by Midhun HP News | Nov 27, 2025 | Latest News, കേരളം
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ടിന്റെ ഔദ്യോഗികവസതിയായ വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവെപ്പില്‍ രണ്ടു സൈനികര്‍ക്ക് പരിക്കേറ്റു. പശ്ചിമ വിര്‍ജീനിയ സ്വദേശികളായ നാഷണല്‍ ഗാര്‍ഡ്‌സ് അംഗങ്ങള്‍ക്കാണ് ഗുരുതര പരിക്കേറ്റത്. അക്രമിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് വ്യക്തമാക്കി.
ഇയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. 2021 ല്‍ അമേരിക്കയില്‍ എത്തിയ 29 കാരനായ അഫ്ഗാന്‍ പൗരനാണ് അക്രമിയെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വെറ്റ് ഹൗസിന് ഏതാണ്ട് അടുത്തുള്ള മെട്രോ സ്റ്റോപ്പിന് സമീപത്ത് വച്ചാണ് വെടിവെപ്പുണ്ടായത്.
പരിക്കേറ്റ സൈനികരില്‍ ഒരാള്‍ സ്ത്രീയാണ്. 10 മുതല്‍ 15 തവണയാണ് അക്രമി വെടിയുതിര്‍ത്തത്. രണ്ട് സൈനികര്‍ക്കും തലയ്ക്കാണ് വെടിയേറ്റിട്ടുള്ളത്. വെടിവെപ്പിനെ തുടര്‍ന്ന് വൈറ്റ് ഹൗസ് അടച്ചു. പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. വെടിവെപ്പ് നടക്കുമ്പോൾ പ്രസിഡന്റ് ട്രംപ് ഫ്ലോറിഡയിൽ വെസ്റ്റ് പാം ബീച്ച് ഗോൾഫ് ക്ലബ്ബിലായിരുന്നു.


by Midhun HP News | Nov 26, 2025 | Latest News, കേരളം
പത്തനംതിട്ട: പത്തനംതിട്ട തൂമ്പാക്കുളത്ത് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു വിദ്യാർത്ഥി മരിച്ചു. കരുമാൻതോട് ശ്രീനാരായണ സ്കൂൾ വിദ്യാർത്ഥിയായ എട്ട് വയസുകാരി ആദിലക്ഷ്മിയാണ് മരിച്ചത്. അപകടത്തിൽ ഡ്രൈവർക്ക് ഗുരുതരപരിക്കേറ്റു. പാമ്പിനെ കണ്ട് വെട്ടിച്ചതിനെ തുടർന്ന് ഓട്ടോറിക്ഷ തോട്ടിലേക്ക് മറിയുകയായിരുന്നു.


by Midhun HP News | Nov 26, 2025 | Latest News, കേരളം
വയനാട്: കണിയാമ്പറ്റയിൽ വൃദ്ധദമ്പതികളുടെ കൈ തല്ലിയൊടിച്ച് അയൽവാസി. കോഴി കൃഷിയിടത്തിൽ കയറിയെന്ന് ആരോപിച്ചാണ് ദമ്പതികൾക്ക് നേരെ ആക്രമണം നടത്തിയത്. കണിയാമ്പറ്റ സ്വദേശികളായ ലാൻസി തോമസ്, അമ്മിണി എന്നിവർക്കാണ് പരിക്കേറ്റിരിക്കുന്നത്. ലാൻസിയുടെ ഇരുകൈകളും അമ്മിണിയുടെ വലത് കൈയും ഒടിഞ്ഞു. ഇരുമ്പ് വടികൊണ്ട് ആക്രമിച്ചതിന് അയൽക്കാരൻ തോമസ് വൈദ്യർക്കെതിരെ പൊലീസ് കേസ് എടുത്തു.
