by Midhun HP News | Nov 8, 2025 | Latest News, കേരളം
കൊല്ലം കുളത്തുപ്പുഴയിൽ കാഴ്ച വൈകല്യം ഉള്ള ക്രിസ്ത്യൻ പുരോഹിതനിൽ നിന്നും പണം തട്ടിയെടുത്ത പ്രതി കുളത്തുപ്പുഴ പോലീസിന്റെ പിടിയിൽ. ഈ കഴിഞ്ഞ ഒക്ടോബർ മാസം 25 നു ആയിരുന്നു സംഭവം. തിരുവല്ല സ്വദേശിയായ ജോൺ പാസ്റ്റർ കുളത്തുപ്പുഴ സാംനഗർ സ്വദേശിയായ ഒരാളുടെ വീട്ടിൽ ഒക്ടോബർ 25 രാവിലെ പ്രാർത്ഥനക്ക് വരികയും വൈകിട്ടു തിരിച്ചു പോകുവാൻ കുളത്തുപ്പുഴയിൽ നിൽക്കവേ കേസിൽ പ്രതിയായ പ്രശാന്തിനോട് തിരുവല്ല പോകുവാൻ ഇപ്പൊ ബസ് വല്ലതും ഉണ്ടോ എന്ന് ചോദിക്കുകയും ചെയ്തു.
വഴി ചോദിച്ച പാസ്റ്റാർ കാഴ്ച വൈകല്യം ഉള്ള ആളാണ് എന്ന് മനസ്സിൽ ആക്കി പ്രതി തന്ത്രപ്പൂർവം പാസ്റ്ററേ തെറ്റിധരിപ്പിച്ചു തിരുവല്ല പോകുവാൻ എളുപ്പവഴി ഉണ്ടെന്നു പറഞ്ഞു ജനവാസം കുറവുള്ള ഇടറോഡിലേക്ക് കൊണ്ട് പോകുകയും ഇദ്ദേഹത്തെ തള്ളിയിട്ടു മർദിച്ചു കൈയിൽ ഉണ്ടായിരുന്ന 7000/- രൂപയും തിരിച്ചറിയൽ രേഖകൾ അടങ്ങിയ ബാഗും തട്ടിപറിച്ചു കടന്നു കളഞ്ഞു.
തുടർന്ന് ഇദ്ദേഹത്തിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇദ്ദേഹത്തിനെയും കൊണ്ട് കുളത്തുപ്പുഴ പോലീസിൽ എത്തി കേസ് കൊടുക്കുകയായിരുന്നു. കുളത്തുപ്പുഴ SHO ബി അനീഷിന്റെ നിർദേശം അനുസരിച്ചു സബ്ഇൻസ്‌പെക്ടർ മാരായ ഷാജഹാൻ, ഷിജു എന്നിവർ ചേർന്നു നിരവധി CCTV ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ തെന്മല റോസ് മലയിൽ താമസിക്കുന്ന പ്രശാന്ത് ആണെന്ന് തിരിച്ചറിയുകയും തുടർന്ന് കുളത്തുപ്പുഴ പോലീസ് റോസ് മല വനത്തിൽ നിന്നും ഏറെ സാഹസികമായി പ്രതിയെ പിടികൂടിയത്.


by Midhun HP News | Nov 8, 2025 | Latest News, കേരളം
മലപ്പുറം: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് ആധിപത്യം പിടിച്ചെടുക്കാനുള്ള രാഷ്ട്രീയ നാടകങ്ങളാണ് അരങ്ങേറുന്നത്. വിജയം കൈപ്പിടിയിലൊതുക്കാന്‍ സഖ്യസമവാക്യങ്ങള്‍ മാറ്റി മറിക്കുകയും പുനര്‍നിര്‍മിക്കുകയുമൊക്കെയാണ് രാഷ്ട്രീയപാര്‍ട്ടികള്‍. സംസ്ഥാനത്തൊട്ടാകെയുള്ള പാര്‍ട്ടി സിദ്ധാന്തങ്ങള്‍ അടിമുടി പൊളിച്ചാണ് പരമ്പരാഗത മുന്നണി സമവാക്യങ്ങള്‍ ഉപേക്ഷിക്കുകയും പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനിച്ചിരിക്കുന്നത്. പൊന്‍മുണ്ടത്തില്‍ ഇത്തവണ രാഷ്ടീയ ഗണിതം മാറിമറിയുകയാണ്. ജനകീയ മുന്നണിയുടെ ബാനറില്‍ പ്രത്യയശാസ്ത്രപരമായ എല്ലാ അതിരുകളും ഭേദിച്ച് സിപിഎമ്മുമായി കൈകോര്‍ക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.
