ശബരിമലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഹൈക്കോടതി

ശബരിമലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ ബുക്കിങ്ങ് തീയതിയും സമയവും തെറ്റിച്ച് വരുന്ന ഭക്തരെ കടത്തിവിടേണ്ടെന്ന് ഹൈക്കോടതി. ശരിയായ ബുക്കിങ് കൂപ്പണ്‍ ഉള്ളവരെ മാത്രം പമ്പയില്‍ നിന്നും മുകളിലേക്ക് കടത്തിവിട്ടാല്‍ മതിയെന്ന് ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും കോടതി നിര്‍ദേശം നല്‍കി. ഇക്കാര്യം കര്‍ശനമായി നടപ്പാക്കണം. ബുക്കിങ് കൂപ്പണുകളില്‍ ക്രമക്കേടുകള്‍ വരുത്തുന്നത് ക്രിമിനല്‍ കുറ്റകരമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ശബരിമലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പല ദിവസങ്ങളിലെടുത്ത ബുക്കിങ് കൂപ്പണുകളുമായി എത്തിയ നിരവധി പേര്‍ ഇതിലുള്‍പ്പെടുന്നു. ഇന്നലെ മാത്രം 87,000 ലേറെ ഭക്തരാണ് സന്നിധാനത്തെത്തിയത്. ഇതില്‍ മറ്റു ദിവസങ്ങളില്‍ ബുക്കിങ് എടുത്തവരും ഉള്‍പ്പെടുന്നുണ്ട്. ഇക്കാര്യം സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.തുടര്‍ന്നാണ് നിയന്ത്രണം കടുപ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്.

നേരത്തെ ഏതു ദിവസത്തെ ബുക്കിങ് കൂപ്പണുമായി എത്തിയാലും കടത്തിവിടുന്ന സ്ഥിതിയായിരുന്നു. ഇനി അതു വേണ്ടെന്നാണ് കോടതി നിര്‍ദേശിച്ചത്. ബുക്കിങ് തീയതിയും സമയവും മാറിയാല്‍ കടത്തി വിടേണ്ടതില്ല. വ്യാജ ബുക്കിങ് സ്ലിപ്പും മറ്റു തീയിതകളില്‍ ബുക്കിങ് എടുത്തും വരുന്നത് കര്‍ശനമായി തടയണം. ബുക്കിങ് ഇല്ലാത്തവര്‍ക്ക് സ്‌പോട്ട് ബുക്കിങ് എടുത്തു മാത്രമേ കയറ്റി വിടാവൂ. ബുക്കിങ് എടുത്തവരെ കൃത്യസമയം പാലിക്കണമെന്ന് എസ്എംഎസിലൂടെ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

