by Midhun HP News | Dec 9, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് രണ്ടാം തവണയും താഴ്ന്നു. രണ്ടു തവണയായി 720 രൂപയാണ് കുറഞ്ഞത്. രാവിലെ പവന് 240 രൂപയും ഉച്ചക്കഴിഞ്ഞ് 480 രൂപയുമാണ് താഴ്ന്നത്. 94,920 രൂപയാണ് പുതിയ സ്വര്‍ണവില. ഗ്രാമിന് രണ്ടു തവണയായി 90 രൂപയാണ് കുറഞ്ഞത്. 11,865 രൂപയാണ് പുതിയ സ്വര്‍ണവില.
ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. ഈ മാസം ഇന്നലെ വരെ 95,000നും 96000നും ഇടയില്‍ ചാഞ്ചാടി നില്‍ക്കുകയായിരുന്നു സ്വര്‍ണവില.ഒരിടവേളയ്ക്ക് ശേഷം ഇന്നാണ് സ്വര്‍ണവില ആദ്യമായി 95,000ല്‍ താഴെയെത്തിയത്.
ആഗോള വിപണിയിലെ ചലനമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് വരുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ വില വര്‍ധനയ്ക്ക് കാരണം.



by Midhun HP News | Dec 9, 2025 | Latest News, കേരളം
കേരളത്തിലെ എസ്‌ഐആര്‍ സമയപരിധി രണ്ടുദിവസത്തേകൂടി നീട്ടി നല്‍കി സുപ്രീംകോടതി. ഇതോടെ എന്യുമറേഷന്‍ ഫോം സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 20 ആകും. എസ്‌ഐആര്‍ നടപടികളുടെ സമയം കൂടുതല്‍ നീട്ടി നല്‍കണമെന്ന സംസ്ഥാന സര്‍ക്കാര്‍ ആവശ്യം ഈമാസം 18 ന് പരിഗണിക്കാമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. മുന്‍കൂറായി സമയം നീട്ടി നല്‍കാന്‍ ആകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
കേരളത്തിലെ എസ്‌ഐആറിനെതിരായ ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ 20 ലക്ഷം ഫോമുകള്‍ ഇനിയും തിരിച്ചു കൊടുക്കാനുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതിനായി രണ്ടാഴ്ച കൂടി സമയം നീട്ടി നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ എതിര്‍ത്തു. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതി എനുമറേഷന്‍ ഫോം സമര്‍പ്പിക്കാനുള്ള അവസാന ദിവസം രണ്ടുദിവസം കൂടി നീട്ടി നല്‍കിയത്. ഈ മാസം 18ന് കേസ് വീണ്ടും പരിഗണിക്കാം എന്നും അന്ന് സമയം നീട്ടി നല്‍കണോ എന്ന ആവശ്യത്തില്‍ തീരുമാനമെടുക്കാമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അറിയിച്ചു.
അതിനിടെ, കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ പ്രക്രിയയില്‍ കണ്ടെത്താന്‍ കഴിയാത്ത വോട്ടര്‍മാര്‍ 22 ലക്ഷത്തിലേറെയെന്നും ഈ പട്ടിക സംബന്ധിച്ച് കൂടുതല്‍ പരിശോധന നടത്തുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു. ലിസ്റ്റില്‍ പെടാത്തവര്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പിന്റെ നോമിനേഷന് തൊട്ടുമുമ്പ് വരെ പേര് ചേര്‍ക്കാം എന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.