പഞ്ചായത്ത് രൂപീകരണത്തിനുശേഷം പൊന്‍മുണ്ടത്തില്‍ ലീഗും കോണ്‍ഗ്രസും ഒരിക്കലും പൊതുവായ നിലപാട് സ്വീകരിച്ചിട്ടില്ല. പ്രാദേശികമായി പരിമിതമായ ശക്തി മാത്രമുള്ള സിപിഎമ്മിലേക്കാണ് കോണ്‍ഗ്രസ് വിഭാഗങ്ങളുടെ പരമ്പരാഗതമായിട്ടുള്ള ചാഞ്ചാട്ടം. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കോണ്‍ഗ്രസ് വീണ്ടും സിപിഎമ്മുമായി സഖ്യത്തിലേർപ്പെടാനാണ് തീരുമാനം. പതിറ്റാണ്ടുകളായി പൊന്‍മുണ്ടത്ത് ലീഗും കോണ്‍ഗ്രസും ബദ്ധവൈരികളാണ്. എന്നാല്‍ ഇത്തവണത്തെ നിലപാട് യുഡിഎഫ് ക്യാമ്പില്‍ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. നിലവിലെ ധാരണ പ്രകാരം, 18 സീറ്റുകളില്‍ 11 എണ്ണത്തില്‍ കോണ്‍ഗ്രസ് മത്സരിക്കും. അഞ്ചെണ്ണത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. ബാക്കി രണ്ടെണ്ണം ടീം പൊന്‍മുണ്ടം ആയിരിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ മലപ്പുറത്ത് യുഡിഎഫിന്റെ പ്രബല ശക്തിയായ ലീഗ് ഒട്ടും തൃപ്തരല്ല. ഇക്കാര്യത്തില്‍ അതൃപ്തി വ്യക്തമാക്കിക്കൊണ്ടാണ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചത്.
‘എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും യുഡിഎഫ് മുന്നണിയില്‍ നിന്നുകൊണ്ടു മത്സരിക്കുകയെന്നതാണ് ലീഗിന്റെ നിലപാട്. പൊന്‍മുണ്ടത്തില്‍ സംഭവിക്കുന്നത് നിര്‍ഭാഗ്യകരമാണ്. പ്രാദേശിക തലത്തില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും ഒരു പരിഹാരവും ഉണ്ടായില്ല. ഞങ്ങളുടെ ആശങ്കകള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്, തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു,’ അദ്ദേഹം പറഞ്ഞു.
തീരുമാനങ്ങള്‍ ഒന്നും അന്തിമമല്ലെന്നാണ് പ്രതിരോധത്തിലായ കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്. ‘പൊന്‍മുണ്ടത്തിന് വളരെ വ്യത്യസ്തമായ ഒരു രാഷ്ട്രീയ ചരിത്രമുണ്ട്. പരമ്പരാഗതമായി യുഡിഎഫ് അവിടെ പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ ലീഗ് ആശങ്കകള്‍ ഉന്നയിച്ചതിനെത്തുടര്‍ന്ന് ജില്ലാ നേതൃത്വവുമായി ചര്‍ച്ച നടത്താന്‍ ഞങ്ങള്‍ പ്രാദേശിക നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സീറ്റ് വിഭജനത്തില്‍ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല, വണ്ടൂര്‍ എംഎല്‍എയും കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമായ എ പി അനില്‍കുമാര്‍ ടിഎന്‍ഐഇയോട് പറഞ്ഞു.