അര്‍ച്ചനയുടെ മരണത്തില്‍ ആരോപണവുമായി കുടുംബം

അര്‍ച്ചനയുടെ മരണത്തില്‍ ആരോപണവുമായി കുടുംബം

തൃശൂര്‍: വരന്തരപ്പിള്ളിയില്‍ ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ മകളുടെ ഭര്‍ത്താവിനെതിരെ കുടുംബം. മകള്‍ അര്‍ച്ചനയെ ഭര്‍ത്താവ് ക്രൂരമായി ഉപദ്രവിച്ചിരുന്നതായി പിതാവ് ഹരിദാസ് പറയുന്നു. അര്‍ച്ചന പഠിച്ചിരുന്ന കോളജിന് മുന്‍വശത്ത് വച്ച് ഭര്‍ത്താവ് ഷാരോണ്‍ മര്‍ദ്ദിച്ചിട്ടുണ്ട്. സെക്യൂരിറ്റിക്കാരന്‍ വിളിച്ച് അറിയിച്ചപ്പോഴാണ് സംഭവം അറിയുന്നത്. ഫോണ്‍ വിളിക്കാന്‍ പോലും സമ്മതിച്ചിരുന്നില്ലെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെ വൈകിട്ട് 4ന് വീടിന് പിറകിലെ കോണ്‍ക്രീറ്റ് കാനയിലാണ് അര്‍ച്ചനയുടെ മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവ് ഷാരോണിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. അര്‍ച്ചനയുടെ കുടുംബത്തിന്റെ പരാതിയിന്മേല്‍ കേസെടുത്ത് പൊലീസ് അന്വേഷണം നടത്തിവരികയാണ്.’ ഞങ്ങളുമായി ഫോണ്‍ വിളിക്കാന്‍ പോലും അര്‍ച്ചനയെ സമ്മതിച്ചിരുന്നില്ല. ഭാവി ഉണ്ടായിരുന്നു. ക്ലാസില്‍ ഫസ്റ്റ് ആയിരുന്നു. പ്ലേസ്‌മെന്റ് കിട്ടി ജോലിക്ക് പോയി. എന്നാല്‍ പിന്നീട് ഷാരോണ്‍ ജോലിക്ക് പോലും വിട്ടില്ല. ബിടെക് എടുത്ത് കാനഡയില്‍ സെറ്റില്‍ ആകണമെന്നായിരുന്നു ആഗ്രഹം. ഭര്‍ത്താവ് അര്‍ച്ചനയെ ഉപദ്രവിച്ചിട്ടുണ്ട്. ഭീഷണിപ്പെടുത്തിയിട്ടുണ്ട്. പേടിപ്പിച്ച് നിര്‍ത്തിയ പോലെയാണ് ഫോണ്‍ വിളിച്ചാല്‍ സംസാരിക്കാറ്. ഞങ്ങളുമായി അടുപ്പിക്കാന്‍ ഷാരോണ്‍ സമ്മതിക്കുന്നുണ്ടായിരുന്നില്ല.’- കുടുംബം ആരോപിക്കുന്നു.

‘ആറു മാസം മുന്‍പായിരുന്നു വിവാഹം. അര്‍ച്ചനയുടെ വീടിനു പുറകില്‍ വാടകയ്ക്ക് താമസിക്കുമ്പോഴായിരുന്നു ഇരുവരും പരിചയപ്പെട്ടത്. അര്‍ച്ചനയെ വീട്ടില്‍നിന്ന് ഇറക്കികൊണ്ടുപോയി വിവാഹം കഴിക്കുകയായിരുന്നു. വീട്ടിലേക്കു ഫോണ്‍ ചെയ്യാന്‍ മകളെ സമ്മതിക്കില്ലായിരുന്നു. അവള്‍ക്ക് അവനെ പേടിയായിരുന്നു. വിവാഹശേഷം വീട്ടിലേക്ക് വന്നിട്ടില്ല. പഠിക്കാനുള്ള ബുക്കുകള്‍ ഞാന്‍ കൊടുത്തയച്ചിരുന്നു. കഞ്ചാവു കേസിലെ പ്രതിയായിരുന്നു ഷാരോണ്‍. ഈ ബന്ധം വേണ്ടെന്നു മുന്‍പേ പറഞ്ഞതാണ്. മകളെ നിരന്തരം അവന്‍ ഭീഷണിപ്പെടുത്തിയിരുന്നു’- ഹരിദാസ് പറയുന്നു.

ഗര്‍ഭിണിയായിരുന്ന അര്‍ച്ചനയെ മാട്ടുമല മാക്കോത്തുള്ള ഷാരോണിന്റെ വീടിന് പുറകിലെ കോണ്‍ക്രീറ്റ് കാനയിലാണ് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഷാരോണിന്റെ അമ്മ പുറത്തുപോയി തിരിച്ചുവന്നപ്പോഴാണ് അര്‍ച്ചനയെ മരിച്ചനിലയില്‍ കണ്ടത്. അര്‍ച്ചന ഭര്‍തൃവീട്ടില്‍ നിരന്തര ശാരീരിക പീഡനം നേരിട്ടുവെന്ന് മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഷാരോണ്‍ തമിഴ്‌നാട്ടില്‍ കഞ്ചാവു കേസില്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.