by Midhun HP News | Dec 9, 2025 | Latest News, കേരളം
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് തുടങ്ങി അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോള്‍ ഏഴ് ജില്ലകളിലും ഭേദപ്പെട്ട പോളിങ്. 11.45ന് പുറത്തെത്തിയ കണക്കുകള്‍ പ്രകാരം തിരുവനന്തപുരം ജില്ലയിലെ പോളിങ് 29.23 ശതമാനം കടന്നു. കൊല്ലത്തെ പോളിങ് 32.57 ശതമാനമാണ്. പത്തനംതിട്ടയില്‍ 31.37 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടപ്പോള്‍ ആലപ്പുഴയില്‍ 33.81 ശതമാനം വോട്ടുകളും കോട്ടയത്ത് 31.88 ശതമാനം വോട്ടുകളും പോള്‍ ചെയ്യപ്പെട്ടു. ഇടുക്കിയില്‍ പോളിങ് ശതമാനം 33.33 ശതമാനമായി. എറണാകുളം ജില്ലയില്‍ 33.83 ശതമാനം വോട്ടുകളാണ് പോള്‍ ചെയ്യപ്പെട്ടത്.
തിരുവനന്തപുരം കോര്‍പറേഷനുകളിലേക്കുള്ള 23.71 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടപ്പോള്‍ കൊല്ലം കോര്‍പറേഷനിലേക്കുള്ള 25.97 ശതമാനം വോട്ടുകളും കൊച്ചി കോര്‍പറേഷനിലേക്കുള്ള 26.27 ശതമാനം വോട്ടുകളും പോള്‍ ചെയ്യപ്പെട്ടു.
പ്രമുഖ പാര്‍ട്ടികളുടെ രാഷ്ട്രീയ നേതാക്കളെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. മൂന്ന് മുന്നണികളും മികച്ച ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മന്ത്രി പി രാജീവ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ശശി തരൂര്‍ എംപി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, സിപിഐഎം ദേശീയ സെക്രട്ടറി എംഎ ബേബി, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍, മന്ത്രി റോഷി അഗസ്റ്റിന്‍, മന്ത്രി പി പ്രസാദ്, മന്ത്രി വീണാ ജോര്‍ജ് തുടങ്ങിയവര്‍ വോട്ട് രേഖപ്പെടുത്തി.
രാവിലെ തന്നെ വോട്ട് ചെയ്യാനെത്തിയ താരങ്ങളും നടിയെ ആക്രമിച്ച സംഭവത്തിലെ വിധിയെ സംബന്ധിച്ച് ഉള്‍പ്പെടെ നടത്തിയ പ്രതികരണങ്ങളും ഇന്ന് ഏറെ ശ്രദ്ധേയമായി. നടനും എംഎല്‍എയുമായ എം മുകേഷ്, നടന്‍ ആസിഫ് അലി, നടനും സംവിധായകനുമായ ലാല്‍, നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍ തുടങ്ങിയവര്‍ വോട്ട് രേഖപ്പെടുത്തി. ഏത് തിരക്കിനിടയിലും തിരഞ്ഞെടുപ്പുകളില്‍ കൃത്യമായി വോട്ട് രേഖപ്പെടുത്താറുള്ള മമ്മൂട്ടിയ്ക്ക് പക്ഷേ ഇത്തവണ വോട്ടില്ലായിരുന്നു.



