by Midhun HP News | Nov 20, 2025 | Latest News, കേരളം
തൊടുപുഴ: മൂന്നാര്‍ മാട്ടുപ്പെട്ടിക്ക് സമീപം വിനോദ സഞ്ചാരികളായ സ്‌കൂള്‍ കുട്ടികളുമായി വന്ന ജീപ്പ് അപകടത്തില്‍പ്പെട്ടു. തമിഴ്‌നാട്ടില്‍ നിന്നും മൂന്നാറില്‍ വിനോദസഞ്ചാരത്തിന് എത്തിയ സംഘത്തില്‍പ്പെട്ട കുട്ടികള്‍ സഞ്ചരിച്ചിരുന്ന ജീപ്പ് ആണ് താഴ്ചയിലേക്ക് മറിഞ്ഞത്. അപകടത്തില്‍ നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഒരു കുട്ടിയുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. തമിഴ്‌നാട് കരൂരില്‍ നിന്ന് രണ്ട് ബസുകളിലായിരുന്നു വിദ്യാര്‍ഥികളുടെ സംഘം വിനോദസഞ്ചാരത്തിനായി മൂന്നാറില്‍ എത്തിയത്. മൂന്നാറിലെത്തിയശേഷം തുടര്‍യാത്രയ്ക്ക് ഇവര്‍ ജീപ്പെടുക്കുകയായിരുന്നു. അതിനിടെയാണ് അപകടം ഉണ്ടായത്.
പരിക്കേറ്റ മറ്റു കുട്ടികള്‍ മൂന്നാറിലെ ആശുപത്രിയില്‍ ചികിത്സ തേടി. അപകടത്തില്‍പ്പെട്ട ജീപ്പില്‍ ആകെ എട്ടു വിദ്യാര്‍ഥികള്‍ ആണ് ഉണ്ടായിരുന്നത്. പ്രദേശത്ത് ജീപ്പുകളുടെ മത്സരയോട്ടത്തെക്കുറിച്ച് നിരവധി തവണ പരാതികള്‍ ഉയര്‍ന്നിരുന്നു. കുട്ടികളുമായി മൂന്നാറില്‍ നിന്ന് മാട്ടുപ്പെട്ടി റൂട്ടിലാണ് ജീപ്പ് സഞ്ചരിച്ചത്. നിറയെ വളവുകളുള്ള വഴിയാണിത്. അതിനിടെയാണ് നിയന്ത്രണംവിട്ട് മറിഞ്ഞത്.


by Midhun HP News | Nov 20, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് മലയാളം മീഡിയത്തില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വേഗത്തില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 2018-19 അധ്യയന വര്‍ഷത്തില്‍ 55.93% വിദ്യാര്‍ത്ഥികളായിരുന്നു മലയാളത്തില്‍ പരീക്ഷയെഴുതിയത്. എന്നാല്‍ 2024-25ല്‍ ഇത് 36.56% ആയി താഴ്ന്നതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ SSLC പരീക്ഷയെഴുതിയ മൊത്തം 4,27,017 വിദ്യാര്‍ത്ഥികളില്‍ 1,56,161 പേര്‍ മാത്രമാണ് മലയാളം മീഡിയം തിരഞ്ഞെടുത്തത്.
