ഡി.എൻ.ബി: ആദ്യഘട്ട അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; വിശദമായി അറിയാം

ഡി.എൻ.ബി: ആദ്യഘട്ട അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; വിശദമായി അറിയാം

2025 ലെ ഡി.എൻ.ബി. (പോസ്റ്റ് എം.ബി.ബി.എസ്) പ്രവേശനത്തിനായുള്ള ആദ്യഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ അലോട്ട്മെന്റ് വിശദാംശങ്ങൾ www.cee.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ പരിശോധിക്കാം.

അലോട്ട്മെന്റ് ലഭിച്ചവർ ഹോം പേജിൽ ലഭ്യമായ ഓപ്ഷൻ വഴി അലോട്ട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കണം. ഇത് അഡ്മിഷൻ സമയത്ത് നിർബന്ധമായും ഹാജരാക്കേണ്ട രേഖയാണ്. അലോട്ട്മെന്റ് ലഭിച്ച സ്ഥാപനങ്ങളിലെത്തി ഡിസംബർ 7 വൈകിട്ട് 4 മണിക്കകം പ്രവേശന നടപടികൾ പൂർത്തിയാക്കണം. കൂടുതൽ വിവരങ്ങൾക്കും സഹായത്തിനുമായി www.cee.kerala.gov.in വെബ്‌സൈറ്റ് സന്ദർശിക്കുകയോ 0471 2332120, 2338487 എന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാം.

ഡിലീറ്റ് ചെയ്തത് ഒറ്റ ദിവസത്തെ ദൃശ്യങ്ങള്‍; കെയർടേക്കറെ വിളിച്ചു വരുത്തി എസ്ഐടി

ഡിലീറ്റ് ചെയ്തത് ഒറ്റ ദിവസത്തെ ദൃശ്യങ്ങള്‍; കെയർടേക്കറെ വിളിച്ചു വരുത്തി എസ്ഐടി

പാലക്കാട്: ബലാത്സം​ഗക്കേസിലെ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത സംഭവത്തിൽ ഫ്ലാറ്റ് കെയർടേക്കറെ അന്വേഷണ സംഘം വിളിച്ചു വരുത്തി. രാഹുൽ താമസിക്കുന്ന പാലക്കാട് ഫ്ലാറ്റ് സമുച്ചയത്തിലെ കെയർ ടേക്കറെ എസ്ഐടി ചോദ്യം ചെയ്തു. രാഹുൽ മുങ്ങിയ കഴിഞ്ഞ വ്യാഴാഴ്ചത്തെ ദൃശ്യങ്ങൾ മാത്രമാണ് ഫ്ലാറ്റിലെ ഡിവിആറിൽ നിന്നും അപ്രത്യക്ഷമായത്. ഇതാണ് എസ്ഐടിക്ക് സംശയം ജനിപ്പിച്ചത്.

അപ്പാർട്ട്മെൻ്റ് കെയർ ടേക്കറെ സ്വാധീനിച്ച് ദൃശ്യങ്ങൾ നീക്കം ചെയ്തതെന്നാണ് സംശയം. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാലക്കാട് കുന്നത്തൂര്‍മേട്ടിലെ ഫ്ലാറ്റില്‍ പരിശോധന നടത്തിയപ്പോഴാണ്, വ്യാഴാഴ്ചത്തെ മാത്രം സിസിടിവി ദൃശ്യങ്ങൾ കാണാനില്ലെന്ന് ബോധ്യപ്പെട്ടത്. രാഹുൽ ഫ്ലാറ്റിൽ നിന്നും പോയ സമയം, പോയ വാഹനം, കൂടെയുണ്ടായിരുന്നവർ തുടങ്ങിയവ സിസിടിവി പരിശോധനയിലൂടെ കണ്ടെത്താനായിരുന്നു എസ്ഐടി ശ്രമം.

ഡിവിആര്‍ എസ്ഐടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാഹുലിന്റെ പഴ്സനൽ സ്റ്റാഫ് അംഗത്തെയും ഡ്രൈവറെയും എസ്ഐടി ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ മെയിൽ ഫ്ലാറ്റിലെത്തിച്ച് രാഹുൽ ലൈം​ഗികമായി പീഡിപ്പിച്ചെന്നാണ് യുവതി മൊഴി നൽകിയത്. അതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടു നിന്നും മുങ്ങിയത് ചുവന്ന പോളാ കാറിലാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചുവന്ന കാറിലാണ് പാലക്കാട്ടെ കണ്ണാടിയില്‍ നിന്നും പോയതെന്ന് പൊലീസ് കണ്ടെത്തിയത്. ഈ കാർ ഒരു സിനിമാ താരത്തിന്റേതാണെന്നും കണ്ടെത്തിയിട്ടുണ്ട്. കേസിലെ കൂട്ടുപ്രതി ജോബി ജോസഫും രാഹുലിനൊപ്പം ഉണ്ടെന്നാണ് സൂചന. രാഹുലിനെ കണ്ടെത്താനായി സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