by Midhun HP News | Dec 9, 2025 | Latest News, കേരളം
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് നീതി കിട്ടിയെന്ന യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്‍റെ അഭിപ്രായത്തെ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. രമേശ് ചെന്നിത്തല, ശശി തരൂര്‍, സണ്ണി ജോസഫ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എംഎം ഹസ്സന്‍, കെ മുരളീധരന്‍ തുടങ്ങിയവരാണ് അടൂര്‍ പ്രകാശിനെതിരെ രംഗത്തെത്തിയത്. കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകുന്നത് വേറെ പണിയില്ലാത്തതിനാലാണെന്ന് അടൂര്‍ പ്രകാശ് രാവിലെ പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ദിലീപിന് നീതി കിട്ടിയെന്ന അടൂര്‍ പ്രകാശിന്‍റെ വാക്കുകള്‍ വ്യക്തിപരമായ അഭിപ്രായമായിരിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് എന്നും അതിജീവിതക്ക് നീതി കിട്ടണമെന്ന നിലപാടാണ് സ്വീകരിച്ചത്. ഇനി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. തങ്ങള്‍ എന്തിന് വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കണമെന്നും പള്‍സര്‍ സുനിയുമായി തങ്ങള്‍ക്ക് എന്ത് ബന്ധമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
അടൂര്‍ പ്രകാശിന്റേത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് എംഎം ഹസ്സന്‍ പറഞ്ഞു. പാര്‍ട്ടി ഒന്നടങ്കം അതീജീവിതയ്‌ക്കൊപ്പമാണ്. നീതി കിട്ടാന്‍ ഇനി അവര്‍ക്ക് പല തലങ്ങളുണ്ട്. സര്‍ക്കാര്‍ അപ്പീല്‍ പോകണം. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയോ നിലപാടല്ല അടൂര്‍ പ്രകാശ് പറഞ്ഞത്. പ്രതിപക്ഷ നേതാവ് ആണ് യുഡിഎഫിന്റെ ചെയര്‍മാന്‍. അദ്ദേഹം അങ്ങനെ പറഞ്ഞില്ലല്ലോയെന്നും എംഎം ഹസ്സന്‍ പറഞ്ഞു.
നടിയെ ആക്രമിക്കപ്പെട്ട കേസില്‍ നേരിട്ട് തെറ്റുചെയ്തവര്‍ക്ക് ശിക്ഷ കിട്ടിയെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം. എല്ലാ വിധികളും പൂര്‍ണതൃപ്തി ഉണ്ടാകണമെന്നില്ല. പൂര്‍ണമായി നീതി കിട്ടിയില്ലെന്ന് അതീജീവിതക്ക് അഭിപ്രായം ഉണ്ടെങ്കില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകണം. അടൂര്‍ പ്രകാശിന്റെ അഭിപ്രായം വ്യക്തിപരമാണ്. അതിനെ രാഷ്ട്രീയമായി കൂട്ടിയോജിപ്പിക്കരുതെന്നും മുരളീധരന്‍ പറഞ്ഞു.
കോടതി വിധി പ്രോസിക്യൂഷന്റെയും സര്‍ക്കാരിന്റെയും പരാജയമാണ്. സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്നതാണ് കോണ്‍ഗ്രസ് നിലപാട് എന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു. യുഡിഎഫിന്റെ പേരില്‍ അത്തരം അഭിപ്രായങ്ങള്‍ വേണ്ടെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു. എന്നും അതീജീവിതക്കൊപ്പമാണെന്ന് ശശി തരൂര്‍ എംപി പറഞ്ഞു.
കലാകാരന്‍ എന്ന നിലയില്‍ മാത്രമല്ല, വ്യക്തിയെന്ന നിലയിലും ദിലീപിനെ സംബന്ധിച്ചിടത്തോളം നീതി ലഭ്യമായെന്നായിരുന്നു അടൂര്‍ പ്രകാശിന്റെ പ്രതികരണം. ദിലീപുമായി അടുത്ത ബന്ധമുണ്ട്. വ്യക്തിപരമായി സന്തോഷമുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ഉന്നത പൊലീസ് നേതൃത്വത്തില്‍ ഉണ്ടാക്കിയെടുത്ത ഗൂഢാലോചനയാണ് കേസുമായി ബന്ധപ്പെട്ട് നടന്നതെന്ന് ദിലീപ് പറഞ്ഞിട്ടുണ്ട്. അത്തരം കാര്യങ്ങളില്‍ താനല്ല അഭിപ്രായം പറയേണ്ടത്. സര്‍ക്കാര്‍ അറസ്റ്റ് രാഷ്ട്രീയനേട്ടത്തിന് ഉപയോഗിച്ചു എന്നാണ് വിധി വന്നപ്പോള്‍ ഉണ്ടായ ചില പ്രതികരണങ്ങളില്‍ നിന്ന് മനസിലാക്കുന്നത്. സര്‍ക്കാര്‍ അപ്പീല്‍ പോകുമല്ലോ. സര്‍ക്കാരിന് മറ്റു പണിയൊന്നുമില്ലല്ലോ. ആരെ ദ്രോഹിക്കാനുണ്ട് എന്നുള്ളതാണ് സര്‍ക്കാര്‍ നോക്കുന്നത്. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം എന്ത് വേണമെങ്കിലും കെട്ടിച്ചമച്ചുണ്ടാക്കാന്‍ പറ്റുന്നതാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.



