by Midhun HP News | Nov 21, 2025 | Latest News, കേരളം
കൊച്ചി: ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന നിലയില്‍ എ പത്മകുമാറിന് ഭരണപരമായ വീഴ്ച പറ്റിയെന്ന് സിപിഎം നേതാവ് പി ജയരാജന്‍. സ്വര്‍ണത്തെ ചെമ്പാക്കിയപ്പോള്‍ തിരുത്താന്‍ പത്മകുമാറിന് കഴിഞ്ഞില്ലെന്നും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഇക്കാര്യത്തില്‍ പുലര്‍ത്തിയ ‘അവധാനത ഇല്ലായ്മ’ നീതികരിക്കാന്‍ കഴിയുന്നതല്ലെന്നും പി ജയരാജന്‍ പറഞ്ഞു.
‘അന്വേഷണം ആരംഭിക്കുമ്പോള്‍ തന്നെ എത്ര വലിയ ഉന്നതന്‍ ആണെങ്കിലും പിടിക്കപ്പെടും എന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഒരാളെയും സംരക്ഷിക്കില്ല എന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു , ആ നയം തുടരും’ – പി ജയരാജന്‍ ഫെയസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ജയരാജന്റെ കുറിപ്പ്
പത്മകുമാറിന്റെ അറസ്റ്റും വസ്തുതയും
ശബരിമല സ്വര്‍ണ്ണക്കേസിനും രണ്ട് ഭാഗങ്ങള്‍ ഉണ്ട്. സ്വര്‍ണ്ണം പൂശി നല്‍കാമെന്ന് ഏറ്റ് സ്‌പോണ്‍സറെ പോലെ വന്ന് സ്വര്‍ണ്ണം മോഷ്ടിച്ച ഉണ്ണികൃഷ്ണന്‍ പോറ്റിയും സംഘവും. സ്വര്‍ണ്ണം പൂശാന്‍ വിട്ടു നല്‍കുമ്പോള്‍ ചട്ട പ്രകാരം പാലിക്കേണ്ട നടപടിക്രമങ്ങളില്‍ വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥ / ഭരണവിഭാഗം.
സ്വര്‍ണ്ണം വിട്ടുനല്‍കുമ്പോഴും, ഫയലുകളില്‍ രേഖപ്പെടുത്തലുകളിലും അലംഭാവം കാണിച്ച ഉദ്യോഗസ്ഥ സംഘം.
ഇവരെ നയിക്കുന്നതില്‍ ഭരണപരമായ വീഴ്ച്ച കൂടിയുണ്ട് എന്ന് തെളിഞ്ഞതിനാലാണ് പത്മകുമാറിന്റെ അറസ്റ്റ് നടന്നിരിക്കുന്നത്. ഫയലില്‍ ചെമ്പ് പാളി എന്ന് ഉദ്യേഗസ്ഥര്‍ രേഖപ്പെടുത്തിയത് ‘കറക്റ്റ്’ ചെയ്യുന്ന തില്‍ പഴയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും, പഴയ ദേവസ്വം കമ്മീഷണര്‍ക്കും വീഴ്ച്ച പറ്റി. ഇത് മോഷണത്തിലേക്ക് നയിച്ചു.


by Midhun HP News | Nov 21, 2025 | Latest News, കേരളം
ആലപ്പുഴ: ആശുപത്രി കിടക്കയില്‍ വച്ച് ആവണിയുടെ കഴുത്തില്‍ മിന്നുകെട്ടി ഷാരോണ്‍. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഇന്ന് രാവിലെ തുമ്പോളിയിലെ വീട്ടില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം നടക്കേണ്ടിയിരുന്നത്. രാവിലെ മേക്ക് അപ്പ് ചെയ്യാനായി കുമരകത്തുപോകുന്നതിനിടെ ആവണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. പരിക്കേറ്റ യുവതിയെ കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
വിവാഹം നിശ്ചയിച്ച മൂഹൂര്‍ത്തത്തില്‍ തന്നെ നടക്കണമെന്നതിനാല്‍ വരന്‍ ആശുപത്രിയിലെത്തി വധുവിന്റെ കഴുത്തില്‍ താലി ചാര്‍ത്തുകയായിരുന്നു. ഉച്ചക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു ‘അപൂര്‍വ’ വിവാഹം നടന്നത്. താലി കെട്ടുന്നതിന് യുവതിയെ പരിചരിച്ച ഡോക്ടര്‍മാരും സാക്ഷികളായി. വരന്‍ താലി കെട്ടിയ സമയത്ത് വിവാഹത്തിന് ക്ഷണിച്ചവര്‍ക്ക് തുമ്പോളിയിലെ വീട്ടില്‍ സദ്യയും നടന്നു.
