by Midhun HP News | Nov 29, 2025 | Latest News, കേരളം
തൃശൂര്‍: ഗുരുവായൂര്‍ ഏകാദശി തിങ്കളാഴ്ച. ദേവസ്വം വക ഉദയാസ്തമയ പൂജ വഴിപാട് ഉള്‍പ്പെടെ വിവിധ ചടങ്ങുകളോടെ ഏകദാശി ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ വി കെ വിജയന്‍ അറിയിച്ചു. ഗീതാ ദിനമായ അന്ന് രാവിലെ 7 മണി മുതല്‍ ക്ഷേത്രം ആദ്ധ്യാത്മിക ഹാളില്‍ സമ്പൂര്‍ണ്ണ ശ്രീമദ് ഗീതാപാരായണം നടക്കും. അന്ന് ദേവസ്വം വകയാണ് ചുറ്റുവിളക്ക്. പൂര്‍ണ്ണമായും ഹരിത ചട്ടം പാലിച്ചുകൊണ്ടാണ് ഏകാദശി ഉത്സവം ആഘോഷിക്കുകയെന്നും ചെയര്‍മാന്‍ അറിയിച്ചു.
ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശത്തിന് ഏറ്റവും കൂടുതല്‍ ഭക്തര്‍ എത്തുന്നത് ഏകാദശി ദിവസമാണ്. ഏകാദശി നാളില്‍ ഗുരുവായുരപ്പനെ ഒരുനോക്ക് കണ്ട് തൊഴുത് പ്രാര്‍ത്ഥിക്കുക എന്നത് ഭക്തരുടെ ജീവിതാഭിലാഷമാണ്. അഭൂതപൂര്‍വ്വമായ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ പൊതുവരിയില്‍ (ക്യൂ) നിന്ന് തൊഴാനെത്തുന്ന ഭക്തര്‍ക്ക് ദര്‍ശനത്തിന് ഇത്തവണയും പ്രഥമ പരിഗണന നല്‍കാനാണ് ദേവസ്വം ഭരണസമിതി തീരുമാനം.
രാവിലെ 5 മുതല്‍ വൈകിട്ട് 5 മണിവരെ സ്‌പെഷ്യല്‍ ദര്‍ശനം അനുവദിക്കില്ല. കൂടാതെ പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയന പ്രദക്ഷിണം, ചോറൂണ്‍ കഴിഞ്ഞ കുട്ടികള്‍ക്കുള്ള പ്രത്യേക ദര്‍ശനം എന്നിവയും ഉണ്ടാകില്ല. പ്രാദേശികം, സീനിയര്‍ സിറ്റിസണ്‍ എന്നിവരുടെ ദര്‍ശനം പുലര്‍ച്ചെ 3.30 ന് തുടങ്ങി കാലത്ത് 4.30ന് അവസാനിക്കും. ശ്രീകോവില്‍ നെയ്യ് വിളക്ക് ഓണ്‍ലൈനായും അഡ്വാന്‍സായും ശീട്ടാക്കിയവര്‍ക്ക് ഉദയാസ്തമയ പൂജയുടെ 5 പൂജകള്‍ കഴിയുന്ന മുറയ്ക്ക് 1 മണിക്കൂര്‍ ദര്‍ശനത്തിനിടെ 15 മിനിറ്റ് ദര്‍ശനം അനുവദിക്കും. ബാക്കി 45 മിനിറ്റും പൊതുവരി നില്‍ക്കുന്ന ഭക്തര്‍ക്കാകും ദര്‍ശനം അനുവദിക്കുക.
ദശമി നാള്‍ മുതല്‍ ദ്വാദശി ദിനം രാവിലെ വരെ തുടര്‍ച്ചയായ ദര്‍ശനം
ദശമി ദിവസമായ നവംബര്‍ 30 ന് പുലര്‍ച്ചെ നിര്‍മ്മാല്യത്തോടെ തുടങ്ങുന്ന ദര്‍ശന സൗകര്യം (പൂജാ സമയങ്ങള്‍ ഒഴികെ) ദ്വാദശി ദിവസമായ ഡിസംബര്‍ 2ന് രാവിലെ 8 മണി വരെ തുടരും. ദ്വാദശി ദിവസം രാവിലെ ക്ഷേത്രനട അടച്ചതിന് ശേഷം വിവാഹം, ചോറൂണ്‍, തുലാഭാരം, വാഹനപൂജ എന്നിവ ഉണ്ടായിരിക്കുന്നതല്ല. ഏകാദശി, ദ്വാദശി ദിവസങ്ങളില്‍ നിര്‍മ്മാല്യ ദര്‍ശനം ഉണ്ടാവില്ല.
