by Midhun HP News | Nov 25, 2025 | Latest News, കേരളം
തിരുവനന്തപുരം: മലേഷ്യയ്ക്കും മലാക്ക കടലിടുക്കിനും മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നിലവില്‍ ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് കൂടുതല്‍ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ ബുധനാഴ്ച വരെ കനത്തമഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.
ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി ശക്തിപ്പെട്ടാല്‍, റൊട്ടേഷന്‍ അനുസരിച്ച് അതിന് ‘സെന്യാര്‍’ എന്ന പേരിടും. ‘സിംഹം’ എന്നര്‍ത്ഥം വരുന്ന പേര് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ആണ് നല്‍കിയത്. വടക്കേ ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളില്‍ ഉണ്ടാവുന്ന ചുഴലിക്കാറ്റുകള്‍ക്ക് ഇടുന്ന പേരുകളുടെ പട്ടികയിലെ അടുത്ത പേരാണ് സെന്യാര്‍.
അതിനിടെ കന്യാകുമാരി കടലിന് സമീപത്തായി തുടരുന്ന ചക്രവാതച്ചുഴി കന്യാകുമാരി കടല്‍, ശ്രീലങ്ക, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവയ്ക്ക് മുകളില്‍ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്ക് – വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ശക്തി കൂടിയ ന്യുനമര്‍ദ്ദമായും തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ ഇത് കൂടുതല്‍ ശക്തിപ്രാപിച്ച് തീവ്രന്യുനമര്‍ദ്ദമായി ശക്തിപ്രാപിക്കാനും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ചുഴലിക്കാറ്റ്, ന്യൂനമര്‍ദ്ദം എന്നിവയുടെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം നേരിയ / ഇടത്തരം മഴയ്ക്കും ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം ജില്ലയിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


by Midhun HP News | Nov 25, 2025 | Latest News, കേരളം
മലപ്പുറം: എസ്ഐആറിന്റെ ഫോം കളക്ഷന്‍ ക്യാംപില്‍ സ്ത്രീകള്‍ക്ക് മുന്നില്‍ വച്ച് അശ്ലീല പ്രദര്‍ശനം നടത്തി ബിഎല്‍ഒ. മലപ്പുറം തിരൂര്‍ തൃപ്രങ്ങോട് പഞ്ചായത്തിലെ 38-ാം നമ്പര്‍ ബൂത്തിലെ ബിഎല്‍ഒ വാസുദേവനാണ് ഇങ്ങനെ നിലവിട്ട് പെരുമാറിയത്. ഫോം വിതരണത്തിനിടെ നാട്ടുകാരുടെ ഭാഗത്ത് നിന്ന് ഉണ്ടായ ചില ചോദ്യങ്ങളില്‍ പ്രകോപിതനായ വാസുദേവന്‍ മുണ്ട് അഴിച്ച് കാണിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ബിഎല്‍ഒയ്‌ക്കെതിരെ നടപടി എടുത്തിരിക്കുകയാണ് ജില്ലാ കലക്ടര്‍. വാസുദേവനെ ബിഎല്‍ഒ ചുമതലയില്‍ നിന്ന് മാറ്റിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. പകരം മറ്റൊരാള്‍ക്ക് ചുമതല നല്‍കി. തുടര്‍നടപടികള്‍ ഉണ്ടാവുമെന്ന് പറഞ്ഞ കലക്ടര്‍, തുടക്കമെന്ന നിലയില്‍ വാസുദേവന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. വിശദീകരണം ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു. പെട്ടെന്ന് ഉണ്ടായ പ്രകോപനത്തില്‍ ചെയ്ത് പോയതാണെന്നാണ് വാസുദേവന്റെ പ്രതികരണം. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പാലിക്കേണ്ട ചട്ടങ്ങള്‍ പാലിച്ചില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി.
വ്യാഴാഴ്ചയാണ് സംഭവം. നാട്ടുകാരുടെ ഭാഗത്ത് നിന്ന് ഉണ്ടായ ചില ചോദ്യങ്ങളില്‍ പ്രകോപിതനായ ബിഎല്‍ഒ മുണ്ട് അഴിച്ച് കാണിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സ്ത്രീകള്‍ തൊട്ട് അടുത്ത് നില്‍ക്കുമ്പോഴായിരുന്നു ബിഎല്‍ഒയുടെ അശ്ലീല പ്രദര്‍ശനം. തൊട്ടടുത്തുണ്ടായിരുന്ന സ്ത്രീകള്‍ മുഖം മാറ്റുന്നത് അടക്കം ദൃശ്യങ്ങളിലുണ്ട്. എസ്ഐആര്‍ ജോലിയുടെ ഭാഗമായി ബിഎല്‍ഒമാര്‍ അനുഭവിക്കുന്ന സമ്മര്‍ദങ്ങളുടെ പേരില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതിനിടെ ബിഎല്‍എയുടെ ഭാഗത്ത് നിന്ന് ഉണ്ടായ മോശം പെരുമാറ്റം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.