ആവണിക്കു നട്ടെല്ലിനു പരിക്കുണ്ട്. കാലിന്റെ എല്ലിനു പൊട്ടലുമുണ്ട്. നാളെ സര്‍ജറി നടക്കും. ആവണിയുടെ കൂടെയുണ്ടായിരുന്ന മൂന്നു പേര്‍ക്കും പരിക്കേറ്റു. ഇവര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.


by Midhun HP News | Nov 21, 2025 | Latest News, കേരളം
തൃശൂര്‍: വാടകയ്ക്കു നല്‍കിയ കാര്‍ തിരികെ ചോദിച്ചതിന് ഉടമയെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. രക്ഷപ്പെടാന്‍ കാറിന്റെ ബോണറ്റില്‍ പിടിച്ചുതുങ്ങിയ ആലുവ പാനായിക്കുളം സ്വദേശി കൊടിയന്‍ വീട്ടില്‍ സോളമനുമായി കാര്‍ സഞ്ചരിച്ചത് അഞ്ച് കിലോമീറ്റര്‍ ദൂരം. വളരെ വേഗത്തില്‍ പാഞ്ഞ കാറില്‍നിന്ന് ഉടമ രക്ഷപ്പെട്ടത് നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്നാണ്. ഇന്ന് രാവിലെയായിരുന്നു സംഭവം.
നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്ന് കാര്‍ തടഞ്ഞ് യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. തൃശൂര്‍ തിരൂര്‍ സ്വദേശി ബക്കറിനാണ് കാര്‍ വാടകയ്ക്കു നല്‍കിയത്. വിവാഹ ആവശ്യത്തിനെന്ന് പറഞ്ഞാണ് ബക്കര്‍ സോളമനില്‍ നിന്ന കാര്‍ വാടകയ്ക്ക് എടുത്തത്. ഏറെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും കാര്‍ തിരികെ നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് സോളമന്‍ ബിനാനിപുരം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
കാറിന്റെ ജിപിഎസ് ലൊക്കേഷന്‍ നോക്കി അന്വേഷണം നടത്തുന്നതിനിടയില്‍ കാര്‍ എരുമപ്പെട്ടി വെള്ളറക്കാട് പ്രദേശത്ത് വെച്ച് കണ്ടെത്തി. സോളമന്‍ വാഹനം തടഞ്ഞതിന് പിന്നാലെ ബക്കര്‍ ഉടനെ കാര്‍ മുന്നോട്ടെടുത്തു. ബോണറ്റിലേക്കു സോളമന്‍ വീണിട്ടും ബക്കര്‍ കാര്‍ നിര്‍ത്തിയില്ല. സോളമനുമായി കാര്‍ അഞ്ച് കിലോമീറ്ററോളം ദൂരം സഞ്ചരിക്കുകയും ചെയ്തു സംഭവം കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. എരുമപ്പെട്ടി പൊലീസ് സ്ഥലത്തെത്തി ബക്കറിനെ കസ്റ്റഡിയിലെടുത്തു.


by Midhun HP News | Nov 21, 2025 | Latest News, കേരളം
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ തുടരന്വേഷണമില്ല. അജിത് കുമാറിന്റെ ക്ലീന്‍ ചിറ്റ് റദ്ദാക്കിയ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വിജിലന്‍സ് കോടതി ഇടപെടല്‍ നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമെന്ന് കോടതി വിലയിരുത്തി. മുഖ്യമന്ത്രിക്കെതിരായ കോടതി പരാമര്‍ശങ്ങളും ജസ്റ്റിസ് എ ബദറുദ്ദീന്‍ നീക്കിയിട്ടുണ്ട്.
