വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തു; വിരുന്നുകാരും നാട്ടുകാരും തമ്മില്‍ പൊരിഞ്ഞ തല്ല്

വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തു; വിരുന്നുകാരും നാട്ടുകാരും തമ്മില്‍ പൊരിഞ്ഞ തല്ല്

തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പൊലീസ് ലാത്തി വീശി. പൊലീസുകാര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്ക്.

ചെറുതുരുത്തി വെട്ടിക്കാട്ടിരി കെജെഎം ഓഡിറ്റോറിയത്തില്‍ കല്യാണത്തിന് വന്നവരും നാട്ടുകാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. പള്ളം സ്വദേശിയുടേയും ആറ്റൂര്‍ സ്വദേശിനിയുടെയും വിവാഹം ഓഡിറ്റോറിയത്തില്‍ നടക്കവേ കല്യാണത്തിന് വന്ന വാഹനങ്ങള്‍ മൂലം റോഡ് ബ്ലോക്ക് ആയതിനെ തുടര്‍ന്നായിരുന്നു സംഭവം.

റോഡിലൂടെ വന്നിരുന്ന ടിപ്പര്‍ ഹോണ്‍ മുഴക്കുകയും ഇതേ തുടര്‍ന്ന് വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. വിവാഹത്തിനു വന്ന ആളുകള്‍ ചേര്‍ന്ന് ടിപ്പര്‍ ഡ്രൈവറെ മര്‍ദ്ദിച്ചതോടെ പ്രശ്നം വഷളായി. ഇതോടെ നാട്ടുകാര്‍ സംഘടിക്കുകയും ഡ്രൈവറെ മര്‍ദ്ദിച്ചവരെ തടയുകയുകയുമായിരുന്നു. പിന്നാലെ കല്ലേറും ഉണ്ടായി. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചെറുതുരുത്തി പൊലീസെത്തി ലാത്തിവീശി. പൊലീസുകാര്‍ക്കും പരിക്കുണ്ട്.

12 കോടിയുടെ ഭാഗ്യശാലി ആര്? പൂജാ ബംപര്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു

12 കോടിയുടെ ഭാഗ്യശാലി ആര്? പൂജാ ബംപര്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം: ഒന്നാം സമ്മാനമായി 12 കോടി രൂപ നല്‍കുന്ന പൂജാ ബംപര്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 12 കോടി രൂപ പാലക്കാട് വിറ്റ JD 545542 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. രണ്ടാം സമ്മാനമായ ഒരു കോടി രൂപ വീതം അഞ്ചുപേര്‍ക്ക് JA 838734, JB 124349, JC 385583, JD 676775, JE 553135 എന്നി നമ്പറുകളിലുള്ള ടിക്കറ്റുകള്‍ക്കാണ്. മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ പത്തുപേര്‍ക്കാണ് ലഭിച്ചത്. JA 399845, JB 661634, JC 175464, JD 549209, JE 264942, JA 369495, JB 556571, JC 732838, JD 354656, JE 824957 എന്നി നമ്പറുകളിലുള്ള ടിക്കറ്റുകള്‍ക്കാണ് മൂന്നാം സമ്മാനം. ഓരോരുത്തര്‍ക്കും 50 ലക്ഷം രൂപ വീതമാണ് ലഭിക്കുക.

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടമുള്ളതിനാല്‍ ഔദ്യോഗിക ചടങ്ങുകളില്ലാതെയാണ് പ്രഖ്യാപനം നടത്തിയത്.

4th Prize Rs.5,00,000/- [5 Lakh]

JA 170839

JB 404255

JC 585262

JD 259802

JE 645037

5th Prize Rs.2,00,000/- [2 Lakh]

JA 855675

JB 688025

JC 297320

JD 380870

JE 587787

Consolation Prize Rs.1,00,000/-

JA 545542

JB 545542

JC 545542

JE 545542

ലോട്ടറി വകുപ്പില്‍ നിന്ന് പല നികുതി കിഴിച്ചാണ് സമ്മാനര്‍ഹന്റെ അക്കൗണ്ടിലേക്ക് തുക കൈമാറുക. തുക അക്കൗണ്ടിലെത്തിയാല്‍ ആദായ നികുതി നല്‍കേണ്ടത് സമ്മാനം അടിച്ചയാളുടെ ഉത്തരവാദിതമാണ്. 12 കോടി രൂപ പൂജ ബംപറടിച്ചാല്‍, സമ്മാനാര്‍ഹന് ഏജന്‍സി കമ്മീഷന്‍ കുറച്ച ശേഷമെ പണം ലഭിക്കുകയുള്ളൂ. 10 ശതമാനമാണ് ഏജന്‍സി കമ്മീഷന്‍. അതായത് 1.2 കോടി രൂപ ലോട്ടറി വകുപ്പ് ഈടാക്കും.