by Midhun HP News | Nov 25, 2025 | Latest News, കേരളം
തൃശൂര്‍: ദേശീയപാതയില്‍ കുതിരാന്‍ തുരങ്കത്തിനുള്ളില്‍ മിനി ലോറി അപകടത്തില്‍പ്പെട്ട് യാത്രക്കാരന്റെ കൈ അറ്റുപോയി. കൊല്ലങ്കോട് സ്വദേശി സുജിന്റെ (22) ഇടതുകൈ ആണ് മുട്ടിന് മുകളില്‍ വെച്ച് അറ്റുപോയത്.
ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. മിനി ലോറിയുടെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണം. നിയന്ത്രണം വിട്ട വാഹനം തുരങ്കത്തിന്റെ ഒരു വശം ചേര്‍ന്ന് പോവുന്നതിന്റെയും കൈവരിയില്‍ തട്ടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതിനിടെ സുജിന്റെ കൈ കൈവരിയില്‍ പെടുകയായിരുന്നു.
പരിക്കേറ്റ സുജിനെ ഒരു ആംബുലന്‍സിലും കൈ മറ്റൊരു ആംബുലന്‍സിലുമായാണ് ആശുപത്രിയില്‍ എത്തിച്ചത്. കോഴി കയറ്റി വന്ന മിനി ലോറിയാണ് അപകടത്തില്‍പ്പെട്ടത്.


by Midhun HP News | Nov 25, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. ഓച്ചിറയിലും ആലപ്പുഴയിലും മേൽപ്പാലങ്ങളുടെ പണി നടക്കുന്നതിനാലാണ് നിയന്ത്രണം. ചില ട്രെയിനുകൾ ഭാഗികമായും ചിലത് വൈകിയുമായിരിക്കും സർവീസ് നടത്തുക.
ഭാഗികമായി റദ്ദാക്കി
ഇന്നലെ നിസാമുദ്ദീനിൽ നിന്നു പുറപ്പെട്ട തിരുവനന്തപുരം വീക്ക്ലി എക്സ്പ്രസ് (22654) നാളെ പുലർച്ചെ കായംകുളത്ത് യാത്ര അവസാനിപ്പിക്കും. ഇന്ന് വൈകീട്ട് 4നു ചെന്നൈയിൽ നിന്നു പുറപ്പെടുന്ന ചെന്നൈ- തിരുവനന്തപുരം എസി എക്സ്പ്രസ് എറണാകുളം ജങ്ഷനിൽ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം- ചെന്നൈ എസി എക്സ്പ്രസ് നാളെ രാത്രി 7.35ന് എറണാകുളത്ത് നിന്നു പുറപ്പെടും.
വൈകുന്നവ
ഇന്നത്തെ മഗളൂരു- തിരുവനന്തപുരം എക്സ്പ്രസ് (16348) രണ്ട മണിക്കൂർ വൈകിയാണ് ഓടുന്നത്. രാമേശ്വരം- തിരുവനന്തപുരം അമൃത എക്സ്പ്രസ്, ഗുരുവായൂർ- ചെന്നൈ എക്സ്പ്രസ്, നിലമ്പൂർ- തിരുവനന്തപുരം നോർത്ത് രാജ്യറാണി എന്നിവ 2 മണിക്കൂറും വൈകും.
ഇന്നത്തെ മംഗളൂരു- തിരുവനന്തപുരം മാവേലി, മംഗളൂരു- തിരുവനന്തപുരം അന്ത്യോദയ എന്നിവ ഒന്നര മണിക്കൂർ വൈകും. തിരുപ്പതി- കൊല്ലം എക്സ്പ്രസ്, ചെന്നൈ- തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് എന്നിവ അര മണിക്കൂറും വൈകും. ഇന്നത്തെ മംഗളൂരു- തിരുവനന്തപുരം മലബാർ 10 മിനിറ്റും ചെന്നൈ- ഗുരുവായൂർ എക്സ്പ്രസ് രണ്ടര മണിക്കൂറും വൈകും.
നാളെ പുലർച്ചെ 3.45നുള്ള കൊല്ലം- ആലപ്പുഴ മെമു 30 മിനിറ്റ് വൈകും. 4.20ന്റെ കൊല്ലം എറണാകുളം മെമു 10 മിനിറ്റും വൈകും.
by Midhun HP News | Nov 25, 2025 | Latest News, കേരളം
കണ്ണൂർ: പയ്യന്നൂരിൽ പൊലീസിനു നേരെ ബോംബെറിഞ്ഞ കേസിൽ സിപിഎം സ്ഥാനാർത്ഥി അടക്കമുള്ള പ്രതികൾക്ക് 20 വർഷം കഠിന തടവ്. പയ്യന്നൂർ നഗരസഭ 46-ാം വാർഡ് പുതിയങ്കാവിലെ എൽഡിഎഫ് സ്ഥാനാർത്ഥി പയ്യന്നൂർ കാറമേൽ വി കെ നിഷാദ്, വെള്ളൂർ ടി സി വി നന്ദകുമാർ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പട്ടാപ്പകൽ പൊലീസുകാരെ ബോംബെറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന കേസിലാണ് കോടതി വിധി.
കേസിൽ എ മിഥുൻ, കെ വി കൃപേഷ് എന്നിവരെ കോടതി വെറുതെ വിട്ടിരുന്നു. ബോംബ് കൈവശം വെച്ചതിന് അഞ്ചു വർഷം കഠിന തടവ്, പൊലീസുകാർക്കെതിരെ ബോംബെറിഞ്ഞതിന് 10 വർഷം കഠിന തടവ്, വധശ്രമക്കേസിൽ 5 വർഷം കഠിന തടവ് എന്നിങ്ങനെ 20 വർഷം കഠിന തടവാണ് ശിക്ഷ വിധിച്ചത്. പ്രതികൾ 10 വർഷം കഠിന തടവ് അനുഭവിച്ചാൽ മതിയാകും. ശിക്ഷാവിധി വരുന്നതു കണക്കിലെടുത്ത് നിഷാദിന്റെ ഡമ്മി സ്ഥാനാർത്ഥിയെ പിൻവലിച്ചിരുന്നില്ല.
ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമാണ് പ്രതിയായ വി കെ നിഷാദ്. 2012 ഓഗസ്റ്റ് ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം. പയ്യന്നൂർ എസ്ഐ ആയിരുന്ന കെ പി രാമകൃഷ്ണന്റെ വാഹനത്തിനു നേരെ ബൈക്കിൽ എത്തി ബോംബെറിഞ്ഞ കേസിലാണ് ഇവരെ കുറ്റക്കാരാണെന്നു കണ്ടെത്തിയത്. വധശ്രമം, സ്ഫോടക വസ്തു നിയമത്തിലെ മൂന്നു വകുപ്പുകൾ അടക്കം തെളിഞ്ഞതായി കോടതി വ്യക്തമാക്കിയിരുന്നു.
എംഎസ്എഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട്, അന്ന് സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജനെ അറസ്റ്റ് ചെയ്തതിനെ തുടർന്നുള്ള സംഘർഷത്തിന്റെ ഭാഗമായാണ് പൊലീസിനെതിരെ ബോംബേറ് നടന്നത്. പൊലീസ് സംഘം പട്രോളിങ് നടത്തുന്നതിനിടെ നിഷാദും മറ്റു മൂന്നുപേരും അതിവേഗം രണ്ടു ബൈക്കുകളിലെത്തി. പൊലീസ് ഒച്ചവച്ചപ്പോൾ ഇവർക്കു നേരെ ബോംബെറിഞ്ഞ ശേഷം ബൈക്ക് ഓടിച്ചുപോകുകയായിരുന്നുവെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്.