അതേസമയം, സിപിഎം ഇക്കാര്യത്തില്‍ ആത്മവിശ്വാസത്തിലാണ്. യുഡിഎഫില്‍ നിരാശരായ ഏതൊരു വിഭാഗത്തിന്റെയും പിന്തുണ സ്വാഗതം ചെയ്യുമെന്നാണ് സിപിഎമ്മിന്റെ നിലപാട്. ‘പൊന്‍മുണ്ടത്തില്‍ കോണ്‍ഗ്രസുമായി ഞങ്ങള്‍ക്ക് ഔദ്യോഗിക സഖ്യമില്ല. എന്നാല്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇപ്പോള്‍ സിപിഎമ്മില്‍ വിശ്വാസം അര്‍പ്പിച്ചിട്ടുണ്ട് . അവരുടെ വോട്ടുകള്‍ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു,’ സിപിഎം ജില്ലാ സെക്രട്ടറി വി പി അനില്‍ പറഞ്ഞു. വാഴയൂരിലും സമാനമായ ഒരു അഴിച്ചുപണി പ്രകടമാണ്. അവിടെ സിപിഐ എല്‍ഡിഎഫുമായി ബന്ധം വേര്‍പെടുത്തി യുഡിഎഫിനൊപ്പം ചേര്‍ന്ന് നാല് സീറ്റുകളില്‍ മത്സരിക്കാനാണ് തീരുമാനം. സിപിഐയുടെ വിടവാങ്ങലിനെ താല്‍ക്കാലിക വിള്ളലായിട്ടാണ് സിപിഎം കാണുന്നത്. ‘പാര്‍ട്ടികള്‍ക്കിടയില്‍ പ്രാദേശിക പ്രശ്‌നങ്ങളുണ്ടെന്നത് ശരിയാണ്, പക്ഷേ എല്‍ഡിഎഫ് അവ ആഭ്യന്തര ചര്‍ച്ചകളിലൂടെ പരിഹരിക്കുന്നു. ഇടതുമുന്നണിയുടെ ഐക്യമാണ് ഞങ്ങളുടെ മുന്‍ഗണന,’ വി പി അനില്‍ പറഞ്ഞു.
വ്യാഴാഴ്ചത്തെ എല്‍ഡിഎഫ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തതായി സിപിഐ ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് സ്ഥിരീകരിച്ചു. ‘പ്രചാരണം ആരംഭിക്കുന്നതിന് മുമ്പ് പ്രശ്‌നം പരിഹരിക്കാന്‍ ഇരു പാര്‍ട്ടികളും പ്രതിനിധികളെ നിയമിച്ചിട്ടുണ്ട്. എല്‍ഡിഎഫ് ഐക്യം നിലനിര്‍ത്താനും തുറന്ന ഏറ്റുമുട്ടല്‍ ഒഴിവാക്കാനുമാണ് ഞങ്ങളുടെ തീരുമാനം,’ അദ്ദേഹം പറഞ്ഞു. കരുവാരക്കുണ്ട്, മക്കരപറമ്പ് പഞ്ചായത്തുകളിലും യുഡിഎഫില്‍ സമാനമായ പ്രശ്‌നങ്ങളുണ്ട്. എന്നിരുന്നാലും, തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ പ്രതീക്ഷ.


by Midhun HP News | Nov 8, 2025 | Latest News, കേരളം
കൊച്ചി: കൊച്ചിയുടെ സാധ്യതകള്‍ മെച്ചപ്പെടണമെങ്കില്‍ കൊച്ചി മെട്രോ കോയമ്പത്തൂര്‍ വരെ നീട്ടണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്ത്യയുടെ വാണിജ്യ കേന്ദ്രമായ മുംബൈ പോലെ കേരളത്തിന്റെ വാണിജ്യ നഗരമായ കൊച്ചി വളരണമെങ്കില്‍ രണ്ടു പ്രമുഖ സിറ്റികളെ ബന്ധിപ്പിച്ച് കണക്ടിവിറ്റി വരണമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
