പാലത്തായി പീഡനക്കേസ്: കെ പത്മരാജനെ അധ്യാപന ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

പാലത്തായി പീഡനക്കേസ്: കെ പത്മരാജനെ അധ്യാപന ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

തലശേരി: പാലത്തായി പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട അധ്യാപകന്‍ കെ പത്മരാജനെ (49) സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. ബിജെപി നേതാവ് കൂടിയായ കടവത്തൂര്‍ മുണ്ടത്തോട്ടെ കുറുങ്ങാട്ട് ഹൗസില്‍ കെ പത്മരാജനെ സര്‍വീസില്‍ നിന്ന് അടിയന്തിരമായി നീക്കാന്‍ സ്‌കൂള്‍ മാനേജര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പോക്‌സോ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അധ്യാപകന്‍ പത്മരാജനെ സേവനത്തില്‍ നിന്നും പിരിച്ചുവിട്ടുകൊണ്ട് സ്‌കൂള്‍ മാനേജര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

പാലത്തായി പോക്‌സോ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അധ്യാപകന്‍ പത്മരാജനെ സേവനത്തില്‍ നിന്നും പിരിച്ചുവിട്ടുകൊണ്ട് സ്‌കൂള്‍ മാനേജര്‍ ഉത്തരവ് പുറപ്പെടുവിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഫെയ്‌സ് ബുക്ക് പോസ്റ്റിലാണ് വി ശിവന്‍കുട്ടി ഇക്കാര്യം അറിയിച്ചത്.

ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പത്മരാജന്‍ നാലാംക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. തലശേരി അതിവേഗ പോക്സോ കോടതി ജഡ്ജി എംടി ജലജ റാണിയാണ് കെ പത്മരാജന് മരണം വരെ തടവിന് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് ശിക്ഷ അനുവദിക്കണം എന്നാണ് വിധി.

2020 ജനുവരിയിലും ഫെബ്രുവരിയിലും മൂന്ന് തവണ പത്മരാജന്‍ പെണ്‍കുട്ടിയെ ശുചിമുറിയില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. പത്തുവയസുകാരി സ്‌കൂളിലെ ശുചിമുറിയില്‍ നിന്നും പീഡനത്തിനിരയായ വിവരം ചൈല്‍ഡ് ലൈനിനാണ് ആദ്യം ലഭിച്ചത്. കുട്ടിയുടെ ഉമ്മ നല്‍കിയ പരാതിയില്‍ പാനൂര്‍ പൊലീസ് 2020 മാര്‍ച്ച് 17 നാണ് കേസെടുത്തത്. പൊയിലൂര്‍ വിളക്കോട്ടൂരിലെ ഒളിയിടത്തില്‍നിന്നാണ് ഏപ്രില്‍ 15ന് പ്രതിയെ അറസ്റ്റുചെയ്തത്.

എറണാകുളത്ത് 15 ടൂറിസ്റ്റ് ബസുകള്‍ പിടിച്ച് എംവിഡി

എറണാകുളത്ത് 15 ടൂറിസ്റ്റ് ബസുകള്‍ പിടിച്ച് എംവിഡി

കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തി സര്‍വീസ് നടത്തിയ ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കടുത്ത നടപടി തുടങ്ങി. എറണാകുളം ജില്ലയില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ കണ്ണഞ്ചിപ്പിക്കുന്ന ലേസര്‍ ലൈറ്റുകള്‍, ഹൈ-ഫ്രീക്ക്വന്‍സി ഓഡിയോ സിസ്റ്റങ്ങള്‍ എന്നിവ ഘടിപ്പിച്ച ഏകദേശം 15 ടൂറിസ്റ്റ് ബസുകളെയാണ് പിടിച്ചെടുത്തത്.

ഡ്രൈവര്‍ ക്യാബിനില്‍ വ്‌ലോഗ് ചിത്രീകരണം, യാത്രയ്ക്കിടെ അപകടകരമായ ലേസര്‍ ലൈറ്റുകള്‍ ഉപയോഗിക്കല്‍ തുടങ്ങിയ പ്രവൃത്തികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ പ്രത്യേക നിര്‍ദേശം പ്രകാരം എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ബിജു ഐസക്കിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സ്‌ക്വാഡുകളാണ് പരിശോധന നടത്തിയത്.

