by Midhun HP News | Dec 2, 2025 | Latest News, കേരളം
തൃശൂര്‍: ഹോണടിച്ചതിന്റെ പേരിലുണ്ടായ തര്‍ക്കത്തില്‍ മൂന്നുപേര്‍ക്ക് കുത്തേറ്റു. തൃശൂര്‍ പേരാമംഗലത്ത് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മുണ്ടൂര്‍ സ്വദേശി ബിനീഷ് (46), മകന്‍ അഭിനവ് (19), സുഹൃത്ത് അഭിജിത്ത് (29) എന്നിവര്‍ക്കാണ് കുത്തേറ്റത്. മുണ്ടൂരിലെ പച്ചക്കറി കടയിലെ ജീവനക്കാരനായ കേച്ചേരി സ്വദേശി കൃഷ്ണ കിഷോര്‍ ആണ് മൂന്നുപേരെയും ആക്രമിച്ചത്. പ്രതി തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന.
രണ്ടുബൈക്കുകളിലായാണ് അച്ഛനും മകനും സുഹൃത്തും യാത്ര ചെയ്തിരുന്നത്. കൃഷ്ണ കിഷോറും ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു. കൃഷ്ണ കിഷോര്‍ ഓടിച്ച ബൈക്കിന് പിന്നാലെ വന്നത് അഭിനവും ബിനീഷുമായിരുന്നു. അഭിനവ് രണ്ടുതവണ ഹോണടിച്ചതില്‍ ഇയാള്‍ പ്രകോപിതനാകുകയായിരുന്നു.
ഓവര്‍ടേക്ക് ചെയ്ത് പോയ ഇവരെ കൃഷ്ണ കിഷോര്‍ ബുള്ളറ്റില്‍ വന്ന് തടഞ്ഞുനിര്‍ത്തുകയും വാക്കേറ്റം ഉണ്ടാകുകയുമായിരുന്നു. ഇതിനിടെ കൃഷ്ണ കിഷോര്‍ കത്തിയെടുത്ത് അഭിനവിനെയും അച്ഛന്‍ ബിനീഷിനെയും അഭിജിത്തിനെയും കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം മറ്റൊരു സുഹൃത്തിന്റെ കാറിലാണ് പ്രതി കടന്നുകളഞ്ഞത്. പേരാമംഗലം പൊലീസ് പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.



by Midhun HP News | Dec 2, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ ദിവസങ്ങളില്‍ കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 200 രൂപയാണ് കുറഞ്ഞത്. 95,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. 11,935 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. ഇതിലേക്ക് അടുക്കുന്നതിനിടെയാണ് ഇന്ന് വില താഴ്ന്നത്. ആഗോള വിപണിയിലെ ചലനമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് വരുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ വില വര്‍ധനയ്ക്ക് കാരണം.



by Midhun HP News | Dec 2, 2025 | Latest News, കേരളം
തൃശൂര്‍: ചാവക്കാട് പുന്നയൂര്‍ പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീരാന്‍കുട്ടി കെവി പള്ളിപ്പറമ്പിലിന് വോട്ട് പിടുത്തത്തിനൊപ്പം അതിലും വലിയൊരു ഉത്തരവാദിത്വമുണ്ട്. അത് ജനങ്ങളുടെ ജീവന്‍ രക്ഷിക്കുക എന്നതാണ്. അംഗീകൃത സ്‌നേക്ക് റെസ്‌ക്യൂവറാണ് വീരാന്‍കുട്ടി.
പുന്നയൂര്‍ പഞ്ചായത്ത് 12ാം വാര്‍ഡില്‍ നിന്നാണ് വീരാന്‍ കുട്ടി മത്സരിക്കുന്നത്. കന്നിയങ്കത്തിനിറങ്ങുന്ന വീരാന്‍ കുട്ടിയുടെ ഫോണില്‍ നാട്ടുകാരില്‍ നിന്നു സഹായത്തിനായി ഏതു സമയവും വിളിവരും. അപ്പോള്‍ തന്നെ വീരാന്‍കുട്ടി തന്റെ വോട്ടുപിടുത്തം നിര്‍ത്തിവച്ച് പാമ്പിനെ പിടിക്കാനിറങ്ങും.
വോട്ടെടുപ്പ് തീയതി അടുത്തതോടെ തിരക്കേറിയ പ്രചാരണത്തിലാണ് വീരാന്‍കുട്ടി. അതിനിടെ കഴിഞ്ഞ ദിവസം ഇടക്കഴിയൂര്‍ മൊയ്തീന്‍ ഷായുടെ വീട്ടില്‍ നിന്ന് വിളി എത്തി. ഉഗ്രൻ അണലിയാണ് കാത്തിരുന്നത്. വലയില്‍ കുടുങ്ങി അനങ്ങാതെ കിടന്ന പാമ്പിനെ കൈയോടെ ചാക്കിലാക്കി വീണ്ടും വോട്ട് തേടിയിറങ്ങി.