‘2019ല്‍ ഞാന്‍ പറഞ്ഞത് അങ്ങനെ തന്നെയാണ്. തൃശൂരിലേക്കുള്ള മെട്രോയല്ല. ഞാന്‍ പറഞ്ഞിട്ടുള്ളത് കോയമ്പത്തൂരിലേക്കുള്ള എക്സ്റ്റന്‍ഷന്‍ ആണ്. അത് പാലിയേക്കര എന്നെ പറഞ്ഞിട്ടുള്ളൂ. തൃശൂര്‍ക്കാര്‍ക്ക് വേണ്ടിയല്ല. ഒരു കോമേഴ്‌സ്യല്‍ കോറിഡോര്‍ എന്ന് പറയുന്നത് രണ്ടു കോമേഴ്‌സ്യല്‍ സിറ്റികളെ ബന്ധിപ്പിച്ച് കൊണ്ടുള്ളതാണ്. രണ്ടില്‍ ഏതാണ് വലുത് എന്ന് ഇപ്പോഴും പറയാന്‍ കഴിയില്ല. ഇന്ത്യയുടെ വാണിജ്യ കേന്ദ്രമായ മുംബൈ പോലെ കേരളത്തിന്റെ വാണിജ്യ നഗരമായ കൊച്ചി വളരണമെങ്കില്‍ രണ്ടു പ്രമുഖ സിറ്റികളെ ബന്ധിപ്പിച്ച് കണക്ടിവിറ്റി വരണം. കൊച്ചിക്ക് ഒരു വിസിബിലിറ്റി വരണമെങ്കില്‍ രണ്ടു ട്വിന്‍ കോമേഴ്‌സ്യല്‍ സിറ്റികളുടെ കണക്ടിവിറ്റി അത്യാവശ്യമാണ്. കുട്ടികളുടെ ഭാവിക്ക് ഗുണകരമാണ്. പുതിയ കേരളത്തിന് ഏറെ ഗുണം ചെയ്യും. വികസിത് ഭാരത് എന്ന സങ്കല്‍പ്പം യാഥാര്‍ഥ്യമാക്കാന്‍ ഇതെല്ലാം വേഗത്തില്‍ പരിഗണിക്കപ്പെടേണ്ട കാര്യങ്ങളാണ്’- സുരേഷ് ഗോപി പറഞ്ഞു.
കൊച്ചി മെട്രോയുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ഇത് സഹായകമാകും. ഇന്ത്യയിലെ തന്നെ ഏറ്റവും വരുമാനം ലഭിക്കുന്ന സര്‍വീസാക്കി മാറ്റാന്‍ കഴിയും. നിലവില്‍ കണക്ടിവിറ്റി പ്രശ്‌നമാണ്. ഫ്‌ലൈറ്റ് കൊണ്ട് മാത്രം ഇതിന് പരിഹാരമാകില്ല. വിമാനത്താവളത്തിലേക്ക് മാത്രമായി പകുതി ദൂരം ഓടേണ്ടി വരില്ലേ. കൊച്ചി മെട്രോ കോയമ്പത്തൂര്‍ വരെ നീട്ടിയാല്‍ വായുമലിനീകരണം കുറയ്ക്കാനും സാധിക്കും. കൂടുതല്‍ വന്ദേഭാരത് ട്രെയിനുകള്‍ വരും. എന്നാല്‍ പാത ഇരട്ടിപ്പിക്കാതെ ഒന്നും നടക്കില്ല. കേരളത്തിലെ 700 കിലോമീറ്ററില്‍ നാലു ലൈന്‍ സാധ്യമായാല്‍ കൂടുതല്‍ ട്രെയിനുകള്‍ വരും. എന്നാല്‍ പാത ഇരട്ടിപ്പിക്കാതെ പുതിയ ട്രെയിന്‍ ചോദിക്കാന്‍ കഴിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
കേരളത്തിലെ റെയില്‍വേ വികസനത്തിന് റെയില്‍വേ സജ്ജമാണ്. ഈ വര്‍ഷം 3042 കോടി രൂപയാണ് കേരളത്തിന് മാത്രം നീക്കിവെച്ചത്. പതിനായിരമോ അതില്‍ കൂടുതലോ നല്‍കാന്‍ തയ്യാറാണ്. ആവശ്യം ഭൂമി മാത്രമാണ്. വന്ദേഭാരത് പോലെ എക്‌സ്പ്രസ് ട്രെയിനുകളുടെയും വേഗം ഇനിയും വര്‍ധിപ്പിക്കാന്‍ സാധിക്കും. പക്ഷേ വളവുകള്‍ നിവര്‍ത്തേണ്ടതുണ്ട്. ഒരു സീറോ കര്‍വ് വേണ്ട. നോ ഡീപ് കര്‍വ് റെയില്‍ ലൈന്‍ വരുന്നതിനുള്ള സ്ഥലം കണ്ടെത്തി നല്‍കണം. അതുവഴി റെയില്‍ ഇപ്പോള്‍ കടന്നുപോകുന്ന ലൈനിന് പകരം ഭൂമി നല്‍കുന്ന തരത്തില്‍ ബാര്‍ട്ടര്‍ സിസ്റ്റവും ആലോചിക്കാവുന്നതാണ്.