പ്രഥമ ശുശ്രൂഷാ കേന്ദ്രം
ഗുരുവായൂര്‍ ഏകാദശി ദിവസം രാവിലെ 9 മുതല്‍ വൈകുന്നേരം 7 വരെ ദേവസ്വം ആയുര്‍വ്വേദം, അലോപ്പതി വിഭാഗങ്ങളുടെ സംയുക്ല ആഭിമുഖ്യത്തില്‍ ക്ഷേത്ര സന്നിധിയില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കും. അടിയന്തര ഘട്ടത്തില്‍ ഭക്തര്‍ക്ക് പ്രഥമ ശുശ്രൂഷ ഈ കേന്ദ്രം വഴി ലഭിക്കും.
ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ അനുസ്മരണം
ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ ചരിഞ്ഞത് 1976 ഡിസംബര്‍ മാസം 2-ാം തിയതിയിലെ ഗുരുവായൂര്‍ ഏകാദശ ദിവസമായിരുന്നു. ഗജരാജന്‍ കേശവനെ അനുസ്മരിച്ച് ദശമി ദിവസം രാവിലെ 7 മണിക്ക് ഗുരുവായൂര്‍ ദേവസ്വം പുന്നത്തൂര്‍ ആനത്താവളത്തിലെ ഗജവീരന്‍മാര്‍ ഗജരാജന്‍
ഗുരുവായൂര്‍ കേശവന്റെ ഛായാചിത്രവും വഹിച്ചുകൊണ്ട് ഘോഷയാത്രയായി ശ്രീ തിരുവെങ്കിടാചലപതി ക്ഷേത്രാങ്കണത്തില്‍ നിന്ന് പുറപ്പെട്ട്, ശ്രീവത്സം അതിഥി മന്ദിരത്തിന് മുന്നിലെത്തി ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ പ്രതിമയില്‍ സ്മരണാഞ്ജലി അര്‍പ്പിക്കും. ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗങ്ങളും ഭക്തജനാവലിയും കേശവന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തും. ഗജ ഘോഷയാത്രയില്‍ ദേവസ്വം പുന്നത്തൂര്‍ ആനത്താവളത്തിലെ ബല്‍റാം, ചെന്താമരാക്ഷന്‍, ഇന്ദ്രസെന്‍, കൃഷ്ണ, നവനീത് കൃഷ്ണന്‍, രവികൃഷ്ണന്‍, വലിയ വിഷ്ണു, വിനായകന്‍, ദേവി, ലക്ഷ്മി കൃഷ്ണ എന്നീ ആനകള്‍ പങ്കെടുക്കും. കൊമ്പന്‍ ബല്‍റാം ഗുരുവായൂരപ്പന്റെ ഛായാചിത്രവും, ഇന്ദ്രസെന്‍ കേശവന്റെ ഛായാചിത്രവും, രവികൃഷ്ണന്‍ മഹാലക്ഷ്മിയുടെ ഛായാചിത്രവും വഹിക്കും. തുടര്‍ന്ന് ആനയൂട്ട് പുന്നത്തൂര്‍ കോട്ടയില്‍ നടക്കും.
ഏകാദശി എഴുന്നെള്ളിപ്പ്
ഏകാദശി ദിവസം രാവിലെ 6.30 ന് പഞ്ചവാദ്യം അകമ്പടിയോടെ ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിപ്പ്. 11 മണിയോടെ എഴുന്നെള്ളിച്ച് പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെത്തി നിറപറ സ്വീകരിച്ച്, നാദസ്വരം അകമ്പടിയോടെ തിരിച്ച് പുറപ്പെട്ട് ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിച്ചേരും. രാത്രിവിളക്കിന് അതിവിശിഷ്ടമായ സ്വര്‍ണ്ണ ക്കോലം എഴുന്നെള്ളിക്കും.