പുതുച്ചേരി സർവകലാശാലയിൽ പിഎച്ച്.ഡി പ്രവേശനം; ഡിസംബർ 30 വരെ അപേക്ഷിക്കാം

പുതുച്ചേരി സർവകലാശാലയിൽ പിഎച്ച്.ഡി പ്രവേശനം; ഡിസംബർ 30 വരെ അപേക്ഷിക്കാം

പുതുച്ചേരി സർവകലാശാല (സെൻട്രൽ യൂണിവേഴ്‌സിറ്റി) 2026-27 വർഷത്തെ പ്രവേശന പരീക്ഷാ വിഭാഗത്തിൽ വിവിധ വിഷയങ്ങളിലെ പിഎച്ച്.ഡി പ്രോഗ്രാമുകളുടെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷ,ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 30.

വിഭാഗം – ഒഴിവുകൾ
ആന്ത്രോപോളജി – 7

ബാങ്കിങ് ടെക്‌നോളജി – 43

ബയോകെമിസ്ട്രി & മോളികുലാർ ബയോളജി – 18

ബയോഇൻഫോർമാറ്റിക്സ് – 29

ബയോടെക്‌നോളജി – 24

കെമിസ്ട്രി – 57

കോമേഴ്സ് – 23

കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിങ് / കമ്പ്യൂട്ടർ സയൻസ് – 44

ഡിസാസ്റ്റർ മാനേജ്മെന്റ് – 5

ഡ്രാമ & തീയറ്റർ ആർട്സ് – 1

ഹിന്ദി – 3

ഫിലോസഫി – 1

എർത്ത് സയൻസസ് – 32

എക്കോളജി & എൻവയോൺമെന്റൽ സയൻസസ് – 11

ഇക്കണോമിക്സ് – 15

എജുക്കേഷൻ – 10

ഇലക്ട്രോണിക് മീഡിയ – 2

മാസ് കമ്മ്യൂണിക്കേഷൻ – 9

ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് – 5

ഇംഗ്ലീഷ് – 5

എൻവയോൺമെന്റൽ ടെക്നോളജി – 11

ഫുഡ് സയൻസ് & ന്യൂട്രീഷൻ / ഫുഡ് സയൻസ് & ടെക്നോളജി – 18

ഫ്രഞ്ച് – 4

ഗ്രീൻ എനർജി ടെക്നോളജി – 39

ഇന്റർനാഷണൽ ബിസിനസ് – 24

ലൈബ്രറി & ഇൻഫർമേഷൻ സയൻസ് – 7

മാനേജ്മെന്റ് – 26

മറൈൻ ബയോളജി– 5

മാത്തമാറ്റിക്സ് – 40

മൈക്രോബയോളജി – 8

നാനോ സയൻസ് & ടെക്നോളജി – 23

ഫിസിക്കൽ എഡ്യൂക്കേഷൻ & സ്പോർട്സ് – 9

ഫിസിക്സ് – 74

പോളിറ്റിക്സ് & ഇന്റർനാഷണൽ സ്റ്റഡീസ് – 7

ഹിസ്റ്ററി – 1

സോഷ്യൽ എക്സ്ക്ലൂഷൻ & ഇൻക്ലൂസീവ് പോളിസി – 1

സോഷ്യോളജി – 3

സംസ്കൃതം – 7

സോഷ്യൽ വർക്ക്സ് – 6

ദക്ഷിണേഷ്യൻ പഠനങ്ങൾ (South Asian Studies) – 8

സ്റ്റാറ്റിസ്റ്റിക്സ് – 32

ടൂറിസം സ്റ്റഡീസ് – 14

തമിഴ് – 5

വുമൺസ് സ്റ്റഡീസ് – 5

യോഗ്യത
ബന്ധപ്പെട്ട വിഷയത്തിൽ / ബന്ധപ്പെട്ട മേഖലയിൽ മാസ്റ്റർ ബിരുദം വേണം.

വിദ്യാഭ്യാസ പാറ്റേൺ: 10+2+3+2 അല്ലെങ്കിൽ 10+2+5.

കുറഞ്ഞത് 55% മാർക്ക് നിർബന്ധമാണ്.

സംവരണ വിഭാഗങ്ങൾക്ക് മാർക്ക് ഇളവ് ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് https://www.pondiuni.edu.in/ സന്ദർശിക്കുക

എസ് എസ് എൽ സി പരീക്ഷ; രജിസ്ട്രേഷൻ തീയതി നീട്ടി പരീക്ഷാ ഭവൻ

എസ് എസ് എൽ സി പരീക്ഷ; രജിസ്ട്രേഷൻ തീയതി നീട്ടി പരീക്ഷാ ഭവൻ

മാർച്ചിൽ നടക്കാനിരിക്കുന്ന എസ് എസ് എൽ സി, ടി എച് എസ് എൽ സി പരീക്ഷകളുടെ രജിസ്ട്രേഷൻ തീയതി നീട്ടി. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ഡിസംബർ 3ന് വൈകിട്ട് 5 വരെ സമയം നീട്ടിയതായി പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു. നവംബർ 30 വരെ ആയിരുന്നു മുൻപ് സമയം അനുവദിച്ചിരുന്നത്.