by Midhun HP News | Dec 2, 2025 | Latest News, കേരളം
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട് നിന്നു കടന്നു കളയാൻ ഉപയോഗിച്ച ചുവന്ന പോളോ കാറിന്റെ ഉടമയെ പൊലീസ് ചോദ്യം ചെയ്യും. ഏതു സാഹചര്യത്തിലാണ് രാഹുലിന് കാർ കൈമാറിയതെന്നു പൊലീസ് പരിശോധിക്കും. പാലക്കാട് നിന്നു പോകും മുൻപ് രാഹുൽ ഫോണിൽ ബന്ധപ്പെട്ടവരേയും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം പരാതിക്കാരിയായ യുവതിയുടെ സഹപ്രവർത്തകരിൽ നിന്നു മൊഴിയെടുത്തിരുന്നു.
അതിനിടെ എംഎൽഎ ആറാം ദിവസവും ഒളിവിലാണ്. രാഹുലിനെ കണ്ടെത്താനായി അന്വേഷണ ഉദ്യോഗസ്ഥർ വിവിധ സംഘങ്ങളായി തിരിഞ്ഞ് പരിശോധന തുടരുകയാണ്. കോയമ്പത്തൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അന്വേഷണം നടക്കുകയാണ്. കർണാടകയിലെ വിവിധയിടങ്ങളിലും പരിശോധന വ്യപിപ്പിച്ചിട്ടുണ്ട്. പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം ഉൾപ്പെടെയുള്ള വിവിധ ജില്ലകളിലും ആന്വേഷണ സംഘം പരതുന്നുണ്ട്. രാഹുലിന്റെ കൂട്ടുപ്രതിയായ ജോബി ജോസഫിനായും അന്വേഷണം ഊർജിതമാണ്.
യുവതിയെ രാഹുൽ ഗർഭച്ഛിദ്രത്തിനു നിർബന്ധിച്ചതിനു ഒട്ടേറെ തെളിവുകളുണ്ടെന്നു പൊലീസ് ഉറപ്പിക്കുന്നു. ആശുപത്രി രേഖകളും ഫോൺ സംഭാഷണവും അടക്കം ഒട്ടേറെ തെളിവുകൾ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി രാഹുലിന്റെ മുൻകൂർ ജാമ്യത്തെ എതിർത്ത് പൊലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും. നാളെയാണ് രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി പരിഗണിക്കുന്നത്.
യുവതി വിവാഹിതയാണെന്നു അറിഞ്ഞുകൊണ്ടാണ് രാഹുൽ അടുപ്പം തുടങ്ങിയതും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതും. യുവതിയെ ദേഹോപദ്രവം ഏൽപ്പിച്ചുവെന്നും പലതവണ ബലാത്സംഗം ചെയ്തു. യുവതിയെ ഉപദ്രവിച്ചതിനു ഫോട്ടോകളടക്കം തെളിവുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.
ഗർഭിണിയാകാൻ യുവതിയെ രാഹുൽ നിർബന്ധിച്ചു. ഗർഭിണിയായെന്നു അറിഞ്ഞതോടെ ഗർഭച്ഛിദ്രം നടത്താൻ ഭീഷണിപ്പെടുത്തി. യുവതിയുടെ ജീവൻ പോലും അപകടത്തിലാകുന്ന തരത്തിലാണ് ഗർഭച്ഛിദ്രം നടത്തിയത് എന്നു ഡോക്ടർ മൊഴി നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. രാഹുൽ ആസൂത്രിതമായി തെളിവ് നശിപ്പിക്കുന്ന ആളെന്നും ഒളിവിൽ പോയത് ഒട്ടേറെ തെളിവുകൾ നശിപ്പിച്ചാണെന്നും പൊലീസ് റിപ്പോട്ടിലുണ്ട്.