ഏകാദശി പ്രസാദ ഊട്ട്
ഏകാദശി വിഭവങ്ങളോടു കൂടിയ പ്രസാദ ഊട്ട് രാവിലെ 9 മുതല്‍ അന്നലക്ഷമി ഹാള്‍, അതിനോട് ചേര്‍ന്നുള്ള പന്തല്‍, ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയം എന്നിവിടങ്ങളില്‍ ഭക്തര്‍ക്കായി നല്‍കും. ഉച്ചയ്ക്ക് 2 മണിക്ക് പ്രസാദ ഊട്ടിനുള്ള വരി (ക്യൂ) അവസാനിപ്പിക്കും. തുടര്‍ന്ന് ബുഫേ സമ്പ്രദായത്തില്‍ പ്രസാദ ഊട്ട് നല്‍കും. പ്രസാദ ഊട്ടിന്റെ വരികള്‍ വേദപാഠശാല റോഡിലൂടെ വടക്കേ ഇന്നര്‍ റിങ്ങ് റോഡിലേക്കും. ഗോകുലം വനമാലയുടെ പിറകിലൂടെ തെക്കേ ഔട്ടര്‍ റിങ്ങ് റോഡിലേക്കും ക്രമീകരിക്കും. ഏകാദശി, ദ്വാദശി, ത്രയോദശി ദിവസങ്ങളില്‍ പ്രഭാത ഭക്ഷണവും രാത്രി പ്രസാദ ഊട്ടും ഉണ്ടാവില്ല.
by Midhun HP News | Nov 29, 2025 | Latest News, കേരളം
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പുറത്തു വന്ന ശബ്ദരേഖ തന്റേതു തന്നെയെന്ന് സമ്മതിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഇതുസംബന്ധിച്ച് രാഹുല്‍ സമ്മതിക്കുന്നത്. തന്നെ കുടുക്കാനായി യുവതി ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്തുവെന്നാണ് രാഹുല്‍ സൂചിപ്പിക്കുന്നത്. കുഞ്ഞ് വേണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗര്‍ഭധാരണത്തിനും പിന്നീട് തന്റെ രാഷ്ട്രീയ ഭാവിക്ക് തിരിച്ചടിയാണെന്ന് പറഞ്ഞ് ഗര്‍ഭച്ഛിദ്രത്തിനും നിര്‍ബന്ധിച്ചുവെന്നാണ് യുവതി പരാതിയിൽ പറഞ്ഞിരുന്നത്.
രാഹുലും പരാതിക്കാരിയും തമ്മില്‍ നല്ല ബന്ധത്തില്‍ ഇരിക്കെയുള്ള സംഭാഷണങ്ങള്‍, വാട്‌സ് ആപ്പ് ചാറ്റുകള്‍ തുടങ്ങിയവ യുവതി റെക്കോര്‍ഡ് ചെയ്തു പുറത്തു വിടുകയായിരുന്നു എന്നാണ് ജാമ്യാപേക്ഷയില്‍ രാഹുലിന്റെ അഭിഭാഷകന്‍ വ്യക്തമാക്കുന്നത്. പെണ്‍കുട്ടിയെ അസഭ്യം വിളിക്കുന്നതും, നിന്നെ കൊല്ലാന്‍ സെക്കന്റുകള്‍ പോരേ, യുവതി കരയുമ്പോള്‍ നിന്റെ ഡ്രാമ അവസാനിപ്പിക്കൂ എന്നിങ്ങനെ രാഹുൽ പറയുന്നത് പുറത്തു വന്ന ശബ്ദരേഖയിലുണ്ട്.
വിവാഹിതയാണെന്ന് അറിഞ്ഞാണ് യുവതിയുമായി സൗഹൃദത്തിലാകുന്നതും, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യാപേക്ഷയില്‍ സമ്മതിക്കുന്നുണ്ട്. യുവതിയുടെ വൈവാഹിക ജീവിതത്തിലെ പീഡനങ്ങളെപ്പറ്റി അറിഞ്ഞപ്പോള്‍ സഹതാപം തോന്നുകയും, പിന്നീട് സൗഹൃദത്തിലാകുകയും ചെയ്തുവെന്നാണ് ജാമ്യാപേക്ഷയില്‍ വിശദീകരിക്കുന്നത്. വിവാഹിതയാണെന്ന് അറിയാതെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയുമായി ബന്ധം പുലര്‍ത്തിയതെന്ന രാഹുല്‍ അനുകൂലികളുടെ വാദമാണ് ജാമ്യാപേക്ഷയിലൂടെ പൊളിഞ്ഞത്.