വിവിധ സ്കൂളുകളിൽ നിന്ന് രജിസ്ട്രേഷൻ നടപടികൾ സമർപ്പിക്കാനാകാതെ ബാക്കിയുണ്ടെന്ന റിപ്പോർട്ടുകൾ വന്നതിനെ തുടർന്നാണ് ഈ ഇളവ് അനുവദിച്ചത്.

രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ബാക്കിയുള്ള വിദ്യാർത്ഥികളും സ്കൂളുകളും നിർദ്ദിഷ്ട സമയത്തിനകം നടപടികൾ പൂര്‍ത്തിയാക്കണമെന്ന് പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു.2026 മാർച്ച് 5 മുതൽ 30 വരെയാണ് പരീക്ഷ. ഐടി പരീക്ഷ ഫെബ്രുവരി 2 മുതൽ 13 വരെ നടക്കും. അപേക്ഷാ പ്രക്രിയയിൽ കൂടുതൽ വീഴ്ചകൾ വരുത്താതിരിക്കാൻ സ്കൂളുകൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.

കല്യാണ വിപണിയില്‍ പോക്കറ്റ് കാലിയാക്കി മുല്ലപ്പൂ; കിലോയ്ക്ക് അയ്യായിരം രൂപ കടന്നു

കല്യാണ വിപണിയില്‍ പോക്കറ്റ് കാലിയാക്കി മുല്ലപ്പൂ; കിലോയ്ക്ക് അയ്യായിരം രൂപ കടന്നു

കൊച്ചി: കുതിച്ചുയര്‍ന്ന് മുല്ലപ്പൂ വില. രണ്ടാഴ്ചയ്ക്കിടെ 3,000 രൂപയ്ക്ക് മുകളിലാണ് വിലയുയര്‍ന്നത്. നിലവില്‍ കിലോയ്ക്ക് 4,000 രൂപയും കടന്ന് കുതിക്കുകയാണ് മുല്ലപ്പൂ വില.

രണ്ടാഴ്ച മുന്‍പ് 1,000 രൂപയായിരുന്നു വില. മുഹൂര്‍ത്ത നാളുകളില്‍ വില വീണ്ടും ഉയരുന്നുണ്ട്. ഞായറാഴ്ച 5,500 രൂപയ്ക്ക് വരെയാണ് ഒരു കിലോ മുല്ലപ്പൂ വിറ്റുപോയതെന്നും സാധാരണ ദിവസങ്ങളില്‍ 3,500-4,000 രൂപ വരെ വിലയുണ്ടെന്നും വ്യാപാരികള്‍ പറയുന്നു. സാധാരണ ഡിസംബര്‍ പകുതിയോടെ കാണാറുള്ള മഞ്ഞുവീഴ്ച, നവംബര്‍ ആദ്യവാരം തന്നെയെത്തിയത് ഉല്‍പ്പാദനത്തെ ബാധിച്ചെന്ന് കര്‍ഷകര്‍ പറയുന്നു. ചൂടുള്ള കാലാവസ്ഥയിലാണ് മുല്ലപ്പൂ തഴച്ചുവളരുന്നത്. മഞ്ഞുവീഴ്ചയില്‍ പൂവ് മൊട്ടിടുന്നത് കുറയും.

ആലപ്പുഴയില്‍ 10 വയസ്സുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം

ആലപ്പുഴയില്‍ 10 വയസ്സുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ( മെനിഞ്ചോ എന്‍സെഫലൈറ്റിസ് ) സ്ഥിരീകരിച്ചു. ആലപ്പുഴ തണ്ണീര്‍മുക്കം സ്വദേശിയായ പത്തു വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. തണ്ണീര്‍മുക്കം പഞ്ചായത്ത് 23-ാം വാര്‍ഡുകാരനായ കുട്ടി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അദികൃതര്‍ അറിയിച്ചു. കുട്ടി ഉള്‍പ്പെടെ നാലംഗ കുടുംബം ഒരു മാസം മുമ്പാണ് വിദേശത്തു നിന്നും നാട്ടിലെത്തിയത്. രണ്ടു കുട്ടികളില്‍ ഇളയ കുട്ടിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.സംസ്ഥാനത്ത് ആദ്യമായി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത് ആലപ്പുഴയിലാണ്. പള്ളാത്തുരുത്തി സ്വദേശിയായ 16 കാരന്‍ 2016 മാര്‍ച്ചിലും, പാണാവള്ളി സ്വദേശിയായ 15 വയസ്സുകാരന്‍ 2023 ജൂലൈയിലും രോഗം ബാധിച്ചു ചികിത്സയിലിരിക്കെ മരിച്ചിരുന്നു.