2019ലെ 2,43,409 എന്ന എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ 87,000 വിദ്യാര്‍ത്ഥികളുടെ കുറവാണ് രേഖപ്പെടുത്തിയത്. മലയാളം മീഡിയത്തില്‍ പഠിക്കുന്നവരുടെ കുറവാണ് ഈ ഇടിവിന് കാരണമെന്ന് പരീക്ഷാഭവനിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. വിദ്യാഭ്യാസ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വിവരമനുസരിച്ച് പ്രാഥമിക ക്ലാസുകളില്‍ തന്നെ ഇംഗ്ലീഷ്-മലയാളം മീഡിയം പ്രവേശന അനുപാതം 70:30 ആയി മാറിയിട്ടുണ്ട്. ഇംഗ്ലീഷ് കൂടുതല്‍ ഗുണമേറിയ പഠനമാധ്യമമാണെന്ന പൊതുധാരണയാണ് ഈ മാറ്റത്തിന് പിന്നിലെന്ന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സിഇഒ കെ. അന്‍വര്‍ സാദത്ത് അഭിപ്രായപ്പെട്ടു. എന്നാല്‍ മീഡിയമല്ല, സ്‌കൂള്‍ നല്‍കുന്ന ഭാഷാ പരിശീലനമാണ് വിജയത്തിനുള്ള നിര്‍ണ്ണായക ഘടകമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാതൃഭാഷാ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അധികൃതര്‍ ചര്‍ച്ച ചെയ്യുമ്പോഴും, സമൂഹത്തിന്റെ താല്‍പര്യം വിപരീതമാണെന്ന് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണപരിശീലന കൗണ്‍സില്‍ ഡയറക്ടര്‍ ജയപ്രകാശ് ആര്‍. കെ. ചൂണ്ടിക്കാട്ടി. ഗ്രാമ-നഗര വ്യത്യാസം കുറഞ്ഞതും മധ്യവര്‍ഗ്ഗത്തിന്റെ വളര്‍ച്ചയും ഈ മാറ്റത്തിന്റെ സൂചനയായെന്നും അദ്ദേഹം പറഞ്ഞു. 2025ല്‍ SSLC എഴുതിയവര്‍ 2014-15ല്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നവരാണെന്നും വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ മലയാളം മീഡിയം വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞേക്കുമെന്നും അദ്ദേഹത്തിന്റെ വിലയിരുത്തല്‍.
മലയാളം മീഡിയത്തിലെ ഇടിവ് സംസ്ഥാന വികസനത്തിനുതന്നെ ഭീഷണിയാകാമെന്ന് ഐക്യ മലയാള പ്രസ്ഥാനം സംസ്ഥാന കണ്‍വീനര്‍ ആര്‍. നന്ദകുമാര്‍ മുന്നറിയിപ്പ് നല്‍കി. മലയാളവുമായി വിദ്യാര്‍ത്ഥികള്‍ക്ക് അടുപ്പമില്ലാത്തത്, നാട്ടിന്‍ പരിസരത്തെ ഭൂമിശാസ്ത്ര-പരിസ്ഥിതി ബോധത്തെ തന്നെ ബാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനെതിരെ താന്‍ അല്ലെങ്കിലും, ആവശ്യമായ ഇടപെടലുകള്‍ ഇല്ലെങ്കില്‍ പുതിയ സാമൂഹിക-വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ ഉയര്‍ന്നേക്കുമെന്നാണ് നന്ദകുമാര്‍ മുന്നറിയിപ്പ് നല്‍കിയത്.


by Midhun HP News | Nov 20, 2025 | Latest News, കേരളം
കേരളാ ഹൈക്കോടതിയിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ,ഡാറ്റ എൻട്രി ഓപ്പറേറ്റർ,ട്രാൻസിലേറ്റർ,ടെക്നിക്കൽ അസിസ്റ്റന്റ് എന്നി തസ്തികകളിലായി 49 ഒഴിവ് ഉണ്ട്. താത്കാലിക നിയമനം ആയിരിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 16.
ടെക്നിക്കൽ അസിസ്റ്റന്റ് – 16 ഒഴിവുകൾ
ഇലക്ട്രോണിക്സ്,ഇൻഫർമേഷൻ ടെക്‌നോളജി,കമ്പ്യൂട്ടർ സയൻസ്,കമ്പ്യൂട്ടർ ഹാർഡ്‌വെയർ എഞ്ചിനീറിങ് തുടങ്ങിയ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ മൂന്ന് വർഷ ഡിപ്ലോമ.
പൊതുമേഖലാ സ്ഥാപനങ്ങൾ,കോടതികൾ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം.