അത്രയും വില കൊടുത്ത് വാങ്ങണമെന്നില്ല. അതുപോലെ റെയില്‍വേ സ്‌റ്റേഷനുകളും റീലൊക്കേറ്റ് ചെയ്യേണ്ടതുണ്ട്. കൊച്ചിയുടെ ജീവിത സാഹചര്യം മെച്ചപ്പെടുന്നതിന് പൊന്നുരുന്നിയില്‍ കേരളത്തിന്റെ തന്നെ ഏറ്റവും വലിയ റെയില്‍വേ ഹബ് വരണം. പൊന്നുരുന്നിയില്‍ 110 ഏക്കര്‍ ഭൂമി ഉണ്ട്. താന്‍ സ്വപ്‌നം കാണുന്നത് ചെന്നൈയിലുള്ള എംജിആര്‍ സെന്‍ട്രല്‍ സ്റ്റേഷന് സമാനമായ വികസനമാണ്. അവിടെ ഒരു സ്റ്റേഷനുള്ളു. ബാക്കിയെല്ലാം പുറത്താണ്. സൗകര്യങ്ങളുടെ വര്‍ധനയ്ക്ക് റെയില്‍വേ തടസമായി നില്‍ക്കുന്ന അഞ്ചു പട്ടണങ്ങള്‍ കേരളത്തില്‍ ഉണ്ട്. അതിന് പ്രതിവിധി വേണമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.


by Midhun HP News | Nov 8, 2025 | Latest News, കേരളം
കൊച്ചി: എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും. വാരാണസിയില്‍ നിന്ന് വെര്‍ച്വലായാണ് പ്രധാനമന്ത്രി വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ലാഗ് ഓഫ് കര്‍മം നിര്‍വഹിക്കുക. ചെയര്‍ കാറിന് 1095യും എക്‌സിക്യൂട്ടീവ് ചെയര്‍ കാറിനു 2289മാണ് ടിക്കറ്റ് നിരക്ക്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ട്രെയിനിന്റെ ഉദ്ഘാടനയാത്ര. കഴിഞ്ഞദിവസം വിജയകരമായി ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കിയിരുന്നു.
കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. പതിവ് സര്‍വീസ് അടുത്ത ചൊവ്വാഴ്ച തുടങ്ങുമെന്നാണ് സൂചന. കെഎസ്ആര്‍ ബംഗളൂരുവില്‍ നിന്ന് രാവിലെ 5.10ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.50 ന് എറണാകുളത്തെത്തും. 2.20ന് എറണാകുളത്തു നിന്ന് തിരിച്ച് രാത്രി 11ന് ബംഗളൂരുവിലെത്തും. 8 മണിക്കൂര്‍ 40 മിനിറ്റ് സര്‍വീസ് സമയം. ബുധനാഴ്ചകളില്‍ സര്‍വീസ് ഉണ്ടാകില്ല.
എറണാകുളം- ബംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ സമയക്രമം ദക്ഷിണ റെയില്‍വേ കഴിഞ്ഞദിവസമാണ് പുറത്തുവിട്ടത്. ട്രെയിന്‍ നമ്പര്‍ 26651/26652 വന്ദേഭാരത് ആഴ്ചയില്‍ ആറു ദിവസമാണ് സര്‍വീസ് നടത്തുക. ആകെ 11 സ്റ്റേഷനുകളില്‍ മാത്രമാണ് ട്രെയിന്‍ നിര്‍ത്തുക. എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, പാലക്കാട്, പൊദന്നൂര്‍, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ടൈ, കൃഷ്ണരാജപുരം, കെഎസ്ആര്‍ ബംഗളൂരു എന്നിങ്ങനെയാണ് ട്രെയിന്‍ കടന്നുപോകുന്ന സ്റ്റോപ്പുകള്‍.