by Midhun HP News | Dec 9, 2025 | Latest News, കേരളം
കൊച്ചി: ‘ഒരു സുപ്രധാനമായ കേസുണ്ട്, നിങ്ങള്‍ എത്രയും പെട്ടെന്ന് എത്തണം’. 2017 ഫെബ്രുവരി 17 ന് അര്‍ദ്ധരാത്രിയോടെ ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനിലെ വനിത എസ്എച്ച് ഒ രാധാമണിക്ക് ഒരു ഫോണ്‍ കോള്‍ ലഭിച്ചു. അന്നത്തെ കൊച്ചി കമ്മീഷണര്‍ എം പി ദിനേഷിന്റേതായിരുന്നു ആ കോള്‍. ഇതുപ്രകാരം സംവിധായകന്‍ ലാലിന്റെ വീട്ടിലെത്തുമ്പോള്‍ രാധാമണിക്ക് അറിയില്ലായിരുന്നു താന്‍ ഇടപെടാന്‍ പോകുന്ന കേസിന്റെ വ്യാപ്തി.
ആലുവയിലെ ചെറിയ വീട്ടില്‍ കുടുംബത്തോടൊപ്പം റിട്ടയര്‍മെന്റ് ജീവിതം ആസ്വദിക്കുന്ന രാധാമണിക്കും നടിയെ ആക്രമിച്ച കേസിലെ വിധി ദിനം അത്രത്തോളം പ്രധാനമായിരുന്നു. ആക്രമിക്കപ്പെട്ട നടി നേരിട്ട ക്രൂരത ആദ്യമായി പകര്‍ത്തിയെഴുതുക എന്ന നിയോഗമായിരുന്നു രാധാമണിക്ക് ഉണ്ടായിരുന്നത്. രാധാമണി രേഖപ്പെടുത്തിയ ഇരയുടെ മൊഴി എട്ട് വര്‍ഷത്തോളം നീണ്ട നിയമ വഴികളില്‍ അത്രത്തോളം നിര്‍ണായകമായിരുന്നു. എന്നാല്‍ അന്ന് ആ പെണ്‍കുട്ടിയുടെ തുറന്നു പറച്ചില്‍ കേട്ടപ്പോഴുണ്ടായ ആഘാതം ഇന്നും തന്നെ പിന്തുടരുന്നു എന്നാണ് വിധി ദിനത്തിലും രാധാമണിക്ക് പറയാനുള്ളത്.
കാക്കനാട് പടമുകളിലെ ലാലിന്റെ വീട്ടിലേക്ക് എത്തുമ്പോള്‍ നിരവധി വാഹനങ്ങള്‍ അവിടെയുണ്ടായിരുന്നു. അവിടെ ആദ്യം കണ്ട പരിചിത മുഖം ഇപ്പോഴത്തെ നിയമന്ത്രി പി രാജീവിന്റേതായിരുന്നു. നിങ്ങള്‍ വീട്ടിനകത്തേക്കു ചെല്ലു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പിന്നാലെ കമ്മീഷണര്‍ ഇരയുടെ മൊഴി രേഖപ്പെടുത്താന്‍ നിര്‍ദേശിച്ചു. ‘പെണ്‍കുട്ടി ഇരിക്കുന്ന മുറിയില്‍ കയറിയപ്പോള്‍, അവള്‍ വളരെ തകര്‍ന്ന അവസ്ഥയിലായിരുന്നു. ഉടന്‍ നടപടി ക്രമങ്ങളിലേക്ക് കടന്നില്ല. അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു, കുറച്ച് സമയം അവള്‍ക്കൊപ്പമിരുന്നു. അവള്‍ ശാന്തയാകുന്നതുവരെ കാത്തിരുന്നു. അവള്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍, ആ രാത്രിയില്‍ ഞാന്‍ കേട്ടത്, ഒരു സ്ത്രീയും ഒരിക്കലും അനുഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളായിരുന്നു. ഞാന്‍ വളരെയധികം നടുങ്ങിപ്പോയി,’ രാധാമണി പ്രതികരിച്ചു.