by Midhun HP News | Nov 25, 2025 | Latest News, കേരളം
തൃശൂർ: അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകളും ആൺ സുഹൃത്തും പിടിയിൽ. മുണ്ടൂർ സ്വദേശി തങ്കമണി (75)യുടെ കൊലപാതകത്തിൽ മകൾ സന്ധ്യയും കാമുകൻ നിധിനുമാണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് തങ്കമണി കൊല്ലപ്പെട്ടത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കൊലപാതകമാണെന്നു തെളിഞ്ഞത്.
അമ്മ തലയടിച്ചു വീണു മരിച്ചുവെന്നാണ് സന്ധ്യ ആദ്യം പറഞ്ഞത്. എന്നാൽ പോസ്റ്റുമോർട്ടത്തിൽ സത്യം വെളിച്ചത്തു വന്നു. 45കാരിയായ സന്ധ്യയും ഇവരുടെ കാമുകനും അയൽവാസിയുമായ 27കാരൻ നിധിനും ചേർന്നാണ് കൊല നടത്തിയത്. തങ്കമണിയെ തലയ്ക്കടിച്ചു കൊന്ന ശേഷം മൃതദേഹം രാത്രി പറമ്പിൽ കൊണ്ടിടുകയായിരുന്നു. തങ്കമണിയുടെ സ്വർണാഭരണം തട്ടിയെടുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. തങ്കമണിയുടെ ഏക മകളാണ് സന്ധ്യ. ഇവർക്ക് ഭർത്താവും ഒരു മകനുമുണ്ട്. നിധിൻ അവിവാഹിതനാണ്. കൊലയ്ക്കു ശേഷം തലയടിച്ചു വീണു മരിച്ചതാണെന്നു സന്ധ്യ ഭർത്താവിനേയും കുടുംബക്കാരേയും വിശ്വസിപ്പിക്കുകയായിരുന്നു.


Recent Comments