ബാക്കി 10.8 കോടി രൂപയ്ക്ക് മുകളിലാണ് സമ്മാന നികുതി. 30 ശതമാനം സ്രോതസില്‍ നിന്നുള്ള നികുതിയും ലോട്ടറി വകുപ്പ് ഈടാക്കും. 3.24 കോടി രൂപയാണിത്. ഇതിന് ശേഷം 7.56 കോടി രൂപ സമ്മാനാര്‍ഹന്റെ അക്കൗണ്ടിലെത്തും. ഇതിന് ശേഷം സമ്മാനാര്‍ഹന്‍ നേരിട്ട് അടയ്ക്കേണ്ടതാണ് ബാക്കി നികുതി.

50 ലക്ഷത്തിന് മുകളില്‍ വരുമാനുള്ളവര്‍ നികുതിക്ക് മുകളില്‍ സര്‍ചാര്‍ജ് നല്‍കണം. 50 ലക്ഷം മുതല്‍ 1 കോടി രൂപ വരെ 10 ശതമാനവും ഒരു കോടി മുതല്‍ 2 കോടി വരെ 15%, തുടര്‍ന്ന് 5 കോടി വരെ 25 ശതമാനവും അതിന് ശേഷം 37 ശതമാനവുമാണ് സര്‍ചാര്‍ജ്. ഈ തുക ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന സമയത്ത് സമ്മാനാര്‍ഹനാണ് നല്‍കേണ്ടത്.

‘തൊട്ടോട്ടേ’ എന്ന് ലീലാമണിയമ്മ; ചേർത്ത് പിടിച്ച് വിശേഷങ്ങൾ തിരക്കി മോഹൻലാൽ, വൈറലായി ചിത്രങ്ങൾ

‘തൊട്ടോട്ടേ’ എന്ന് ലീലാമണിയമ്മ; ചേർത്ത് പിടിച്ച് വിശേഷങ്ങൾ തിരക്കി മോഹൻലാൽ, വൈറലായി ചിത്രങ്ങൾ

തന്നെ കാണാനെത്തുന്ന ആരാധകരെ ചേർത്തു പിടിച്ച് വളരെ സ്നേഹത്തോടെ പെരുമാറുന്ന മോഹൻലാലിനെ പലപ്പോഴും നമ്മൾ കണ്ടിട്ടുണ്ട്. മോഹൻലാലിനെ തലമുറകളുടെ നായകനാക്കി നിർത്തുന്നതും ഈ ചേർത്തുനിർത്തലാണെന്നാണ് ആരാധക പക്ഷം. തുടരും എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ‘ഇതാണോ മോഹൻലാൽ?’ എന്ന ചോദ്യവുമായി ലൊക്കേഷനിലേക്ക് എത്തിയ ഏലിക്കുട്ടി വല്യമ്മയും മോഹൻലാലും തമ്മിലുള്ള സംഭാഷണവും അടുത്തകാലത്ത് ഏറെ വൈറലായിരുന്നു.

ആത്മാർഥമായ സ്നേഹം പ്രകടിപ്പിക്കുന്ന സാധാരണക്കാരോട് മോഹൻലാൽ കാണിക്കുന്ന കരുതലിന്റെ മറ്റൊരു ചിത്രമാണിപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. ദൃശ്യം 3 യുടെ ലൊക്കേഷനിൽ മോഹൻലാലിനെ കാണാനെത്തിയതായിരുന്നു എൺപതുകാരിയായ ഐമുറി മാടവന വീട്ടിൽ ലീലാമണിയമ്മ.