അജിത് കുമാറും സംസ്ഥാന സര്‍ക്കാരും സമര്‍പ്പിച്ചിരുന്ന രണ്ടു ഹര്‍ജികളിലാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ്, അജിത് കുമാറിനെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലാത്തതിനാല്‍, ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അജിത് കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
എജിഡിപിയായി സേവനം അനുഷ്ഠിക്കുന്ന താന്‍ പൊതുസേവകന്‍ ആണെന്നും, അതിനാല്‍ അന്വേഷണത്തിന് സര്‍ക്കാരിന്റെ മുന്‍കൂട്ടിയുള്ള അനുമതി ആവശ്യമാണെന്നും അജിത് കുമാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദം ഹൈക്കോടതി അംഗീകരിച്ചു. പരാതിക്കാര്‍ മുന്‍കൂര്‍ അനുമതി തേടേണ്ടതാണെന്ന് കോടതി വിധിച്ചു. നെയ്യാറ്റിന്‍കര പി നാഗരാജ് ആണ് അജിത് കുമാറിനെതിരെ പരാതി നല്‍കിയിരുന്നത്.
അതേസമയം പരാതിക്കാരനും ആശ്വാസകരമാകുന്ന നിലപാട് ഹൈക്കോടതി ഉത്തരവിലുണ്ട്. സര്‍ക്കാര്‍ അനുമതിയില്ലാതെ വിജിലന്‍സ് അന്വേഷണം നടത്താനാകില്ല. എന്നാല്‍ സര്‍ക്കാരില്‍ നിന്നും പ്രോസിക്യൂഷന്‍ അനുമതി തേടി പരാതിക്കാരന് മുമ്പോട്ടു പോകാമെന്ന് ജസ്റ്റിസ് ബദറുദ്ദീന്‍ വിധിയില്‍ വ്യക്തമാക്കി. ഇതിനായി വീണ്ടും സര്‍ക്കാരിന് പരാതി നല്‍കാമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
അജിത് കുമാറിന് വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചതിനെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതി ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. അന്വേഷണത്തില്‍ അദൃശ്യശക്തികള്‍ ഇടപെടല്‍ നടത്തിയെന്നും വിജിലന്‍സ് കോടതി നിരീക്ഷിച്ചിരുന്നു. ഈ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. വിജിലന്‍സ് കോടതി പരാമര്‍ശങ്ങള്‍ അനുചിതമായി പോയി എന്നാണ് ഹൈക്കോടതി വിലയിരുത്തിയത്. തുടര്‍ന്ന് ഈ പരാമര്‍ശങ്ങള്‍ ഹൈക്കോടതി നീക്കുകയായിരുന്നു.
അതേസമയം, എഡിജിപി അജിത് കുമാര്‍ അനധികൃത സ്വത്തു സമ്പാദനം നടത്തിയതായി, താന്‍ നല്‍കിയ രേഖകള്‍ പ്രകാരം വിജിലന്‍സ് കോടതി കണ്ടെത്തിയിട്ടുണ്ടെന്ന് പരാതിക്കാരനായ നാഗരാജ് പറഞ്ഞു. ആ കണ്ടെത്തലുകളൊന്നും ഹൈക്കോടതി റദ്ദാക്കിയിട്ടില്ല. സാങ്കേതിക കാരണങ്ങളാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. പ്രോസിക്യൂഷന്‍ അനുമതിക്കായി താന്‍ ഉടന്‍ തന്നെ ചീഫ് സെക്രട്ടറിക്ക് അപേക്ഷ നല്‍കും. എന്നാല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അനുമതി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നില്ല. അനുമതി നല്‍കിയില്ലെങ്കില്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്നും അഡ്വ. നെയ്യാറ്റിന്‍കര നാഗരാജ് പറഞ്ഞു.


by Midhun HP News | Nov 21, 2025 | Latest News, കേരളം
തൃശൂര്‍: ഓടിക്കൊണ്ടിരുന്ന കാറില്‍ മരക്കൊമ്പ് തുളച്ചു കയറി പരിക്കേറ്റ യുവതി മരിച്ചു. എടപ്പാള്‍ പൊല്‍പ്പാക്കര മാണിക്യപ്പാലം ചെട്ടിക്കുന്നത്ത് ആതിരയാണു (27) മരിച്ചത്. ഒപ്പം സഞ്ചരിച്ചിരുന്ന കാര്‍ ഡ്രൈവര്‍ തവനൂര്‍ തൃപ്പാളൂര്‍ കാളമ്പ്ര വീട്ടില്‍ സെയ്ഫിനു പരിക്കേറ്റു.