കേസ് അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കുന്നതുവരെ രാധാമണി അന്വേഷണത്തിന്റെ ഭാഗമായിരുന്നു. വൈദ്യപരിശോധന ഉള്‍പ്പെടെ കേസിന്റെ നിര്‍ണായക ഘട്ടങ്ങളില്‍ എല്ലാം രാധാമണി ഇരയോടൊപ്പം ഉണ്ടായിരുന്നു. ജോലിയില്‍ നിന്ന് വിരമിക്കുന്നത് വരെ അത് തുടര്‍ന്നു. തന്റെ സര്‍വീസ് കാലയളവിലെ പ്രധാന ഘട്ടമായാണ് കേസിന്റെ വിചാരണ കാലയളവിലെ രാധാമണി കാണുന്നത്. എന്നാല്‍ ഇത്തരം ഒരു സാഹചര്യത്തെ ഒരിക്കല്‍ കൂടി നേരിടാന്‍ ഒരിക്കലും താന്‍ ആഗ്രഹിക്കുന്നില്ലെന്നും രാധാമണി പറയുന്നു.
”പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പ്രാരംഭ നടപടികളില്‍ പങ്കെടുക്കുകയും ചെയ്ത ഉദ്യോഗസ്ഥ എന്ന നിലയില്‍, നാലോ അഞ്ചോ ദിവസത്തെ ക്രോസ് വിസ്താരത്തിന് വിധേയയാകേണ്ടി വന്നു. ഇരയുടെ മൊഴി പൊലീസ് കെട്ടിച്ചമച്ചതാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ബി രാമന്‍ പിള്ള പോലും ആരോപിച്ചു. എന്നെപ്പോലുള്ള ഒരു ഉദ്യോഗസ്ഥയ്ക്ക് വലിയ ആഘാതമായിരുന്നു ആ വിചാരണ. അപ്പോള്‍ അതിക്രമം നേരിട്ട പെണ്‍കുട്ടി നേരിട്ട അനുഭവം സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല” രാധാമണി പറഞ്ഞു. സര്‍വീസ് കാലയളവില്‍ നിയമ വിരുദ്ധമായി ഒന്നും ചെയ്തില്ലെന്ന അഭിമാനം എന്നും തനിക്കുണ്ട്. ഇതിനെല്ലാം അപ്പുറത്താണ് ഇരയുടെ ഇച്ഛാശക്തി. അവള്‍ ധൈര്യത്തോടെ ഉറച്ചു നിന്നു. അതില്‍ അവരെ അഭിനന്ദിക്കുന്നു. അവളുടെ കുടുംബവും സുഹൃത്തുക്കളും അവളുടെ തിരിച്ചുവരവിന് വലിയ പിന്തുണ നല്‍കിയിട്ടുണ്ടെന്നും രാധാമണി പറയുന്നു.