പെരുമ്പാവൂര് ഷൂട്ടിങ് നടക്കുന്നതറിഞ്ഞ് ലീലാമണിയമ്മ പേരക്കുട്ടി ശ്യാംകൃഷ്ണയ്ക്കൊപ്പം ആണ് ദൃശ്യം 3 യുടെ ലൊക്കേഷനിലെത്തിയത്. വലിയ തിരക്കായിരുന്നു. അൾത്താരയ്ക്കുള്ളിൽ ഷൂട്ടിങ് നടക്കുന്ന ഭാഗത്തേക്ക്‌ ആരെയും കടത്തിവിടുന്നുണ്ടായിരുന്നില്ല. മറ്റുള്ളവരൊക്കെ ദൂരെ നിന്ന് ലാലിനെ കണ്ട് മടങ്ങി. ലീലാമണിയമ്മ കാത്തിരുന്നു. ലാലിനെ കണ്ടിട്ടേ പോകൂ എന്ന് സിനിമാ പ്രവർത്തകരോട് പറഞ്ഞു. ഒടുവിൽ വൈകിട്ട് അഞ്ചു മണിയോടെ ‘ആരാധിക’ കാത്തിരിക്കുന്നതറിഞ്ഞ് മോഹൻലാൽ, ലീലാമണിയമ്മയുടെ അരികിലെത്തി. വീട്ടിലെ വിശേഷങ്ങളെല്ലാം ചോദിച്ചറിയുന്നതിനിടെ ‘തൊട്ടോട്ടേ’ എന്ന് ആരാധിക ചോദിച്ചപ്പോൾ അദ്ദേഹം ചേർത്തുപിടിച്ചു.

ലാലിനെക്കുറിച്ചെഴുതിയ ഒരു പാട്ട് പാടിക്കേൾപ്പിക്കണം എന്നുണ്ടായിരുന്നെങ്കിലും സമയക്കുറവുമൂലം സാധിച്ചില്ലെന്ന് ലീലാമണിയമ്മ പറഞ്ഞു. കടുത്ത മോഹൻലാൽ ആരാധികയായ ലീലാമണിയമ്മ ടിവിയിൽ വരുന്ന അദ്ദേഹത്തിന്റെ സിനിമകളെല്ലാം ആവർത്തിച്ചു കാണും.

ആറാം തമ്പുരാനാണ് ഏറ്റവും ഇഷ്ടപ്പെട്ട മോഹൻലാൽ സിനിമയെന്നും ലീലാമണിയമ്മ പറയുന്നു. അതേസമയം മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുക്കെട്ടിന്റെ ദൃശ്യം 3 ചിത്രീകരണം തൊടുപുഴയിലും കൊച്ചിയിലുമായി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ജോർജുകുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളാണ് മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് ‌മുൻപ് പറഞ്ഞിരുന്നു.

കെഎസ്ഇബിയിൽ 5000 ലേറെ ഒഴിവുകൾ; മസ്‌ദൂർ ആകാൻ സ്ത്രീകൾക്കും അവസരം, പത്താം ക്ലാസ് ജയിക്കണം

കെഎസ്ഇബിയിൽ 5000 ലേറെ ഒഴിവുകൾ; മസ്‌ദൂർ ആകാൻ സ്ത്രീകൾക്കും അവസരം, പത്താം ക്ലാസ് ജയിക്കണം

കെ എസ് ഇ ബിയിൽ വർക്കർ (മസ്‌ദൂർ) തസ്തികയിൽ നിയമനം നേടുന്നതിന് ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ്സ്‌ പാസ്സ് ആയിരിക്കണം. ഇതുവരെ ഏഴാം ക്ലാസും സൈക്കിൾ ചവിട്ടാനുള്ള കഴിവുമായിരുന്നു യോഗ്യതയായി നിശ്ചയിച്ചിരുന്നത്. ഇതോടെ പത്താം ക്ലാസ് പൂർത്തിയായവർക്ക് അപേക്ഷിക്കാൻ സാധിച്ചിരുന്നില്ല. കേന്ദ്ര വൈദ്യുതി അതോറിറ്റിയാണ് വിദ്യാഭ്യാസ യോഗ്യതയിൽ മാറ്റം വരുത്തിയത്.

വർക്കർ തസ്തികയിൽ അപേക്ഷിക്കുന്നതിന് ഇലക്ട്രിക്കൽ അല്ലെങ്കിൽ വയർമാൻ ട്രേഡിൽ രണ്ടു വർഷത്തെ ഐടിഐ സർട്ടിഫിക്കറ്റും ആവശ്യമാണ്. ഉദ്യോഗാർത്ഥികൾക്ക് സൈക്കിൾ ചവിട്ടാൻ അറിഞ്ഞിരിക്കണം എന്നുള്ള നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. പുരുഷന്മാർക്കൊപ്പം സ്ത്രീകൾക്കും വർക്കർ തസ്തികയിൽ ജോലിക്കായി അപേക്ഷിക്കാം.