അതിനിടെ പരാതിക്കാരി യുവതി പൊലീസിന് നല്‍കിയ മൊഴിയിലെ കൂടുതല്‍ കാര്യങ്ങള്‍ പുറത്തു വന്നു. വിവാഹബന്ധം ഒഴിഞ്ഞതിനു ശേഷമാണ് രാഹുലുമായി പരിചയപ്പെടുന്നത്. വിവാഹം നടന്നത് 2024 ഓഗസ്റ്റ് 22 നാണ്. നാലു ദിവസം മാത്രമാണ് ഒരുമിച്ചു ജീവിച്ചത്. ഒരു മാസം മാത്രമാണ് ആ ദാമ്പത്യം നീണ്ടു നിന്നത്. പിന്നീട് അഞ്ചു മാസത്തിനു ശേഷമാണ് രാഹുലുമായി പരിചയപ്പെടുന്നതെന്നും യുവതി മൊഴിയില്‍ വ്യക്തമാക്കുന്നു.
by Midhun HP News | Nov 28, 2025 | Latest News, കേരളം
തിരുവനന്തപുരം: ശ്രീലങ്കൻ തീരത്തിന് സമീപത്തുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ഡിറ്റ് വാ ചുഴലിക്കാറ്റ് സ്ഥിതിചെയ്യുന്നു. വടക്ക് – വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച്, ശ്രീലങ്ക തീരവും സമീപ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലും വഴി നവംബർ 30 രാവിലെയോടെ വടക്കൻ തമിഴ്നാട് –പുതുച്ചേരി, തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് സൂചിപ്പിച്ചു. ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നു നാലു ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്.
നാളെ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നി ജില്ലകളിലും യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
കള്ളക്കടൽ ജാഗ്രതാ നിർദേശം
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ (നവംബർ 29) രാത്രി 11.30 വരെ കേരളത്തിലെ തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), കോഴിക്കോട് (ചോമ്പാല FH മുതൽ രാമനാട്ടുകര വരെ) ജില്ലകളിലെ തീരങ്ങളിൽ 0.4 മുതൽ 0.7 മീറ്റർ വരെയും; ഇന്ന് (നവംബർ 28) രാത്രി 11.30 വരെ കന്യാകുമാരി തീരങ്ങളിൽ 0.9 മുതൽ 1.0 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
by Midhun HP News | Nov 28, 2025 | Latest News, കേരളം
കോട്ടയം: പോസ്റ്ററുകളും ഫ്‌ലെക്സും ബോര്‍ഡും ഇല്ലാതെ വേറിട്ട തെരഞ്ഞെടുപ്പ് പ്രചാരണവുമായി സ്ഥാനാര്‍ഥി. കോട്ടയം നഗരസഭയിലെ 35 വാര്‍ഡിലെ മറിയപ്പള്ളിയില്‍ നിന്നും മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥി ശങ്കരന്റെതാണ് വേറിട്ട പ്രചാരണ രീതി. ഇത്തരം പ്രചാരണങ്ങള്‍ ഒന്നുമില്ലാതെ തന്നെ ജനം തന്നെ വിജയിപ്പിക്കുമെന്ന് പ്രതീക്ഷയാണ് ബിജെപി സ്ഥാനാര്‍ഥി പറയുന്നത്.

ഫ്‌ലെക്സ്, ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവയ്ക്കായി ചെലവിടുന്ന പണം ഇവിടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയാണ് ചെയ്യുന്നതെന്ന് സ്ഥാനാര്‍ഥി ശങ്കരന്‍ പറഞ്ഞു . തെരഞ്ഞെടുപ്പ് പ്രചാരണരീതികള്‍ കൂടുതല്‍ സൗഹാര്‍ദപരവും പരിസ്ഥിതിക്ക് അനുയോജ്യമാകണമെന്ന ലക്ഷ്യവും സ്ഥാനാര്‍ഥിയുടെ വേറിട്ട പ്രചാരണ ലക്ഷ്യമാണ്.