by Midhun HP News | Dec 9, 2025 | Latest News, കേരളം
കൊച്ചി: പ്രോസിക്യൂഷന്‍ ഉന്നയിച്ച ഗൂഢാലോചനാക്കുറ്റം തെളിയിക്കാന്‍ മതിയായ തെളിവുകളില്ലെന്ന് വ്യക്തമാക്കിയാണ് നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കിയത്. കേസിന്റെ വിവിധ ഘട്ടങ്ങളിലാണ് പലതരത്തിലുള്ള ഗൂഢാലോചനകള്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. നടന്‍ ദിലീപിന്റെ പങ്ക് ആരോപിച്ച് പ്രോസിക്യൂഷന്‍ ഉന്നയിച്ച ഗൂഢാലോചന വാദങ്ങള്‍ കോടതി തള്ളിയപ്പോള്‍ പള്‍സര്‍ സുനിയും മറ്റ് അഞ്ച് പ്രതികളും ചേര്‍ന്ന് ഇരയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ നടത്തിയെന്ന ഗൂഢാലോചന വാദം അംഗീകരിച്ചാണ് കേസിലെ ഒന്നുമുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസില്‍ പ്രധാനമായും നാല് ഗൂഢാലോചന സിദ്ധാന്തങ്ങളാണ് പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നടന്‍ ദിലീപ് ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി ഗൂഢാലോചന നടത്തിയെന്നതാണ് ഇതില്‍ ആദ്യത്തേത്. കൊച്ചിയിലെ ഹോട്ടല്‍ അബാദ് പ്ലാസയില്‍ വച്ച് പള്‍സര്‍ സുനിയും ദിലീപും ഗൂഢാലോചന നടത്തി.
നടിയുടെ നഗ്‌ന, ലൈംഗിക ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി അപകീര്‍ത്തിപ്പെടുത്താനും ഉപദ്രവിക്കാനും ഇരുവരും ക്രിമിനല്‍ ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞത്. 2013 മാര്‍ച്ച് 28 നും ഏപ്രില്‍ 2 നും ഇടയിലുള്ള ഒരു ദിവസം എറണാകുളം എംജി റോഡിലെ അബാദ് പ്ലാസയിലെ 410-ാം നമ്പര്‍ മുറിയിലേക്ക് ദിലീപ് സുനിയെ വിളിച്ചുവരുത്തി. അവിടെവെച്ചാണ് ആക്രണമ പദ്ധതിയില്‍ തീരുമാനം ഉണ്ടായത്. ഇതിനായി ദിലീപ് പള്‍സര്‍ സുനിക്ക് 1.5 കോടി രൂപ വാഗ്ദാനം ചെയ്തു. എന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ചത്.
എന്നാല്‍, ഈ ആരോപണം ഉറപ്പിക്കാന്‍ ആവശ്യമായ തെളിവുകള്‍ പ്രോസിക്യൂഷന്റെ കൈവശം ഉണ്ടായിരുന്നില്ലെന്ന് ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സുജേഷ് മേനോന്‍ പറയുന്നു. മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷനായിരുന്നു ഇതിനായി പ്രോസിക്യൂഷന്‍ ആശ്രയിച്ച പ്രധാന തെളിവ്. ദീലീപും പള്‍സര്‍ സുനിയും ഒരേ സമയം ഒരേ ടവര്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നു എന്നായിരുന്നു വാദം. സിനിമ ഷൂട്ടിങിന്റെ ഭാഗമായാണ് ദിലീപ് ഈ സമയത്ത് ഈ മേഖലയില്‍ എത്തിയത്. ഷൂട്ടിങ് സെറ്റില്‍ ഡ്രൈവറായിരുന്ന സുനിയും സെറ്റില്‍ എത്തിയിരുന്നിരിക്കാം. എന്നാല്‍ ഇരുവരും കൂടിക്കാഴ്ച നടത്തിയെന്ന തെളിയിക്കാന്‍ പ്രോസിക്യൂഷന്റെ പക്കല്‍ തെളിവുണ്ടായിരുന്നില്ല.