ഇരുമ്പ് വടിയുമായി വീട്ടിലേക്ക് അതിക്രമിച്ചു കയറി ഇരുവര്‍ക്കും നേരെ ആക്രമണം നടത്തുകയായിരുന്നു. ആദ്യം ലാൻസിയെ ആണ് ആക്രമിച്ചത്. അടി കൈകൊണ്ട് തടഞ്ഞപ്പോഴാണ് കൈയൊടിഞ്ഞത്. അമ്മിണിയെ ആക്രമിക്കുന്നത് തടഞ്ഞപ്പോള്‍ ലാൻസിയുടെ രണ്ടാമത്തെ കയ്യും ഒടിഞ്ഞു. അമ്മിണിയുടെ തലയ്ക്കും കൈയ്ക്കും കാലിനും പരിക്കറ്റിട്ടുണ്ട്.
പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. തോമസ് വൈദ്യനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇയാള്‍ക്ക് മറ്റെന്തെങ്കിലും ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. പരിക്കേറ്റ അമ്മിണിയെയും ലാൻസിയെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


by Midhun HP News | Nov 26, 2025 | Latest News, കേരളം
കോഴിക്കോട്: പൊലീസുകാര്‍ ഉള്‍പ്പെടെ പ്രതികളായ മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. ധനസമ്പാദനം ലക്ഷ്യമിട്ട് ലൈംഗികവൃത്തി നടത്തിയെന്നും പൊലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍ പങ്കാളികളായെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. 41 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്.
കേസിലെ 11, 12 പ്രതികള്‍ പൊലീസ് ഡ്രൈവര്‍മാരാണ്. ഒന്നാംപ്രതിയെ അനാശാസ്യകേന്ദ്രം ചുമതലക്കാരിയായി നിര്‍ത്തിയും രണ്ടും മൂന്നും പ്രതികള്‍ അനാശാസ്യകേന്ദ്രം നടത്തിപ്പിന് സഹായികളായി നിന്ന് ധനം സമ്പാദിച്ചെന്നുമാണ് കേസ്. 11-ഉം 12-ഉം പ്രതികള്‍ ഇടപാടുകാരെ എത്തിക്കുന്നതിന് സഹായം ചെയ്‌തെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരി ബിന്ദു, കെ. സനിത്ത്, കെ. ഷൈജിത്ത് എന്നീ പൊലീസുകാരും ഉള്‍പ്പെടെ പന്ത്രണ്ടുപേരാണ് കേസിലുള്‍പ്പെട്ടിട്ടുള്ളത്. കേസിലെ 10-ാം പ്രതിയും ഒന്നാം പ്രതിയുമായി ഒത്തുചേര്‍ന്ന് കോഴിക്കോട് വേങ്ങേരി നെടുങ്ങോട്ടൂരിലെ മലാപ്പറമ്പ് ഇയ്യപ്പാടി റോഡില്‍ അപ്പാര്‍ട്ട്മെന്റ് വാടകയ്‌ക്കെടുത്ത് അനാശാസ്യകേന്ദ്രം നടത്തിയിരുന്നത്. കഴിഞ്ഞ ജൂണ്‍ ആറിനാണ് ഫ്‌ളാറ്റില്‍ റെയ്ഡ് നടത്തി പ്രതികളെ പിടികൂടുന്നത്.


by Midhun HP News | Nov 26, 2025 | Latest News, കേരളം
കൊച്ചി: ഗതാഗതക്കുരുക്കില്‍ വലയുന്ന യാത്രക്കാര്‍ക്ക് ആശ്വാസമായി, എന്‍എച്ച് 66ലെ പുതിയ വരാപ്പുഴ പാലം ഡിസംബര്‍ ആദ്യവാരം ഗതാഗതത്തിന് തുറന്നുകൊടുക്കും. 26 കിലോമീറ്റര്‍ ദൂരം വരുന്ന ഇടപ്പള്ളി-മൂത്തകുന്നം പാതയിലെ ഏഴ് പ്രധാന പാലങ്ങളില്‍ ആദ്യ പാലത്തിലൂടെയാണ് അടുത്തയാഴ്ച മുതല്‍ വാഹനങ്ങള്‍ കടത്തിവിടുക. പഴയ പാലത്തിലൂടെ ഇരു ദിശകളില്‍ നിന്നുമുള്ള വാഹനങ്ങള്‍ ഓടുന്നത് മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ ഇത് സഹായകമാകും.