ഇത് 4-ാം തവണയാണ് ശങ്കരന്‍ മത്സരിക്കുന്നത്. മുന്‍പ് മത്സരിച്ച മൂന്ന് തവണയും തെരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ കോട്ടയം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായി ശങ്കരന്‍ വിവേകാനന്ദ യോഗ വിദ്യാപീഠം ആചാര്യന്‍ കൂടിയാണ്. കഴിഞ്ഞ തവണ മത്സരിച്ച പത്താം വാര്‍ഡ് വനിതാ സംവരണമായപ്പോഴാണ് പത്ത് വര്‍ഷം മുന്‍പ് ജയിച്ച സ്ഥലത്തേക്ക് മാറിയത്.
‘ഇപ്രാവശ്യം വളരെ വ്യത്യസ്തമായ രീതിയിലുള്ള ഒരു പ്രചാരണമാണ് നടത്തുന്നത്. ഫ്‌ലക്സ്, ബാനര്‍, പോസ്റ്റര്‍, ബോര്‍ഡ് ഇവയെല്ലാം ഒഴിവാക്കി പരിസ്ഥിതി സൗഹൃദമായി മത്സരിക്കുക എന്നാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഈ തീരുമാനത്തിന് എല്ലാ സഹപ്രവര്‍ത്തകരുടെ പിന്തുണയും ഉണ്ട്. ഇവിടെ നടത്തിയിട്ടുള്ള വികസന പ്രവര്‍ത്തനങ്ങളുടെ ബലത്തിലാണ് വീടുകള്‍ തോറും കയറി വോട്ട് അഭ്യര്‍ഥിക്കുന്നത്. ചെറിയൊരു ഫ്‌ലെക്‌സ് ബോര്‍ഡിന് ആയിരം രൂപയാകും. കളര്‍ പോസ്റ്ററിന് കുറഞ്ഞത് അമ്പത് രൂപ. ചെറിയൊരുവാര്‍ഡിലെ പ്രചാരണത്തിന് മാത്രം ലക്ഷങ്ങള്‍ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു’, ശങ്കരന്‍ പറഞ്ഞു. എല്‍ഡിഎഫിനായി സന്തോഷ് കുറിവേലിയും യുഡിഎഫിനായി സാബു പള്ളിവാതുക്കലുാണ് മത്സരിക്കുന്നത്.


by Midhun HP News | Nov 28, 2025 | Latest News, കേരളം
കൊച്ചി: കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിയില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി. കോടതി അലക്ഷ്യമാണെന്ന് കണ്ടെത്തിയാണ് ഉത്തരവ് തിരുത്താന്‍ ആവശ്യപ്പെട്ടത്. തെറ്റു തിരുത്തുകയാണ് വേണ്ടത്. അല്ലാതെ കോടതി അലക്ഷ്യം ഇല്ലെന്ന് സര്‍ക്കാരിന് വാദിക്കാനാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പരിശോധിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍, കോര്‍പറേഷന്‍ എംഡി കെ എ രതീഷ് എന്നിവരാണ് കേസിലെ പ്രതികള്‍. കശുവണ്ടി ഇറക്കുമതി അഴിമതിക്കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ തെളിവില്ലെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സര്‍ക്കാര്‍ നടപടികളില്‍ കോടതി അലക്ഷ്യം ഇല്ലെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍ ഉണ്ടെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. മുമ്പ് സര്‍ക്കാര്‍ തന്നെ ഇക്കാര്യം സമ്മതിച്ചതാണെന്നും കോടതി അഭിപ്രായപ്പെട്ടു. തുടര്‍ന്ന് കശുവണ്ടി അഴിമതിയില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കാത്തതു ചോദ്യം ചെയ്തുള്ള ഹര്‍ജി അടുത്ത മാസം എട്ടിന് പരിഗണിക്കാനായി മാറ്റി.
മുൻ സർക്കാർ ഉത്തരവുകൾ യുക്തിസഹമായി നടപ്പാക്കുക മാത്രമാണ് പ്രതികളായ രണ്ടുപേരും ചെയ്തതെന്നാണ് വ്യവസായ വകുപ്പ് സെക്രട്ടറി സത്യവാങ്മൂലത്തിൽ ആവർത്തിച്ചത്. അതിനാലാണ് സിബിഐ ആവശ്യപ്പെട്ട പ്രോസിക്യൂഷൻ അനുമതി നൽകാത്തതെന്നും സർക്കാർ വ്യക്തമാക്കി. 2006 മുതൽ 2015 കാലഘട്ടത്തിൽ കശുവണ്ടി വാങ്ങിയത് സ്‌റ്റോർ പർച്ചേസ് മാനുവൽ പാലിക്കാതെയാണെന്ന സിബിഐ വാദം ശരിയല്ല. തോട്ടണ്ടി സീസണൽ വിളയായതിനാൽ അപ്പോഴത്തെ സാഹചര്യമനുസരിച്ച് വാങ്ങാൻ സർക്കാർ തന്നെയാണ് അനുമതി നൽകിയതെന്നുമാണ് സർക്കാരിന്റെ വാദം.