by Midhun HP News | Nov 8, 2025 | Latest News, കേരളം
കൊച്ചി: കേരളത്തിലെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിലെ സ്വർണ ശേഖരം യൂറോപ്പിലെ ചില രാജ്യങ്ങളുടെ സ്വർണ കരുതൽ ശേഖരത്തേക്കാൾ കൂടുതലുണ്ടെന്നു കണക്കുകൾ. ഈ സ്ഥാപനങ്ങളിലെ മൊത്തം സ്വർണ ശേഖരം രാജ്യങ്ങളുടെ കണക്കിൽപ്പെടുത്തിയാൽ 16ാം സ്ഥാനത്തുണ്ടാകും. പോർച്ചുഗലിനു തൊട്ടു പിന്നിൽ ധനകാര്യ സ്ഥാപനങ്ങൾ വരും. സ്പെയിൻ, യുകെ, ഓസ്ട്രിയ രാജ്യങ്ങളേക്കാൾ സ്വർണം ഈ സ്ഥാപനങ്ങളിലുണ്ട്.
കേരളത്തിൽ പ്രവർത്തിക്കുന്ന ബാങ്കിങ് ഇതര ധനകാര്യ കോർപറേഷനുകൾ (എൻബിഎഫ്സി) നിലവിൽ കൈവശം വച്ചിരിക്കുന്നത് 381 ടൺ സ്വർണം. 4.6 ലക്ഷം കോടി രൂപയുടെ സ്വർണമാണ് ശേഖരത്തിലുള്ളത്. സംസ്ഥാനത്തെ എൻബിഎഫ്സികൾ ഇപ്പോൾ ബ്രസീൽ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകളേക്കാൾ സ്വർണം കൈവശം വച്ചിട്ടുണ്ട്.
സ്വർണത്തിനോടു മലയാളിക്കുള്ള ആസക്തി കൂടി വെളിവാക്കുന്നതാണ് ഈ കണക്കുകൾ. മുത്തൂറ്റ് ഫിനാൻസ് (208 ടൺ), മണപ്പുറം ഫിനാൻസ് (56.4 ടൺ), മുത്തൂറ്റ് ഫിൻകോർപ്പ് (43.69 ടൺ), കെഎസ്എഫ്ഇ, (67.22 ടൺ), ഇൻഡൽ മണി (ഏകദേശം 6 ടൺ) എന്നീ പ്രമുഖ സ്വർണ വായ്പാ ഭീമന്മാരുടെ സംയോജിത നിക്ഷേപം സ്പെയിനിന്റെയും (282 ടൺ) യുകെയുടെയും (310 ടൺ) സ്വർണ ശേഖരത്തേക്കാൾ കൂടുതലാണ്.
സ്വർണം മലയാളിയുടെ സമ്പാദ്യ ശീലത്തിന്റെ ഭാഗമായിട്ട് പതിറ്റാണ്ടുകളായി. ഒപ്പം പദവിയുടെ അടയാളമായും മലയാളി സ്വർണം ധരിക്കുന്നു. ഇത്തരം ധനകാര്യ സ്ഥാപനങ്ങൾ സമൂഹത്തിൽ വലിയ തോതിൽ സ്വാധീനം ചെലുത്തുന്നു. സംസ്ഥാനത്ത് അതിവേഗം വളരുന്ന ശക്തമായ സാമ്പത്തിക അടിത്തറയുള്ള വ്യവസായമായും സ്വർണ വായ്പാ രംഗം അതോടെ കേരളത്തിൽ വേരൂന്നി.