ശമ്പളം: 30,000 രൂപ
ഡാറ്റ എൻട്രി ഓപ്പറേറ്റർ – 12 ഒഴിവ്
ഇലക്ട്രോണിക്സ്,കമ്പ്യൂട്ടർ സയൻസ്,കമ്പ്യൂട്ടർ ഹാർഡ്‌വെയർ തുടങ്ങിയ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ മൂന്ന് വർഷ ഡിപ്ലോമ. അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഡാറ്റ എൻട്രി ഓപ്പറേഷനുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ്.
പൊതുമേഖലാ സ്ഥാപനങ്ങൾ,കോടതികൾ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ,ഇ – സേവാ കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് ഒരു വർഷത്തെ പ്രവൃത്തി പരിചയം.
ശമ്പളം : 22,240 രൂപ
സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ – 1 ഒഴിവ്
സി എസ് /ഐ ടി/ ഇലക്ട്രോണിക് എന്നി വിഷയങ്ങളിൽ എം സി എ/ബി ഇ/ബി ടെക് കോഴ്സുകൾ ഏതെങ്കിലും ഒന്ന് പാസായിരിക്കണം.
സർക്കാരിന്റെയോ അല്ലെങ്കിൽ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും പ്രോഗ്രാമിങ്/ഡെവലപ്മെന്റ് /ടെസ്റ്റിംഗ് എന്നി മേഖലകളിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം. മറ്റ് ടെക്നിക്കൽ സ്കില്ലുകളും ആവശ്യമാണ്.
ശമ്പളം: 60,000 രൂപ
ട്രാൻസിലേറ്റർ – 20 ഒഴിവ്
അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം നേടിയിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം.
21 മുതൽ 30 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം.
താൽക്കാലിക നിയമനം ആണെങ്കിലും കാലാവധി നീട്ടി ലഭിക്കാം.
ട്രാൻസിലേഷൻ ടെസ്റ്റ് അഭിമുഖം എന്നിവയിലൂടെയാകും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക.
കൂടുതൽ വിവരങ്ങൾക്ക് http://www.hckrecruitment.keralacourts.in/ സന്ദർശിക്കുക.
by Midhun HP News | Nov 20, 2025 | Latest News, കേരളം
സംസ്ഥാനത്ത് ഈ മാസത്തെ പെൻഷൻ വിതരണം ഇന്ന് ആരംഭിക്കും. വർദ്ധിപ്പിച്ച പെൻഷൻ തുകയായ 2000 രൂപ ഈ മാസം മുതൽ ആണ് ഗുണഭോക്താക്കളുടെ കൈകളിലേക്ക് എത്തുന്നത്. ഇതിനൊപ്പം കുടിശ്ശികയുണ്ടായിരുന്ന ഒരു ഗഡു പെൻഷനും വിതരണം ചെയ്യും. ഒരു പെൻഷൻ ഗുണഭോക്താവിന് ആകെ ലഭിക്കുക 3600 രൂപ ആയിരിക്കും. 62 ലക്ഷം പെൻഷൻ ഗുണഭോക്താക്കൾ ആണ് സംസ്ഥാനത്തുള്ളത്. ബാങ്ക് അക്കൗണ്ടുകൾ മുഖേനയും സഹകരണസംഘം ജീവനക്കാർ വീടുകളിലെത്തിച്ചുമാണ് പെൻഷൻ വിതരണം സംസ്ഥാനത്ത് നടക്കുക.


by Midhun HP News | Nov 20, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാല്‍ ഒരു ജില്ലകളിലും ഇന്ന് പ്രത്യേക അലര്‍ട്ട് പുറപ്പെടുവിച്ചിട്ടില്ല.
കന്യാകുമാരി കടലിനു മുകളിലെ ന്യൂനമര്‍ദ്ദം നിലവില്‍ ലക്ഷദ്വീപിനും മാലിദ്വീപിനും മുകളില്‍ സ്ഥിതി ചെയ്യുന്നു. ഇത് പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. കൂടാതെ, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
ശനിയാഴ്ചയോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ പുതിയ ന്യുനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് നവംബര്‍ 24-ഓടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മദ്ധ്യഭാഗത്ത് തീവ്രന്യുനമര്‍ദ്ദമായി ശക്തിപ്പെടും. തുടര്‍ന്നുള്ള 48 മണിക്കൂറിനിടെ, പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ശക്തി പ്രാപിക്കാനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.