ഓരോ നിയമവിരുദ്ധ രൂപമാറ്റത്തിനും 5,000 രൂപ വീതം പിഴ ചുമത്തിയിട്ടുണ്ട്. മാറ്റങ്ങള്‍ നീക്കം ചെയ്ത് വാഹനം വീണ്ടും പരിശോധനയ്ക്ക് ഹാജരാക്കുന്നതുവരെ സര്‍വീസ് തുടരാന്‍ അനുവാദമില്ല. ഗുരുതരമായ രൂപമാറ്റം കണ്ടെത്തിയ വാഹനങ്ങളുടെ ഫിറ്റ്‌നസും റദ്ദാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന കൂടുതല്‍ ശക്തമാക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ അറിയിച്ചു.

ശബരിമല സ്വര്‍ണക്കൊള്ള: നടന്‍ ജയറാം സാക്ഷിയാകും, വിവരങ്ങള്‍ തേടാന്‍ എസ്‌ഐടി

ശബരിമല സ്വര്‍ണക്കൊള്ള: നടന്‍ ജയറാം സാക്ഷിയാകും, വിവരങ്ങള്‍ തേടാന്‍ എസ്‌ഐടി

കൊച്ചി: ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണക്കൊള്ളക്കേസില്‍ നടന്‍ ജയറാം സാക്ഷിയാകും. ചെന്നൈയിലേക്ക് കൊണ്ടുപോയ ദ്വാര പാലക ശില്‍പങ്ങളുടെ പാളികള്‍ ഉള്‍പ്പെടെ വച്ച് കേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയ പൂജയില്‍ ജയറമും പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘം ജയറാമിന്റെ മൊഴിയെടുക്കാന്‍ ഒരുങ്ങുന്നത്. ഇതിനായി അന്വേഷണ സംഘം ജയറാമിന്റെ സമയം തേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

അറ്റകുറ്റപ്പണിക്ക് എന്ന പേരില്‍ ശബരിമലയില്‍ നിന്നും കൊണ്ടുപോയ സ്വര്‍ണപ്പാളിയും ദ്വാരപാലക ശില്‍പവും ഉണ്ണികൃഷ്ണന്‍ പോറ്റി പലയിലടങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും പൂജക്ക് വെക്കുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള ഒരു ചടങ്ങില്‍ നടന്‍ ജയറാം, ഗായകന്‍ വീരമണി തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. 2019 ല്‍ ചെന്നൈയില്‍ നടന്ന പൂജയുടെ ദൃശ്യങ്ങളും കേസിന്റെ ആദ്യഘട്ടത്തില്‍ തന്നെ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം വിവരങ്ങള്‍ക്കായി ജയറാമിനെ സമീപിക്കുന്നത്.

ശബരിമലയില്‍ വച്ചുള്ള പരിചയത്തിന്റെ പുറത്താണ് ഉണ്ണികൃഷ്ണന്‍ പോറ്റി സംഘടിപ്പിച്ച പൂജയിലേക്ക് എത്തിച്ചത്. എന്നാല്‍ ഇയാള്‍ തന്റെ പക്കല്‍ നിന്നും പണം വാങ്ങിയിട്ടില്ല. സ്വര്‍ണപ്പാളിയില്‍ പൂജനടത്താനായത് എന്റെ ജീവിതത്തിലെ മഹാഭാഗ്യമായാണ് കരുതിയത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തിനും സഹകരിക്കുമെന്നും ജയറാം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

വയനാട്ടില്‍ സ്‌കൂള്‍ വിനോദയാത്രയ്ക്കിടെ ഭക്ഷ്യവിഷബാധ; 24 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

വയനാട്ടില്‍ സ്‌കൂള്‍ വിനോദയാത്രയ്ക്കിടെ ഭക്ഷ്യവിഷബാധ; 24 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കല്‍പ്പറ്റ: വയനാട്ടില്‍ സ്‌കൂള്‍ വിനോദയാത്രയ്ക്കിടെ ഭക്ഷ്യവിഷബാധ. പുല്‍പ്പള്ളി ചേകാടി എയുപി സ്‌കൂളിലെ 24 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയത്. യാത്രയ്ക്കിടെ കുട്ടികള്‍ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. വിനോദയാത്രയ്ക്ക് കൊണ്ടുപോയ ഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. കുട്ടികള്‍ക്ക് കാര്യമായി ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ല.

മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുട്ടികള്‍ ചികിത്സയിലാണ്. കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ കാര്യം സ്‌കൂള്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

സ്പായിൽ പോയ സിപിഒയെ ഭീഷണിപ്പെടുത്തി 4 ലക്ഷം തട്ടി; എസ്ഐയ്ക്ക് സസ്പെന്‍ഷന്‍; കൂട്ടാളി പിടിയിൽ

സ്പായിൽ പോയ സിപിഒയെ ഭീഷണിപ്പെടുത്തി 4 ലക്ഷം തട്ടി; എസ്ഐയ്ക്ക് സസ്പെന്‍ഷന്‍; കൂട്ടാളി പിടിയിൽ

കൊച്ചി: സ്പായില്‍ നിന്ന് മാല മോഷ്ടിച്ചെന്ന് ആരോപിച്ച് സിവിൽ പൊലീസ് ഓഫീസറെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ എസ് ഐക്കെതിരെ നടപടി. പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ കെ ബൈജുവിനെ സസ്പെൻഡ് ചെയ്തു. തട്ടിയെടുത്ത പണത്തില്‍ 2 ലക്ഷം രൂപ എസ്ഐ ബൈജുവിന് ലഭിച്ചെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

കേസിൽ എസ്ഐ ബൈജുവിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം ശക്തമാക്കി. മോഷണ വിവരം ഭാര്യയോട് പറയുമെന്ന് ഭീഷണിപ്പെടുത്തി ബൈജുവും സംഘവും ചേർന്ന് നാലുലക്ഷം രൂപ എസ്ഐ കൈക്കലാക്കിയെന്നാണ് കേസ്. സംഭവത്തില്‍ സ്പാ നടത്തുന്ന യുവതിയെ അടക്കം മൂന്നുപേരെ പ്രതി ചേര്‍ത്തു. ബൈജുവിന്റെ കൂട്ടാളിയെ പൊലീസ് പിടികൂടിയിട്ടുണ്ട്. സ്പാ നടത്തുന്ന യുവതിയും ഒളിവിലാണ്. നവംബര്‍ എട്ടിനാണ് സിപിഒ സ്പായിലെത്തി മടങ്ങിയത്. ഇതിന് പിന്നാലെ സ്പാ നടത്തുന്ന യുവതി മാല നഷ്ടമായ കാര്യം പൊലീസ് ഉദ്യോ​ഗസ്ഥരെ അറിയിക്കുകയും, പൊലീസുകാരൻ എടുത്തു കൊണ്ടുപോയതാണെന്ന് ആരോപിക്കുകയും ചെയ്തു. പിന്നാലെ എസ്ഐയും സംഘവും പൊലീസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു.

കുളിമുറിയില്‍ വീണ് പരിക്ക്; ജി സുധാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കുളിമുറിയില്‍ വീണ് പരിക്ക്; ജി സുധാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ആലപ്പുഴ: മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി സുധാകരന് കുളിമുറിയില്‍ വീണ് പരിക്കേറ്റു. ആശുപത്രിയില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ അസ്ഥികള്‍ക്ക് ഒന്നിലധികം പൊട്ടലുള്ളതായി കണ്ടെത്തി.

വിദഗ്ധ ചികിത്സയ്ക്കായി ജി സുധാകരനെ പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓപ്പറേഷനും തുടര്‍ചികിത്സയും ഉള്ളതിനാല്‍ രണ്ട് മാസം പൂര്‍ണവിശ്രമത്തിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ‘ഇന്ന് രാവിലെ കുളിമുറിയില്‍ വഴുതി വീണ് കാലിന് പരിക്കേല്‍ക്കുകയും സാഗര ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അവിടെ നടത്തിയ പരിശോധനയില്‍ മള്‍ട്ടിപ്പിള്‍ ഫ്രാക്ചര്‍ കണ്ടെത്തിയതിനാല്‍ വിദഗ്ധ ചികിത്സയ്ക്ക് പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓപ്പറേഷനും തുടര്‍ചികിത്സയും ഉള്ളതിനാല്‍ തുടര്‍ന്നുള്ള രണ്ട് മാസം പൂര്‍ണ്ണ വിശ്രമം ആവശ്യമാണ്’ ജി. സുധാകരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ കുറച്ചു നാളുകളായി പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുകയാണ് ജി. സുധാകരന്‍. അതിനിടെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പരസ്യമായി ജി. സുധാകരനെ പുകഴ്ത്തിയിരുന്നു. ആര്‍എസ്പി നേതാവ് ടി.ജെ. ചന്ദ്രചൂഡന്റെ പേരിലുള്ള പുരസ്‌കാരദാന വേദിയിലാണ് സതീശന്‍ ജി.സുധാകരനെ പുകഴ്ത്തിയത്.ആശയങ്ങളില്‍ ഒരിക്കലും വെള്ളം ചേര്‍ക്കാത്ത, തികഞ്ഞ കമ്യൂണിസ്റ്റ് നേതാവാണ് ജി.സുധാകരന്‍ എന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞത്.