ശബരിമലയിൽ തിരക്കേറുന്നു; നാളെ പന്ത്രണ്ട് വിളക്ക്; ഉച്ചയ്ക്ക് അങ്കിചാർത്ത്

ശബരിമലയിൽ തിരക്കേറുന്നു; നാളെ പന്ത്രണ്ട് വിളക്ക്; ഉച്ചയ്ക്ക് അങ്കിചാർത്ത്

പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് തുടരുന്നു. മണ്ഡല മകരവിളക്ക് മഹോത്സവ തീര്‍ഥാടനം ആരംഭിച്ചതിന് ശേഷം ദർശനം നടത്തിയവരുടെ എണ്ണം പത്ത് ലക്ഷത്തോട് അടുക്കുന്നു. ഇന്നലെ വൈകിട്ട് 7 മണി വരെ 72385 പേരാണ് മലചവിട്ടിയത്. സന്നിധാനത്തെ തിരക്കിന് അനുസൃതമായാണ് പമ്പയില്‍ നിന്ന് ഭക്തരെ കയറ്റിവിടുന്നത്.

അയ്യപ്പ സന്നിധിയിൽ നാളെ പന്ത്രണ്ട് വിളക്ക് നടക്കും. ഉച്ചയ്ക്കു വഴിപാടായി അങ്കി ചാർത്തുമുണ്ട്. ഉച്ചപ്പൂജയ്ക്ക് എത്തുന്നവർക്ക് അങ്കി ചാർത്തിയ അയ്യപ്പ രൂപം കണ്ടുതൊഴാം. വൈകിട്ട് ദീപാരാധനയ്ക്കു ശേഷം പുഷ്പാഭിഷേകവും ഉണ്ട്. പൊലീസ്‌, ഐആർബി, ആർഎഎഫ്‌ സേനകളുടെ നേതൃത്വത്തിൽ പഴുതടച്ച സുരക്ഷയാണ്‌ ഒരുക്കുന്നത്‌. മണ്ഡല മകരവിളക്ക് സീസണിൽ ശബരിമല വരുമാനം 60 കോടി കവിഞ്ഞു. അരവണ വിറ്റുവരവിലൂടെ 30 കോടിയും കാണിക്കയിലൂടെ 15 കോടിയും വരുമാനം ലഭിച്ചു. അപ്പം വിൽപ്പന, പോസ്‌റ്റൽ പ്രസാദം, വഴിപാടുകൾ, മറ്റിനങ്ങളിലൂടെയുള്ള വരുമാനത്തിലും വർധനയുണ്ടായിട്ടുണ്ട്.

ഗൂഗിള്‍ മാപ്പിട്ട് ആശുപത്രിയിലേക്ക്, ചെന്നെത്തിയത് കാട്ടില്‍; ഒടുവില്‍

ഗൂഗിള്‍ മാപ്പിട്ട് ആശുപത്രിയിലേക്ക്, ചെന്നെത്തിയത് കാട്ടില്‍; ഒടുവില്‍

കണ്ണൂര്‍: ഗൂഗിള്‍ മാപ്പിട്ട് ആശുപത്രിയിലേക്ക് പോയ സംഘത്തിന്റെ വാഹനം എത്തിയത് കാട്ടില്‍. ഒടുവില്‍ വിവരം അറിഞ്ഞെത്തിയ അഗ്‌നിരക്ഷാ സേനയാണ് കാട്ടില്‍ കുടുങ്ങിയ സംഘത്തിന് രക്ഷയായത്.

തൃശൂര്‍ സ്വദേശിയായ അലന്‍ വര്‍ഗീസിന്റെ വാഹനമാണ് കാട്ടില്‍ കുടുങ്ങിയത്. ജോലി സംബന്ധമായ ആവശ്യത്തിന് കണ്ണൂരിലെത്തിയ സംഘത്തിലെ ഒരാള്‍ക്ക് സുഖമില്ലാതാകുകയായിരുന്നു. കണ്ണപുരം ഭാഗത്തുനിന്ന് പരിയാരം ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോകാന്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം തേടി. കാടുനിറഞ്ഞ് ഇടുങ്ങിയ, വാഹനങ്ങള്‍ കടന്നുപോകാന്‍ കഴിയാത്ത കുഞ്ഞന്‍ചാല്‍ ഭാഗത്തു കൂടിയുള്ള വഴിയാണ് ഗൂഗിള്‍ മാപ്പ് കാണിച്ചത്.