by Midhun HP News | Nov 20, 2025 | Latest News, കേരളം
പത്തനംതിട്ട: ശബരിമല മണ്ഡല – മകല വിളക്ക് തീര്‍ത്ഥാടത്തില്‍ ഇത്തവണ വന്‍ ഭക്തജന തിരക്ക്. സീസണിലെ ആദ്യ നാല് ദിവസങ്ങളിലായി ശബരിമലയിലെത്തിയത് 3.28 ലക്ഷം തീര്‍ത്ഥാടകര്‍. വെര്‍ച്വല്‍ ക്യൂ, സ്പോട്ട് ബുക്കിങ് ഉള്‍പ്പെടെയുള്ള കണക്കുകളിലാണ് ഈ ഉയര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത്.
16ന് വൈകിട്ട് അഞ്ചിന് തുറന്നശേഷം 53,278 പേരും 17ന് 98,915 പേരും 18ന് 1,12,056 പേരും ദര്‍ശനം കഴിഞ്ഞ് മടങ്ങി. 19ന് വൈകിട്ട് 6 വരെ 64,574 പേരും സന്നിധാനത്തെത്തി. കഴിഞ്ഞ സീസണില്‍ ആദ്യ നാല് ദിവസങ്ങളിലായി ശബരിമലയിലെത്തിയത് രണ്ട് ലക്ഷത്തോളം ഭക്തരായിരുന്നു. ഇക്കാലയളവില്‍ ആദ്യത്തെ ആഴ്ച പിന്നിട്ടപ്പോള്‍ ആണ് തീര്‍ത്ഥാടകരുടെ എണ്ണം നാല് ലക്ഷം കവിഞ്ഞത്.
മണ്ഡലപൂജയ്ക്ക് നട തുറന്നശേഷം ശബരിമലയില്‍ ഉണ്ടായ വന്‍ ഭക്തജനത്തിരക്ക് ആശങ്കകള്‍ക്ക് ഇടയാക്കിയിരുന്നു. ഹൈക്കോടതി ഉള്‍പ്പെടെ ഈ വിഷയത്തില്‍ കര്‍ശന നിലപാട് എടുക്കുന്ന നിലയുണ്ടാവുകയും ചെയ്തിരുന്നു. നിയന്ത്രണങ്ങള്‍ക്ക് പിന്നാലെ ശബരിമലയിലെ തിരക്ക് സാധാരണ നിലയിലേക്ക് മാറിയിട്ടുണ്ട്. ഇന്നലെ മാത്രം പതിനാലായിരത്തോളം സ്‌പോട്ട് ബുക്കിങ്ങ് ആണ് അനുവദിച്ചത്. ഇതാണ് അയ്യായിരത്തിലേക്ക് കുറച്ചത്. അടുത്തമാസം ഉൾപ്പെടെ ദർശനത്തിന് ബുക്ക് ചെയ്തവർ നേരത്തെ എത്തിയതും തിരക്ക് വര്‍ധിപ്പിച്ചു.
അതേസമയം, ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ നിലവില്‍ 20,000 ഉള്ള സ്പോട്ട് ബുക്കിങ് 5000 ആക്കി കുറയ്ക്കണമെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ചവരെ നിയന്ത്രണം നടപ്പാക്കണം എന്നാണ് ജസ്റ്റിസ് വി രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ വി ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചത്. കാനനപാതവഴി വരുന്നവരെയും നിയന്ത്രിക്കണം. ബുക്കിങ് ഇല്ലാത്തവര്‍ക്ക് പ്രവേശനം നല്‍കേണ്ടതില്ലെന്നും കോടതി നിര്‍ദേശിച്ചു.


Recent Comments