിയാന്‍ കഴിയും. പൂര്‍ണ്ണമായ ഫലം ഉച്ചയോടുകൂടെയും ലഭ്യമാകുമെന്നും കമ്മീഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഗ്രാമപ്പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ വാർഡുകളിലെ ഫലങ്ങളാണ് ആദ്യം പുറത്തുവരുന്നത്. നഗരസഭ, കോർപറേഷൻ വാർഡുകളിലാണ് കൂടുതൽ തപാൽ വോട്ടുകൾ ഉള്ളതെന്ന് അധികൃതർ സൂചിപ്പിച്ചു. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ വോട്ടെണ്ണൽ വൈകിട്ടോടെ പൂർത്തിയാകുമെന്നാണു കരുതുന്നത്.
Recent Comments