പരമ്പരാഗത കശുവണ്ടിത്തൊഴിലാളികളെ സംരക്ഷിക്കുക എന്നതാണ് സർക്കാർ നയം. ഇറക്കുമതി വഴി തൊഴിലാളികൾക്ക് പരമാവധി തൊഴിൽ ദിനങ്ങൾ ഉറപ്പാക്കാനാണ് ബോർഡ് ശ്രമിച്ചത്. ഇതിനായി സർക്കാർ ഫണ്ട് ഉപയോഗിച്ചു, ഇത് കൃത്യവിലോപമോ വഞ്ചനയോ അല്ല. തോട്ടണ്ടി ഇറക്കുമതി ചെയ്യാനുളള തീരുമാനം വ്യവസായ ധനകാര്യ വകുപ്പുകളും ട്രേഡ് യൂണിയുകളും ഐക്യകണ്‌ഠേന എടുത്തതാണ്. ഫണ്ട് വകമാറ്റിയതിനോ നടപടി ക്രമങ്ങളിലോ ക്രമക്കേട് നടന്നതായി തെളിവില്ല. പ്രോസിക്യൂട്ട് ചെയ്യാൻ പര്യാപ്തമായ തെളിവുകൾ സിബിഐയുടെ പക്കലില്ലെന്നും സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു.


by Midhun HP News | Nov 28, 2025 | Latest News, കേരളം
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ യുവതിയെ മൂന്നു സ്ഥലത്ത് എത്തിച്ച് ബലാത്സംഗം ചെയ്തുവെന്ന് എഫ്‌ഐആര്‍. പാലക്കാട്ട് എത്തിച്ചും പീഡിപ്പിച്ചു. തിരുവനന്തപുരത്ത് വെച്ചും ബലാത്സംഗം ചെയ്തു. യുവതിയുടെ നഗ്നദൃശ്യങ്ങള്‍ രാഹുല്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഗര്‍ഭച്ഛിദ്രത്തിന് വിസമ്മതിച്ചപ്പോഴും നഗ്നദൃശ്യങ്ങള്‍ ഉള്ള കാര്യം പറഞ്ഞ് രാഹുല്‍ ഭീഷണിപ്പെടുത്തിയതായി എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു.
യുവതിയെ നിര്‍ബന്ധമായി ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കിയെന്നും എഫ്‌ഐആറില്‍ പറയുന്നു. സുഹൃത്ത് വഴിയാണ് ഗര്‍ഭനിരോധന ഗുളിക എത്തിച്ചു നല്‍കിയതെന്ന് യുവതി മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുട്ടിയുണ്ടായാല്‍ രാഷ്ട്രീയ ഭാവി നശിക്കുമെന്ന് പറഞ്ഞാണ് ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചത്. എതിര്‍ത്തപ്പോള്‍ ചീത്ത വിളിച്ചു, കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. സുഹൃത്ത് എത്തിച്ച ഗുളിക കഴിച്ചോയെന്ന് വീഡിയോകോള്‍ ചെയ്ത് രാഹുല്‍ ഉറപ്പാക്കിയെന്നും യുവതി പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു.
20 പേജുള്ള മൊഴിയാണ് യുവതി പൊലീസിന് നല്‍കിയിട്ടുള്ളത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രാഹുലിന്റെ സുഹൃത്ത് ജോബി ജോസഫിനെയും പ്രതി ചേര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ സംസ്ഥാനം വിടുന്നത് തടയാനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ അടക്കം നോട്ടീസ് കൈമാറിയിട്ടുണ്ട്. യുവതി പരാതി നല്‍കിയതിനു പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. രാഹുല്‍ സംസ്ഥാനം വിട്ടതായും അഭ്യൂഹം ഉയര്‍ന്നിരുന്നു.



Recent Comments