by Midhun HP News | Dec 1, 2025 | Latest News, കേരളം
പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലയളവില്‍ ആദ്യത്തെ 15 ദിവസം ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപ. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് (69 കോടി) 33.33 % കൂടുതലാണിത്. നവംബര്‍ 30 വരെയുള്ള കണക്കാണിത്. അരവണ വില്‍പ്പനയില്‍ നിന്നാണ് വരുമാനത്തിന്റെ ഭൂരിഭാഗവും.
അരവണയില്‍ നിന്നുള്ള വരുമാനം 47 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ആദ്യത്തെ 15 ദിവസം ഇത് 32 കോടിയായിരുന്നു. 46.86 ശതമാനമാണ് വര്‍ധന. അപ്പം വില്‍പ്പനയില്‍ നിന്ന് ഇതുവരെ 3.5 കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷവും ഏകദേശം ഇതേ തുക തന്നെയായിരുന്നു ലഭിച്ചിരുന്നത്. കാണിക്കയില്‍ നിന്നുള്ള വരുമാനം 2024 ല്‍ ഈ സമയത്ത് 22 കോടി ആയിരുന്നപ്പോള്‍ ഈ സീസണില്‍ അത് 26 കോടിയായി. 18.18 ശതമാനം വര്‍ധന. ഈ സീസണില്‍ 13 ലക്ഷത്തോളം തീര്‍ത്ഥാടകരാണ് നവംബര്‍ 30 വരെ ശബരിമലയില്‍ എത്തിയത്.



by Midhun HP News | Dec 1, 2025 | Latest News, കേരളം
തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനില്‍ തെരഞ്ഞെടുപ്പ് ചട്ടംലംഘിച്ച് കൗണ്‍സില്‍ യോഗം വിളിച്ചതില്‍ പ്രതിപക്ഷ പ്രതിഷേധം. ഭരണസമിതിയുടെ അവസാന കൗണ്‍സില്‍ യോഗത്തില്‍ മേയറുടെ കസേര മേശപ്പുറത്തുകയറ്റിവച്ചാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചത്.
പ്രതിപക്ഷനേതാവ് രാജന്‍ പല്ലന്റെ നേതൃത്വത്തിലാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചത്. തെരഞ്ഞെടുപ്പ് ചട്ടംലംഘിച്ച മേയറുടെ നീക്കത്തിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും പ്രതിപക്ഷം പറഞ്ഞു. മുന്‍കൂര്‍ അനുമതി നല്‍കിയ അജണ്ടകള്‍ കൂടി ഉള്‍പ്പെടുത്തി യോഗംവിളിച്ചതില്‍ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാണ് പ്രതിപക്ഷ ആരോപണം.
അതേസമയം കൗസില്‍ യോഗം വിളിച്ചെങ്കിലും മേയറോ ഭരണകക്ഷിനേതാക്കളോ യോഗത്തിനെത്തിയില്ല. യോഗം പതിനൊന്നുമണിക്കാണ് ആരംഭിക്കേണ്ടതെങ്കിലും പതിനൊന്നേമുക്കാല്‍ വരെ സഭാധ്യക്ഷനായ മേയര്‍ എത്തിയില്ല. തുടര്‍ന്ന് പ്രതിപക്ഷം യോഗം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് മേയറുടെ ചേംബറിനു മുമ്പില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.



Recent Comments