1.03 കിലോമീറ്റര്‍ നീളമുള്ള പുതിയ പാലത്തിന്റെ നിര്‍മ്മാണം 604 ദിവസങ്ങള്‍ക്കുള്ളില്‍ റെക്കോര്‍ഡ് വേഗത്തിലാണ് പൂര്‍ത്തിയാക്കിയത്. 100 കോടി രൂപ ചെലവിലാണ് പാലം പണിതത്. പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നിര്‍വഹിച്ചത് ഓറിയന്റല്‍ സ്ട്രക്ചറല്‍ എന്‍ജിനിയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ആണ്. എട്ട് പാന്‍ ടില്‍റ്റ് സൂം കാമറകള്‍ അധിക സുരക്ഷാ നടപടിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്. തിരശ്ചീനമായും ലംബമായും സൂം ഇന്‍ അല്ലെങ്കില്‍ സൂം ഔട്ടും റിമോട്ട് കണ്‍ട്രോളിന്റെ സഹായത്തോടെ കാമറ ചലിപ്പിക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം.
പാലത്തിന്റെ രൂപകല്‍പ്പനയില്‍ ബാലന്‍സ്ഡ് കാന്റിലിവര്‍ രീതിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് ഉള്‍നാടന്‍ ജലപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ പരിധിയില്‍ വരുന്ന പെരിയാറിന് മുകളിലുള്ള അതിന്റെ സ്ഥാനം അടിസ്ഥാനമാക്കിയുള്ള ഒരു തീരുമാനമാണ്. പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ജോലികള്‍ പുരോഗമിക്കുകയാണ്. ഇപ്പോൾ അന്തിമഘട്ടത്തിലാണ്.
‘മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ അനുയോജ്യമായ രീതിയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ബോട്ടുകളുടെ സുരക്ഷിതമായ കടന്നുപോകല്‍ ഉറപ്പാക്കാന്‍ ആവശ്യമായ പ്രത്യേക ലംബവും തിരശ്ചീനവുമായ ക്ലിയറന്‍സ് കാരണം ഞങ്ങള്‍ സന്തുലിത കാന്റിലിവര്‍ രീതിയാണ് തെരഞ്ഞെടുത്തത്’- നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2001 ജനുവരി 16 ന് ഉദ്ഘാടനം ചെയ്ത പഴയ വരാപ്പുഴ പാലം, കേരളത്തില്‍ നിര്‍മ്മിച്ച ആദ്യത്തെ സന്തുലിത കാന്റിലിവര്‍ പാലമായിരുന്നു. ‘പുതിയ പാലം ഗതാഗതം സുഗമമാക്കുകയും യാത്രക്കാര്‍ക്ക് മനോഹരമായ പ്രകൃതിദൃശ്യങ്ങളുടെ കാഴ്ചകള്‍ നല്‍കുകയും ചെയ്യും,’- ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സാധാരണ പാലങ്ങളെ അപേക്ഷിച്ച് 50 മീറ്ററില്‍ കൂടുതലുള്ള സ്പാനുകള്‍ക്ക് അനുയോജ്യമായ ഒരു നിര്‍മ്മാണ സാങ്കേതികവിദ്യയാണ് സന്തുലിത കാന്റിലിവര്‍ രീതി. പുതിയ പാലത്തിന് ആകെ 26 സ്പാനുകള്‍ ഉണ്ട്. ഇടപ്പള്ളി-മൂത്തകുന്നം എന്‍എച്ച് 66 പാത ആറ് വരി പാതയാക്കി വീതികൂട്ടുന്നതിനുള്ള 1,618 കോടി രൂപയുടെ പദ്ധതിയുടെ ഏകദേശം 70 ശതമാനം പൂര്‍ത്തിയായതായി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 164 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇടപ്പള്ളി-രാമനാട്ടുകര എന്‍എച്ച് 66 വീതികൂട്ടല്‍ ശ്രമത്തിലെ അഞ്ച് റീച്ചുകളില്‍ ആദ്യത്തേതാണ് ഈ 26.03 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ ഭാഗം. ഒരു റെയില്‍വേ മേല്‍പ്പാലം (ആര്‍ഒബി), നാല് ഫ്‌ലൈഓവറുകള്‍, ഏഴ് പ്രധാന പാലങ്ങള്‍ (വരാപ്പുഴ പാലം ഉള്‍പ്പെടെ), എട്ട് ചെറിയ പാലങ്ങള്‍, വിവിധ വാഹന, കാല്‍നട അണ്ടര്‍പാസുകള്‍ എന്നിവയുടെ നിര്‍മ്മാണം ഇതില്‍ ഉള്‍പ്പെടുന്നു.