സ്ത്രീകളുടെ മിനിമം ഉയരം 144.7 സെന്റീമീറ്റർ ആയിരിക്കണം. ഭിന്നശേഷിക്കാർക്കും നാല് ശതമാനം സംവരണം ഉണ്ടായിരിക്കും. എന്നാൽ ഇവർക്ക് പുറം ജോലികൾ ചെയ്യാനുള്ള ശാരീരികശേഷി വേണമെന്ന് പുതുക്കിയ നിബന്ധനകളിൽ പറയുന്നു.

വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ കാരണം നിയമനം മുടങ്ങിയതോടെ വർക്കർമാരുടെ ക്ഷാമം കെ എസ് ഇ ബിയുടെ പ്രവർത്തനത്തെ ബാധിച്ചിരുന്നു. ഏകദേശം 5000 ത്തിൽ അധികം വർക്കർമാരുടെ ഒഴിവുകൾ നിലവിലുണ്ട് എന്നാണ് കണക്കുകൾ. പുതിയ യോഗ്യത ബാധകമാക്കി ഒഴിവുകൾ ഉടൻ പി എസ് സിക്ക് റിപ്പോർട്ട് ചെയ്തേക്കും.

അതെ സമയം വർക്കർമാർക്ക് ലൈൻമാരായി സ്ഥാനക്കയറ്റം നൽകിയത് സംബന്ധിച്ച കേസുകൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇവയുടെ വിധിക്ക് അനുസരിച്ചാലും നിയമനം സംബന്ധിച്ച് തുടർന്നും നടപടികൾ സ്വീകരിക്കുകയുള്ളൂ എന്നാണ് റിപ്പോർട്ട്.

സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ്; ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ്; ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം വീണ്ടും സജീവമാകുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് 7 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട്. ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരളതീരത്ത് 24-ാം തീയതി വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ഇടിമിന്നൽ ജാഗ്രതാ നിർദേശം

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (21/11/2025) മുതൽ 24/11/2025 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ജാഗ്രതാ നിർദേശങ്ങൾ

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.

സംസ്ഥാനത്ത് വീണ്ടും ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്; ദമ്പതിമാര്‍ക്ക് നഷ്ടമായത് 1.40 കോടി രൂപ

സംസ്ഥാനത്ത് വീണ്ടും ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്; ദമ്പതിമാര്‍ക്ക് നഷ്ടമായത് 1.40 കോടി രൂപ

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ വൃദ്ധ ദമ്പതിമാര്‍ക്ക് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ 1.4 കോടി രൂപയാണ് നഷ്ടമായത്.

ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് സംഭവം. മുംബൈ ക്രൈംബ്രാഞ്ചില്‍ നിന്നാണെന്ന് പരിചയപ്പെടുത്തി ഒരു ഫോണ്‍കോള്‍ വന്നതാണ് തട്ടിപ്പിന്റെ തുടക്കം. ദമ്പതിമാരില്‍ ഭാര്യയുടെ ഫോണ്‍ നമ്പറിലേക്കാണ് കോള്‍ വന്നത്. കുട്ടികളുമായി ബന്ധപ്പെട്ട ഒരു കുറ്റകൃത്യത്തില്‍ ഇവരുടെ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെന്ന് സ്വയം പരിചയപ്പെടുത്തിയ തട്ടിപ്പുകാരന്‍ പറഞ്ഞത്.

ഇതിന്റെ ഭാഗമായി അക്കൗണ്ടിലെ പണം പരിശോധിക്കണമെന്നും നിര്‍ദേശിക്കുന്ന അക്കൗണ്ടിലേക്ക് ഇത് കൈമാറണമെന്നും ആവശ്യപ്പെട്ടു. റിസര്‍വ് ബാങ്കിന്റെ പരിശോധനയ്ക്കായാണ് ഇത് കൈമാറുന്നതെന്നും പരിശോധന പൂര്‍ത്തിയായാല്‍ പണം തിരികെ നല്‍കുമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. ഇതോടെ വയോധിക തന്റെ ബാങ്ക് അക്കൗണ്ടില്‍ ഉണ്ടായിരുന്ന 90 ലക്ഷം രൂപ കൈമാറി. ഭര്‍ത്താവിന്റെ അക്കൗണ്ടിലെ പണവും സമാനരീതിയില്‍ നല്‍കി. ആകെ 1.40 കോടി രൂപയാണ് ഇരുവരും കൈമാറിയത്.

എന്നാല്‍ പണം തിരികെ ലഭിച്ചില്ല. ഇതോടെയാണ് സംഭവം തട്ടിപ്പാണെന്ന് ഇവര്‍ക്ക് ബോധ്യപ്പെട്ടത്. തുടര്‍ന്ന് ബന്ധു മുഖേന ഇവര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.