ആക്രമണത്തില്‍ ദിലീപിന്റെ പങ്ക് ആദ്യം സുനി മറച്ചുവച്ചു. ക്വട്ടേഷന്‍ ഒരു സ്ത്രീ നല്‍കിയത് ആണെന്ന് ഇരയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു തുടങ്ങിയ വാദങ്ങളും ദിലീപ് -സുനി ബന്ധം ഉറപ്പിക്കാന്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദങ്ങളായിരുന്നു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ നല്‍കിയ വിവരങ്ങള്‍, സുനി ദിലീപിന് അയച്ച കത്ത് എന്നിവയാണ് മറ്റ് തെളിവുകളായി ഉന്നയിക്കപ്പെട്ടത്. എന്നാല്‍ ഈ തെളിവുകള്‍ ദിലീപിനെ നിര്‍ണായകമായി ബന്ധിപ്പിക്കുന്നില്ലെന്ന് കോടതി നിലപാട് എടുക്കുകയായിരുന്നു.
2016 ഡിസംബര്‍ 26 ന് പത്മസരോവരം എന്ന ആലുവയിലെ ദിലീപിന്റെ വീട്ടില്‍ വച്ച് പള്‍സര്‍ സുനിയെ കണ്ടിട്ടുണ്ടെന്ന സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ തുറന്നുപറച്ചിലായിരുന്നു ഗൂഢാലോചനയുടെ മറ്റൊരു ഘട്ടം. ദിലീപ് സുനിയുമായി അടുത്ത് ഇടപഴകുന്നത് കണ്ടെന്നായിരുന്നു ബാലചന്ദ്ര കുമാറിന്റെ ആരോപണം. നടിയെ ആക്രമിക്കാനുള്ള ആദ്യത്തെ ശ്രമം പരാജയപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷം ഗോവയില്‍ വച്ച് ഇരുവരും കൂടിക്കാഴ്ച നടത്തിയെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. ബാലചന്ദ്ര കുമാര്‍ കുമാര്‍, നാദിര്‍ഷ, ജിന്‍സണ്‍, വിഷ്ണു (സുനിയുടെ ബന്ധു) എന്നിവരുടെ മൊഴികള്‍, ഫോറന്‍സിക് തെളിവുകള്‍ ഡിജിറ്റല്‍, രേഖകള്‍ എന്നിവ കൂടിക്കാഴ്ചയെ ശരിവയ്ക്കുന്നുവെന്ന് പ്രോസിക്യൂഷന്‍ അവകാശപ്പെട്ടു. എന്നാല്‍ ബാലചന്ദ്രകുമാര്‍ സമര്‍പ്പിച്ച ഓഡിയോ ക്ലിപ്പുകള്‍ തെളിവുകളായി കണക്കാക്കാന്‍ മൂല്യമുള്ളതല്ലെന്നും അവ റെക്കോര്‍ഡുചെയ്യാന്‍ ഉപയോഗിച്ച യഥാര്‍ത്ഥ ഫോണ്‍ അദ്ദേഹം ഹാജരാക്കിയിട്ടില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
ക്വട്ടേഷന്‍ നടപ്പാക്കിയതിന്റെ പ്രതിഫലം ലഭിക്കാന്‍ ഒന്നാം പ്രതി പള്‍സര്‍ സുനി ജയിലില്‍ വച്ച് ഗൂഢാലോചന നടത്തിയെന്നതാണ് പ്രോസിക്യൂഷന്റെ മറ്റൊരു വാദം. മറ്റ് കേസുകളില്‍ റിമാന്‍ഡില്‍ ആയിരുന്ന മറ്റ് പ്രതികളെ ഉപയോഗിച്ചായിരുന്നു ഇത്തരം ഒരു ശ്രമം നടന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ നിലപാട് ഏടുത്തിരുന്നു. കുറ്റകൃത്യത്തിന് ശേഷം തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപ് ഗൂഢാലോചന നടത്തിയെന്നതാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ച നാലാമത്തെ വാദം. ഇതില്‍ നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിയും മറ്റ് പ്രതികള്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന വാദം മാത്രമാണ് കോടതി ശരിവച്ചത്.



Recent Comments