by Midhun HP News | Nov 26, 2025 | Latest News, കേരളം
കൊച്ചി: 2008 ഐപിഎല്‍ സീസണില്‍ ‘സ്ലാപ്‌ഗേറ്റ്’ വിവാദത്തെ കുറിച്ച് പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്ത്. ഐപിഎല്ലിന്റെ ഉദ്ഘാടന സീസണില്‍ പഞ്ചാബ് കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരത്തിനു പിന്നാലെയായിരുന്നു ശ്രീശാന്തിനെ ഹര്‍ഭജന്‍ സിങ് തല്ലിയത്. തന്നെ തല്ലിയ ഹര്‍ഭജന്‍ സിങ്ങിന് എന്തുകൊണ്ട് ഗ്രൗണ്ടില്‍ തന്നെ മറുപടി നല്‍കിയില്ലെന്ന കാരണവും ശ്രീശാന്ത് വെളിപ്പെടുത്തി. ഒരു യുട്യൂബ് ചാനലിലെ അഭിമുഖത്തിലായിരുന്നു ശ്രീാന്തിന്റെ പ്രതികരണം.
ഹര്‍ഭജന്‍ സിങ്ങും ശ്രീശാന്തും തമ്മിലുള്ള വിവാദ വിഡിയോ ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദി അടുത്തിടെ പുറത്തുവിട്ടിരുന്നു. അന്ന് ഹര്‍ഭജന്‍ സിങ്ങിനോട് പ്രതികാരം ചെയ്യാന്‍ പോയിരുന്നെങ്കില്‍ മറ്റ് മലയാളി താരങ്ങളുടെയും കരിയറിനെ അതു ബാധിക്കുമായിരുന്നെന്നും ശ്രീശാന്ത് വ്യക്തമാക്കി.
‘ഇത്രയും അഗ്രെഷന്‍ കാണിക്കുന്ന താരമായിട്ടു പോലും എന്തുകൊണ്ട് ഹര്‍ഭജന്‍ സിങ്ങിനെ തല്ലിയില്ലെന്നാണു പല മലയാളികളും എന്നോടു ചോദിക്കുന്നത്. ഗ്രൗണ്ടില്‍വച്ചു തന്നെ തിരിച്ചടിക്കണമായിരുന്നെന്നാണ് ചിലരുടെ അഭിപ്രായം. ഞാന്‍ അത് ചെയ്തിരുന്നെങ്കില്‍ എനിക്ക് പിന്നെ ഒരിക്കലും കളിക്കാന്‍ സാധിക്കുമായിരുന്നില്ല. അന്ന് കേരളത്തിന് ഇന്ത്യന്‍ ക്രിക്കറ്റില്‍ അത്ര വലിയ സ്വാധീനമൊന്നുമില്ല, കേരളത്തില്‍നിന്ന് ഞാന്‍ മാത്രമാണ് അപ്പോള്‍ ഇന്ത്യന്‍ ടീമില്‍ കളിച്ചിരുന്നത്.’ ശ്രീശാന്ത് പറഞ്ഞു.


Recent Comments