ഇന്നലെ വൈകിട്ടു 6.45ന് സംസ്ഥാനപാതയില്‍ കടവല്ലൂര്‍ അമ്പലം സ്റ്റോപ്പിനു സമീപമാണ് അപകടം ഉണ്ടായത്.കണ്ടെയ്‌നര്‍ ലോറി തട്ടി പൊട്ടിവീണ മരക്കൊമ്പ് ഓടിക്കൊണ്ടിരുന്ന കാറിന്റെ ചില്ലു തുളച്ച് അകത്ത് കയറുകയായിരുന്നു.
കോഴിക്കോടു ഭാഗത്തു നിന്ന് വന്നിരുന്ന ലോറി മരത്തില്‍ ഇടിച്ചതോടെ ഒടിഞ്ഞ വലിയ കൊമ്പ് എതിര്‍ദിശയില്‍ വന്നിരുന്ന കാറില്‍ പതിക്കുകയായിരുന്നു. കുന്നംകുളം ഭാഗത്തു നിന്ന് എടപ്പാളിലേക്കു പോകുകയായിരുന്ന കാറിന്റെ മുന്‍സീറ്റിലായിരുന്നു ആതിര. കാറിന്റെ മുന്‍വശത്തെ ചില്ലു തുളച്ച് അകത്തു കയറിയ കൊമ്പ് ആതിരയുടെ തലയില്‍ ഇടിച്ച ശേഷം പിന്‍വശത്തെ ചില്ലു കൂടി തകര്‍ത്തു.
അപകടത്തിന് പിന്നാലെ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് യുവതിയെയും ഡ്രൈവറെയും പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആതിരയുടെ ജീവന്‍ രക്ഷിക്കാനായില്ല. അപകടം വരുത്തിയ ലോറി നിര്‍ത്താതെ പോയി. എടപ്പാള്‍ കെവിആര്‍ ഓട്ടോമോബൈല്‍സിലെ ജീവനക്കാരിയാണ്. ഭര്‍ത്താവ്: വിഷ്ണു. സഹോദരങ്ങള്‍: അഭിലാഷ്, അനു


by Midhun HP News | Nov 21, 2025 | Latest News, കേരളം
കൊച്ചി: അന്തരിച്ച പ്രമുഖ നടന്‍ തിലകന്റെ മകനും ഭാര്യയും തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്ത്. തികന്റെ മകനായ ഷിബു തിലകന്‍, ഭാര്യ ലേഖ എന്നിവരാണ് തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. തൃപ്പൂണിത്തുറ നഗരസഭയിലേക്കാണ് ബിജെപി ടിക്കറ്റില്‍ ഇവര്‍ ജനവിധി തേടുന്നത്.
തൃപ്പൂണിത്തുറ നഗരസഭ 20 -ാം വാര്‍ഡിലാണ് ഷിബു തിലകന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നത്. ഭാര്യ ലേഖ 19-ാം വാര്‍ഡിലും ബിജെപി സ്ഥാനാര്‍ത്ഥിയായി ജനഹിതം തേടുന്നു. തിരുവാങ്കുളം കേശവൻപടിയിലാണ് ഷിബുവും കുടുംബവും താമസിക്കുന്നത്. കുടുംബം മുഴുവന്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്കൊപ്പം നടന്നപ്പോഴാണ് 1996 മുതല്‍ ഷിബു തിലകന്‍ ബിജെപി രാഷ്ട്രീയത്തിനൊപ്പം ചേര്‍ന്നത്. കഴിഞ്ഞ തവണ ഷിബു മത്സരിച്ചെങ്കിലും വിജയിച്ചിരുന്നില്ല. തിലകന്റെ ആറ് മക്കളില്‍ ഷിബു മാത്രമാണ് രാഷ്ട്രീയത്തിലുള്ളത്. ഏതാനും സിനിമകളിലും ഷിബു അഭിനയിച്ചിട്ടുണ്ട്.


Recent Comments