അടിയന്തര ആവശ്യങ്ങൾക്ക് മലയാളികൾ ആദ്യം തന്നെ സമീപിക്കുക സ്വർണ വായ്പകളെയാണെന്നു ഇൻഡൽ മണിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഉമേഷ് മോഹനൻ പറയുന്നു. മകന്റെ കോളജ് പഠനം, വീട് നിർമാണം, വർക്ക്ഷോപ്പിലേക്ക് യന്ത്രങ്ങൾ വാങ്ങൽ തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി ആളുകൾ ധനകാര്യ സ്ഥാപനങ്ങളെ സ്വർണവുമായി സമീപിക്കുന്നു. സ്വർണത്തിന്റെ വില വർധന വായ്പകളെ കൂടുതൽ ആകർഷകമാക്കിയിട്ടുണ്ട്. ആളുകൾ അവരുടെ സ്വർണാഭരണങ്ങൾ തന്നെ വായ്പയായി വയ്ക്കുമ്പോൾ സ്വർണം കൂടുതൽ വിപണിയിലേക്ക് തിരിച്ചു വരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
വെള്ളിയാഴ്ച ഗ്രാമിന് 12,202 രൂപയും പവന് 81,000 രൂപയുമായിരുന്നു. പണയം വച്ച സ്വർണത്തിന്റെ മൂല്യം റെക്കോർഡ് ഉയരങ്ങളിലെത്തി. സുരക്ഷിതമല്ലാത്ത വായ്പ നൽകൽ, വായ്പകൾ പിൻവലിക്കൽ എന്നിവ സംബന്ധിച്ച നിയമങ്ങൾ ആർബിഐ കർശനമാക്കിയത് എൻബിഎഫ്സികൾക്ക് ചെറിയ തിരിച്ചടിയാണ്. വായ്പാ പ്രതിസന്ധിയുണ്ടെന്നു മോഹനൻ സമ്മതിക്കുന്നു. സ്വർണ വായ്പകൾ ആ വിടവ് നികത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വർണത്തിന്റെ വില ഉയർന്നു നിൽക്കുന്നത് ചെറുകിട വായ്പാ സംഘങ്ങളേയും ഉത്തേജിപ്പിച്ചിട്ടുണ്ട്. സ്വർണ വായ്പകളിൽ 37 ശതമാനം മാത്രമാണ് സംഘടിത കമ്പനികളിൽ നിന്നുള്ളത്. 63 ശതമാനവും അസംഘടിത മേഖലകളിൽ നിന്നാണ്. പണയക്കടകൾ, ചെറുകിട ധനകാര്യ സ്ഥാപനങ്ങൾ, പ്രാദേശിക പണമിടപാടുകാർ എന്നിവർ. നിയന്ത്രണങ്ങൾ അസംഘടിത വിപണിയെയാണ് പരോക്ഷമായി സഹായിക്കുന്നത്. ഇടനിലക്കാർ ഒറ്റ ദിവസത്തേക്ക് മാത്രമായി സ്വർണം പുറത്തിറക്കി വീണ്ടും പണയം വച്ച് ആർബിഐ നിയന്ത്രണങ്ങളെ ചൂഷണം ചെയ്യാൻ ഇടയാക്കുന്നുണ്ടെന്നും മോഹനൻ പറഞ്ഞു.
അതേസമയം വില കൂടിയതോടെ ഉപഭോക്താക്കൾ കൂടുതൽ വായ്പകളെടുക്കുന്നില്ലെന്നു മുത്തൂറ്റ് ഫിൻകോർപ്പ് സിഇഒ ഷാജി വർഗീസ് പറയുന്നു. വായ്പാ കാലാവധി ഒരു വർഷമാണെങ്കിലും മിക്ക ഉപഭോക്താക്കളും അഞ്ച് മുതൽ ആറ് മാസത്തിനുള്ളിൽ തന്നെ സ്വർണം തിരിച്ചെടുക്കുന്നുണ്ട്. അവർ അത്യാവശ്യ ഘട്ടങ്ങളിൽ വായ്പ എടുക്കുന്നവരാണ്. അവരുടെ ലക്ഷ്യം പൂർത്തിയായാൽ ഉപഭോക്താക്കൾ വായ്പ തിരിച്ചടച്ച് സ്വർണം എടുക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗോളതലത്തിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോഗമുള്ള രാജ്യങ്ങളിലൊന്നാണ്. വായ്പാ വിപണിയിൽ ഇന്ത്യയൊട്ടാകെ ഏതാണ്ട് 2,950 മുതൽ 3,350 ടൺ വരെ സ്വർണം ഈടായി സ്വീകരിച്ചിട്ടുണ്ട്. കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യ ആണ് ഈ സ്വർണ വായ്പാ സംസ്കാരത്തിന്റെ രാജ്യത്തെ നിർണായക കേന്ദ്രം.


by Midhun HP News | Nov 8, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യത. ജാഗ്രതയുടെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.


Recent Comments