ഇതുവഴി പോയ ജീപ്പ് ചെറിയ താഴ്ചയിലേക്ക് ചരിഞ്ഞ് കുടുങ്ങി. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് തളിപ്പറമ്പില്‍നിന്ന് അഗ്‌നിരക്ഷാ സേനയെത്തി. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ വാഹനം വലിച്ചുകയറ്റുകയായിരുന്നു.

സ്വര്‍ണവില കുറഞ്ഞു; 93,500ന് മുകളില്‍ തന്നെ

സ്വര്‍ണവില കുറഞ്ഞു; 93,500ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. 93,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടുദിവസത്തിനിടെ രണ്ടായിരത്തിലധികം രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വില കുറഞ്ഞത്. ഗ്രാമിന് ആനുപാതികമായി 15 രൂപയാണ് കുറഞ്ഞത്. 11,710 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അഞ്ചിന് 89,080 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് പടിപടിയായി വില ഉയര്‍ന്ന് 13ന് 94,000ന് മുകളില്‍ എത്തി. 13ന് രേഖപ്പെടുത്തിയ 94,320 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരം. തുടര്‍ന്ന് വില കുറഞ്ഞ സ്വര്‍ണവില കഴിഞ്ഞ ദിവസങ്ങളില്‍ വീണ്ടും തിരിച്ചുകയറുകയാണ്. യുഎസ് സമ്പദ് വ്യവസ്ഥ സജീവമായതോടെ ഓഹരി വിപണിയിലേക്ക് നിക്ഷേപകര്‍ തിരിച്ചെത്തിത്തുടങ്ങിയിട്ടുണ്ട്. ഇതാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. ഡോളര്‍ ശക്തിയാര്‍ജിച്ചത് അടക്കമുള്ള ഘടകങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

ഹോങ്കോങ്ങ് തീപിടിത്തം: മരണം 44 ആയി; 279 പേരെ കാണാതായി; മൂന്നുപേര്‍ അറസ്റ്റില്‍

ഹോങ്കോങ്ങ് തീപിടിത്തം: മരണം 44 ആയി; 279 പേരെ കാണാതായി; മൂന്നുപേര്‍ അറസ്റ്റില്‍

ഹോങ്കോങ്ങ്: ഹോങ്കോങ്ങിലെ തായ്‌പോ ജില്ലയിലെ കെട്ടിട സമുച്ചയത്തിലുണ്ടായ അഗ്നിബാധയില്‍ മരണസംഖ്യ ഉയരുന്നു. മരിച്ചവരുടെ എണ്ണം 44 ആയി ഉയര്‍ന്നു. പരിക്കേറ്റ 50 ഓളം പേരുടെ നില ഗുരുതരമാണ്. നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. 279 പേരെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് നിര്‍മാണ കമ്പനിയിലെ മൂന്ന് ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്തു. തീപിടിത്തം ഉണ്ടായ പാര്‍പ്പിട സമുച്ചയത്തിന്റെ അറ്റകുറ്റപ്പണി നടത്തിയിരുന്ന കമ്പനിയുടെ ഉദ്യോഗസ്ഥര്‍ ആണ് അറസ്റ്റില്‍ ആയത്. ഹോങ്കോങ്ങിലെ അഗ്‌നിബാധ അളവുകളില്‍ ഏറ്റവും ഉയര്‍ന്ന അളവായ ലെവല്‍ 5 ലുള്ള അഗ്‌നിബാധയാണ് വാങ് ഫുക് കോര്‍ട് എന്ന ഫ്‌ലാറ്റ് കെട്ടിട സമുച്ചയത്തിലുണ്ടായത്.

പ്രാദേശിക സമയം വൈകിട്ട് 6.20ഓടെയാണ് സംഭവം. 32 നില കെട്ടിടത്തിലെ ഏഴോളം ബ്ലോക്കുകളിലാണ് തീപടര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുളകൊണ്ടുള്ള മേല്‍ത്തട്ടിയില്‍ തീ പിടിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 8 ടവറുകളിലായി 2,000 പേര്‍ താമസിക്കുന്ന പാര്‍പ്പിട സമുച്ചയമാണിത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.